കൊച്ചി:കേരളബ്ലാസ്റ്റേർസ് പരിശീലക സ്ഥാനത്ത് നിന്നും ഡേവിഡ് ജെയിംസിനെ പുറത്താക്കി.സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ പരിശീലക സ്ഥാനത്തുനിന്നും മാനേജ്‌മെന്റ് നീക്കിയത്.കഴിഞ്ഞ ദിവസം മുംബൈയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ഇതും ജെയിംസിന് തിരിച്ചടിയാവുകയായിരുന്നു. ഇതേസമയം പരസ്പര ധാരണയോടെയാണ് വഴി പിരിഞ്ഞതെന്നാണ് ക്ലബിന്റെ വിശദീകരണം. ഡേവിഡ് ജെയിംസ് ടീമിന് നല്‍കി വന്ന സേവനത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നന്ദി പ്രകാശിപ്പിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശംസകളും നല്‍കുന്നതായും കേരള ബ്ലാസ്റ്റേഴ്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വരുണ്‍ ത്രിപുരനേനി അറിയിച്ചു. ക്ലബ്ബില്‍ ടീമംഗങ്ങളും മാനേജ്മെന്റും നല്‍കി വന്ന പിന്തുണയ്ക്കും സഹായങ്ങള്‍ക്കും പൂര്‍ണ്ണ സംതൃപ്തിയും നന്ദിയും അറിയിച്ച ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിന് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ടാണ് ടീമില്‍ നിന്നുള്ള വിടവാങ്ങല്‍ അറിയിച്ചത്.
മിസ് ഫിലിപ്പീന്‍സ് കാട്രിയോണ ഗ്രേ ലോക സുന്ദരിപ്പട്ടം നേടി
ബാങ്കോക്ക്:93 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്തള്ളി മിസ് ഫിലിപ്പീന്‍സ് 24 കാരിയായ കാട്രിയോണ ഗ്രേ ലോക സുന്ദരിപ്പട്ടം നേടി.തായ്‌ലന്റിലെ ബാങ്കോക്കില്‍ നടന്ന 2018 മിസ്സ് യൂണിവേര്‍സ് മത്സരത്തിലാണ് കാട്രിയോണ ഗ്രേ കിരീടമണിഞ്ഞത്.മിസ് സൗത്ത് ആഫ്രിക്ക താമ്‌റിന്‍ ഗ്രീന്‍ ഫസ്റ്റ് റണ്ണറപ്പായി.വെനസ്വേലയുടെ സ്‌തെഫാനി ഗുടിയര്‍സാണ് മൂന്നാം സ്ഥാനത്ത്.ഇത് നാലാം തവണയാണ് ഫിലിപ്പീന്‍സ് ലോക സുന്ദരിപ്പട്ടം നേടുന്നത്.ഗ്ലോറിയ ഡൈസ്, മാര്‍ഗീ മോറന്‍, പിയ വൂര്‍ട്‌സ്ബാച്ച് എന്നിവരാണ് ഫിലിപ്പീന്‍സില്‍ നിന്നെത്തി ലോക ഹൃദയം നേടിയ മറ്റു ലോക സുന്ദരികള്‍.
ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരായി
ഹൈദരാബാദ്:ഇന്ത്യൻ ബാഡ്മിന്ടൻറെ അഭിമാനം എന്ന് വിശേഷിപ്പിക്കാവുന്ന സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരായി.കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഇവര്‍ പ്രണയത്തിലായിരുന്നു. ഇതിന് ഇരട്ടി മധുരം നല്‍കിയാണ് കഴിഞ്ഞ ദിവസം ഇരുവരും ജീവിത കോര്‍ട്ടില്‍ കൈപിടിച്ച് ഒന്നിച്ചത്.ഹൈദരാബാദിലായിരുന്നു വിവാഹച്ചടങ്ങുകള്‍. തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളും രാഷ്ട്രീയ നേതാക്കളും കായിക രംഗത്ത് നിന്നുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇക്കാര്യം സൈനയും കശ്യപും ആരാധകരെ അറിയിച്ചത്.28 കാരിയായ സൈന ഒളിമ്ബിക്സ് വെങ്കല മെഡലും ലോക ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളിയും ഉള്‍പ്പെടെ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. 32 കാരനായ കശ്യാപ് 2013 ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്.
റേഷൻ കാർഡിൽ പേര് ചേർക്കുന്നതിന് ഇനി ആധാർ കാർഡ് മതി
തിരുവനന്തപുരം:റേഷൻ കാർഡിൽ പേര് ചേർക്കുന്നതിനായി ഇനി മുതൽ റേഷൻ കാർഡ് മതിയെന്ന് പൊതുവിതരണ വകുപ്പ്.വിവാഹം,സ്ഥലം മാറ്റം,വിവര ശേഖരണത്തിലെ പിഴവ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് കാർഡിൽ പേര് ചേർക്കാനാകാതെ പോയ നിരവധിപേർക്ക് ഈ ഉത്തരവ് ഗുണകരമാകും.നേരത്തെ റേഷൻ കാർഡിൽ പേര് ചേർക്കുന്നതിനാവശ്യമായ നോൺ ഇൻക്ലൂഷൻ സർട്ടിഫിക്കറ്റ്,നോൺ റിന്യൂവൽ സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കിയാണ് പൊതുവിതരണ വകുപ്പ് ഡയറക്റ്റർ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.കാർഡ് തിരുത്തൽ അപേക്ഷ വേഗത്തിൽ തീർപ്പാക്കുന്നതിനായി ഉടമ ആവശ്യപ്പെട്ടാൽ മാത്രം പുതിയ കാർഡ് പ്രിന്റ് ചെയ്ത് നൽകിയാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്.റേഷൻ കാർഡ് മാനേജ്‌മന്റ് സിസ്റ്റത്തിൽ ആവശ്യമായ തിരുത്തൽ വരുത്തിയ ശേഷം നിലവിലെ കാർഡിൽ തന്നെ രേഖപ്പെടുത്തി നൽകാനും ജില്ലാ,താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് അനുമതി നൽകിയിട്ടുണ്ട്.
മായം കലർത്തിയതിന്റെ പേരിൽ മൂന്നു വട്ടം നിരോധിച്ച ഡയറിയിൽ നിന്നുള്ള പാൽ വീണ്ടും കേരളത്തിലേക്ക്
കൊച്ചി:മായം കലർത്തിയ പാൽ വിട്ടതിന്റെ പേരിൽ ക്ഷീരവകുപ്പ് മൂന്നു വട്ടം നിരോധിച്ച ടയറിൽ നിന്നുള്ള പാൽ വീണ്ടും കേരളത്തിലേക്ക് ഒഴുകുന്നതായി റിപ്പോർട്ടുകൾ.15 കള്ള ബ്രാന്‍ഡുകളിലാണ് പാല്‍ വിതരണം നടക്കുന്നത്.ഗുരുതരരോഗങ്ങള്‍ക്ക് വരെ ഇടയാക്കാവുന്ന മായം കലര്‍ന്ന പാലാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെ വിലാസമുള്ള കവറിലാക്കി അതിര്‍ത്തി കടത്തി നല്‍കുന്നത്.മായം കലര്‍ത്തിയ പാല്‍ ഓരോതവണ ക്ഷീരവകുപ്പ് പിടികൂടി നിരോധിക്കുമ്ബോഴും പേര് മാറ്റി കവര്‍ പാല്‍ പുറത്തിറക്കുന്നതാണ് ഇവരുടെ രീതി.ചേരുവയും മായവുമെല്ലാം പഴയ അളവില്‍ തന്നെ. അര്‍ബുദത്തിനും കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കാനും കാരണമായേക്കാവുന്ന മായമുണ്ടെന്നാണ് ക്ഷീരവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.മനോരമ ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. പിണറായില്‍ നിന്നാണ് വരുന്നതെന്നും മുഖ്യമന്ത്രിയുടെ പേരില്‍ പാലിറക്കാമോ എന്ന് ചോദിച്ചയുടന്‍ തന്നെ ഇടപാടുറപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.മായം കലര്‍ത്തിയതിന്റെ പേരില്‍ പലതവണ നിരോധിച്ച ബ്രാന്‍ഡില്‍ എങ്ങനെ കവര്‍ പാല്‍ വിപണിയിലിറക്കാനാകും എന്ന് പിന്നീട് സംശയമായി. ഇടപാടുറപ്പിക്കാന്‍ തെളിവായി തന്നത് വിവിധ ജില്ലകളിലെ കടകളിലേക്ക് പ്ലാന്റില്‍ നിന്ന് പതിവായി പോകുന്ന വ്യത്യസ്തയിനം പേരുകളിലുള്ള പാല്‍ കവറുകളായിരുന്നു.പിണറായി മില്‍ക്കിന്റെ കവര്‍ തയാറാക്കാന്‍ പാലക്കാട് നഗരത്തിലെ ഒരു പ്രമുഖ ഡിസൈനിങ് സെന്ററിന്റെ മേല്‍വിലാസം നല്‍കി. സ്ഥലത്തെത്തി ഏജന്‍സിയുടെ പേരറിയിച്ചപ്പോള്‍ തന്നെ എല്ലാ വ്യാജ രേഖകളും ചേര്‍ത്ത് പുതിയ കവര്‍ തയാറാക്കി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.പാലിന്റെ നിലവാരത്തെക്കുറിച്ച് വഴിയിലൊരിടത്തും പരിശോധിക്കാറില്ല. കുറഞ്ഞ നിരക്കില്‍ തമിഴ്‌നാട്ടില്‍ നിന്ന് പാലെത്തിച്ച് പാല്‍പൊടി ചേര്‍ത്ത് വിറ്റാല്‍ നല്ല ലാഭം കിട്ടുമെന്നും പ്ലാന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുഷ്ടരോഗ നിർണയ പ്രചാരണ പരിപാടി ‘അശ്വമേധം’ ജില്ലയിൽ ആരംഭിച്ചു
കണ്ണൂർ:ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള കുഷ്‌ഠരോഗ നിർണയ പ്രചാരണ പരിപാടിയായ ‘അശ്വമേധം’ ജില്ലയിൽ തുടങ്ങി.പി.കെ ശ്രീമതി എം പി പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.പയ്യാമ്പലത്തെ ലക്കി എന്ന കുതിരയെ ഉപയോഗിച്ചാണ് യാത്ര.ഡിസംബർ 18 വരെയാണ് അശ്വമേധം ക്യാമ്പയിൻ.നിലവിൽ ജില്ലയിൽ 64 കുഷ്‌ഠരോഗ ബാധിതർ ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.സമൂഹത്തിൽ കണ്ടുപിടിക്കപ്പെടാത്ത കുഷ്‌ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കി രോഗം നിർമാർജനം ചെയ്യുക എന്നാണത് അശ്വമേധം പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ ചികിത്സയാരംഭിച്ചാൽ വൈകല്യങ്ങൾ ഒഴിവാക്കാം.രോഗബാധിതരെ കണ്ടെത്തുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച ആശ വർക്കർമാരും സന്നദ്ധ പ്രവർത്തകരും വീടുകൾ സന്ദർശിച്ച് ബോധവൽക്കരണവും രോഗനിർണയവും നടത്തും.
ഗൗതം ഗംഭീർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു
മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഗംഭീര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദേശീയ ടീമില്‍ നിന്ന് ഏറെക്കാലമായി പുറത്ത് നില്‍ക്കുന്ന താരം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോം തുടരുന്നതിനിടെയാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ച ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.അടുത്ത ദിവസം ഫിറോസ് ഷാ കോട്ലയില്‍ നടക്കുന്ന ആന്ധ്രയ്ക്കെതിരായ രഞ്ജി മത്സരം തന്‍റെ അവസാന മത്സരമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ട്വന്‍റി മത്സരങ്ങളും കളിച്ച താരമാണ് ഗംഭീര്‍. രണ്ടു ലോകകപ്പുകള്‍ നേടിയ ടീമില്‍ ഗംഭീര്‍ അംഗമായിരുന്നു- 2007-ല്‍ ട്വന്‍റി 20 ലോകകപ്പും 2011-ല്‍ ഏകദിന ലോകകപ്പും. 154 ഐപിഎല്‍ മത്സരങ്ങളില്‍നിന്ന് 4217 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. അടുത്തിടെ ഡല്‍ഹി ഡെയര്‍ ഡെവിള്‍ഡ് ടീമില്‍നിന്ന് ഗംഭീറിനെ ഒഴിവാക്കിയിരുന്നു.ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കൊത്ത നൈറ്റ്റൈഡേഴ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
ബ്രോയ്‌ലർ ചിക്കനിൽ കുത്തിവയ്ക്കുന്ന കോളിസ്റ്റിന്‍ ആന്റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കും
ന്യൂഡൽഹി:ബ്രോയ്‌ലർ ചിക്കനിൽ കുത്തിവയ്ക്കുന്ന കോളിസ്റ്റിന്‍ ആന്റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കും.കോഴിയില്‍ വ്യാപകമായി മരുന്ന് ഉപയോഗിക്കുന്നത് മനുഷ്യരില്‍ ആന്റിബയോട്ടികിന് പ്രതിരോധം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതോടെയാണ് നടപടി. മനുഷ്യരില്‍ ആന്റിബയോട്ടിക്കിന് പ്രതിരോധം സൃഷ്ടിക്കപ്പെടുന്നതിനാല്‍ പലരോഗങ്ങള്‍ക്കും ചികിത്സ ഫലപ്രദമാകുന്നില്ലെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഇന്ത്യയില്‍ നടത്തിയ അന്വേഷണത്തില്‍ കോഴിയില്‍ അതിശക്തമായ ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.മൃഗസംരക്ഷണ വകുപ്പ്, ഡയറി ആന്റി ഫിഷറീസ്, ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്റ് ഫാമേഴ്‌സ് വെല്‍ഫെയര്‍, മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍, ഡ്രഗ് കണ്‍ട്രോളര്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തി കോളിസ്റ്റിന്‍ ആന്റിബയോട്ടിക് ഉപയോഗിക്കരുതെന്ന് ശുപാര്‍ശ ചെയ്തിരുന്നു. നവംബര്‍ 29ന് ചേര്‍ന്ന ഡ്രഗ് അഡൈ്വസറി ബോഡി യോഗം മൃഗങ്ങളില്‍ ഈ ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് നിരോധിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് തീരുമാനം ഉടനെ സര്‍ക്കാര്‍ നടപ്പാക്കിയേക്കും.
കേരളത്തിൽ വിൽപ്പന നടത്തുന്ന രണ്ട് ബ്രാൻഡ് കുപ്പിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി
തിരുവന്തപുരം: കേരളത്തില്‍ വില്‍പ്പന നടത്തികൊണ്ടിരിക്കുന്ന രണ്ട് ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ ഈ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. അഞ്ച് ബ്രാന്‍ഡ്‌കളുടെ കുപ്പിവെള്ളത്തില്‍ ബാക്ടീരിയയും 13 ബ്രാന്‍ഡ്‌കളില്‍ ഫംഗസ്, യീസ്റ്റ്, പൂപ്പല്‍, എന്നിവയും കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളി ആകുമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.കാരുണ്യ അടക്കമുള്ള നിലവിലെ പദ്ധതികളും ആയുഷ്മാന്‍ ഭാരതില്‍ ലയിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനമായി. സംസ്ഥാനതാല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ വ്യവസ്ഥകള്‍ മാറ്റാന്‍ കേന്ദ്രം തയാറായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതിയില്‍ അoഗമായതെന്നും മന്ത്രി പറഞ്ഞു.
ലോക വനിതാ ബോക്‌സിങ് ചാംപ്യൻഷിപ്;ഇന്ത്യയുടെ മേരികോമിന് സ്വർണ്ണം
ന്യൂഡൽഹി:ലോക വനിതാ ബോക്‌സിങ് ചാംപ്യൻഷിപ്;ഇന്ത്യയുടെ മേരികോമിന് സ്വർണ്ണം.48 കിലോഗ്രാം വിഭാഗം ഫൈനലില്‍ ഉക്രൈന്റെ ഹന്ന ഒകാതയെ ഇടിച്ചിട്ടാണ് മേരികോം സ്വര്‍ണം കരസ്ഥമാക്കിയത്.ഇതോടെ ലോക ചാംപ്യന്‍ഷിപ്പില്‍ ആറു സ്വര്‍ണം നേടുന്ന ആദ്യ വനിതാ ബോക്‌സറായി ഈ മണിപ്പൂരുകാരി.അതോടൊപ്പം ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയ ബോക്‌സറെന്ന പദവി പുരുഷ ബോക്‌സിങിലെ ഇതിഹാസ താരമായ ക്യൂബയുടെ ഫെലിക്‌സ് സാവനൊപ്പം പങ്കിടുകയും ചെയ്തു.2010ല്‍ ഒരു ലോക ചാംപ്യന്‍ഷിപ്പില്‍ ജേതാവായതില്‍ പിന്നെ എട്ടുവര്‍ഷത്തിനു ശേഷമാണ് മേരികോം വീണ്ടും ലോക ചാംപ്യനാവുന്നത്. ഇതിനു മുൻപ് അഞ്ചു സ്വര്‍ണമെഡലും ഒരു വെങ്കലവുമായി ഐറിഷ് ബോക്‌സിങ് ഇതിഹാസം കാതി ടെയിലറുടെ ഒപ്പമായിരുന്നു മേരികോം.ഏഴ‌് വര്‍ഷത്തെ ഇടവേള കഴിഞ്ഞ‌് ലോക വേദിയില്‍ എത്തിയ മേരി ആദ്യ റൗണ്ട‌് മുതല്‍ ആധികാരിക പ്രകടനം പുറത്തെടുത്തു. ഫൈനലില്‍ ഒകോട്ടയ‌്ക്കെതിരെ തുടക്കംമുതല്‍ ആക്രമിച്ചു. കൃത്യതയുള്ള പഞ്ചുകളായിരുന്നു. ഇടയ‌്ക്ക‌് പിന്‍വലിഞ്ഞും, എതിരാളി മുന്നോട്ടായുമ്ബോള്‍ കടുത്ത പ്രഹരം നല്‍കിയും മേരി മുന്നേറി. അവസാന റൗണ്ടില്‍ ഒകോട്ടയ‌്ക്ക‌് പിടിച്ചുനില്‍ക്കാന്‍പോലുമായില്ല.മൂന്ന് കുട്ടികളുടെ അമ്മയാണ് മേരി. 2001 ലെ ലോകചാമ്ബ്യന്‍ഷിപ്പില്‍ നിന്നും 2018 ലെ ആറാം കിരീടത്തിലേക്ക് എത്തുമ്ബോഴേക്കും താരമെന്ന നിലയിലും അമ്മയെന്ന നിലയിലും നേടിയ അനുഭവ സമ്ബത്തും കരുത്തും മേരിയ്ക്ക് മുന്നോട്ടുള്ള വഴികളില്‍ വെളിച്ചമായി മാറി. രാജ്യത്തിന്റെ അഭിമാനം ഒരിക്കല്‍ കൂടി ഉയര്‍ത്തിയ മേരിയെ തേടി അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.
മണിപ്പൂരിലെ അത്ര വികസിതമല്ലാത്ത മോയിറാം ലാംഖായിയിലെ കംഗാതെയി ഗ്രാമത്തിൽ കർഷകത്തൊഴിലാളികളായ മാങ്ഗതെ തോൻപാ കോമിന്റെയും അഖം കോമിന്റെയും മകളായി 1982 നവംബർ 24 ന് ആണ് മേരികോമിന്റെ ജനനം.എന്നാൽ കടുത്ത ദാരിദ്രം മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മാതാപിതാക്കളോടൊപ്പം പാടത്ത് പണിക്ക് പോകേണ്ട സാഹചര്യമായിരുന്നു മേരികോമിന്.സ്കൂൾ പഠനകാലത്ത് സ്പോർട്സിൽ മേരി താൽപ്പര്യം കാണിച്ചിരുന്നുണെകിലും പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതോടെ മേരിയുടെ കായിക സ്വപ്നങ്ങളും പൊലിഞ്ഞു.പാടത്ത് പണിചെയ്തുവരുന്ന കാലത്താണ് മേരിയുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവം നടന്നത്.1998 ലെ ഏഷ്യൻ ഗെയിംസിൽ ഡീൻഗോ സിംഗ് ബോക്സിങ്ങിൽ സ്വർണ്ണ മെഡൽ നേടിയത്ത് മേരിയെ ഏറെ സ്വാധീനിച്ചു.ഇതോടെ ഒരു ബോക്സറായി തീരാനുള്ള ആഗ്രഹം മേരിയിൽ ഉടലെടുത്തു.എന്നാൽ കുടുംബത്തിലെ യാഥാസ്ഥിതിക മനോഭാവവും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം മേരിക്ക് വീട്ടുകാരിൽ നിന്നും യാതൊരുവിധ പിന്തുണയും ലഭിച്ചിരുന്നില്ല.എങ്കിലും മേരി തന്റെ ഇഷ്ട്ട കായിക വിനോദത്തിലുള്ള പരിശീലനം ആരംഭിച്ചു.വളരെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ തന്നെ ബോക്സിങ്ങിൽ തന്റെ കഴിവ് തെളിയിക്കാൻ മേരിക്ക് സാധിച്ചു.2000 ത്തിൽ മേരികോം ആദ്യമായി ബോക്സിങ്ങിൽ ബെസ്റ്റ് ബോക്‌സർ അവാർഡ് നേടിക്കൊണ്ട് തന്റെ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചു.മാതാപിതാക്കളിൽ നിന്നും മേരി ഇക്കാര്യങ്ങൾ മറച്ചുവെച്ചിരുന്നെങ്കിലും പത്രത്തിൽ പടം വന്നതോടെ എല്ലാവരും ഇക്കാര്യങ്ങൾ അറിഞ്ഞു.ഇവർ മേരിയെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീടും മേരിയെ തേടി നിരവധി വിജയങ്ങൾ എത്തി.2000 മുതൽ 2005 വരെ അഞ്ച് ഇന്ത്യൻ ചാപ്യൻഷിപ്പുകളിൽ മേരി കിരീടം സ്വന്തമാക്കി. ഹിസാറിൽ നടന്ന രണ്ടാം ഏഷ്യൻ വനിതാ ചാമ്പ്യൻഷിപ്പ് മുതലാണ് മേരികോമിന്റെ അന്താരാഷ്ട്ര സ്വർണ്ണ നേട്ടം തുടങ്ങുന്നത്.2001 ഇൽ അമേരിക്കയിൽ നടന്ന ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 48 കിലോ വിഭാഗത്തിൽ പങ്കെടുത്തുകൊണ്ടാണ് ലോകപോരാട്ടങ്ങളുടെ റിങ്ങിലേക്ക് മേരിയുടെ അരങ്ങേറ്റം.അന്ന് 18 കാരിയായിരുന്ന മേരി മത്സരത്തിൽ വെള്ളി നേടി.എന്നാൽ പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട മേരി കൂടുതൽ പരിശീലനത്തിലൂടെ അടുത്ത തവണ തുർക്കിയിലെ ആന്റില്ല്യയിൽ കിരീടം സ്വന്തമാക്കി.2003 ഇൽ ഹിസാറിലെ ഏഷ്യൻ വനിതാ ചാപ്യൻഷിപ്പിൽ 46 കിലോയിൽ കിരീടം നേടി.തന്നെ മത്സരങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ച പിതാവിന്റെ സാന്നിധ്യത്തിലാണ് മേരി ഇവിടെ സമ്മാനം സ്വീകരിച്ചത്.
നോർവേയിൽ 46 കിലോ വിഭാഗത്തിൽ ലോക കിരീടം,ഹങ്കറിയിൽ നടന്ന വിച്ച് കപ്പ് ടൂർണമെന്റ് കിരീടം,തായ്‌വാനിൽ ഏഷ്യൻ വനിതാ ബോക്സിങ് കിരീടം തുടങ്ങിയവ നേടി 2004 മേരി തന്റെ നേട്ടങ്ങളുടെ വർഷമാക്കി മാറ്റി.2006 ഇൽ ന്യൂഡൽഹിയിലെ തൽക്കത്തോര ഇൻഡോസ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മേരി കിരീടം നേടി.കിരീട നേട്ടത്തിന് ശേഷം തന്റെ ആരാധകർക്കായി റിങ്ങിൽ മേരികോം നടത്തിയ മണിപ്പൂരി നൃത്തം ആരും മറന്നുകാണാനിടയില്ല. വിവാഹത്തോടെ കായികരംഗത്ത് നിന്നും പിന്മാറുന്ന മാറ്റ് താരങ്ങളുടെ പതിവ് മേരി തെറ്റിച്ചു.ഫുട്ബോൾ കളിക്കാരനായ കരുങ് ഓൺലർ ആണ് മേരിയുടെ ഭർത്താവ്. 2007 ഇൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതോടെ മേരി പിൻവാകുമെന്ന വിമർശകരുടെ വാക്കിന്റെ മുനയൊടിച്ചുകൊണ്ട് മേരി വീണ്ടും തിരിച്ചെത്തി.2009 ഇൽ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ സ്വർണ്ണം നേടി മേരി തിരിച്ചുവരവ് ഗംഭീരമാക്കി.2010 ഇൽ കസാഖിസ്ഥാനിൽ നടന്ന ഏഷ്യൻ വനിതാ ചാമ്പ്യൻഷിപ്പിലും മേരി സ്വർണ്ണം നേടി.2013 ഇൽ മേരി മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകി.ഒരുവർഷം തികയുന്നതിന് മുൻപ് 2004 ഇൽ ഏഷ്യൻ ഗെയിംസിലും മേരി സ്വർണ്ണം നേടി.മേരിയുടെ കരിയറിലെ ആറാമത്തെ സ്വർണ്ണമാണ് 2018 ഇൽ നേടിയത്.2003 ഇൽ അർജുന അവാർഡ്,2009 ഇൽ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ്,2010 ഇൽ പദ്മശ്രീ,2013 ഇൽ പത്മഭൂഷൺ എന്നിവ നൽകി രാജ്യം മേരികോമിനെ ആദരിച്ചു.പുരുഷന്മാരുടെ സാമ്രാജ്യം എന്നി വിശേഷിപ്പിക്കപ്പെട്ടിരുന്ന ബോക്സിങ്ങിൽ നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്താണ് മേരി ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്.ഇതിനിടയിൽ തന്റെ മുടങ്ങിയിരുന്ന പഠനം തുടരാന് ഓപ്പൺസ്കൂളിൽ പരീക്ഷ എഴുതി മെട്രികുലേഷൻ പാസാകാനും മേരിക്ക് സാധിച്ചു.പിന്നീട് ചുരാചാന്ദ്പൂർ കോളേജിൽ നിന്നും ബിരുദവും സ്വന്തമാക്കി.’അൺ ബ്രേക്കബിൾ’ എന്ന പേരിൽ തന്റെ ജീവിത യാഥാർഥ്യങ്ങൾ വരച്ചു കാട്ടുന്ന ആത്മകഥയും മേരി രചിച്ചു.ഇത് അതെ പേരിൽ തന്നെ സഞ്ജയ് ലീല ബൻസാലി സിനിമയാക്കുകയും ചെയ്തു.പ്രിയങ്ക ചോപ്രയാണ് ഇതിൽ മേരികോമിനെ അവതരിപ്പിച്ചത്.