ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷകളുമായി പി.യു ചിത്രയും ജിന്‍സണ്‍ ജോണ്‍സണും ഇന്നിറങ്ങുന്നു

keralanews p u chithra and jinson johnson contesting in asian games with medal hopes today

ജക്കാർത്ത:ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷകളുമായി പി.യു ചിത്രയും ജിന്‍സണ്‍ ജോണ്‍സണും  ഇന്നിറങ്ങുന്നു.1500 മീറ്ററില്‍ സ്വര്‍ണ പ്രതീക്ഷയുമായിട്ടാണ് ഈ മലയാളികള്‍ താരങ്ങള്‍ മത്സരിക്കാനൊരുകുന്നത് .വൈകിട്ട് 5.40നാണ് ചിത്രയുടെ ഫൈനല്‍.800 മീറ്ററില്‍ അവസാന നിമിഷം കൈവിട്ട സ്വര്‍ണത്തിന് 1500 മീറ്ററില്‍ മറുപടി നല്‍കുകയാണ് ജിന്‍സണിന്‍റെ ലക്ഷ്യം. 1500 മീറ്ററില്‍ ഹീറ്റ്സ് നടന്നില്ലെങ്കിലും നേരിട്ട് ഫൈനലില്‍ മത്സരിക്കുന്നത് ഗുണം ചെയ്യുംഏഷ്യന്‍ അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പിലെ മെഡല്‍ ആത്മവിശ്വാസം നല്‍കുന്നു എന്നും ചിത്ര പറഞ്ഞു.ഹോക്കിയില്‍ വൈകീട്ട് നാല് മണിക്ക് പി ആര്‍ ശ്രീജേഷ് നയിക്കുന്ന ഇന്ത്യ ഫൈനല്‍ ലക്ഷ്യമിട്ട് മലേഷ്യയെ നേരിടും. വനിതാ ഡിസ്കസ് ത്രോ, പുരുഷ, വനിതാ 1500 മീറ്റര്‍, പുരുഷന്മാരുടെ 5000 മീറ്റര്‍ എന്നിവയാണ് പ്രതീക്ഷ വെക്കുന്ന ഇനങ്ങള്‍. ഡിസ്കസ് ത്രോയില്‍ സീമ പൂനിയയും സന്ദീപ് കുമാരിയും മത്സരിക്കുന്നുണ്ട്.

ഭക്ഷ്യസാധനകൾക്ക് അമിത വില ഈടാക്കി തട്ടിപ്പ് നടത്തിയ സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ പിടിച്ചെടുത്ത് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു

keralanews food items seized from super market which sold goods for excess money and supplied it to relief camps

തൃശൂര്‍: പ്രളയബാധിത പ്രദേശങ്ങളില്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് അമിതവില ഈടാക്കി തട്ടിപ്പ് നടത്തുന്നത് പതിവായതോടെ തൃശുരില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ മിന്നല്‍ പരിശോധന നടത്തി.പരിശോധനയിൽ ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ക്കും അമിതവില ഈടാക്കി തട്ടിപ്പ് നടത്തിയ തൃശൂര്‍ പെരിങ്ങോട്ടുകരയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഭഷ്യസാധനങ്ങള്‍ പിടിച്ചെടുത്ത് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു.പെരിങ്ങോട്ടുകരയിലെ സമൃദ്ധി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് 3436 കിലോഗ്രാം പച്ചക്കറിയും 792 കോഴിമുട്ടകളും ജില്ലാ സപ്ലൈ വകുപ്പ് പിടിച്ചെടുത്തത്.കറിയും കോഴിമുട്ടയും തൃശൂര്‍ താലൂക്കിലേയും കൊടുങ്ങല്ലൂര്‍ താലൂക്കിലേയും ദുരിതാശ്വാസ ക്യാമ്ബുകളിലേയ്ക്ക് അപ്പോള്‍ തന്നെ വിതരണവും ചെയ്തു. അമിതവില ഈടാക്കുന്നതിനെതിരെ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍, പൊലീസ്, ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു.ഓഗസ്റ്റ് 16 മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നായിരുന്നു പരിശോധന നടത്തിവന്നത്. പ്രളയക്കെടുതിക്ക് പിന്നാലെ കൊച്ചിയിലെ പല സൂപ്പര്‍ മാര്‍ക്കറ്റുകളിലും സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി പരാതി ലഭിച്ചിരുന്നു.പ്രളയക്കെടുതി മുതലെടുത്ത് ആവശ്യസാധനങ്ങള്‍ക്ക് വില കൂട്ടുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന പൊലീസിന്റെ മുന്നറിയിപ്പും അവഗണിച്ചായിരുന്നു പ്രളയ ബാധിത പ്രദേശങ്ങളില്‍ നിരന്തരം തട്ടിപ്പ് അരങ്ങേറിയത്.എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ മാത്രം സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചെറുകിട കച്ചവട സ്ഥാപനങ്ങളിലും ഇപ്പോള്‍ തന്നെ പലവിലയാണ് ഈടാക്കുന്നത്. അരിയുടെ ചില പാക്കറ്റുകളിലെ വില തിരുത്തിയും വില്‍പ്പന നടത്തുന്നുണ്ട്. ലോഡുകളുമായി ലോറികള്‍ എത്തുന്നില്ലെന്നാണ് പലവ്യാപാരികളും അവകാശപ്പെടുന്നത്.

റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി പുതിയ കാർഡ് നൽകുമെന്ന് ഭക്ഷ്യമന്ത്രി

keralanews the minister said new card would be given to those who lost their ration card in flood

തിരുവനന്തപുരം:പ്രളയക്കെടുതിക്കിടെ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡ് അനുവദിച്ചു നല്‍കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. പുതിയ കാര്‍ഡ് ലഭിക്കുന്നതുവരെ റേഷന്‍ കാര്‍ഡിന്‍റെ നമ്പർ പറഞ്ഞാല്‍‌ റേഷന്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം മാവേലി സ്റ്റോറില്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ അവരുടെ മൊബൈല്‍ ഫോണ്‍ നമ്പർ നല്‍കിയാല്‍ മതിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്ന് അവധിയാണെങ്കിലും പ്രളയ ദുരിത പശ്ചാത്തലത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ തയ്യാറുള്ള റേഷന്‍ വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാമെന്നു പറഞ്ഞ മന്ത്രി ക്യാമ്ബുകളില്‍ നിന്നും വീടുകളിലെത്തുന്നവര്‍ക്കും, മഴക്കെടുതിയില്‍ ഇതുവരെ റേഷന്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്കും ഇന്നു കട തുറക്കുന്നത് ഒരു സഹായമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ ലോലിപോപ് നിരോധിച്ചു

keralanews lollipop banned in kerala

തിരുവനന്തപുരം:അനുവദനീയമായ അളവില്‍ കൂടുതല്‍ കൃത്രിമ നിറങ്ങള്‍ കലര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ചെന്നൈ ആസ്ഥാനമായ ‘ടൈംപാസ് ലോലിപോപ്സ്’ എന്ന കമ്പനിയുടെ  ലോലിപോപ്പ് കേരളത്തിൽ നിരോധിച്ചു.ബ്രൗണ്‍, മഞ്ഞ, വെള്ള, ചുവപ്പ്, ഓറഞ്ച്, കറുപ്പ്, പച്ച നിറങ്ങളിലാണ് മിഠായി ലഭിക്കുന്നത്. ഇത് കഴിക്കുന്നത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം ജി രാജമാണിക്യം അറിയിച്ചു. ഇവയുടെ ഉല്‍പ്പാദകരുടെയും മൊത്തകച്ചവടം നടത്തുന്ന കച്ചവടക്കാര്‍ക്കെതിരെയും നടപടിയെടുക്കും. ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദകരും മധുര പലഹാരങ്ങള്‍ വില്‍ക്കുന്നവരും ബേക്കറി ഉടമകളും നിയമം അനുവദിക്കുന്ന അളവില്‍ മാത്രമേ ഇത്തരം കൃത്രിമരാസ പദാര്‍ഥങ്ങള്‍ ഉപയോഗിക്കാവൂ എന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്. കുട്ടികളും രക്ഷകര്‍ത്താക്കളും ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അറിയിച്ചു.

ഓണത്തിന് 1600 ഓണച്ചന്തകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി തിലോത്തമൻ

keralanews 1600 onam fairs will organize in state said minister thilothaman

തിരുവനന്തപുരം:ഓണത്തിന് 1600 ഓണച്ചന്തകൾ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി തിലോത്തമൻ.ഒപ്പം എല്ലാ സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളും മിനി ഓണം കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു.ആഗസ്റ്റ് 14 മുതല്‍ ആഗസ്റ്റ് 24 വരെ 10 ദിവസം കേരളത്തിന്റെ നഗര ഗ്രാമപ്രദേശങ്ങളില്‍ ഓണചന്തകള്‍ പ്രവര്‍ത്തിക്കും.അതേസമയം ഓണ വിപണി കൊഴുപ്പിക്കാന്‍ കണ്‍സ്യൂമര്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 3500 സഹകരണ ഓണവിപണികള്‍ തുറക്കാന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിരുന്നു.വിലക്കുറവില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനായി കണ്‍സ്യൂമര്‍ഫെഡ് വാങ്ങുന്ന എല്ലാ സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. ഈ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധന സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ ലാബുകളില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സബ്‌സിഡി നിരക്കില്‍ അരി ജയ, അരി കുറുവ, കുത്തരി, പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, കടല, ഉഴുന്ന്, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി തുടങ്ങിയ 13 ഇനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ഓണചന്തകളില്‍ ലഭ്യമാക്കും. സബ്സിഡി ഇനങ്ങള്‍ കൂടാതെ, ഓണം, ബക്രീദ് ഉത്സവക്കാലത്ത് ജനങ്ങള്‍ക്ക് ഏറെ ആവശ്യമുള്ള 13 ഇനങ്ങള്‍ കൂടി മാര്‍ക്കറ്റ് വിലയേക്കാള്‍ ഗണ്യമായ കുറവില്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണില്‍ നിന്നും എം.ആര്‍.പിയേക്കാള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്നതാണ്.സഹകരണ സംഘങ്ങള്‍ക്ക് അവ ഓണ വിപണികളിലൂടെ വില്‍പ്പന നടത്താവുന്നതാണ്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓണവിപണിയുടെ പ്രവര്‍ത്തനം ലഭ്യമാകുന്ന തരത്തിലാണ് സംഘങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ലണ്ടനില്‍ തുടക്കമായി;ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു

keralanews india england test cricket match started in london england won the toss and selected batting

ലണ്ടൻ:ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ലണ്ടനില്‍ തുടക്കമായി.ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു.ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഇന്നിറങ്ങുമ്പോൾ അത് ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ ചരിത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ടീം ആദ്യമായി ആയിരമെന്ന മാന്ത്രിക സംഖ്യയിലെത്തിയെന്ന ചരിത്രം. ഇംഗ്ലണ്ടില്‍ മോശം റെക്കോഡുള്ള ഇന്ത്യക്ക് അഞ്ച് ടെസ്റ്റുകളുള്ള പരമ്പര വെല്ലുവിളിയാകും. എന്നാല്‍ ചരിത്ര ടെസ്റ്റിന് ഇംഗ്ലണ്ടിറങ്ങുമ്പോൾ ചരിത്രം തിരുത്താനുറച്ചാണ് വിരാട് കോലിയും സംഘവും ഇന്നിറങ്ങുക. ശിഖര്‍ ധവാനും രവിചന്ദ്ര അശ്വിനും ഇന്ത്യന്‍ നിരയില്‍ ഇടംപിടിച്ചപ്പോള്‍ ചേതേശ്വര്‍ പൂജാരയും കുല്‍ദീപ് യാദവും പുറത്തായി.മുഹമ്മദ് ഷമി, ഉമേശ് യാദവ്, ഇശാന്ത് ശര്‍മ്മ എന്നിവരാണ് പേസ് ബൗളര്‍മാര്‍. കെഎല്‍ രാഹുലും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ദിനേഷ് കാര്‍ത്തികാണ് വിക്കറ്റ് കീപ്പര്‍. ഒടുവിൽ റിപ്പോർട് കിട്ടുമ്പോൾ 28 ഓവറില്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 83 റണ്‍സ് എന്ന നിലയിലാണ്. 13 റണ്‍സെടുത്ത ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. അശ്വിന്റെ മനോഹരമായ പന്തില്‍ കുക്ക് സ്റ്റംമ്ബ് ഔട്ടായി മടങ്ങുകയായിരുന്നു.

ഫോർമാലിൻ പരിശോധന ശക്തമാക്കിയതോടെ മീനിൽ പുതിയ രാസവസ്തു ചേർക്കുന്നതായി റിപ്പോർട്ട്

keralanews after making formalin inspection strict doubt that another chemical is mixed with fish

തിരുവനന്തപുരം:മീനിൽ ചേർക്കുന്ന ഫോർമാലിൻ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കിയതോടെ മീൻ എളുപ്പത്തിൽ കേടാകാതിരിക്കാൻ പുതിയ തരം രാസവസ്തു ചേർക്കുന്നതായി റിപ്പോർട്ട്. മീന്‍ കേടാകാതിരിക്കാന്‍ സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ലായനി തളിക്കുന്നതായാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിരിക്കുന്നത്. ഇത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ച്‌ സര്‍ക്കാര്‍ അനലിറ്റിക്കല്‍ ലാബില്‍ പരിശോധന തുടങ്ങി.സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് എളുപ്പത്തില്‍ കണ്ടെത്താന്‍ നിലവില്‍ മാര്‍ഗങ്ങളില്ല. ഈ സാഹചര്യത്തിലാണ് പഠനം. എറണാകുളത്തെ ചില രാസവസ്തു വില്‍പ്പനശാലകളില്‍ നിന്നും സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ് ലായനി ബോട്ടുകാര്‍ കൂടിയ അളവില്‍ നിരന്തരം വാങ്ങിപ്പോകുന്നുണ്ട്. ഇതാണ് സംശയത്തിനു കാരണം. അണുനാശിനിയായി ഉപയോഗിക്കുന്ന സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് മീനില്‍ ഉപയോഗിച്ചാല്‍ കേടാകാതിരിക്കുമോ എന്നതിലും വ്യക്തതയില്ല. ഇക്കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. 20 ലിറ്റര്‍ കന്നാസുകളിലാണ് എറണാകുളത്തെ കടകളില്‍നിന്ന് ബോട്ടുകാര്‍ ഇത് വാങ്ങിപ്പോകുന്നത്.വായു, വെള്ളം, മണ്ണ് എന്നിവയിലുള്‍പ്പെടെ രോഗാണുനാശിനിയായി ഉപയോഗിക്കുന്ന രാസവസ്തുവാണ് സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ്. നിറമോ മണമോ ഇല്ല. നേര്‍പ്പിക്കാതെ ഉപയോഗിച്ചാല്‍ പൊള്ളലുണ്ടാക്കും. വെള്ളവുമായി ചേര്‍ത്ത് നേരിയ അളവില്‍ മീനില്‍ തളിക്കുന്നതായി സംശയിക്കുന്നു.മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന മീനില്‍ ഫോര്‍മലിന്‍, അമോണിയ എന്നിവ ചേര്‍ക്കുന്നത് കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) തയ്യാറാക്കിയ പേപ്പര്‍ ടെസ്റ്റിലൂടെ എളുപ്പത്തില്‍ കണ്ടെത്താനാകും. ഇതോടെ കേരളത്തിലേക്ക് അയക്കുന്ന മീനില്‍ ഇത്തരം രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് കുറഞ്ഞിരുന്നു.സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിക്കുന്നുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുള്ളതിനാല്‍ ഇതിന്റെ സാന്നിധ്യം എങ്ങനെ കണ്ടെത്താമെന്നതും പരിശോധിക്കുമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എംജി രാജമാണിക്യം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഈ രാസവസ്തു ഉപയോഗിച്ചാല്‍ മീന്‍ കേടാകാതിരിക്കുമോ, ശരീരത്തിനുള്ളില്‍ ചെന്നാല്‍ എന്തെല്ലാം പ്രശ്‌നങ്ങളാണുണ്ടാകുക എന്നിവയും പരിശോധിക്കുന്നുണ്ട്.

ഓണക്കാലം;ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കുന്നു

keralanews onam food security department make strict inspection

കണ്ണൂർ:ഓണക്കാലത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കുന്നു. ഭക്ഷ്യോൽപ്പന്നങ്ങളിൽ ചായപ്പൊടി,പാൽ,ചെറുപയർപരിപ്പ് എന്നിവ പ്രത്യേകമായി പരിശോധിക്കും.ഓണക്കാലത്ത് പ്രയാസത്തിനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന ഉല്പന്നങ്ങളെന്ന നിലയിലാണ് പാലും ചെറുപയർ പരിപ്പും പരിശോധിക്കുന്നത്.ചായപ്പൊടിയുടെ പരിശോധന ജില്ലയിൽ നേരത്തെ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ചേർന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് യോഗത്തിലെ നിർദേശങ്ങൾ അനുസരിച്ചാണ് പരിശോധന നടത്തുന്നത്.നിറം ലഭിക്കുന്നതിനായി ചായപ്പൊടിയിൽ വ്യാജപ്പൊടികൾ കലർത്തുന്നുണ്ടെന്ന പരാതി ഭക്ഷ്യ സുരക്ഷാ വകുപ്പിന് ലഭിച്ചിരുന്നു.അതുപോലെ തന്നെ നിർമാതാക്കളുടെ പേര് രേഖപ്പെടുത്താതെ ടിന്നുകളിൽ നെയ്യ് വ്യാപകമായി എത്തുന്നതായും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇവ കണ്ടെത്തിയ കടയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർമാതാക്കളെ കുറിച്ച് അന്വേഷണം നടത്തി വരുന്നുണ്ട്. ആരാധനാലയങ്ങളിലേക്കാണ് ഇവ എത്തിക്കുന്നതെന്നാണ് കടയുടമകൾ പറയുന്നതെങ്കിലും ഇത്തരം നെയ്യ് കല്യാണവീടുകളിലേക്കും മറ്റും എത്തിക്കുന്നതായും ഭക്ഷ്യ സുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.തമിഴ്‌നാട്ടിൽ നിന്നാണ് ഇവ എത്തുന്നതെന്നാണ് പ്രാഥമിക നിഗമനം. അതുപോലെ തന്നെ സസ്യഎണ്ണയുടെ പായ്‌ക്കറ്റിനു മുകളിൽ തേങ്ങയുടെ ചിത്രം പതിപ്പിച്ച് വെളിച്ചെണ്ണയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ലോറി സമരം;സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

keralanews lorry strike the vegetable price incerasing in the state

പാലക്കാട്:ലോറി സമരം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്നാണ് പച്ചക്കറി വില ഉയരുന്നത്. ഇതിനിടെ കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കാനുള്ള ശ്രമവും വ്യാപാരികള്‍ നടത്തുന്നതായാണ് വിവരം. സമരം തുടരുകയാണെങ്കില്‍ വില ഇനിയും കൂടും. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പച്ചക്കറി എത്തിക്കുന്നത്. പച്ചക്കറി ലോറികള്‍ എത്തുന്നത് കുറഞ്ഞത് തൊഴിലാളികളെയും ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു. ഊട്ടി, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പച്ചക്കറി ലോറികള്‍ സംസ്ഥാനത്ത് എത്തിയിട്ടില്ല.തിരുവനന്തപുരത്ത് പച്ചക്കറികള്‍ക്ക് പലതിനും 20 രൂപയോളം വിലവര്‍ധിച്ചിട്ടുണ്ട്. പ്രധാനമായും സവാള, ഉള്ളി, മുളക്, കാരറ്റ്, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ക്കാണ് വില കുതിച്ചുയരുന്നത്. കോഴിക്കോട് പാളയം മാര്‍ക്കറ്റ്, തിരുവനന്തപുരം ചാല കമ്പോളം,പാളയം മാര്‍ക്കറ്റ്, എറണാകുറം, കലൂര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പച്ചക്കറികളില്‍ ഭൂരിഭാഗവും എത്തുന്നത്. ഇവിടെ നിന്നാണ് മറ്റിടങ്ങളിലേക്ക് പച്ചക്കറികള്‍ കൊണ്ടുപോകുന്നത്.

സഞ്ചാരികളുടെ മനം കവർന്ന് കാനായി കാനം വെള്ളച്ചാട്ടം

keralanews catch the minds of trevellers kanayi kanam waterfalls

കണ്ണൂർ:സഞ്ചാരികളുടെ മനം കവർന്ന് കാനായി കാനം വെള്ളച്ചാട്ടം.കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നും ഏകദേശം പത്തുകിലോമീറ്റർ ദൂരത്തിലാണ് പ്രകൃതിരമണീയമായ കാനായി കാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനസിനെ ആനന്ദഭരിതമാക്കുന്ന ഉല്ലാസകേന്ദ്രമാണിത്.ഒരു ചെറിയ വനപ്രദേശമാണ് കാനായി കാനം. പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശത്തെ വെള്ളച്ചാട്ടമാണ് സഞ്ചാരികളെ പ്രധാനമായും ഇങ്ങോട്ടേക്ക് ആകർഷിക്കുന്നത്.നിരവധി ഔഷധ സസ്യങ്ങളിൽ തഴുകിയെത്തുന്ന ജലത്തിൽ സ്നാനം ചെയ്യുമ്പോൾ ആരോഗ്യവും ഊർജവും കൂടാതെ മനസ്സിന് ഏറെ കുളിർമയും സന്തോഷവും ലഭിക്കുന്നു.വൃക്ഷങ്ങളും വള്ളികളും ഇഴചേർന്ന് ശുദ്ധവായു ലഭിക്കുന്ന ഈ സുന്ദരമായ പ്രദേശത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്.അവധി ദിവസങ്ങൾ ആനന്ദകരമാക്കുവാൻ കണ്ണൂർ,കാസർകോഡ്,കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ നിന്നും നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.അപൂർവങ്ങളായ മൽസ്യസമ്പത്തും ഇവിടെ ഉണ്ട്.വേനൽക്കാലത്തും ഇവിടെ ജലം ലഭ്യമാണ്.എന്നാൽ മഴശക്തി പ്രാപിക്കുന്നതോടെ വെള്ളച്ചാട്ടം അതിന്റെ രൗദ്ര ഭാവത്തിലെത്തും.അതിനാൽ മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഈ പ്രകൃതി സൗന്ദര്യം സംരക്ഷിക്കുന്നതിനായി ഇവിടുത്തെ നാട്ടുകാർ ചേർന്ന രണ്ട് ഏക്കർ ഭൂമി ഏറ്റെടുക്കുകയും പ്രത്യേക പരിഗണന നൽകി സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ഇവിടെ എത്തുന്ന സഞ്ചാരികൾക്കായി ജലവിനിയോഗ സംരക്ഷണ സമിതി നിർദേശ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.അവയിലെ നിർദേശങ്ങൾ താഴെ കൊടുക്കുന്നു:
1.മദ്യം,ലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗം കർശനമായി നിരോധിച്ചിരിക്കുന്നു.
2.വന,ജൈവ,ജീവ,ജല സമ്പത്ത് നശിപ്പിക്കാതിരിക്കുക.
3.നിശബ്ദത പാലിക്കുക.
4.ഭക്ഷണ പദാർത്ഥങ്ങൾ അശ്രദ്ധമായി വലിച്ചെറിയരുത്.
5.രണ്ടുമണിക്ക് ശേഷമുള്ള സന്ദർശനം നിരോധിച്ചിരിക്കുന്നു.
6.കാനത്തിലും പരിസര പ്രദേശങ്ങളിലും മല-മൂത്ര വിസർജനം പാടില്ല.
7.സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് മീൻ പിടിക്കാൻ പാടില്ല.
ലോക ഭൂപടത്തിൽ ഇടം നേടിയിട്ടില്ലെങ്കിലും സഞ്ചാരികളുടെ മനസ്സിൽ ഇടം കണ്ടെത്താൻ കാനായി കാനം എന്ന ഗ്രാമത്തിനും ഇവിടുത്തെ വെള്ളച്ചാട്ടത്തിനു സാധിച്ചിട്ടുണ്ട്.
keralanews catch the minds of travellers kanayi kanam waterfalls