കണ്ണൂർ:വേനൽ കടുത്തതോടെ ജില്ലയിലെ കുപ്പിവെള്ള കമ്പനികളിൽ കർശന പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്.പരിശോധനയ്ക്കായി സ്പെഷ്യൽ സ്‌ക്വാഡിനെ രൂപീകരിച്ചിട്ടുണ്ട്.ഇവർ ജില്ലയിലെ വിവിധ കുപ്പിവെള്ള കമ്പനികളിൽ പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.ഇവ പരിശോധയ്ക്കായി അയച്ചു. പരിശോധനയുടെ ഭാഗമായി പഞ്ചായത്തുതലത്തിൽ ജില്ലയിലെ വിവിധ പൊതു കിണറുകളിലും ജലവിതരണ കേന്ദ്രങ്ങളിലും ജലം പരിശോധിക്കുകയും സാമ്പിളുകൾ ശേഖരിച്ചു സൂക്ഷ്മ പരിശോധനയ്ക്കയക്കുകയും ചെയ്തു.ഭക്ഷ്യ സുരക്ഷാ വകുപ്പ് എക്‌സൈസ് ഡിപ്പാർട്മെന്റുമായി സഹകരിച്ച് ബാറുകളിലും കള്ളുഷാപ്പുകളിലും പരിശോധന നടത്തി നോട്ടീസ് നൽകി. ഫിഷറീസ് വകുപ്പുമായി സഹകരിച്ച് ജില്ലയിലെ പ്രധാന മൽസ്യ വിപണന കേന്ദ്രങ്ങളായ തലശ്ശേരി,ആയിക്കര,പഴയങ്ങാടി എന്നിവിടങ്ങളിൽ മത്സ്യവ്യാപാരികൾക്ക് ബോധവൽക്കരണ ക്ലാസ്സുകളും നൽകി.
മെയ് ഒന്നുമുതൽ റേഷനരിക്ക് ഒരു രൂപ കൂടും
തിരുവനന്തപുരം:മെയ് ഒന്ന് മുതൽ അന്ത്യോദയ അന്ന യോജനയിൽപ്പെട്ട ഉപഭോക്താക്കൾക്കൊഴികെ എല്ലാ വിഭാഗങ്ങൾക്കും റേഷനരിക്ക് ഒരു രൂപ കൂടും. ഇപ്പോൾ സൗജന്യമായി അരി ലഭിക്കുന്ന മുൻഗണന വിഭാഗക്കാരും ഇനി മുതൽ കിലോഗ്രാമിന് ഒരുരൂപ നിരക്കിൽ നൽകണം.ഇ-പോസ് മെഷീൻ എല്ലാ റേഷൻ കടകളിലും മെയ് ഒന്ന് മുതൽ നിലവിൽ വരുന്നതോടെ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ കൂടുതലുള്ള വേതനം നിൽവിൽ വരും.ഇവരുടെ കുറഞ്ഞ വേതനം 16000 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്.ഇപ്പോൾ കിന്റലിന് 100 രൂപയാണ് വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നത്.ഇത് ഇനി മുതൽ 220 രൂപയാകും.ഈ ഇനത്തിൽ അധികം വേണ്ടിവരുന്ന 120 കോടി രൂപ കണ്ടെത്താനാണ് ഉപഭോക്താക്കളിൽ നിന്നും ഒരു രൂപ അധികം ഈടാക്കുന്നത്.ഈ ഇനത്തിൽ കേന്ദ്രസർക്കാർ സഹായമായി കിന്റലിന് 43.50 രൂപ സംസ്ഥാന സർക്കാരിന് ലഭിക്കും.റേഷൻ കടകളിൽ ഇ-പോസ് മെഷീൻ ഉപയോഗിച്ച് തുടങ്ങിയതോടെ 20 ശതമാനം അരി മിച്ചം വരുന്നതായി കണ്ടെത്തിയിരുന്നു.ഈ അരി കിലോയ്ക്ക് 9.90 നിരക്കിൽ പൊതു വിഭാഗത്തിന്(വെള്ള കാർഡ്)നൽകും.
കോമൺവെൽത്ത് ഗെയിംസിൽ നിന്നും രണ്ടു മലയാളി താരങ്ങളെ പുറത്താക്കി
ഗോൾഡ്‌കോസ്റ്റ്:കോമൺവെൽത്ത് ഗെയിംസിൽ നിന്നും രണ്ടു മലയാളി താരങ്ങളെ പുറത്താക്കി. കേരളത്തിൽനിന്നുള്ള കെ.ടി.ഇർഫാനെയും രാഗേഷ് ബാബുവിനെയും ആണ് പുറത്താക്കിയത്. ഗെയിംസ് വില്ലേജിൽ ഇവർ താമസിക്കുന്ന മുറിയുടെ സമീപത്തുനിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് ഗെയിംസ് സംഘാടകർ ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.ഇരുവരുടെയും അക്രഡിറ്റേഷനും റദ്ദുചെയ്തിട്ടുണ്ട്.അതുകൊണ്ടു തന്നെ ഇരുവർക്കും ഇനി ഗെയിംസ് വില്ലേജിൽ തുടരാൻ കഴിയില്ല.ഇതിനാൽ രണ്ടു താരങ്ങളും ഉടൻതന്നെ ഇന്ത്യയിലേക്കു മടങ്ങേണ്ടിവരും.ഇരുവരെയും ഏറ്റവും അടുത്ത വിമാനത്തിൽ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കാൻ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനോട് കോമണ്‍വെൽത്ത് ഗെയിംസ് ഫെഡറേഷൻ പ്രിസിഡന്‍റ് ലൂയിസ് മാർട്ടിൻ ആവശ്യപ്പെട്ടു. അതേസമയം ഇവരുടെ രക്ത,മൂത്ര സാമ്പിളുകൾ പരിശോധിച്ചെങ്കിലും ഉത്തേജകത്തിന്റെ അംശം കണ്ടെത്താനായിട്ടില്ല.തങ്ങൾ വിറ്റാമിൻ ഡി കുത്തിവെയ്പ്പാണ് എടുത്തതെന്നാണ് ഇരു താരങ്ങളുടെയും വാദം.ഇരുവർക്കുമെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷനും അറിയിച്ചു. നടത്ത ഇനത്തിൽ മത്സരിച്ച കെ.ടി.ഇർഫാൻ നേരത്തെ പുറത്തായിരുന്നു. എന്നാൽ മികച്ച പ്രകടനത്തോടെ രാഗേഷ് ബാബു ട്രിപ്പിൾ ജംപ് ഫൈനലിൽ കടന്നു. ശനിയാഴ്ചയായിരുന്നു രാഗേഷ് ഫൈനലിൽ മത്സരിക്കേണ്ടിയിരുന്നത്.നടപടി നേരിട്ടതിനാൽ രാഗേഷിന് ഇനി ഗെയിംസിൽ മത്സരിക്കാൻ കഴിയില്ല.
കോമൺവെൽത്ത് ഗെയിംസ്;ഇന്ത്യക്ക് എട്ടാം സ്വർണ്ണം
ഗോൾഡ് കോസ്റ്റ്:കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് എട്ടാം സ്വർണ്ണം.ഗെയിംസിന്റെ അഞ്ചാം ദിനമായ ഇന്നലെ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജിതു റായിയാണ് സ്വര്‍ണം നേടിയത്.235.1 പോയിന്റുമായി ഗെയിംസ് റെക്കോഡോടെയാണ് ജിതു റായിയുടെ സുവര്‍ണനേട്ടം.ഇതേ ഇനത്തില്‍ ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലവും നേടി. ഓസ്‌ട്രേലിയയുടെ കെറി ബെല്ലിനാണ് വെള്ളി.ഇതോടെ ഗെയിംസിൽ എട്ടു സ്വര്‍ണവും മൂന്നു വെള്ളിയും നാല് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
ആഹാരം പൊതിഞ്ഞു നൽകാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ കർശന നിയന്ത്രണം കൊണ്ടുവരാൻ ഭക്ഷ്യ സുരക്ഷാ അതോറിറ്റി
തിരുവനന്തപുരം:ആഹാരം പൊതിഞ്ഞു നൽകാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ കർശന നിയന്ത്രണം കൊണ്ടുവരാൻ ഭക്ഷ്യ സുരക്ഷാ അതോറിറ്റി തീരുമാനിച്ചു.പാകം ചെയ്ത ആഹാരവും പാകം ചെയ്യാനുള്ള വസ്തുക്കളും ഏതുതരം വസ്തുക്കൾ കൊണ്ട് പൊതിയണമെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ കരടിൽ വ്യക്തമാക്കുന്നുണ്ട്.ആഹാര സാധനങ്ങൾ വിൽക്കുന്നവരുടെയും പൊതുജനങ്ങളുടെയും അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും അന്തിമ നിയമം നടപ്പിലാക്കുക. വൻകിട കച്ചവടക്കാർ മുതൽ വഴിയോര കച്ചവടക്കാർക്കുവരെ ബാധകമായിരിക്കും നിയമം.നിലവിൽ ആഹാരം പൊതിയൽ,ലേബൽ പതിക്കൽ,പരസ്യങ്ങൾ, അവകാശവാദങ്ങൾ എന്നിവയെല്ലാം ഒറ്റ നിയമത്തിനു കീഴിലാണ്.ഇത്രയും വിഷയങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യാൻ എളുപ്പമല്ലാത്ത സാഹചര്യത്തിലാണ് ആഹാരം പൊതിയുന്നതിനു മാത്രമായി പുതിയ നിയമം കൊണ്ടുവരുന്നത്.പൊതിയാൻ ഉപയോഗിക്കുന്ന പേപ്പർ,ബോർഡ്, ഗ്ലാസ്, ലോഹത്തകിട്,പ്ലാസ്റ്റിക്ക് എന്നിവയ്‌ക്കെല്ലാം പുതിയ മാനദണ്ഡങ്ങൾ ഉറപ്പാക്കും.ഇത്തരം മാനദണ്ഡങ്ങൾ പാലിച്ചുള്ള വിതരണം മാത്രമേ അനുവദിക്കുകയുള്ളൂ. ആഹാരം സുരക്ഷിതമാക്കുക,ജനങ്ങളുടെ ആരോഗ്യം നിലനിർത്തുക തുടങ്ങിയവയാണ് പുതിയ നിയമം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
കോമൺവെൽത്ത് ഗെയിംസ്;ഇന്ത്യക്ക് മൂന്നാം സ്വർണ്ണം
ഗോൾഡ് കോസ്റ്റ്:കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണ്ണം.ഭാരോദ്വഹനത്തിൽ സതീഷ് കുമാർ ശിംവലിംഗമാണ് രാജ്യത്തിന്‍റെ സുവർണ സ്വപ്നങ്ങൾക്ക് വീണ്ടും നിറംപകർന്നത്. പുരുഷന്മാരുടെ 77 കിലോ വിഭാഗത്തിലാണ് സതീഷിന്‍റെ നേട്ടം. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി. മൂന്ന് സ്വർണത്തിനു പുറമേ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു ആണ് ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണം കരസ്ഥമാക്കിയത്.ഭാരോദ്വഹനത്തില്‍ വനിതകളുടെ 53 കിലോ വിഭാഗത്തില്‍ 195 കിലോ ഉയർത്തി സഞ്ജിത ചാനു ഇന്ത്യക്ക് രണ്ടാം സ്വർണ്ണം നേടിക്കൊടുത്തു.പുരുഷന്‍മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ ഗുരുരാജ പൂജാരി വെള്ളിയും പുരുഷന്മാരുടെ 69 കിലോഗ്രാം വിഭാഗത്തിൽ ദീപക് ലാതർ വെങ്കലവും നേടി.
കുപ്പിവെള്ളത്തിനു വിലകുറച്ചില്ല;പ്രതിഷേധം ശക്തം
തിരുവനന്തപുരം:ഏപ്രിൽ രണ്ടുമുതൽ കുപ്പിവെള്ളത്തിനു വില 20 രൂപയിൽ നിന്നും 12 രൂപയാക്കി കുറയ്ക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയില്ല. കുപ്പിവെള്ളത്തിന്റെ വില 12 രൂപയായി കുറയ്ക്കുമെന്നായിരുന്നു കേരള ബോട്ടില്ഡ് വാട്ടർ മാനുഫാക്ചേർസ് അസോസിയേഷന്റെ തീരുമാനം.ഈ നിർദേശം അസോസിയേഷൻ കമ്പനികൾക്ക് നൽകുകയും ചെയ്തിരുന്നു.എന്നാൽ വില കുറയ്ക്കാൻ പല കമ്പനികളും തയ്യാറാകുന്നില്ലെന്നാണ് റിപ്പോർട്ട്.മിക്ക കടകളിലും ഒരുകുപ്പി വെള്ളത്തിന് 20 രൂപതന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്. വെള്ളത്തിന് വില കുറച്ചെന്ന് അസോസിയേഷൻ പറയുന്നുണ്ടെങ്കിലും എമർപിയിൽ മാറ്റം വരുത്തിയുള്ള കുപ്പികൾ എത്താതെ വിലകുറയ്ക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വ്യാപാരികൾ.അതേസമയം കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നവർക്കെതിരേ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ വ്യക്തമാക്കി.നിർമാതാക്കൾ വില കുറച്ചിട്ടും വിൽപ്പനക്കാർ കുപ്പിവെള്ളത്തിന്‍റെ വില കുറയ്ക്കുന്നില്ലെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
സന്തോഷ് ട്രോഫി ഫുട്ബോൾ;കേരളത്തിന് കിരീടം
കൊൽക്കത്ത:ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം കേരളം(4-2) സ്വന്തമാക്കി.ബംഗാളിനെതിരായ ഫൈനലിന്‍റെ നിശ്ചിത സമയത്തും അധികസമയത്തും സമനിലയായതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് കേരളം വെന്നിക്കൊടി പാറിച്ചത്. സന്തോഷ് ട്രോഫിയിൽ കേരളത്തിന്‍റെ ആറാം കിരീടമാണിത്.1-1ന് സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി അധിക സമയത്തേക്ക് നീണ്ടത്. എന്നാല്‍ അധിക സമയത്തിന്‍റെ രണ്ടാം പകുതിയില്‍ പകരക്കാരാനായി ഇറങ്ങിയ വിപിന്‍ തോമസ് ഗോള്‍ നേടിയതോടെ കേരളം ആഘോഷിച്ചു തുടങ്ങി. എന്നാല്‍ കളി തീരാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കെ ത്രിതങ്കര്‍ സര്‍ക്കാര്‍ ഗോള്‍ കണ്ടെത്തിയതോടെ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.പെനാൽറ്റിയിലേക്കു നീണ്ടതോടെ ഷൂട്ടൗട്ടിൽ ബംഗാളിന്‍റെ ആദ്യ കിക്ക് കേരള കീപ്പർ വി. മിഥുൻ തടഞ്ഞു. കേരളത്തിന്‍റെ കിക്ക് ലക്ഷ്യംകാണുകയും ചെയ്തു. ബംഗാളിന്‍റെ രണ്ടാം കിക്കിനും കേരളത്തിന്‍റെ പ്രതിരോധം മറികടക്കാനായില്ല. രണ്ടാം തവണയും കേരളം ലക്ഷ്യംകാണുകയും ചെയ്തതോടെ സമ്മർദം ബംഗാളിനൊപ്പമായി. എന്നാൽ ബംഗാളിന്‍റെ മൂന്നാം കിക്ക് ലക്ഷ്യത്തിലെത്തി. ഇതോടെ സ്കോർ 2-1 ആയി. കേരളത്തിന്‍റെ മൂന്നാം കിക്ക് ബംഗാളിന്‍റെ വല തകർത്തതോടെ ഗാലറിയിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു.14 വർഷത്തിനുശേഷമാണു കേരളം സന്തോഷ് ട്രോഫി സ്വന്തമാക്കുന്നത്. 2005ലാണ് ഇതിനു മുൻപുള്ള കിരീടനേട്ടം. പത്തൊൻപതാം മിനുറ്റില്‍ എം.എസ് ജിതിനാണ് കേരളത്തിന്‍റെ ആദ്യ ഗോള്‍ നേടിയത്. മൈതാന മധ്യത്തു നിന്ന് പന്തുമായി കുതിച്ച ജിതിന്‍ ഡിഫന്‍റര്‍മാരെയും മറികടന്ന് ബംഗാള്‍ ഗോള്‍കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതി ബംഗാളിന്‍റ കുതിപ്പായിരുന്നു. ബംഗാളിന്‍റെ മുന്നേറ്റ നിര നിരന്തരം കേരളത്തിന്‍റെ ഗോള്‍ മുഖം വിറപ്പിച്ചു. ഗോളുന്നറച്ച ചില നീക്കങ്ങള്‍ കേരളത്തിന്‍റെ ഗോളിയുടെ മികവില്‍ വഴിമാറി. എന്നാല്‍ അറുപത്തിയെട്ടാം മിനുറ്റില്‍ ബംഗാളിന്‍റെ അധ്വാനം ഫലം കണ്ടു. രാജന്‍ ബര്‍മാന്‍റെ കിടിലന്‍ പാസില്‍ ജിതിന്‍ മുര്‍മു ഗോള്‍ കണ്ടെത്തിയതോടെ ബംഗാള്‍ ഒപ്പമെത്തി.90 മിനുറ്റുകളിലും വിജയഗോള്‍ കണ്ടെത്താനാവാതെ വന്നതോടെയാണ് കളി അധിക സമയത്തേക്ക് പോയത്.അധികസമയത്ത് ജസ്റ്റിൻ ജോർജിന്‍റെ ക്രോസിൽനിന്ന് വിപിൻ തോമസ് കേരളത്തിനുവേണ്ടി ലക്ഷ്യംകണ്ടു. കേരളം 2-1നു മുന്നിൽ. എന്നാൽ, അവസാന മിനിറ്റിൽ ബംഗാൾ ഫ്രീകിക്ക് ഗോളിലൂടെ 2-2ന് ഒപ്പമെത്തി. അതോടെ വിധിനിശ്ചയം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ താരമായത് മിഥുനും.
കുപ്പിവെള്ളത്തിന് ഇനി മുതൽ 12 രൂപ മാത്രം
തിരുവനന്തപുരം:കേരളത്തിൽ ഒരു കുപ്പിവെള്ളത്തിന് ഇനി മുതൽ 12 രൂപമാത്രം.കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചർസ് അസോസിയേഷനാണ് തീരുമാനമെടുത്തത്. കുപ്പിവെള്ളത്തിന്റെ വില ഏകീകരിക്കാനാണ് തീരുമാനം.ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും.വൻകിട കമ്പനികൾ നിലവിൽ 20 രൂപയ്ക്കാണ് ഒരു കുപ്പി വെള്ളം നൽകുന്നത്. സർക്കാർ ഏജൻസികളായ ചില കമ്പനികൾ 15 രൂപയ്ക്കും.വ്യാപാരികൾക്ക് കമ്മീഷൻ കൂട്ടി നൽകി വൻകിട കമ്പനികൾ ഈ നീക്കത്തെ തകർക്കുമെന്ന ആശങ്കയുണ്ടെങ്കിലും തീരുമാനവുമായി മുൻപോട്ട് പോകാനാണ് അസോസിയേഷന്റെ തീരുമാനം.
ഐഎസ്എൽ ഫുട്ബോൾ;ചെന്നൈയിൻ എഫ്‌സിക്ക് കിരീടം
ബെംഗളൂരു:ഐഎസ്എൽ ഫുട്ബോൾ കിരീടം ചെന്നൈയിൻ എഫ്‌സിക്ക്.കലാശപ്പോരില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബംഗളൂരുവിനെ തോല്‍പിച്ച് ജെജെയും സംഘവും കിരീടം സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് ചെന്നൈയിന്‍ എഫ്സി ഐഎസ്എല്‍ കിരീടം ചൂടുന്നത്. ഇതോടെ ഐ. എസ്.എല്ലില്‍ രണ്ട് തവണ കിരീടം നേടുന്ന ടീം എന്ന നേട്ടം കൊല്‍കത്തക്കൊപ്പം പങ്കിടാനും ചെന്നൈയിനായി. അത്യന്തം ആവേശകരമായ മത്സരത്തിൽ സുനിൽ ഛേത്രിയിലൂടെ ആദ്യം ലീഡ് നേടിയത് ബംഗളൂരു ആയിരുന്നു. എന്നാൽ, തുടരെ മൂന്നു ഗോളുകൾ നേടി ബംഗളൂരുവിനെ തളർത്തുന്ന ചെന്നൈയിൻ വീര്യമാണ് പിന്നീട് കളത്തിൽക്കണ്ടത്.ചെന്നൈയിനുവേണ്ടി മെയിൽസണ്‍ ആൽവസ്(17, 45 ആം മിനിറ്റുകൾ), റാഫേൽ അഗസ്റ്റോ (67 ആം മിനിറ്റ്) എന്നിവർ ഗോളുകൾ നേടിയപ്പോൾ ബംഗളൂരുവിനു വേണ്ടി ക്യാപ്റ്റൻ സുനിൽ ഛേത്രി (ഒന്പതാം മിനിറ്റ്), മിക്കു(90+രണ്ടാം മിനിറ്റ്)എന്നിവർ ലക്ഷ്യം കണ്ടു.കന്നി ഐഎസ്എലിൽത്തന്നെ കിരീടം നേടാമെന്ന മോഹത്തോടെയാണ് ബംഗളൂരു സ്വന്തം തട്ടകമായ കണ്ഠീരവ സ്റ്റേഡിയത്തിൽ ഇറങ്ങിയത്. ആദ്യം ഗോളടിച്ച് ബംഗളൂരു എഫ്സി ആരാധകരുടെ പ്രതീക്ഷ വാനോളമെത്തിക്കുകയും ചെയ്തു. എന്നാൽ, അതിന്‍റെ വീര്യം കെട്ടടങ്ങുന്നതിനു മുൻപ് ചെന്നൈയിൻ പകരം വീട്ടി.