ലഖ്‌നൗ:ഉരുളക്കിഴങ്ങ് വില താഴോട്ട്.നിരന്തരം താഴ്ന്ന വിലയിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശ് നിയമസഭയിൽ കർഷകർ പ്രതിഷേധിച്ചു.കിലോക്കണക്കിന് ഉരുളക്കിഴങ്ങുകൾ റോഡിൽ വലിച്ചെറിഞ്ഞാണ് പ്രതിഷേധം നടത്തിയത്.ഉരുളക്കിഴങ്ങിന്റെ ഉല്പാദനത്തിലുണ്ടായ വർധനവാണ് വില കുറയാൻ കാരണം.ഒരു കിലോ ഉരുളക്കിഴങ്ങിന് നാലുരൂപയാണ് കർഷകർക്ക് ലഭിക്കുന്നത്.ഇത് പത്തുരൂപയെങ്കിലും ആക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.എന്നാൽ ചില്ലറ വിൽപ്പനക്കാർ പതിനഞ്ചു രൂപ മുതൽ ഇരുപതു രൂപ വരെയാണ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്.
കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ റെനേ മ്യുലെൻസ്റ്റീൻ രാജിവെച്ചു
കൊച്ചി:ഐഎസ്എലിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ റെനേ മ്യുലെൻസ്റ്റീൻ രാജിവെച്ചു.വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.അതേസമയം ഐഎസ്എൽ നാലാം സീസണിൽ ടീമിന്റെ മോശം പ്രകടനമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.2017 ജൂലൈ 14നാണ് മ്യൂളസ്റ്റീൻ ബ്ലാസ്റ്റേഴ്സിന്‍റെ മുഖ്യപരിശീലകനായി സ്ഥാനമേറ്റെടുത്തത്.നാളെ കൊച്ചിയിൽ എഫ്സി പൂന സിറ്റിക്കെതിരേയുള്ള മത്സരത്തിൽ സഹപരിശീലകനായിരുന്ന തംഗ്ബോയ് സിംഗ്തോ ടീമിനെ ഒരുക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടീം ക്യാന്പിൽ അസ്വാരസ്യങ്ങളുള്ളതായി സൂചനകളുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാണു റെനിയുടെ രാജിയെന്നാണു കരുതുന്നത്.പുതുവത്സര തലേന്ന് ബെംഗളൂരുവിനോടെ 3-1 ന് ദയനീയമായി തോറ്റതും രാജിക്ക് കാരണമായതായാണ് സൂചന.നിലവിൽ കളിച്ച ഏഴു മത്സരങ്ങളിൽ ടീമിനു ജയിക്കാനായത് ഒരെണ്ണത്തിൽ മാത്രമാണ്. രണ്ടെണ്ണത്തിൽ തോറ്റു. നാലെണ്ണം സമനിലയിലും കലാശിച്ചു. ഏഴു പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സിപ്പോൾ.
ദേശീയ സ്കൂൾ മീറ്റിൽ ഇരുപതാം തവണയും കേരളം ചാപ്യന്മാർ
റോത്തക്ക്:ഹരിയാനയിൽ നടന്ന ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി ഇരുപതാം തവണയും കേരളം കിരീടം നേടി.ഒൻപതു സ്വർണ്ണമെഡലുകളോടെയാണ് കേരളത്തിന്റെ ചരിത്ര നേട്ടം.ആതിഥേയരായ ഹരിയാനയുടെ കടുത്ത വെല്ലുവിളി മറികടന്നാണ് കേരളം കിരീടത്തിൽ മുത്തമിട്ടത്.
പുറത്തു നിന്നും മാമ്പഴം വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക;അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നത് ഹോർമോണുകൾ തളിച്ച് പഴുപ്പിച്ച മാമ്പഴം
തിരുവനന്തപുരം:പുറത്തു നിന്നും മാമ്പഴം വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക.അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന മാമ്പഴത്തിൽ ഹോർമോൺ സാന്നിധ്യം കൂടുതലാണെന്ന് മുന്നറിയിപ്പ്.സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.ആന്ധ്രാ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ നിന്നുള്ള മുന്നറിയിപ്പ് അനുസരിച്ച് പ്ലാന്റ് ഗ്രോത് റെഗുലേറ്റർ ഇനങ്ങളിൽപ്പെടുന്ന ഹോർമോണുകൾ തളിച്ച് പഴുപ്പിച്ച മാമ്പഴമാണ് വിപണിയിലെത്തുക എന്നതാണ്.ഈ രീതിയിൽ പച്ചമാങ്ങാ പഴുപ്പിക്കുന്നത് ഇവിടങ്ങളിലെ മാമ്പഴ മൊത്തവിപണന കേന്ദ്രങ്ങളിൽ പലയിടത്തും ശ്രദ്ധയിൽപ്പെട്ടിരുന്നു.പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റർ ഹോർമോൺ ചെടികൾക്ക് സമ്പൂർണ്ണ വളർച്ച നൽകുന്നതിനും ഫലവർഗങ്ങളുടെ ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്.ഇത്തരം ഹോർമോണുകളുടെ ലായനിയിൽ പച്ചമാങ്ങ മുക്കിയും ലായനി സ്പ്രേ ചെയ്തുമാണ് മാങ്ങ പഴുപ്പിക്കുന്നത്.ഇത് ഗുരുതരമായ ആരോഗ്യപ്രശ്നനങ്ങൾ ഉണ്ടാക്കുന്നവയാണ്.ഗർഭാവസ്ഥയിൽ ജനിതക തകരാറുകൾ,കാഴ്ചശക്തി കുറയൽ,അമിത ക്ഷീണം എന്നിവയുണ്ടാക്കുന്നവയാണ് പ്ലാന്റ് ഗ്രോത്ത് ഹോർമോണുകളിൽ ഭൂരിഭാഗവുമെന്ന് അധികൃതർ പറയുന്നു.
പി.വി സിന്ധു ലോക സൂപ്പർ സീരീസ് ബാഡ്മിന്റൺ ഫൈനലിൽ
ദുബായ്:പി.വി സിന്ധു ലോക സൂപ്പർ സീരീസ് ബാഡ്മിന്റൺ ഫൈനലിൽ പ്രവേശിച്ചു. ചൈനയുടെ ചെൻ യുഫെയിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധു ഫൈനലിൽ എത്തിയത്.ഒന്നാം സീഡും ലോക രണ്ടാം റാങ്കുകാരിയുമായ ജപ്പാന്റെ അകാനെ യമാഗുച്ചിയെയാണ് സിന്ധു ഫൈനലിൽ നേരിടുക.നേരത്തെ നടന്ന മത്സരത്തിൽ സിന്ധു ജപ്പാൻ താരത്തെ തകർത്തിരുന്നു.ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും ജയിച്ചാണ് സിന്ധു സെമിയിൽ പ്രവേശിച്ചത്.സീസണിൽ മികച്ച ഫോം പ്രകടിപ്പിച്ച സിന്ധു ഈ വർഷം രണ്ട് സൂപ്പർ സീരീസ് കിരീടങ്ങളും ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും കരസ്ഥമാക്കിയിരുന്നു.
കാർഷികോല്പന്നങ്ങൾ ബ്രാൻഡ് ചെയ്തുള്ള വിപണന പദ്ധതിക്ക് കേരളത്തിൽ തുടക്കം
തിരുവനന്തപുരം:കാർഷികോല്പന്നങ്ങൾ ബ്രാൻഡ് ചെയ്തുള്ള വിപണന പദ്ധതിക്ക് കേരളത്തിൽ തുടക്കം.വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുന്നത്.തളിർ എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ തുറക്കും.സംസ്ഥാനത്തെ ആദ്യ തളിർ റീറ്റെയ്ൽ ഔട്ട്ലെറ്റ് ചൊവ്വാഴ്ച കൊട്ടാരക്കരയിൽ ഉൽഘാടനം ചെയ്യും.അതാതു ജില്ലകളിലെ വി എഫ് പി സി കെ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളും പഴങ്ങളും വൃത്തിയാക്കി പായ്ക്ക് ചെയ്ത് വിൽപ്പനനടത്താനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. പഴം,പച്ചക്കറി എന്നിവയ്ക്ക് പുറമെ മിൽമ,ഓയിൽ പാം, കേരഫെഡ്,കെപ്കോ എന്നിവയുടെ ഉൽപ്പന്നങ്ങളും തളിർ ഔട്ട്ലെറ്റ് വഴി ലഭ്യമാക്കും. വിപണിയിൽ ലഭ്യമല്ലാത്തവ ഹോട്ടി കോപ്പ് വഴി ശേഖരിക്കും.കീടനാശിനികൾ തളിക്കാത്ത ശുദ്ധവും ജൈവവുമായ പച്ചക്കറികൾ ജനങ്ങളിൽ എത്തിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.കൂടാതെ തളിർ കേന്ദ്രത്തിൽ നിന്നും പാകം ചെയ്യാൻ വിധത്തിൽ മുറിച്ചു കവറുകളിലാക്കിയ പച്ചക്കറികളും ലഭിക്കും.വി എഫ് പി സി കെ ആണ് റെഡി ടു കുക്ക് എന്ന പേരിൽ പച്ചക്കറി കഷണങ്ങളാക്കി വിപണിയിലെത്തിക്കുന്നത്.
നടൻ സൗബിൻ സാഹിർ വിവാഹിതനായി
കോഴിക്കോട്:നടനും സംവിധായകനുമായ സൗബിൻ സാഹിർ വിവാഹിതനായി.കോഴിക്കോട് സ്വദേശിനിയായ ജാമിയ സഹീറാണ് വധു.ഇരുവരുടെയും വിവാഹ നിശ്ചയം ഒക്ടോബറിൽ നടന്നിരുന്നു.കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.മഹേഷിന്റെ പ്രതികാരം,കമ്മട്ടിപ്പാടം,പ്രേമം,ചാർളി, തുടങ്ങിയവയാണ് സൗബിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.പറവ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തുമെത്തി.
വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും വിവാഹിതരായി
മിലാൻ:ഇന്ത്യൻ ക്രിക്കറ്റ് നായകൻ വീരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക്ക ശർമയും വിവാഹിതരായി.ഇറ്റലിയിലെ മിലാനിലായിരുന്നു വിവാഹം.രഹസ്യമായിട്ടായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.ഏറെക്കാലമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഈ മാസം 26 ന് മുംബൈയിൽ പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്.തന്റെ തിരക്കിട്ട ക്രിക്കറ്റ് ജീവിതത്തിന് ചെറിയ അവധി നൽകി കോഹ്ലി ഇറ്റലിയിലേക്ക് തിരിച്ചപ്പോൾ തന്നെ ഇരുവരുടെയും വിവാഹം നടക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു.എന്നാൽ വിവാഹം സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളൊന്നും ഇരുവരും നടത്തിയിരുന്നില്ല.
ധർമശാല ഏകദിനം;ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി;പരാജയം ഏഴുവിക്കറ്റിന്
ധർമ്മശാല:ആദ്യ ഏകദിനത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി.ഇന്ത്യ ഉയർത്തിയ 113 റണ്‍സ് വിജയലക്ഷ്യം 29.2 ഓവർ ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലങ്ക അടിച്ചുകൂട്ടി. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ലങ്ക 1-0ന് മുന്നിലെത്തി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിര ശ്രീലങ്കൻ ബൗളർമാരുടെ സംഹാര താണ്ഡവത്തിൽ തകർന്നടിയുകയായിരുന്നു. ലങ്കയ്ക്കായി ഉപുൽ തരംഗ 49 റൺസ് എടുത്തു.താരംഗ പുറത്തായശേഷം അഞ്ചലോ മാത്യൂസ്(25), നിരോഷൻ ഡിക്‌വെല്ല(26) എന്നിവർ ചേർന്നു ലങ്കയെ വിജയത്തിലേക്കു നയിച്ചു. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്എനിവർ ഓരോവിക്കറ്റ് നേടി.38.2 ഓവറിൽ ഇന്ത്യ കേവലം 112 റണ്‍സിന് എല്ലാവരും പുറത്തായി. മുൻനിര തകർന്നടിഞ്ഞ ഇന്ത്യയെ നൂറുകടത്തിതിന്‍റെ ക്രഡിറ്റ് ധോണിക്കു നൽകാം. 65 റണ്‍സുമായി പൊരുതിയ ധോണി മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാനെങ്കിലും ശ്രമിച്ചത്. 17 ഓവറിൽ 29 റൺസ് എടുക്കുന്നതിനിടെ ഏഴുവിക്കറ്റുകൾ നഷ്ട്ടപെട്ട ഇന്ത്യയെ വാലറ്റത്തെ കൂട്ടുപിടിച്ച് ധോണി നൂറു കടത്തുകയായിരുന്നു.പത്തോവറിൽ 13 റൺസ് മാത്രം വഴങ്ങിയാണ് ലങ്കയുടെ ലക്മൽ നാല് വിക്കറ്റുകൾ പിഴുത്ത്.എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന ധോണി-കുൽദീപ് യാദവ് സഖ്യമാണ് ഏകദിന ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോർ എന്ന നാണക്കേടിൽനിന്ന് (സിംബാബ്വെ- 35 റണ്‍സ്) ഇന്ത്യയെ കരകയറ്റിയത്. ഇരുവരും ചേർന്ന് 41 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി.വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിത് ശർമയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്.
വെളിച്ചെണ്ണയുടെയും മറ്റ് ഭക്ഷ്യ എണ്ണകളുടെയും വില കുതിക്കുന്നു
തിരുവനന്തപുരം:ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കേന്ദ്രം ഉയർത്തിയതോടെ വെളിച്ചെണ്ണയുടെയും ഒപ്പം മറ്റ് ഭക്ഷ്യഎണ്ണകളുടെയും വില ഉയരുന്നു.ചില്ലറവിപണിയിൽ 240 രൂപ വരെയാണ് വെളിച്ചെണ്ണയുടെ വില.വെളിച്ചെണ്ണ വില ക്വിന്റലിന് 18,700 രൂപയിലെത്തിയ സാഹചര്യത്തിൽ മറ്റ് ഭക്ഷ്യ എണ്ണയുടെയും വില ഉയർന്നു.സൂര്യകാന്തി,കടുക്,സോയാബീൻ തുടങ്ങിയ എണ്ണകളുടെ ഇറക്കുമതി തീരുവ 15 ശതമാനം വീതമാണ് ഉയർത്തിയത്.പത്തുശതമാനം വർധനവാണ് ശുദ്ധീകരിക്കാത്ത പാം ഓയിലിനുണ്ടായത്.ഇതോടെ സൂര്യകാന്തി എണ്ണയ്ക്ക് ലിറ്ററിന് 15 രൂപയുടെയും പാം ഓയിലിന് 10 രൂപയുടെയും വർദ്ധനവുണ്ടായിട്ടുണ്ട്.തേങ്ങയുടെ വില കിലോയ്ക്ക് അൻപതുരൂപയായി.എന്നാൽ മണ്ഡലകാലം കഴിയുന്നതോടെ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വിലകുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്.