ഇരിട്ടി:നിരോധിത കൃത്രിമ നിറം ചേർത്ത 1500 കിലോ ശർക്കര പിടികൂടി.ഇരിട്ടിയിൽ നിന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി.കമ്മീഷണറുടെ നേതൃത്വത്തിൽ ശേഖരിച്ച സാമ്പിളിലാണ് കൃത്രിമ നിറം ചേർത്തതായി കണ്ടെത്തിയത്.ഇതേ തുടർന്ന് വിൽപ്പനയ്ക്കായി വെച്ചിരുന്ന 1500 കിലോ ശർക്കര പിടിച്ചെടുത്ത് നശിപ്പിച്ചു.ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റി നിയമപ്രകാരം നിരോധിച്ച കൃത്രിമനിറമായ റോഡൊമിൻ ബി അടങ്ങിയ ശർക്കരയാണ് നശിപ്പിച്ചത്.ഇവ ഉള്ളിലെത്തിയാൽ കുട്ടികളിൽ ജനിതകമാറ്റം,ക്യാൻസർ എന്നിവയ്ക്ക് കാരണമാകും.ശർക്കര സംബന്ധിച്ച് ലഭിച്ച പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റി നിയമാനുസരണം സാമ്പിൾ എടുക്കുകയും ഇത് കോഴിക്കോട്ടെ ഫുഡ് അനലിസ്റ്റ് പരിശോധിച്ച് റിപ്പോർട്ട് നൽകുകയുമായിരുന്നു.ഈ കൃത്രിമ നിറം ചേർക്കുന്നത് ഒരുകൊല്ലം വരെ ജയിൽ ശിക്ഷയും മൂന്നുലക്ഷം രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റമാണ്.അധികം നിറം,കൂടുതൽ ചുവപ്പ്‌നിറം, പെട്ടെന്ന് പൊടിഞ്ഞു പോകുന്നത്,വെള്ളത്തിൽ അലിയുമ്പോൾ നിറം ഉണ്ടാകുന്നത് എന്നിങ്ങനെയുള്ള ശർക്കര ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
കാർഡുകളുടെ എണ്ണം കുറവുള്ള റേഷൻ കടകൾ ലയിപ്പിക്കാൻ സർക്കാർ നീക്കം
തിരുവനന്തപുരം:കാർഡുകളുടെ എണ്ണം കുറവുള്ള റേഷൻ കടകൾ ലയിപ്പിക്കാൻ സർക്കാർ നീക്കം.ഇത്തരം റേഷൻ കടകൾ പൂട്ടി ഇവിടുത്തെ കാർഡുകൾ തൊട്ടടുത്ത റേഷൻ കടകളിൽ ലയിപ്പിക്കാനാണ് തീരുമാനം.നവംബർ പത്തിനകം ഇത്തരം കടകളുടെ കണക്കെടുത്ത് റിപ്പോർട്ട് നല്കാൻ സർക്കാർ സിവിൽ സപ്പ്ളൈസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ആറു ജില്ലകളിലെ കണക്കെടുപ്പുകൾ പൂർത്തിയായിക്കഴിഞ്ഞു.ഇ പോസ് മെഷീൻ നിലവിൽ വന്നതോടെ ഏതു കടയിൽ നിന്നും സാധനങ്ങൾ വാങ്ങാമെന്നായതോടെയാണ് ഈ സാഹചര്യം ഉണ്ടായത്. ചിലയിടങ്ങളിൽ 400 കാർഡുകൾ വരെ ഉണ്ടായിരുന്ന കടകളിൽ ഇപ്പോൾ നൂറും നൂറ്റമ്പതും മാത്രമായി ചുരുങ്ങിയിട്ടുണ്ട്.ഇവരോട് കടകൾ ഒഴിവാക്കി കാർഡുകൾ തൊട്ടടുത്ത കടകളിലേക്ക് ലയിപ്പിക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. ഒരുതാലൂക്കിൽ ഇത്തരത്തിൽ നൂറിലധികം കടകൾ വരെ ഒഴിവാക്കപ്പെട്ടേക്കാം.നിലവിൽ 16000 രൂപയാണ് സർക്കാർ കടയുടമകൾക്ക് മാസവേതനം നൽകുന്നത്.കടകൾ കുറയുന്നതോടെ ഈ തുകയിനത്തിലും സർക്കാരിന് നേട്ടമുണ്ടാകും.ലയനം വഴി കൂടുതൽ കാർഡുകൾ ലഭിക്കുന്ന കടക്കാർക്ക് മാസവേതനത്തോടൊപ്പം കമ്മീഷനും നൽകും.പൂട്ടുന്നതിൽ എതിർപ്പുള്ള കടയുടമകളോട് കോടതിയെ സമീപിക്കാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്.
സംസ്ഥാന സ്കൂൾ കായികമേള;എറണാകുളം ജില്ല ചാമ്പ്യന്മാർ
തിരുവനന്തപുരം:അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ എതിരാളികളെ ബഹുദൂരം പിന്നലാക്കി എറണാകുളം ജില്ലാ ചാമ്പ്യന്മാരായി.253 പോയിന്റോടെയാണ‌് അവര്‍ പതിമൂന്നാം കിരീടം നേടിയത‌്. 196 പോയിന്റുമായി പാലക്കാടാണ‌് രണ്ടാമത‌്. 101 പോയിന്റുമായി തിരുവനന്തപുരമാണ‌് മൂന്നാമത‌്. ഒരു പോയിന്റ‌് വ്യത്യാസത്തില്‍ കോഴിക്കോട‌് ജില്ല നാലാമതെത്തി.സ്കൂൾ തലത്തിൽ കോതമംഗലം സെന്റ് ജോര്‍ജ‌് സ‌്കൂള്‍ ചാമ്ബ്യന്‍ സ‌്കൂളായി.സെന്റ‌് ജോര്‍ജ‌് എച്ച‌്‌എസ‌്‌എസ‌്, മാര്‍ ബേസില്‍ എച്ച‌്‌എസ‌്‌എസ‌് എന്നീ ചാമ്ബ്യന്‍ സ‌്കൂളുകളാണ‌് എറണാകുളത്തിന്റെ മേധാവിത്വത്തിനുപിന്നില്‍. ഇത്തവണ രണ്ട‌് സ‌്കൂളുകളും ചേര്‍ന്ന‌് 131 പോയിന്റ‌് ജില്ലയ‌്ക്ക‌് നേടിക്കൊടുത്തു.ഏഴ‌് സ്വര്‍ണം നേടിയ മേഴ‌്സി കുട്ടന്‍ അക്കാദമി താരങ്ങള്‍ എറണാകുളത്തിന്റെ മുന്നേറ്റത്തിന‌് മുതല്‍ക്കൂട്ടായി. സബ‌്ജൂനിയര്‍, സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗങ്ങളിലാണ‌് എറണാകുളം കൂടുതല്‍ മികവ‌് കാട്ടിയത‌്. സബ‌് ജൂനിയര്‍ ആണ്‍വിഭാഗത്തില്‍ 59 പോയിന്റും സീനിയര്‍ ആണ്‍വിഭാഗത്തില്‍ 58 പോയിന്റും നേടി. സബ‌്ജൂനിയര്‍ ആണ്‍-പെണ്‍ വിഭാഗങ്ങളിലായി എറണാകുളം 78 പോയിന്റ‌് നേടിയപ്പോള്‍, പാലക്കാടിന‌് 16 പോയിന്റാണുള്ളത‌്. കല്ലടി എച്ച‌്‌എസ‌്‌എസ‌് സ‌്കൂളിന്റെ മികവാണ‌് പാലക്കാടിന‌് തുണയായത‌്. 62 പോയിന്റുമായി സ‌്കൂളുകളില്‍ രണ്ടാമതാണ‌് കല്ലടി. പറളി, മുണ്ടൂര്‍ സ‌്കൂളുകള്‍ പിന്നോട്ടുപോയത‌് പാലക്കാടിന്റെ കുതിപ്പിന‌് തടസ്സമായി. കഴിഞ്ഞതവണ മികച്ച രണ്ടാമത്തെ സ‌്കൂളായ സെന്റ‌് ജോസഫ‌്സ‌് എച്ച‌്‌എസ‌്‌എസ‌് പുല്ലൂരാമ്പാറ മങ്ങിയതാണ‌് കോഴിക്കോടിന‌് തിരിച്ചടിയായത‌്. 28 പോയിന്റുമായി ആറാമതാണ‌് ഇത്തവണ പുല്ലൂരാമ്പാറ.
സംസ്ഥാന സ്കൂൾ കായികമേള ഇന്ന് അവസാനിക്കും; എറണാകുളം ജില്ല കിരീടത്തിലേക്ക്
തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായികമേള ഇന്ന് അവസാനിക്കും.രണ്ടാം ദിനം അവസാനിച്ചപ്പോള്‍ 22 സ്വര്‍ണമടക്കം 210 പോയിന്റോടെ കിരീടം ഉറപ്പിച്ചിരിക്കുകയാണ് എറണാകുളം.രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 130 പോയിന്റാണ്. 77 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തും തുടരുകയാണ്. 69 ഇനങ്ങളിലാണ് ഇന്നലെ മത്സരങ്ങള്‍ നടന്നത്. കായികമേളയുടെ അവസാനദിനമായ ഇന്ന് 27 ഫൈനലുകളാണുള്ളത്.തിരുവനന്തപുരം (67), തൃശൂര്‍ (54), എന്നീ ജില്ലകളാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.കോട്ടയം (36), ആലപ്പുഴ (26), കൊല്ലം (24), മലപ്പുറം (19), കണ്ണൂര്‍ (19), ഇടുക്കി (17), കാസര്‍ഗോഡ് (8), പത്തനംതിട്ട (6) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ സ്ഥാനം.സ്‌കൂളുകളില്‍ എഴ് സ്വര്‍ണവും, ആറു വെള്ളിയും നാല് വെങ്കലവും ഉള്‍പ്പെടെ 55 പോയിന്റുമായി സെന്റ് ജോര്‍ജ് കോതമംഗലം ഒന്നാമതായി തുടരുകയാണ്. നിലവിലെ ചാമ്ബ്യന്മാരായ മാര്‍ ബേസിലിനെ പിന്തള്ളിയാണ് സെന്റ് ജോര്‍ജ് ഒന്നാമതായത്. 44 പോയിന്‌റുമായി ഇവര്‍ രണ്ടാമതാണ്.
ആന്‍സിയും അഭിനവും സ്‌കൂള്‍ മേളയിലെ വേഗമേറിയ താരങ്ങള്‍
തിരുവനന്തപുരം:സംസ്ഥാന സ്കൂൾ മേളയിലെ വേഗമേറിയ താരങ്ങളെന്ന നേട്ടം നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആന്‍സി സോജനും തിരുവനന്തപുരം സായിയിലെ സി.അഭിനവും സ്വന്തമാക്കി.100 മീറ്റർ ഓട്ടത്തിൽ ആന്‍സി 12.26 സെക്കന്റിലും അഭിനവ് 10.97 സെക്കന്റിലുമാണ് ഫിനിഷ് ചെയ്‌തത്.സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ പരിക്ക് വകവയ്‌ക്കാതെ മിന്നും പ്രകടനം കാഴ്‌ച വച്ചാണ് ആന്‍സി ഒന്നാമതെത്തിയത്. അതേസമയം മേളയുടെ രണ്ടാം ദിനവും 10 സ്വര്‍ണവും 13 വെള്ളിയും 3 വെങ്കലവുമായി 98 പോയിന്റ് നേടി എറണാകുളം മുന്നേറ്റം തുടരുകയാണ്.9 സ്വര്‍ണവും 8 വെള്ളിയും 6 വെങ്കലവും ഉള്‍പ്പെടെ 75 പോയിന്റുമായി പാലക്കാടാണ് തൊട്ടുപിന്നില്‍. 47 പോയിന്റുമായി കോഴിക്കോട് മൂന്നാംസ്ഥാനത്തുണ്ട്.നിലവിലെ സ്കൂള്‍ ചാമ്ബ്യന്മാരായ മാര്‍ ബേസില്‍ 4 സ്വര്‍ണവും 4 വെള്ളിയും 2 വെങ്കലും ഉള്‍പ്പെടെ 34 പോയിന്റോടെ കിരീടം നിലനിറുത്താനുള്ള ശ്രമത്തിലാണ്. 28 പോയിന്റുമായി പാലക്കാട് കുമരംപുത്തൂര്‍ സ്കൂള്‍ തൊട്ടുപിന്നിലുണ്ട്. സ്പോര്‍ട്സ് ഹോസ്റ്റലുകളില്‍ തിരുവന്തപുരം സായ് ആണ് മുന്നില്‍.
സംസ്ഥാന സ്കൂൾ കായികമേള;എറണാകുളം ജില്ല മുന്നേറ്റം തുടരുന്നു
തിരുവനന്തപുരം:തിരുവനന്തപുരത്ത് നടക്കുന്ന അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ എറണാകുള ജില്ല മുന്നേറ്റം തുടരുന്നു.മുപ്പത്തി ആറ് ഇനങ്ങൾ പിന്നിട്ടപ്പോൾ 98 പോയന്റോടെ എറണാംകുളം ഒന്നാസ്ഥാനത്താണ്. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളാണ് യഥാക്രമം രണ്ട് മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ. സ്കൂൾ വിഭാഗത്തിൽ മൂന്നു വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവുമായി 25 പോയിന്റുള്ള മാര്‍ ബേസിൽ ഒന്നാമതും, രണ്ട് സ്വര്‍ണവും, മൂന്ന് വെള്ളിയും, നാല് വെങ്കലവുമായി കോതമംഗലം സെന്റ് ജോര്‍ജ് രണ്ടാമതുമാണ്.മേളയിലെ വേഗമേറിയ താരങ്ങളെ കണ്ടെത്തുന്നതിനുള്ള 100 മീറ്റർ മത്സരങ്ങൾ ഇന്ന് നടക്കും.
വർഷം തോറും 87 രൂപയ്ക്ക് ചിക്കൻ ലഭ്യമാക്കുന്ന പദ്ധതിക്ക് ഡിസംബറിൽ തുടക്കമാകും
തിരുവനന്തപുരം:കുതിച്ചുയരുന്ന ചിക്കൻ വില നിയന്ത്രിക്കുന്നതിനായി വർഷം തോറും 87 രൂപയ്ക്ക് ചിക്കൻ ലഭ്യമാക്കുന്ന പദ്ധതിക്ക് ഡിസംബറിൽ തുടക്കമാകും.സർക്കാർ പിന്തുണയോടെ ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയും കോഴിഫാം ഉടമകളും ചേർന്നാണ് പദ്ധതിക്ക് തുടക്കമിടുന്നത്. കർഷകർക്കും ഉപഭോക്താവിനും നഷ്ട്ടം വരാത്ത രീതിയിൽ ആവശ്യാനുസരണം കോഴി ലഭ്യമാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.ഒരു കിലോ കോഴി 87 രൂപയ്ക്ക് വിറ്റാലും കർഷകർക്ക് 11 രൂപ വീതം ലാഭം ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.87 രൂപയ്ക്ക് കോഴിയും 150 രൂപയ്ക്ക് ഇറച്ചിയും വിൽപ്പനയ്‌ക്കെത്തിക്കും.പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കുക.വയനാട് കേന്ദ്രമായുള്ള ബ്രഹ്മഗിരി സൊസൈറ്റി കർഷകരുമായി സഹകരിച്ച് കോഴിക്കുഞ്ഞു മുതൽ തീറ്റ വരെയുള്ള സാധനങ്ങൾ ഒരേവിലയ്ക്ക് ലഭ്യമാക്കും.
അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കം;ആദ്യ സ്വർണ്ണം തിരുവനന്തപുരത്തിന്
തിരുവനന്തപുരം:അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം.വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് അണ്ടര്‍ 17 ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തോടെയാണ് മേളയ്ക്ക് തുടക്കമായത്.2,200 താരങ്ങള്‍ മാറ്റുരയ്ക്കുന്ന മേളയുടെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ യൂത്ത് ഒളിംപിക്സില്‍ മത്സരിച്ച ജെ.വിഷ്ണുപ്രിയ മുഖ്യാതിഥിയായി.ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.3000 ജൂനീയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ സായിയുടെ സല്‍മാന്‍ ഫാറൂക്കിലൂടെ മേളയിലെ ആദ്യ സ്വർണ്ണം തിരുവനന്തപുരം കരസ്ഥമാക്കി.കോതമംഗലം മാർ ബസേലിയോസിലെ എം.വി അമിത്തിനാണ് രണ്ടാം സ്ഥാനം.3000 സീനിയര്‍ ആണ്കുട്ടികളുടെ മത്സരത്തില്‍ ഒന്നാംസ്ഥാനം കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ ആദര്‍ശ് ഗോപിക്ക്. രണ്ടാം സ്ഥാനം അജിത്.എം. (സി എം ടി മാത്തൂര്‍ പാലക്കാട്). ജൂനിയര്‍ പെൺകുട്ടികളുടെ 3000 മീറ്ററില്‍ കട്ടിപ്പറ ഹോളി ഫാമിലി സ്കൂളിലെ സനിക സ്വര്‍ണ്ണം നേടി.തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്. മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും.സ്കൂളുകളില്‍ കോതമംഗലം മാര്‍ബേസിലും ജില്ലകളില്‍ എറണാകുളവുമാണ് നിലവിലെ ചാമ്ബ്യന്‍മാര്‍.
കോഴിയിറച്ചി വില 170 ലേക്ക്
കണ്ണൂർ:സംസ്ഥാനത്ത് കോഴിയിറച്ചി വില 170 ലേക്ക് കടക്കുന്നു.തലശ്ശേരിൽ ബുധനാഴ്ച 170 രൂപയാണ് ഒരുകിലോ കോഴിയിറച്ചിയുടെ വില.കണ്ണൂരിൽ 160 രൂപയായും ഉയർന്നു.പ്രളയത്തെ തുടർന്ന് ഉത്പാദനം കുറഞ്ഞതും തമിഴ്‌നാട്ടിൽ നിന്നുമുള്ള കോഴിവരവ് കുറഞ്ഞതുമാണ് വില വർധിക്കാൻ കാരണം. ഫാമുകളിലും അപൂർവം ചില സ്ഥലങ്ങളിലും മാത്രം 150 രൂപയ്ക്ക് വിൽപ്പന നടക്കുന്നുണ്ട്.വിലവർദ്ധനവിനോടൊപ്പം ചിലയിടങ്ങളിൽ കോഴിക്ക് ക്ഷാമവും നേരിട്ട് തുടങ്ങിയിട്ടുണ്ട്.തമിഴ്‌നാട്ടിൽ നിന്നും കൂടുതലായി കോഴി എത്തിയില്ലെങ്കിൽ വില ഇനിയും വർധിക്കാനാണ് സാധ്യത.മാഹിയിൽ നേരത്തെ കോഴിക്ക് വിലക്കുറവുണ്ടായിരുന്നു.എന്നാൽ ജിഎസ്ടി നിലവിൽ വന്നതോടെ മാഹിയിലും കേരളത്തിലും വിലയിൽ വ്യത്യാസമില്ലാതെയായി.മാഹിയിൽ 160 രൂപയാണ് വില.
സംസ്ഥാനത്ത് കോഴിയിറച്ചി വില റെക്കോർഡിലേക്ക്; പത്തു ദിവസത്തിനുള്ളിൽ 45 രൂപയുടെ വർദ്ധനവ്
തിരുവനന്തപുരം:സംസ്ഥാനത്ത് കോഴിയിറച്ചി വില റെക്കോർഡിലേക്ക് കടക്കുന്നു.ഒരു കിലോ കോഴിക്ക് 140 രൂപയാണ് ഇന്നത്തെ വില.അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതാണ് വില വർധിക്കാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.പത്തു ദിവസം മുൻപ് വരെ 95 രൂപയായിരുന്നു ഒരുകിലോ കോഴിയുടെ വില.എന്നാൽ ദിവസങ്ങൾക്കകം കൂടിയത് 45 രൂപയും.ഒരു കിലോ കോഴിയിറച്ചി ലഭിക്കണമെങ്കിൽ ഇപ്പോൾ 230 രൂപ നൽകണം. ഇതാദ്യമായാണ് സംസ്ഥാനത്ത് കോഴിവില ഇത്രയും കൂടുന്നത്.രണ്ടരവർഷം മുൻപ് പരമാവധി 130 രൂപയിലെത്തിയിരുന്നു.പ്രളയകാലത്ത് സംസ്ഥാനത്ത് ആവശ്യക്കാർ കുറഞ്ഞതോടെ കേരളത്തിലും തമിഴ്‌നാട്ടിലും കോഴിവളർത്തൽ ഗണ്യമായി കുറഞ്ഞു.അതിർത്തി കടന്നുള്ള കോഴിവരവും കുറഞ്ഞതോടെയാണ് ചിക്കൻ വില റെക്കോർഡിലെത്തിയത്.ജിഎസ്ടി നിലവിൽ വന്നപ്പോൾ സർക്കാർ ഇടപെട്ടാണ് കോഴിവില നിയന്ത്രിച്ചത്.എന്നാൽ തുടർന്നും വിപണിയിൽ വിലനിയന്ത്രണം ഉറപ്പാക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പായില്ലെന്ന് കച്ചവടക്കാർ പറയുന്നു.ആഭ്യന്തര ഉൽപ്പാദനത്തിന് സർക്കാർ പ്രോത്സാഹനം നൽകിയില്ലെങ്കിൽ കോഴിവില ഇനിയും കൂടുമെന്ന് കച്ചവടക്കാർ പറയുന്നു.