ന്യൂഡല്‍ഹി: യുഎസില്‍ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കാനുള്ള തീരുമാനം എത്തിയതോടെ വാള്‍നട്ടിന്റെയും ആപ്പിളിന്റെയും വില കൂടും.വാള്‍നട്ടിന്റെ വിലയില്‍ 15 ശതമാനവും ആപ്പിളിന്റെ വിലയില്‍ ഒൻപതു ശതമാനവുമാണ് വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നത്.ആപ്പിള്‍, ബദാം, വെള്ളക്കടല, പരിപ്പ് തുടങ്ങി 30ല്‍പ്പരം ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.എന്നാല്‍ തീരുവ ഉയര്‍ത്തുന്നത് പയറുവര്‍ഗങ്ങളുടെ വിലയെ കാര്യമായി ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ആവശ്യമുള്ള പയറുവര്‍ഗങ്ങള്‍ ആഭ്യന്തരമായി തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. വാള്‍നട്ടിന്റെ വില അടുത്തയാഴ്ചതന്നെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലായില്‍ വിളവെടുപ്പ് നടക്കുന്നതിനാല്‍ ആപ്പിളിന്റെ വില ഉടനെ ഉയരാനിടയില്ലെന്നും വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ആഭ്യന്തര ഉത്പാദനത്തില്‍ കുറവുവന്നാല്‍ ആപ്പിളിന്റെ വിലയിലും വര്‍ധന ഉണ്ടാകും.
സ്വീഡനെതിരെ ജർമനിക്ക് നാടകീയ വിജയം
മോസ്‌കോ:ലോകകപ്പില്‍ ത്രസിപ്പിക്കുന്ന മത്സരത്തില്‍ സ്വീഡനെ തോല്‍പ്പിച്ച് ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റില്‍ ടോണി ക്രൂസ് നേടിയ ഗോളാണ് ജര്‍മനിക്ക് ഒന്നിനെതിരെ രണ്ട് ഗോളിന്റെ ജയമൊരുക്കിയത്. ഇതോടെ അടുത്ത മത്സരം മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ ജര്‍മനിക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കാം. സ്വീഡനെതിരെ മെക്സിക്കോ ജയിച്ചാല്‍ കൊറിയക്കെതിരെ ജര്‍മനിക്ക് സമനില മതിയാകും. ആക്രമണമായിരുന്നു സ്വീഡന്റെ ലക്ഷ്യം. ജര്‍മനിയെ ഒന്നിനും സമ്മതിക്കാതെ പിടിച്ചുനിര്‍ത്തുന്ന രീതിയിലുള്ള ആക്രമണം. ജര്‍മനിയെ ഞെട്ടിച്ച് ആദ്യം ഗോള്‍ നേടിയത് സ്വീഡനായിരുന്നു. 2ആം മിനുട്ടില്‍ ഒല ടൊയിവോനന്‍ സ്വീഡന് വേണ്ടി ഗോൾ നേടി.ആദ്യ പകുതി 1-0ന് അവസാനിച്ചു.രണ്ടാം പകുതിയില്‍ നേരിയ വ്യത്യാസം കണ്ട് തുടങ്ങി. മെസ്യൂത് ഓസിലിനെ പുറത്തിരുത്തി പകരം ഇറക്കിയ മാര്‍ക്കസ് റൂയിസ് ജര്‍മനിയുടെ സമനില ഗോള്‍ നേടി.സമനില മാത്രം പോരായിരുന്നു ജര്‍മനിക്ക്. ഇനിയുള്ള യാത്രയില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കണമെങ്കില്‍ സ്വീഡനെ തോല്‍പ്പിക്കണമായിരുന്നു. കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ ടോണി ക്രൂസിന്റെ ബൂട്ടുകള്‍ ജര്‍മനിയെ രക്ഷിച്ചു.ഇഞ്ചുറി ടൈം ആകെ ലഭിച്ചത് അഞ്ച് മിനുട്ട്. ഇതില്‍ അഞ്ചാം മിനുട്ടില്‍ ജര്‍മനിക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിക്കുന്നു. റൂയിസിനെ മുന്നില്‍ നിര്‍ത്തി തന്ത്രം മെനഞ്ഞ് ക്രൂസ് പന്ത് പോസ്റ്റിന്റെ മൂലയിലേക്ക് പറഞ്ഞയച്ചു.
ഓപ്പറേഷൻ ‘സാഗർറാണി’;വാളയാറിൽ നിന്നും ഫോർമാലിൻ കലർത്തിയ നാല് ടൺ ചെമ്മീൻ പിടികൂടി
പാലക്കാട്:ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷൻ ‘സാഗർറാണി’ എന്ന പേരിലുള്ള പരിശോധനയിലൂടെ വാളയാറിൽ നിന്നും ഫോർമാലിൻ കലർന്ന നാല് ടൺ ചെമ്മീൻ പിടികൂടി.ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന മീനാണ് ചെക്പോസ്റ്റിലെ പരിശോധനയില്‍ പിടികൂടിയത്. മീനുകളെ പരിശോധനയ്ക്കായി കൊച്ചി കാക്കനാട്ടെ ലാബിലേക്ക് അയച്ചു.വ്യാഴാഴ്ചയും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗ ശൂന്യവുമായ 12,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.രണ്ടാഴ്ച്ചയ്ക്കിടെ സംസ്ഥാനത്തു നിന്നും 20000 ടണ്‍ വിഷം കലര്‍ത്തിയ മീനാണ് പിടികൂടിയത്.
ലോകകപ്പ് ഫുട്ബോൾ;കോസ്റ്റാറിക്കയെ വീഴ്ത്തി ബ്രസീലിന് ആദ്യ ജയം
റഷ്യ:ഗ്രൂപ്പ് ഇ യില്‍ കോസ്റ്ററിക്കയ്‌ക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ബ്രസീലിന് രണ്ട് ഗോള്‍ ജയം. തൊണ്ണൂറാം മിനുറ്റില്‍ കുടീന്യോയും ഇഞ്ചുറി ടൈമിന്‍റെ 96ആം മിനുറ്റില്‍ നെയ്മറും നേടിയ ഗോളുകളിലൂടെയാണ് ബ്രസീലിന്‍റെ ജയം.അവസാന മിനുറ്റുവരെ ബ്രസീലിനെ ഗോളടിക്കുന്നതില്‍ നിന്നും തടഞ്ഞ കെയ്‌ലര്‍ നവാസിന്റെ കാലുകള്‍ക്കിടയിലൂടെയായിരുന്നു കുടീന്യോയുടെ ഗോള്‍ നേടിയത്. ഗബ്രിയേല്‍ ജീസസിന്റെ പാസില്‍ നിന്ന് ബോക്‌സിന് മധ്യത്തില്‍ നിന്നായിരുന്നു കുട്യീനോ പന്ത് ഗോളിലേക്ക് പായിച്ചത്.ഒരുഗോള്‍ വീണതോടെ താളം നഷ്ടപ്പെട്ട കോസ്റ്ററിക്കന്‍ പ്രതിരോധത്തെ കീറിമുറിച്ച നീക്കത്തിനൊടുവിലായിരുന്നു രണ്ടാം ഗോള്‍. തൊണ്ണൂറ്റാറാം മിനുറ്റില്‍ ഡഗ്ലസ് കോസ്റ്റ മുന്നേറ്റത്തിനൊടുവില്‍ നെയ്മര്‍ക്ക് പന്ത് കൈമാറി.അവസരം കൃത്യമായി വിനിയോഗിച്ച നെയ്മര്‍ ടൂര്‍ണ്ണമെന്റിലെ ആദ്യ ഗോള്‍ നേടി. ബ്രസീലിനെതിരെ 90 മിനുറ്റും പിടിച്ചു നിന്ന കോസ്റ്ററിക്ക അവസാന ആറു മിനുറ്റിലാണ് തോറ്റുപോയത്. ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തിലെ ജയത്തോടെ ബ്രസീല്‍ നാല് പോയിന്റുമായി പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. ബ്രസീലിനോട് തോറ്റ കോസ്റ്ററിക്ക ലോകകപ്പില്‍ നിന്നും പുറത്തായി. 27ന് സെര്‍ബിയയുമായി ഇന്ത്യന്‍ സമയം രാത്രി 11.30നാണ് ബ്രസീലിന്റെ അടുത്ത മത്സരം.
ഓപ്പറേഷൻ സാഗർറാണി;12000 കിലോഗ്രാം മൽസ്യം പിടികൂടി
തിരുവനന്തപുരം:സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷന്‍ സാഗര്‍ റാണി വഴി രാസവസ്തുക്കളടങ്ങിയ 12000 കിലോഗ്രാം മൽസ്യം പിടികൂടി.അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറായിരം കിലോ മല്‍സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്. വാളയാറില്‍ നിന്ന് പിടിച്ചെടുത്ത ആറായിരം കിലോ മത്സ്യം ഉപയോഗശൂന്യവുമാണെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉയോഗിച്ചാണ് പ്രാഥമിക പരിശോധന നടത്തിയത്. തുടര്‍ന്ന് ലാബില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഒരു കിലോ മത്സ്യത്തില്‍ 63 മില്ലിഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. അമരവിളയില്‍ നിന്നും പിടിച്ചെടുത്ത മത്സ്യം കൂടുതല്‍ പരിശോധനയ്ക്ക് ശേഷം നശിപ്പിച്ച് കളയും. പാലക്കാട് വാളയാറില്‍ നിന്നും പിടിച്ചെടുത്ത 6,000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയച്ചു. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം ഇവ എത്തിച്ചവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കും.
അനുക്രീതി വാസ് ഫെമിന മിസ് ഇന്ത്യ 2018
മുംബൈ:തമിഴ്നാട് സ്വദേശിനി അനുക്രീതി വാസിനെ ഫെമിന മിസ് ഇന്ത്യ 2018 ആയി തിരഞ്ഞെടുത്തു.മുംബൈയിൽ ചൊവ്വാഴ്ച രാത്രി നടന്ന മത്സരത്തിലാണ് മുപ്പതുപേരെ പിന്തള്ളി വിദ്യാർത്ഥിനിയായ ഈ പത്തൊമ്പതുകാരി സൗന്ദര്യ കിരീടം സ്വന്തമാക്കിയത്.ഹരിയാന സ്വദേശിനി മീനാക്ഷി ചൗധരി(21) രണ്ടാം സ്ഥാനത്തെത്തി.ആന്ധ്രാപ്രദേശിൽ നിന്നുള്ള ശ്രെയ റാവു(23) മൂന്നാമതെത്തി.മാനുഷി ചില്ലാർ,ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാൻ,കെ.എസ് രാഹുൽ,സിനിമ താരങ്ങളായ ബോബി ഡിയോൾ,മലൈക അറോറ,കുനാൽ കപൂർ,എന്നിവർ വിധികർത്താക്കളായെത്തിയ ചടങ്ങിൽ സംവിധായകൻ കരൺ ജോഹർ,നടൻ ആയുഷ്മാൻ ഖുറാനെ എന്നിവർ അവതാരകരായെത്തി.കഴിഞ്ഞ വർഷത്തെ മിസ് ഇന്ത്യ മാനുഷി ചില്ലാർ അനു ക്രീതിയെ കിരീടമണിയിച്ചു.ബോളിവുഡ് താരങ്ങളായ കരീന കപൂർ,മാധുരി ദീക്ഷിത്ത്, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങിയവർ അവതരിപ്പിച്ച നൃത്തങ്ങൾ ചടങ്ങിന് മിഴിവേകി.
‘ഫ്രഷ് ഫിഷ്’ സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കാനൊരുങ്ങി മത്സ്യഫെഡ്
കോട്ടയം:സംസ്ഥാനത്ത് മൽസ്യവിപണി കൂടുതൽ സജീവമാക്കുന്നതിനായി ‘ഫ്രഷ് ഫിഷ്’ സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കാനൊരുങ്ങി മത്സ്യഫെഡ്.പദ്ധതിയുടെ ആദ്യഘട്ടം കോട്ടയത്താണ് ആരംഭിക്കുക.പിന്നീട് മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പത്തു സൂപ്പർമാർക്കറ്റുകൾ കൂടി ആരംഭിക്കാനാണ് പദ്ധതി. അത്യാധുനിക സൗകര്യങ്ങളോടെ 2000 മുതൽ 3000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കുന്ന സൂപ്പർമാർക്കറ്റുകളിൽ എല്ലാത്തരത്തിലുമുള്ള പച്ചമൽസ്യങ്ങൾ, ഫ്രോസൺ ഫിഷ്,ഉണക്കമീൻ,മീൻ അച്ചാർ,ചമ്മന്തിപ്പൊടി പോലുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളും ലഭ്യമാക്കും.ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന മൽസ്യങ്ങൾ മസാല പുരട്ടി കറിവെയ്ക്കാൻ പാകത്തിന് തയ്യാറാക്കി നൽകും.കൂടാതെ ‘ചട്ടിയിലെ മീൻകറി’ പോലെ ജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള വിഭവങ്ങളും ഇവിടെ ഒരുക്കും.പരമ്പരാഗത മൽസ്യത്തൊഴിലാളികളിൽ നിന്നും മത്സ്യത്തൊഴിലാളി സഹകരണ സംഘം വഴി മത്സ്യഫെഡ് ശേഖരിക്കുന്ന മൽസ്യങ്ങളാകും ഫ്രഷ് ഫിഷ് സൂപ്പർ മാർക്കറ്റുകളിലൂടെ വിപണിയിലെത്തിക്കുക.മൽസ്യഫെഡിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആരംഭിച്ച ‘ഫിഷർട്ടേറിയൻ മൊബൈൽ മാർട്ട്’ വിജയമായതോടെ കൊല്ലം,കോട്ടയം,കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ കൂടി പുതിയ മൊബൈൽ മാർട്ടുകൾ ആരംഭിക്കാനും തീരുമാനിച്ചു. പരമ്ബരാഗത മൽസ്യത്തൊഴിലാളികളിൽ നിന്നും ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ശേഖരിക്കുന്ന മൽസ്യം നാല് മണിക്കൂറിനുള്ളതിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.കോഫി ഹൌസ് മാതൃകയിൽ പാതയോരങ്ങളിൽ ‘സീ ഫുഡ് കിച്ചൻ’ ആരംഭിക്കാനുള്ള പദ്ധതിയും മൽസ്യഫെഡിന്റെ പരിഗണനയിലാണ്.
കൊളംബിയയ്ക്ക് എതിരെ ജപ്പാന് അട്ടിമറി വിജയം
റഷ്യ:ലോകകപ്പ് ഫുട്ബോളിൽ ഇന്നലെ നടന്ന ഗ്രൂപ്പ് എച്ച് മത്സരങ്ങളിൽ കൊളംബിയയ്ക്ക് എതിരെ ജപ്പാന് അട്ടിമറി വിജയം.ഏഷ്യയ്ക്ക് അഭിമാനവും പ്രതീക്ഷയും നല്‍കിയാണ് ജപ്പാന്‍ തങ്ങളുടെ ആദ്യ മത്സരം പൂര്‍ത്തിയാക്കിയത്. ലാറ്റനമേരിക്കന്‍ ശക്തിയുമായെത്തിയ കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജപ്പാന്‍ മറികടന്നത്. മത്സരത്തിലുടനീളം വ്യക്തമായ മേധാവിത്വം നിലനിര്‍ത്തിയായിരുന്നു ജപ്പാന്റെ വിജയം.ഇതോടെ ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്തെ ലോകകപ്പില്‍ തോല്‍പ്പിക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന ബഹുമതിയും ജപ്പാന്‍ സ്വന്തമാക്കി.മത്സരത്തിന്റെ നാലാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ജപ്പാന്‍ കളിയിൽ ആധിപത്യം നേടി. ഒരു ഗോളിന് മുന്നിലെത്തിയത് മാത്രമായിരുന്നില്ല ആ ആധിപത്യം മറിച്ച് കൊളംബിയയുടെ കാര്‍ലോസ് സാഞ്ചസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. ഇതോടെ പത്തുപേരായി കൊളംബിയ ചുരുങ്ങി. പോസ്റ്റിലേക്ക് വന്ന ഷിന്‍ജി കൊഗാവയുടെ ഷോട്ട് കൈകൊണ്ട് തടുത്തതാണ് ചുവപ്പുകാര്‍ഡിനും പെനാല്‍റ്റിക്കും കാരണമായത്.ജപ്പാന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി അവസരം ഷിന്‍ജി കഗാവ വലയിലാക്കി ജപ്പാന് ലീഡ് നല്കി. തുടര്‍ന്നും ജപ്പാന്റെ മുന്നേറ്റമായിരുന്നു കണ്ടത്. എന്നാല്‍ 39 ആം മിനിട്ടില്‍ ഫ്രീ കിക്കിലൂടെ ജുവാന്‍ ക്വിന്റെറോ കൊളംബിയയ്ക്ക് സമനില നല്‍കി.മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച ഘട്ടത്തില്‍ യുയു ഒസാക്കയാണ് ജപ്പാന്റെ വിജയഗോള്‍ നേടിയത്. 73 ആം മിനിട്ടില്‍ കോര്‍ണര്‍കിക്കില്‍ നിന്നായിരുന്നു ഗോള്‍. ഉയര്‍ന്നുവന്ന പന്ത് ഒസാക്ക മനോഹരമായി ഹെഡ് ചെയ്ത് വലയിലിട്ടു.
ലോകകപ്പ് ഫുട്ബോൾ;ഈജിപ്തിനെ തകർത്ത് റഷ്യ പ്രീക്വാർട്ടറിൽ
മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ രണ്ടാം ജയത്തോടെ ആതിഥേയരായ റഷ്യ പ്രീക്വാർട്ടറിൽ. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഈജിപ്തിനെ 3-1നു തോല്പിച്ചാണ് റഷ്യ പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീമായത്. സൌദിക്കെതിരെ എതിരില്ലാത്ത 5 ഗോളിന് ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ റഷ്യ ഈജിപ്തിനെ പൂര്‍ണ്ണമായും നിഷ്‍പ്രഭമാക്കിയാണ് നിര്‍ണ്ണായകമായ രണ്ടാം വിജയം നേടിയത്.ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍. യഥാര്‍ഥ കളി റഷ്യ പുറത്തെടുത്തത് രണ്ടാം പകുതിയിലായിരുന്നു. 47ആം മിനിറ്റില്‍ അഹമ്മദ് ഫാത്തിയുടെ സെല്‍ഫ് ഗോളില്‍ റഷ്യ മുന്നിലെത്തി. 59ആം മിനുട്ടിലെ മികച്ച മുന്നേറ്റത്തിനൊടുവില്‍ ചെറിഷേവ് ലീഡ് ഉയര്‍ത്തി. രണ്ട് ഗോളിന്റെ ആഘാതത്തില്‍ നിന്ന് ഈജിപ്ത് മോചിതരാകും മുന്‍പേ 62ആം മിനിറ്റില്‍ ആര്‍ട്ടെം സ്യൂബയുടെ വക മൂന്നാമത്തെ ഗോളെത്തി.മൂന്ന് ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ഈജിപ്തിന്റെ മുന്നേറ്റം 73ആം മിനിറ്റില്‍ ഫലം കണ്ടു. പെനല്‍റ്റി ബോക്സില്‍ തന്നെ ഫൌള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി സൂപ്പര്‍ താരം മുഹമ്മദ് സല അനായാസം ലക്ഷ്യത്തിലെത്തിച്ചു.അവസാന 15 മിനുട്ടില്‍ ഗോളുകള്‍ തിരിച്ചടിക്കാനുള്ള ഈജിപ്തിന്റെ ശ്രമങ്ങളെ റഷ്യൻ പ്രതിരോധനിര സമര്‍ത്ഥമായി നേരിട്ടു. ഇതോടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ ജയം നേടി ആതിഥേയര്‍ പ്രീ ക്വാര്‍ട്ടറിലേക്ക്.
ഫിഫ വേൾഡ് കപ്പ്;ജർമനിക്കെതിരെ മെക്സിക്കോയ്ക്ക് അട്ടിമറി ജയം
മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് എഫില്‍ നിലവിലെ ചാംപ്യന്മാരായ ജര്‍മനിയെ ഞെട്ടിച്ച് മെക്സിക്കോയ്ക്ക് അട്ടിമറി ജയം.35 മത്തെ മിനിറ്റില്‍ ഹിര്‍വിങ് ലൊസാനോയുടെ ഏകഗോളില്‍ ജര്‍മനിക്കാര്‍ അടിയറവ് പറഞ്ഞു. ഇതോടെ ഗ്രൂപ്പ് എഫില്‍ മൂന്നു പോയിന്റുമായി മെക്‌സിക്കോ മുന്നിലെത്തി. ഗോള്‍ നേടാന്‍ കിണഞ്ഞ് പരിശ്രമിച്ച ജര്‍മനിയെ ഫലപ്രദമായ പ്രതിരോധക്കോട്ട കെട്ടിയാണ് മെക്‌സിക്കോ ഒതുക്കിയത്. തുടക്കം മുതല്‍ ചംപ്യന്മാരെ വിറപ്പിക്കുന്ന പ്രകടനമാണ് മെക്‌സികോ പുറത്തെടുത്തത്.ആദ്യമത്സരം തോറ്റതോടെ, ജര്‍മനിക്ക് ഇനിയുള്ള കളികള്‍ നിര്‍ണായകമാണ്. സ്വീഡനും ദക്ഷിണ കൊറിയയുമാണ് ഗ്രൂപ്പിലെ മറ്റുടീമുകള്‍. സ്വീഡനെതിരായ മത്സരത്തില്‍ വിജയിക്കാനായില്ലെങ്കില്‍, അവര്‍ക്ക് രണ്ടാം സ്ഥാനത്തിനുപോലും കഷ്ടപ്പെടേണ്ടിവരും.