മോസ്‌കോ:ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ നിർണയിക്കുന്ന ഒന്നാം സെമി ഫൈനൽ മത്സരത്തിൽ ഇന്ന് മുൻ ചാമ്പ്യന്മാരായ ഫ്രാൻസും ഇതുവരെ ഫൈനൽ കളിച്ചിട്ടില്ലാത്ത ബെൽജിയവും നേർക്കുനേർ വരുന്നു.ഫൈനലിന് മുൻപുള്ള ഫൈനൽ എന്ന് ഇവർ തമ്മിലുള്ള പോരാട്ടത്തെ വിശേഷിപ്പിക്കാം.പരിചയ സമ്പത്താണ് ബെൽജിയത്തിലെ ശക്തി.യുവത്വമാണ് ഫ്രാൻസിന്റെ കരുത്ത്.ക്വാര്‍ട്ടറില്‍ നിന്ന് മാറ്റങ്ങളുമായാകും ഇരു സംഘങ്ങളും മൈതാനത്തിറങ്ങുക. സസ്പെന്‍ഷനിലായിരുന്ന മാറ്റ്യൂഡി ഫ്രാന്‍സ് നിരയില്‍ തിരിച്ചെത്തിയേക്കും. ടോളീസോ പകരക്കാരനാകും. ബ്രസീലിന്റെ ഗോള്‍ ശ്രമങ്ങളെ മുളയിലേ നുള്ളിയ ഫെല്ലെയ്നി ബെല്‍ജിയത്തിന്റെ ആദ്യ ഇലവനില്‍ ഉണ്ടാകാന്‍ ഇടയില്ല. പകരം അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കരാസ്കോ തിരിച്ചെത്തും. സസ്പെന്‍ഷനിലായ മുന്യീറിന് കളിക്കാനാകില്ല. പകരം തോമസ് വെര്‍മെയ്‌ലന്‍ പ്രതിരോധത്തില്‍ ഇറങ്ങും.മത്സരത്തിനായി ഗ്രൗണ്ടിലിറങ്ങുമ്പോൾ വിജയത്തില്‍ കുറഞ്ഞൊന്നും ഇരു സംഘങ്ങള്‍ക്കും ചിന്തിക്കാന്‍ കഴിയില്ല. രാത്രി പതിനൊന്നരക്കാണ് മത്സരം നടക്കുക.
ലോകകപ്പ് ഫുട്ബോൾ ബ്രസീലിനെ തകർത്ത് ബെൽജിയം സെമിയിൽ
കസാൻ:ലോകകപ്പ് ഫുട്ബാളിൽ ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച് ബെൽജിയം സെമിയിൽ കടന്നു.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബെല്‍ജിയത്തിന്‍റെ ജയം.ഫെർണാണ്ടീഞ്ഞോയുടെ സെല്ഫ് ഗോളിൽ പതിമൂന്നാം മിനിറ്റിൽ മുൻപിലെത്തിയ ബെൽജിയത്തിനായി മുപ്പത്തിയൊന്നാം മിനിറ്റിൽ കെവിൻ ഡി ബ്രൂയിൻ ലീഡ് ഉയർത്തി. കളിയിലെ ആധിപത്യം നിലനിര്‍ത്താനായിരുന്നു രണ്ടാം പകുതിയില്‍ ബെല്‍ജിയത്തിന്റെ ശ്രമം. എന്നാല്‍ ഗോള്‍ മടക്കാനുള്ള തത്രപ്പാടിലായിരുന്നു ബ്രസീല്‍. മുന്നേറ്റങ്ങളും ഷോട്ടുകളും അനവധി ബെല്‍ജിയത്തിന് നേര്‍ക്ക് ബ്രസീലിയന്‍ പട തൊടുത്തെങ്കിലും നിര്‍ഭാഗ്യവും കുര്‍ട്ടോയ്സിന്റെ മിന്നല്‍ സേവുകളും കാനറികള്‍ക്ക് ഗോള്‍ നിഷേധിച്ചുകൊണ്ടേയിരുന്നു. 76 ആം മിനിറ്റില്‍ അഗസ്റ്റോ ബ്രസീലിന്റെ രക്ഷകനായെത്തി. കുട്ടീന്യോ ബോക്സിനുള്ളില്‍ നിന്ന് ഉയര്‍ത്തിയിട്ട് നല്‍കിയ പാസില്‍ നിന്ന് നെല്ലിട തെറ്റാതെ റെനാറ്റോ ആഗസ്റ്റോ പന്ത് ബെല്‍ജിയത്തിന്റെ വലയിലേക്ക് കുത്തിയിട്ടു. പൌളീഞ്ഞോയുടെ പകരക്കാരനായി ഇറങ്ങി മൂന്നാം മിനിറ്റിലാണ് അഗസ്റ്റോയുടെ ഗോള്‍.അവസാന മിനിറ്റ് വരെ സമനില ഗോളിനായി ബ്രസീല്‍ പൊരുതിയെങ്കിലും ജീവൻ രക്ഷിക്കാൻ ബ്രസീലിനായില്ല. 93 ആം മിനിറ്റില്‍ നെയ്മര്‍ ക്രോസ് ബാറിന് തൊട്ടുരുമി നല്‍കിയ ഷോട്ട് കുര്‍ട്ടോയ്സ് വിരല്‍ കൊണ്ട് പുറത്തേക്ക് തള്ളിയകറ്റിയതോടെ കാനറികളുടെ പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു. ഒടുവില്‍ മൂന്നു പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ ബെല്‍ജിയം ലോകകപ്പിന്റെ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു.
കിൻഡർ ചോക്കലേറ്റുകളിൽ മാരകമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതായി റിപ്പോർട്ട്
കൊച്ചി:കുട്ടികളുടെ പ്രിയപ്പെട്ട ചോക്കലേറ്റ് ബ്രാൻഡായ കിൻഡർ ചോക്കലേറ്റുകളിൽ മാരകമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതായി റിപ്പോർട്ട്.യൂറോപ്യൻ ഭക്ഷ്യ സുരക്ഷാ ഏജൻസിയാണ് പ്രമുഖ ഇറ്റാലിയൻ കമ്പനിയായ ഫെറേറയുടെ കിൻഡർ ചോക്കലേറ്റുകളിൽ കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കൾ ഉള്ളതായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഇവർ നടത്തിയിരിക്കുന്ന പരിശോധനയിൽ കിൻഡർ ബ്രാൻഡിൽ അടങ്ങിയിരിക്കുന്ന മിനറൽ ഓയിലിലെ ആരോമാറ്റിക് ഹൈഡ്രോ കാർബൺ ക്യാൻസറിന് കാരണമായേക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചോക്കലേറ്റ് നിർമാണത്തിൽ പ്രമുഖ സ്ഥാനമുള്ള ഫെറേറ കമ്പനി ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ്.മുൻപ് ജർമൻ കൺസ്യൂമർ ഗ്രൂപ്പും ഇത്തരത്തിൽ കണ്ടെത്തൽ നടത്തിയിരുന്നു.ഇതിനെ തുടർന്ന് ഇവരുടെ യൂറോപ്യൻ മാർക്കറ്റിൽ വൻ ഇടിവാണ് ഉണ്ടായത്.യൂറോപ്യൻ രാജ്യങ്ങൾ പലതും ഇതിനോടകം തന്നെ ഉൽപ്പന്നങ്ങൾ പരിശോധനയ്ക്കായി അയച്ചു കഴിഞ്ഞു. പുതിയ സർവ്വേ നടത്തിയിരിക്കുന്നത് യൂറോപ്യൻ യൂണിയനിൽ നിന്നാണെന്നുള്ളതും അടുത്ത സാമ്പത്തിക പാദത്തിൽ വൻ നേട്ടം പ്രതീക്ഷിക്കുന്ന കമ്പനിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. യുഎഇയും ഇവരുടെ ഉൽപ്പന്നങ്ങൾ പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിർദേശം നൽകി കഴിഞ്ഞു.ഫലം എതിരായാൽ വിപണിയിൽ നിന്നും ഉൽപ്പനങ്ങൾ പിൻവലിക്കുമെന്നും ജനങ്ങൾക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുമെന്നും യു എ ഇ ഭരണകൂടം വ്യക്തമാക്കി. 12 വർഷം മുൻപ് ഇന്ത്യയിലെത്തിയ ഫെറാറ 2008 മുതൽ കിൻഡർ ജോയ് എന്ന പേരിൽ ചോക്കലേറ്റ് വിപണിയിലെത്തിച്ചു.കുട്ടികളുടെ പ്രിയപ്പെട്ട ചോക്ക്ളേറ്റുകളിൽ ഒന്നാണിത്.എന്നാൽ ഈ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷവും ഇത് സംബന്ധിച്ചുള്ള ഒരു പരിശോധനയ്ക്കും ഇന്ത്യ ഗവണ്മെന്റ് നിർദേശം നൽകിയിട്ടില്ല.
ജില്ലാടിസ്ഥാനത്തിൽ ഐസ് പ്ലാന്റുകളിൽ കർശന പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർദേശം
കണ്ണൂർ:മീനിൽ ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ഐസ് പ്ലാന്റുകളിൽ കർശന പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർദേശം.ഇതിനായി പ്രത്യേക സംഘം രൂപീകരിച്ച് ജില്ലാടിസ്ഥാനത്തിൽ പരിശോധന നടത്താനാണ് തീരുമാനം.ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലുമാണ് പരിശോധന നടത്തുന്നത്. ഇവിടെ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയക്കും.ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസ് എടുക്കാത്ത പ്ലാന്റുകൾക്കെതിരെ കർശന നടപടിയെടുക്കും.ഐസിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി മുൻ വർഷങ്ങളിലും പ്ലാന്റുകളിൽ പരിശോധന നടത്തിയിരുന്നെങ്കിലും രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് കണ്ണൂരിലെ ഫുഡ് ആൻഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ടി.അജിത് കുമാർ പറഞ്ഞു. 2011 മുതൽ ഐസ് പ്ലാന്റുകൾക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് ലൈസൻസ് നിർബന്ധമാക്കിയിരുന്നെങ്കിലും ഭൂരിഭാഗം പ്ലാന്റുകളും ലൈസൻസ് ഇല്ലാതെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്.ഭക്ഷണാവശ്യങ്ങൾക്കായി ഐസ് നല്കുന്നില്ലെന്ന വാദമാണ് ഇവർ ഇതിനായി ഉന്നയിക്കുന്നത്.ഓപ്പറേഷൻ സാഗർറാണിയുടെ ഭാഗമായി മീൻ മാർക്കറ്റുകൾക്ക് പുറമെ അതിർത്തികൾ കേന്ദ്രീകരിച്ചുള്ള ചെറിയ മീൻ ചന്തകളിലും പരിശോധന തുടങ്ങി.രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള പേപ്പർ സ്ട്രിപ്പുകൾ എല്ലാ ജില്ലകളിലും ഉടൻ ലഭ്യമാക്കും.
ലോകകപ്പ് ഫുട്ബോൾ;സ്പെയിനിനെ തകർത്ത് റഷ്യ ക്വാർട്ടറിൽ
റഷ്യ:അത്യന്തം ആവേശം നിറഞ്ഞ റഷ്യ-സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍ റഷ്യക്ക് ജയം. പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ആതിഥേയര്‍ വിജയക്കൊടിപ്പാറിച്ചത്. ഷൂട്ടൗട്ടില്‍ നാല് ഷോട്ടുകള്‍ റഷ്യ, സ്‌പെയിനിന്റെ വലയിലെത്തിച്ചപ്പോള്‍ മൂന്നെണ്ണമേ മുന്‍ ചാമ്പ്യന്മാര്‍ക്ക് റഷ്യന്‍ വലയിലെത്തിക്കാനായുള്ളൂ. സ്‌പെയിന്‍ കിക്കുകള്‍ തടഞ്ഞിട്ട റഷ്യന്‍ ഗോളി അകിന്‍ഫേവാണ് ടീമിന് ജയം നേടിക്കൊടുത്തത്.ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി അധിക സമയത്തേക്ക് നീണ്ടത്.ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി(1-1). സെല്‍ഫ് ഗോളിലൂടെയാണ് സ്‌പെയിന് ഗോളെത്തിയത്. സ്‌പെയിന്‍ നായകന്‍ റാമോസിനെ മാര്‍ക്ക് ചെയ്യുന്നതിനിടെയുണ്ടായ വീഴ്ചയില്‍ വന്ന പന്ത് റഷ്യയുടെ സെര്‍ജി ഇഗ്നാസേവിച്ചിന്റെ കാലില്‍ തട്ടി സ്വന്തം വലയിലെത്തുകയായിരുന്നു.
ലോകകപ്പ് ഫുട്ബോൾ;ഫ്രാൻസിനോട് തോറ്റ് അർജന്റീന പുറത്ത്
റഷ്യ:റഷ്യന്‍ ലോകകപ്പിലെ ആദ്യ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന് ജയം. അര്‍ജന്റീനയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക് എത്തിയത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ കെയ്‌ലിയന്‍ എംബാപ്പെ രണ്ട് ഗോളുകള്‍ നേടി. ഗ്രീസ്മാന്‍, പവാര്‍ഡ്, എന്നിവരുടെ വകയായിരുന്നു മറ്റു രണ്ട് ഗോളുകള്‍. അര്‍ജന്റീനക്ക് വേണ്ടി ഡിമരിയ, മെര്‍ക്കാഡോ, അഗ്യൂറോ എന്നിവര്‍ സ്‌കോര്‍ ചെയ്തു. അത്യന്തം ആവേശം നിറഞ്ഞതായിരുന്നു അര്‍ജന്റീന- ഫ്രാന്‍സ് പോരാട്ടം.പോരാട്ടത്തിനൊടുവിൽ ഫ്രാൻസിനോട് പരാജയം ഏറ്റുവാങ്ങിയ അർജന്റീന ലോകകപ്പിൽ നിന്നും പുറത്തായി.മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഗോളെന്നുറച്ച ഒരവസരം മെസിയും മാക്‌സിമിലിയാനോ മെസയും പാഴാക്കിയത് അവര്‍ക്ക് തിരിച്ചടിയായി. ഫ്രാന്‍സ് കിക്കോഫ് ചെയ്‌ത മത്സരത്തിന്റെ ആദ്യപകുതിയില്‍ പന്തിന്മേല്‍ ആധിപത്യം പുലര്‍ത്തിയത് അര്‍ജന്റീനയാണ്. ആദ്യ 45 മിനിറ്റില്‍ 63 ശതമാനമായിരുന്നു അവരുടെ ബോള്‍ പൊസെഷന്‍. എന്നാല്‍ പന്തുമായി ഫ്രഞ്ച് ബോക്‌സിനുള്ളിലേക്കു കടന്നുകയറുന്നതില്‍ അര്‍ജന്റീന പരാജയപ്പെട്ടു. ആദ്യ പകുതി ഒരോ ഗോള്‍വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു(1-1). പെനാല്‍റ്റിയിലൂടെ ഫ്രാന്‍സാണ് ആദ്യം ഗോള്‍ നേടിയത്. പതിമൂന്നാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ എംബാപ്പയെ റോഹോ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനാണ് ഫ്രാന്‍സിന് പെനാല്‍റ്റി അനുവദിച്ചത്.പൊരുതിക്കളിച്ച അര്‍ജന്റീനക്ക് ലക്ഷ്യം കാണാന്‍ 41 ആം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. 25വാര അകലെനിന്നായിരുന്നു ഡിമരിയയുടെ കിടിലന്‍ കിക്ക്. ഇൌ ഗോളില്‍ അര്‍ജന്റീന ഒപ്പമെത്തി. രണ്ടാം പകുതി തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ അര്‍ജന്റീന ലീഡ് ഉയര്‍ത്തി.48 ആം മിനിറ്റിൽ മിനുറ്റില്‍ സൂപ്പര്‍ താരം മെസിയായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്.എന്നാല്‍ അര്‍ജന്റീനയുടെ ഈ ലീഡിന് അല്‍പായുസെ ഉണ്ടായിരുന്നുള്ളൂ.57 ആം മിനുറ്റില്‍ പവാര്‍ഡ് ഫ്രാന്‍സിനെ ഒപ്പമെത്തിച്ചു. ലൂക്കാസ് ഹെര്‍ണാണാണ്ടോസിന്റെ ക്രോസിലായിരുന്നു പവാര്‍ഡിന്റെ അത്യുഗ്രന്‍ ഗോള്‍. 64 ആം മിനുറ്റില്‍ എംബാപ്പെ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. നാല് മിനിറ്റുള്ളില്‍ എംബാപ്പെ വീണ്ടും അര്‍ജന്റീനയുടെ വലകുലുക്കി. ഇതോടെ അര്‍ജന്റീന പരാജയം മണത്തു. എന്നാല്‍ അവസാനം അര്‍ജന്റീനക്കായി അഗ്യൂറോ ഒരു ഗോള്‍ കൂടി നേടി ഭാരം കുറച്ചു.
ലോകകപ്പ് ഫുട്ബോൾ;മുൻ ചാമ്പ്യന്മാരായ ജർമ്മനി പുറത്ത്
കസാൻ:ഫിഫ ലോകകപ്പ് ഫുട്‍ബോളിൽ നിന്നും മുൻ ചാമ്പ്യന്മാരായ ജർമ്മനി പുറത്ത്.സൗത്ത് കൊറിയക്കെതിരായ മത്സരത്തില്‍ 2-0 ന് പരാജയപ്പെട്ടാണ് ജര്‍മനി പുറത്തായത്. 90 മിനുട്ടും കഴിഞ്ഞുള്ള എക്‌സ്ട്രാ ടൈമില്‍ സൗത്ത് കൊറിയ നേടിയ രണ്ടു ഗോളുകളാണ് ജര്‍മനിയുടെ വിധിയെഴുതിയത്. കളിയുടെ 96 ആം മിനിറ്റിൽ കിം യുംഗ്വോണും സൺ ഹിയുംഗ്മനിനും ആണ് കൊറിയയുടെ ചരിത്ര ഗോളുകൾ നേടിയത്.ജയമല്ലാതെ മറ്റൊന്നും ജര്‍മ്മനിക്ക് മുന്നിലില്ലായിരുന്നു. കഴിഞ്ഞ കളിയിലെ വിജയടീമില്‍ നിന്ന് മാറ്റങ്ങളോടെയാണ് ജര്‍മ്മനി കളത്തിലെത്തിയത്.ദക്ഷിണകൊറിയന്‍ ബോക്‌സില്‍ നിരന്തരം ജര്‍മ്മന്‍ മുന്നേറ്റം എത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.ദക്ഷിണകൊറിയ വിട്ടുകൊടുക്കാന്‍ ഒട്ടും തയ്യാറല്ലായിരുന്നു. അവരും പൊരുതി. ജര്‍മ്മന്‍ പ്രതിരോധത്തെ മാത്രമല്ല ഗോളിയേയും കൊറിയക്ക് മറികടക്കേണ്ടതായിരുന്നു. പക്ഷേ രണ്ടിനും ഇഞ്ച്വറി ടൈമിന്റെ അവസാനം വരെ കഴിഞ്ഞില്ല. എന്നാല്‍ കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ കൊറിയയുടെ ഗോളുകള്‍ എത്തി. ഇതോടെ ചാമ്പ്യന്മാര്‍ പുറത്തായി.
പ്രാർത്ഥനകൾ സഫലം;അർജന്റീന പ്രീ ക്വാർട്ടറിൽ
സെന്റ് പീറ്റേഴ്‌സ്ബർഗ്ഗ്:കളിയാക്കലുകള്‍ക്കും, തള്ളിപ്പറച്ചിലുകള്‍ക്കും വിരാമമിട്ട് മെസ്സിയുടെ അർജന്റീന പ്രീക്വാർട്ടറിൽ കടന്നു.അടിമുടി ഉദ്വേഗം മുറ്റിനിന്ന തൊണ്ണൂറ്റിനാല് മിനിറ്റിനൊടുവില്‍ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ നൈജീരിയയെ ഒന്നിനെതിരേ രണ്ട് ഗോളിന് കീഴ്പ്പെടുത്തിയാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്തിയത്. പതിനാലാം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ ഗോളിലാണ് അര്‍ജന്റീന ആദ്യം ലീഡ് നേടിയത്. എന്നാല്‍, ഹാവിയര്‍ മഷരാനോ സമ്മാനിച്ച ഒരു പെനാല്‍റ്റി വലയിലാക്കി വികടര്‍ മോസസ് നൈജീരിയയെ ഒപ്പമെത്തിച്ചു.നോക്കൗട്ട് റൗണ്ടിലെത്താന്‍ ജയം അനിവാര്യമായിരുന്ന അര്‍ജന്റീനയ്ക്ക് മാര്‍ക്കസ് റോഹോയാണ് 86 ആം മിനിറ്റിൽ വിജയഗോള്‍ സമ്മാനിച്ചത്.വലതു വിങ്ങിലൂടെ ഓടിക്കയറിയ മെര്‍കാഡോ ഗോള്‍ലൈനിനോട് ചേര്‍ന്ന് നല്‍കിയ നെടുനീളന്‍ ക്രോസ് ബോക്സിനുള്ളില്‍ റോഹോയുടെ ബൂട്ടില്‍. ഒരു നിമിഷം പോലും പാഴാക്കാതെ റോഹോയുടെ ബൂട്ടിലൂടെ പന്ത് വലയില്‍. അതിമനോഹര ഫിനിഷിങ്ങില്‍ നീലക്കടലായ ഗാലറി ഇരമ്ബി. അര്‍ജന്‍റീന പ്രീക്വാര്‍ട്ടറിലേക്ക്.അഞ്ച് മാറ്റങ്ങളുമായാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. ഗോള്‍ കീപ്പറായി അര്‍മാനി, സ്ട്രൈക്കറായി ഗോണ്‍സാലോ ഹിഗ്വയിന്‍, ഡിമരിയ, റോഹ, മരേഗ എന്നിവരും ടീമില്‍ ഇടം നേടി. 4 -4 -2 ശൈലിയിലാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്. എയ്ഞ്ചല്‍ ഡി മരിയയും ലയണല്‍ മെസ്സിയും സ്റ്റാര്‍ട്ടിങ് ഇലവനിലുണ്ട്. ഗോള്‍കീപ്പര്‍ വില്ലി കബല്ലെറോയേയും സെര്‍ജിയോ അഗ്യൂറയേയും മാക്‌സി മെസയേയും സൈഡ് ബെഞ്ചിലേക്കി മാറ്റിയ സാംപോളി ഗോണ്‍സാലൊ ഹിഗ്വെയ്ന്‍, എവര്‍ ബനേഗ, മാര്‍ക്കോസ് റോഹോ, ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനി എന്നിവരേയാണ് ആദ്യ ഇലവനിലേക്ക് പരിഗണിച്ചത്.
ലോക കപ്പ് ഫുട്ബോൾ;അർജന്റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം
റഷ്യ:ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം.നൈജീരിയയാണ് അർജന്റീനയുടെ ഇന്നത്തെ എതിരാളികൾ.നൈജീരിയയെ തോല്പിച്ചാലും ജയിച്ചാലും ഐസ്‌ലാന്‍ഡും ക്രൊയേഷ്യയും തമ്മിലുള്ള മത്സരഫലം കൂടി ആശ്രയിച്ചാകും അര്‍ജന്റീനയുടെ സാധ്യതകള്‍. രാത്രി 11.30നാണ് രണ്ട് മത്സരങ്ങളും.സെയ്ന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നൈജീരിയക്കെതിരെ ഗ്രൂപ്പിലെ അവസാന അങ്കത്തിന് ഇറങ്ങുമ്പോള്‍ മെസ്സിക്കും കൂട്ടര്‍ക്കും വേണ്ടത് വലിയ വിജയം. ലോകകപ്പിലെ കന്നിക്കാരായ ഐസ്‌ലാന്‍ഡിനോട് ആദ്യകളിയില്‍ അപ്രതീക്ഷിത സമനില വഴങ്ങിയ അർജന്റീന രണ്ടാം മത്സരത്തിൽ കരുത്തരായ ക്രൊയേഷ്യയോട് മൂന്ന് ഗോളിന്റെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി.ഒടുവില്‍ നൈജീരിയ നല്‍കിയ അവസാന ശ്വാസത്തില്‍ അവര്‍ക്കെതിരെ തന്നെ അര്‍ജന്റീന ഇറങ്ങുന്നു. തോറ്റാല്‍ മെസിയുടെ അര്‍ജന്റീനക്ക് നാട്ടിലേക്ക് മടങ്ങാം. ജയിച്ചാലും ഐസ്‌ലാന്‍ഡ് ക്രൊയേഷ്യക്കെതിരെ തോല്‍ക്കുകയോ അര്‍ജന്റീനയേക്കാള്‍ കുറഞ്ഞ മാര്‍ജിനില്‍ ജയിക്കുകയോ വേണം. ഐസ്‌ലാന്‍ഡിനെ തോല്‍പ്പിച്ചെത്തുന്ന നൈജീരിയക്ക് അര്‍ജന്റീനക്കെതിരെ സമനില പിടിച്ചാലും സാധ്യതയുണ്ട്. ക്രൊയേഷ്യ ഐസ്‌ലാന്‍ഡിനെതിരെ തോല്‍ക്കാതിരുന്നാല്‍ രണ്ടാം സ്ഥാനക്കാരായി അവര്‍ പ്രീ ക്വാര്‍ട്ടറിലെത്തും.
കൊല്ലം ആര്യങ്കാവ് ചെക്ക്‌പോസ്റ്റിൽ നിന്നും രാസവസ്തു കലർന്ന 9000 കിലോ മീൻ പിടികൂടി
കൊല്ലം:കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഇന്ന് പുലര്‍ച്ചെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചത്.തൂത്തുകുടി, മണ്ഡപം എന്നിവടങ്ങളില്‍ നിന്ന് കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ മീനാണ് പിടികൂടിയത്.തമിഴ് നാട് തൂത്തുകുടി,രാമേശ്വരം മണ്ഡപം എന്നിവിടങ്ങളിൽ നിന്ന് രണ്ടു ലോറികളിലായി കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ 7000 കിലോ ചെമ്മീനും,2000 കിലോ മറ്റ് മത്സ്യവും പരിശോധിച്ചതില്‍ ഫോര്‍മാലിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. ബേബി മറൈന്‍സിന്റേതാണ് ചെമ്മീന്‍. മറ്റുള്ളവ പലര്‍ക്കായി എത്തിച്ചതാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.വിദഗ്ദ്ധ പരിശോധനയ്ക്കായി മത്സ്യം മൈസൂരിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.