മോസ്കോ:ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിഞ്ഞു.ആദ്യമത്സരത്തിൽ ആതിഥേയരായ റഷ്യക്ക് തകര്‍പ്പന്‍ ജയം. സൗദി അറേബ്യയയെ മറുപടിയില്ലാത്ത 5 ഗോളിന് തകർത്താണ് റഷ്യ വിജയം സ്വന്തമാക്കിയത്.ഇരട്ട ഗോളുകള്‍ നേടിയ ഡെനിസ് ചെറിഷേവും യൂറി ഗസിന്‍സ്‌കി,ആര്‍തെം സ്യുബ, ആന്ദ്രെ ഗോളോവിന്‍ എന്നിവരുമാണ് റഷ്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റില്‍ തുടങ്ങിയ ഗോള്‍വേട്ട ഇന്‍ജുറി ടൈം വരെ നീണ്ടു.വിപ്ലവങ്ങളും ലോകമഹായുദ്ധങ്ങളും കണ്ടുശീലിച്ച റഷ്യയുടെ മണ്ണിൽ സൗദികൾ പച്ചക്കൊടി പാറിക്കുമെന്ന് തോന്നിപ്പിക്കുന്നതായിരുന്നു മത്സരത്തിന്‍റെ തുടക്കം. ആദ്യ മിനിറ്റിൽത്തന്നെ സൗദിസംഘം റഷ്യൻ കോട്ടയുടെ ബലം പരീക്ഷിച്ചു. മുഹമ്മദ് അൽ ബറെയ്ക് നടത്തിയ മുന്നേറ്റം റഷ്യൻ ഭടന്മാർ ഫ്രീകിക്ക് വഴങ്ങി തടഞ്ഞു. തുടർച്ചയായ രണ്ടാമത്തെ ആക്രമണമായിരുന്നു സൗദികൾ നടത്തിയത്. ഇടവിടാതെയുള്ള ഗ്രീൻ ഫാൽക്കണുകളുടെ ആക്രമണത്തിന് ഗോളിലൂടെയായിരുന്നു സബോർനയ എന്ന വിളിപ്പേരുള്ള ആതിഥേയരുടെ മറുപടി. പന്ത്രണ്ടാം മിനിറ്റിൽ ഗാസിൻസ്കി സൗദിയുടെ വല കുലുക്കി. കനത്ത ഹെഡറിലൂടെ സൗദി വല കുലുക്കിയ യൂറി ഗസിന്‍സ്‌കി ഈ ലോകകപ്പിലെ ആദ്യ ഗോളിന് ഉടമയായി.
ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ കേരളത്തിലേക്ക് എത്തുന്നത് ‘രാസമൽസ്യങ്ങൾ’ എന്ന് റിപ്പോർട്ട്
കണ്ണൂർ:സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ കേരളത്തിലേക്ക് എത്തുന്നത് ‘രാസമൽസ്യങ്ങൾ’ എന്ന് റിപ്പോർട്ട്. സംസ്ഥാനത്തിന് പുറത്തുനിന്നാണ് ഇത്തരത്തില്‍ മത്സ്യം എത്തിക്കുന്നത്. ഇത്തരം മത്സ്യം കണ്ടെത്താനായി ഭക്ഷ്യസുരക്ഷാവകുപ്പ് മഞ്ചേശ്വരം, തിരുവനന്തപുരം അമരവിള, പാലക്കാട് തുടങ്ങിയ ചെക്ക്പോസ്റ്റുകളില്‍ പരിശോധന നടത്തുന്നുണ്ട്.ഗുജറാത്ത്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് മത്സ്യമെത്തുന്നത്. ഇത്തരം മത്സ്യങ്ങളില്‍ അമോണിയയും,ഫോര്‍മാലിനും ധാരാളം ചേര്‍ന്നിരിക്കുന്നു. കരള്‍, കുടല്‍ എന്നിവയില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇവ കഴിക്കുന്നത് കൊണ്ട് ഉണ്ടാകാമെന്ന് ആരോഗ്യ ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകകപ്പ് മത്സരങ്ങൾ തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സ്പെയിൻ കോച്ചിനെ പുറത്താക്കി
മോസ്‌കോ:ലോകകപ്പ് മത്സരങ്ങൾ തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സ്പെയിൻ തങ്ങളുടെ കോച്ചായ ജുലൻ ലോപ്പറ്റെഗ്വിയെ പുറത്താക്കി. റഷ്യയിൽ സ്പാനിഷ് ടീം അവസാനവട്ട ഒരുക്കങ്ങൾ നടത്തുന്പോഴാണ് ഫുട്ബോൾ ഫെഡറേഷന്‍റെ നടപടിയുണ്ടായിരിക്കുന്നത്. കോച്ചിനെ പുറത്താക്കുന്നതിന്‍റെ കാരണം സ്പെയിൻ ഫെഡറേഷൻ വ്യക്തമാക്കിയില്ലെങ്കിലും റയൽ മാഡ്രിഡ് പരിശീലകനായി ലോപ്പറ്റെഗ്വിയെ നിയമിച്ചതാണ് സ്ഥാനം തെറിക്കാൻ കാരണമായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ജൂൺ 15ന് പോർച്ചുഗല്ലിനെതിരേയാണ് സ്പെയിന്‍റെ ആദ്യ പോരാട്ടം. യൂറോ ചാന്പ്യന്മാരായ പോർച്ചുഗല്ലിനെതിരേ മത്സരിക്കാൻ തയാറെടുക്കുന്ന സ്പാനിഷ് സംഘത്തിന് തീരുമാനം കടുത്ത സമ്മർദ്ദമുണ്ടാക്കും.ചൊവ്വാഴ്ചയാണ് ലോപ്പറ്റെഗ്വിയെ സ്പാനിഷ് വന്പന്മാരായ റയൽ പരിശീലകനായി നിയമിച്ചത്. സിനദീൻ സിദാൻ രാജിവച്ച ഒഴിവിലേക്ക് മൂന്ന് വർഷത്തേക്കായിരുന്നു നിയമനം.
സംസ്ഥാനത്ത് മീനിന് റെക്കോർഡ് വില
കോഴിക്കോട്: സംസ്ഥാനത്ത് മീനിന് റെക്കോഡ് വില. പെരുന്നാള്‍ കാലമെത്തിയതോടെ മീന്‍വില എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരത്തിലേക്ക് കുതിച്ചു കഴിഞ്ഞു. സാധാരണക്കാരന്റെ മീനായ മത്തിക്ക് രണ്ടാഴ്ച മുമ്ബ് 90 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ 180 വരെ എത്തി വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് കച്ചവടക്കര്‍ പറയുന്നത്. ട്രോളിങ് നിരോധനവും കടല്‍ഷോഭവും മഴയും മീനിന്റെ വില കുത്തനെ കൂടാന്‍ കാരണമായെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ആവോലി കിലോയ്ക്ക് രണ്ടാഴ്‌ച്ചയ്ക്കിടെ കൂടിയത് 400 രൂപയാണ്. അയലയ്ക്ക് 60 രൂപ വര്‍ധിച്ച് കിലോക്ക് 200 രൂപയായി. ചെമ്മീന്‍ 250ല്‍ നിന്ന് 500 ലേക്കും കുതിച്ചു.അയക്കൂറ കിലോയ്ക്ക് 1150രൂപയാണ് വില.പരമാവധി 600 രൂപ വരെ പോയിരുന്ന ആവോലി 900ലെത്തി നില്‍ക്കുന്നു.അതേ സമയം ഒരു കിലോ കോഴി യിറച്ചിയുടെ വില 160 ല്‍ തുടരുകയാണ്.നൂറിനും അന്പതിനും മീന്‍ വാങ്ങുന്ന സാധാരണക്കാരുടെ കാര്യമാണ് ഇതോടെ കഷ്ടത്തിലായത്
ഇന്റർകോണ്ടിനെന്റൽ ഫുട്ബോൾ;ഇന്ത്യക്ക് കിരീടം
മുംബൈ:ഇന്‍റര്‍കോണ്ടിനെന്‍റല്‍ ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്.ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ കെനിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്.രണ്ടു ഗോളുകളും പിറന്നത് ഛേത്രിയുടെ ബൂട്ടില്‍ നിന്ന്.ടൂർണമെന്‍റിൽ എട്ട് ഗോളുമായി ഛേത്രി ടോപ് സ്കോററായി.ഇതോടെ ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന, നിലവില്‍ കളിക്കുന്ന, താരങ്ങളുടെ പട്ടികയില്‍ ഛേത്രിയും ഇടംപിടിച്ചു. അര്‍ജന്‍റീനയുടെ ലയണല്‍ മെസിക്കൊപ്പമാണു ഛേത്രി എത്തിയത്. 64 ഗോളുകളാണ് നിലവില്‍ ഛേത്രിയുടെ അക്കൗണ്ടിലുള്ളത്. പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലുള്ള 81 ഗോളുകളാണ് ഇനി ഛേത്രിക്കു മുന്നിലുള്ളത്. ആദ്യ മിനിറ്റുകളില്‍ കെനിയയുടെ മുന്നേറ്റമായിരുന്നു.എന്നാല്‍ എട്ടാം മിനിറ്റില്‍ ഛേത്രിയെ വീഴ്‍ത്തിയതിന് ലഭിച്ച ഫ്രീ കിക്ക് തൊടുക്കാന്‍ നിയോഗിക്കപ്പെട്ട അനിരുഥ് ഥാപ്പ തൊടുത്ത പന്ത് ഗോള്‍വലയിലേക്ക് തിരിച്ചുവിട്ട് ഗാലറിയെ അലകടലാക്കി ഛേത്രി.ആദ്യ ഗോള്‍ വീണതോടെ പ്രതിരോധത്തിലൂന്നിയും ഇടക്ക് ആക്രമിച്ചും ആഫ്രിക്കന്‍ കരുത്തര്‍ തിരിച്ചുവരവിന് ശ്രമിച്ചു. എന്നാല്‍ മുപ്പതാം മിനിറ്റില്‍ കെനിയക്ക് വന്‍ തിരിച്ചടിയേല്‍പ്പിച്ച് ഛേത്രിയുടെ രണ്ടാം ഗോള്‍. സന്തോഷ് ജിങ്കന്‍ നീട്ടിനല്‍കിയ പന്ത് നെഞ്ചില്‍ സ്വീകരിച്ച് ഇടംകാലില്‍ കൊരുത്ത് ഛേത്രി കെനിയയുടെ വലയില്‍ നിക്ഷേപിച്ചു. പിന്നീടങ്ങോട്ട് തിരിച്ചടിക്കാന്‍ കെനിയ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
നിപ ഭീതിയിൽ നിന്നും മുക്തമായിട്ടും ഗൾഫ് നാടുകളിലേക്കുള്ള പഴം,പച്ചക്കറി കയറ്റുമതിക്കുള്ള വിലക്ക് നീങ്ങിയില്ല
കോഴിക്കോട്:നിപ ഭീതിയിൽ നിന്നും മുക്തമായിട്ടും ഗൾഫ് നാടുകളിലേക്കുള്ള പഴം,പച്ചക്കറി കയറ്റുമതിക്കുള്ള വിലക്ക് നീങ്ങിയില്ല.ഇതോടെ വ്യാപാരികൾക്കും വിമാന കമ്പനികൾക്കും വിമാനത്താവളത്തിലെ ചരക്ക് കൈകാര്യം ചെയ്യുന്ന കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിനും ദിവസേന ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.നിപ ബാധയെ തുടർന്ന് മൂന്നുപേർ മരിച്ചതോടെ മെയ് 28 നാണ് കേരളത്തിൽ നിന്നുള്ള പഴം,പച്ചക്കറി കയറ്റുമതിക്ക് ഗൾഫ് രാജ്യങ്ങളിൽ നിരോധനം ഏർപ്പെടുത്തിയത്.കുവൈറ്റാണ് ആദ്യം നിരോധനം ഏർപ്പെടുത്തിയത്.പിന്നാലെ യുഎഇ,സൗദി,ബഹ്‌റൈൻ,ഖത്തർ തുടങ്ങിയ രാജ്യങ്ങളും നിരോധനം ഏർപ്പെടുത്തി.കോഴിക്കോട് നിന്നും ഈ രാജ്യങ്ങളിലേക്ക് ദിവസേന 55 മെട്രിക് ടൺ പഴങ്ങളും പച്ചക്കറികളുമാണ് കയറ്റുമതി ചെയ്തിരുന്നത്. മെയ് മുപ്പതോടെ കയറ്റുമതി പൂർണ്ണമായും നിലച്ചു.അതേസമയം പഴം,പച്ചക്കറി കയറ്റുമതിക്കുണ്ടായ വിലക്ക് നീക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു.നിപ നിയന്ത്രണ വിധേയമായതായി ഗൾഫ് രാജ്യങ്ങളെ ബോധ്യപ്പെടുത്തി കയറ്റുമതി സാധാരണ നിലയിലേക്ക് കൊണ്ടുവരണമെന്നാണ് ആവശ്യം.
മായം ചേർത്ത വെളിച്ചെണ്ണ;ജില്ലയിലെ വ്യാജന്മാർക്ക് തടയിടാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്
കണ്ണൂർ:മായം ചേർത്ത വെളിച്ചെണ്ണ വില്പന നടത്തുന്ന വ്യാജന്മാർക്ക് തടയിടാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്.ജില്ലയിലെ വെളിച്ചെണ്ണ ബ്രാൻഡുകൾ രജിസ്റ്റർ ചെയ്യാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.ഭക്ഷ്യ സുരക്ഷാ ലൈസൻസിനൊപ്പം അവരുടെ ബ്രാൻഡും രജിസ്റ്റർ ചെയ്യാനാണ് നിർദേശം.ഒരു ലൈസൻസിൽ നാല് ബ്രാൻഡുകൾ മാത്രമേ രജിസ്റ്റർ ചെയ്യാൻ പറ്റൂ.മായം ചേർത്ത വെളിച്ചെണ്ണ വിറ്റതിന് സംസ്ഥാനത്ത് 45 വെളിച്ചെണ്ണ ബ്രാൻഡുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.ഇതേ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പുതിയ നിർദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.മായം ചേർത്ത വെളിച്ചെണ്ണകൾ കടകളിൽ എത്തിച്ച് ബിൽ നൽകാതെയാണ് വിതരണക്കാർ ഇടപാടുകൾ നടത്തുന്നത്.ഇത് കണ്ടെത്തുന്നതിനായാണ് വെളിച്ചെണ്ണയുടെ നിർമാണം,സംഭരണം,വിതരണം എന്നിവ നടത്തുന്നവർ ഭക്ഷ്യ സുരക്ഷാ ലൈസൻസിനൊപ്പം അവരുടെ ബ്രാൻഡുകൾ കൂടി രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്.അതേസമയം ഭക്ഷ്യ സുരക്ഷാ നിയമം നിലവിൽ വന്നതോടെ മായം ചേർത്ത വെളിച്ചെണ്ണ വിൽക്കുന്നവർക്ക് തടവ് ശിക്ഷ ലഭിക്കുന്നില്ല. പരമാവധി അഞ്ചു ലക്ഷം രൂപ വരെ പിഴശിക്ഷ മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്.പ്രതികൾ പലപ്പോഴും കോടതിയിൽ പോയി രക്ഷപ്പെടുകയാണ് പതിവ്.ഇതിനാൽ ആരോഗ്യത്തിന് ഏറ്റവും ദോഷകരമായി ബാധിക്കുകകൂടി ചെയ്യുന്നതിനാൽ കരുതിക്കൂട്ടി മായം ചേർക്കലിന് തടവ് ശിക്ഷ ലഭ്യമാക്കണമെന്ന് ആവശ്യം ശക്തമാണ്.
ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കായി മലയാളം കമന്ററി ഒരുങ്ങുന്നതായി സൂചന
കൊച്ചി:ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങള്‍ക്ക് മലയാളം കമന്ററി ഒരുങ്ങുന്നതായി സൂചന. സിസിഎല്‍, ഐഎസ്‌എല്‍ മലയാളം കമന്ററികളിലൂടെ ശ്രദ്ധേയനായ ഷൈജു ദാമോദരന്റെ നേതൃത്വത്തിലായിരിക്കും ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങള്‍ക്ക് മലയാളം കമന്ററി ഒരുങ്ങുക. തന്റെ ഫേസ്‌ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഷൈജു ദാമോദരന്‍ ഇക്കാര്യം അറിയിച്ചത്. ഈ മാസം 14 നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക.സോണി ഇ എസ് പി എന്‍ ചാനലിലാണ് മലയാളം കമന്ററിയോടുകൂടി മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്.
ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്;മലയാളി താരം ജിസ്ന മാത്യുവിന് സ്വർണ്ണം
ഗിഫു:ജപ്പാനിൽ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിൽ മലയാളി താരം ജിസ്ന മാത്യുവിന് സ്വർണ്ണം.പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ 53.26 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌താണ് ഉഷാ സ്‌കൂള്‍ താരമായ ജിസ്‌ന സ്വര്‍ണമണിഞ്ഞത്. ശ്രീലങ്കയുടെ ദില്‍ഷി കുമാരസിംഗയ്‌ക്കാണ് വെള്ളി.ആണ്‍കുട്ടികളുടെ ലോങ് ജമ്പിൽ ലോക ജൂനിയര്‍ ഒന്നാം നമ്പർ താരം കൂടിയായ മലയാളി താരം ശ്രീശങ്കര്‍ വെങ്കലം നേടി.പരുക്കും കടുത്ത പനിയും കാരണം ഏതാനും മാസങ്ങള്‍ പിറ്റില്‍ നിന്നു വിട്ടുനിന്ന ശ്രീങ്കറിനു തന്റെ കരിയറിലെ മികച്ച പ്രകടനമായ 7.99 മീറ്റര്‍ പ്രകടനം ആവര്‍ത്തിക്കാനായില്ലെങ്കിലും ഇന്നലത്തെ പ്രകടനം മികച്ച ആത്മവിശ്വാസം പകരും. ഇവര്‍ക്കു പുറമേ ഇന്നലെ ഇന്ത്യക്കു വേണ്ടി പുരുഷന്‍മാരുടെ 10000 മീറ്ററില്‍ കാര്‍ത്തിക് കുമാര്‍, വനിതകളുടെ 1500 മീറ്ററില്‍ ദുര്‍ഗ പ്രമോദ്, പുരുഷന്‍മാരുടെ ഷോട്ട് പുട്ടില്‍ ആശിഷ് എന്നിവര്‍ വെങ്കലം നേടി. കഴിഞ്ഞ ദിവസം മീറ്റിന്റെ ആദ്യദിനത്തില്‍ ഹാമര്‍ത്രോയിലെ സ്വര്‍ണമടക്കം നാല് മെഡലുകള്‍ ഇന്ത്യ നേടിയിരുന്നു.
പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ഗുണനിലവാരമില്ലാത്ത 1200 ലിറ്റർ പാൽ പിടികൂടി
പാലക്കാട്: പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ ഗുണനിലവാരമില്ലാത്ത 1200 ലിറ്റര്‍ പാല്‍ പിടികൂടി. ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിലാണ് പാല്‍ പിടികൂടിയത്. ദിണ്ഡിഗലില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന പാലാണ് പിടികൂടിയത്.പാല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ ക്രമക്കേട് നടത്തുന്നവരെ ശക്തമായി നിരീക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാൽ പിടികൂടിയത്.