നഗരത്തിലെ ചായക്കടകളിലും, തട്ടുകടകളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ മായം കലർന്ന തേയില പിടികൂടി

keralanews chemical mixed tea powder seized from teashops in the raid

കണ്ണൂർ:നഗരത്തിലെ ചായക്കടകളിലും, തട്ടുകടകളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ മായം കലർന്ന തേയില പിടികൂടി.ഉപയോഗിച്ച ശേഷം കളയുന്ന ചായപ്പിണ്ടിയില്‍ കളര്‍ ചേര്‍ത്ത് വീണ്ടും തേയിലയാക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ചായയ്ക്ക് നിറവും കടുപ്പവും വര്‍ധിപ്പിക്കുന്നതിനാണ് ഇത്തരത്തിലുള്ള തേയില ഉപയോഗിക്കുന്നത്. ഇത് കൂടാതെ ഇത്തരം തേയില ഉപയോഗിച്ച് കൂടുതല്‍ ഗ്ലാസ് ചായ ഉണ്ടാക്കാന്‍ കഴിയുമെന്നതും, കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതും ഹോട്ടലുടമകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നു. ഹോട്ടലുകളില്‍ ഉപയോഗിച്ച ശേഷം കളയുന്ന ചായപ്പിണ്ടിയില്‍ കളര്‍ ചേര്‍ത്താണ് വീണ്ടും പാക്ക് ചെയ്ത് തേയിലയാക്കി വില്‍പ്പന നടത്തുന്നത്.ഇത്തരം തേയിലയുടെ ഉപയോഗം ക്യാൻസറിനും കാരണമാകുന്നു.നഗരത്തിലെ ചായക്കടകളിലും, തട്ടുകടകളിലും കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ സംശയം തോന്നി പിടികൂടിയ തേയില ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കോഴിക്കോട്ടെ റീജനല്‍ അനലറ്റിക്കല്‍ ഫുഡ് ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ കൃത്രിമ വര്‍ണ വസ്തുക്കളായ കാര്‍മിയോസിന്‍, സണ്‍സെറ്റ് യെല്ലോ, ടാര്‍ടാറിസിന്‍ എന്നിവ ചേര്‍ത്തിട്ടുള്ളതായി കണ്ടെത്തി. ശരീരത്തിന് ദോഷകരമായ ഇവയെല്ലാം നിരോധിത രാസവസ്തുക്കളാണ്.വിവിധ ഇടങ്ങളില്‍ നിന്നും ശേഖരിക്കുന്ന ചായപ്പിണ്ടി കേരളത്തിന് പുറത്തുള്ള രഹസ്യകേന്ദ്രങ്ങളില്‍ വന്ന് മായം കലര്‍ത്തിയ ശേഷം വില്‍പ്പനയ്ക്ക് എത്തിക്കുകയാണ്.

ജില്ലയിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകൾക്കെതിരെ കർശന നടപടിയെന്ന് ജില്ലാ കലക്റ്റർ

keralanews collector said strict action will take against thattukada running in untidy conditions

കണ്ണൂർ:ജില്ലയിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകൾക്കെതിരെ കർശന നടപടിയെന്ന് ജില്ലാ കലക്റ്റർ മിർ മുഹമ്മദലി മുന്നറിയിപ്പ് നൽകി.തട്ടുകടകളുടെ സുരക്ഷയെക്കുറിച്ച്‌ നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ തട്ടുകടകളില്‍ കര്‍ശന പരിശോധ നടത്താന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.മുഴുവന്‍ ആരാധനാലയങ്ങളും ഭക്ഷ്യ സുരക്ഷ നിയമത്തിന് കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബോഗ് (ബ്ലിസ്ഫുള്‍ ഹൈജീനിക് ഓഫറിംഗ് ടു ഗോഡ്) ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങളില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബോഗ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് ഫെബ്രുവരി അവസാന വാരം അവലോകന യോഗം ചേരാനും ബോഗ് പദ്ധതിയെക്കുറിച്ച്‌ ആരാധനാലയങ്ങള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ ലഭ്യമാക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി.ആരാധനാലയങ്ങളില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്ന മായങ്ങള്‍ എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച്‌ ഇവര്‍ ബോധവാന്മാരായിരിക്കണമെന്നും യോഗം വ്യക്തമാക്കി. ആരാധനാലയങ്ങളോട് ചേര്‍ന്നുള്ള ഓഡിറ്റോറിയങ്ങളും ഭക്ഷ്യസുരക്ഷയ്ക്ക് കീഴില്‍ കൊണ്ടുവരികയും ഇവിടങ്ങളിലേക്ക് വെള്ളമെടുക്കുന്ന കിണറുകള്‍ പരിശോധിക്കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. മായം കണ്ടെത്തേണ്ട രീതികളെക്കുറിച്ചും ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗം വിശദീകരിച്ചു.

ക്യാൻസറിനെ പൂർണ്ണമായും സുഖപ്പെടുത്താന്‍ കഴിയുന്ന മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍

keralanews israel claims that they found drug that can completely cure cancer

ടെൽ അവീവ്:ക്യാൻസറിനെ പൂർണ്ണമായും സുഖപ്പെടുത്താന്‍ കഴിയുന്ന മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍ രംഗത്ത്.പെപ്‌റ്റൈഡ്‌സ് എന്നറിയപ്പെടുന്ന പ്രോട്ടീന്റെ ചെറുഘടകങ്ങളുപയോഗിച്ച്‌ സൃഷ്ടിക്കുന്ന വലയിലൂടെ കാന്‍സര്‍ കോശങ്ങളെ വലയം ചെയ്യാനും അതുവഴി വിവിധ ഭാഗങ്ങളിലൂടെ ആക്രമിച്ച്‌ ട്യൂമറുകളെ നിശ്ശേഷം ഇല്ലാതാക്കാനും സഹായിക്കുന്ന മരുന്നാണ് തങ്ങള്‍ കണ്ടെത്തിയതെന്ന് ഇസ്രയേല്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. ട്യൂമറില്‍നിന്നുള്ള പ്രത്യാക്രമണം ഉണ്ടാകുന്നതിനുമുന്നെ പെപ്‌റ്റൈഡുകള്‍ പ്രവര്‍ത്തിക്കും. മാത്രമല്ല, ഇതിന് പാര്‍ശ്വഫലങ്ങളും ഉണ്ടാകില്ലെന്ന് ഇസ്രയേലിലെ ആക്‌സിലറേറ്റഡ് എവല്യൂഷന്‍ ബയോടെക്‌നോളജീസ് ലിമിറ്റഡിലെ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.എന്നാല്‍, ഇത് വിശ്വസിക്കാന്‍ മറ്റു രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ തയ്യാറായിട്ടില്ല.രോഗത്തെ ഭേദമാക്കാന്‍ ഇതിന് കഴിയുമെന്നത് വെറും അവകാശവാദം മാത്രമാണെന്നാണ് അവരുടെ പക്ഷം. ഈ ചികിത്സാ രീതി ഇതുവരെ മനുഷ്യരില്‍ പരീക്ഷിട്ടില്ലെന്നതാണ് അതിന്റെ ഏറ്റവും വലിയ ന്യൂനത. എലിയില്‍ പരീക്ഷിച്ച്‌ വിജയിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ആ പരീക്ഷണഫലങ്ങള്‍ ആരും ഇതുവരെ കണ്ടിട്ടുമില്ല.ശരീരത്തെ ബാധിക്കുന്ന എല്ലാത്തരം കാന്‍സറുകള്‍ക്കും ഒരേതരം ചികിത്സ സാധ്യമല്ലെന്ന എതിര്‍വാദവും അവര്‍ ഉന്നയിക്കുന്നു. എന്നാല്‍, ഈ അവകാശവാദം ശരിയാണെങ്കില്‍ പ്രതീക്ഷാനിര്‍ഭരമായ മുന്നേറ്റമാണ് ചികിത്സാ രംഗത്തുണ്ടായിരിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല.

സന്തോഷ് ട്രോഫി ഫുട്ബോൾ;കേരള ടീമിനെ പ്രഖ്യാപിച്ചു

keralanews santhosh trophy football kerala team announced

കൊച്ചി:എഴുപത്തിമൂന്നാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു.സീസൺ എസ് ക്യാപ്റ്റനായുള്ള 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഗോള്‍കീപ്പര്‍ വി. മിഥുനാണ് ഉപനായകന്‍.മുൻ താരം വി.പി ഷാജിയെ ടീമിന്റെ മുഖ്യ പരിശീലകനായും മിൽട്ടൺ ആൻറണി, സുബീഷ് എന്നിവരെ സഹ പരിശീലകരായും തെരഞ്ഞെടുത്തു. ഫെബ്രുവരി നാലിന് തെലുങ്കാനയുമായിട്ടാണ് നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ ആദ്യ മത്സരം.
ടീം അംഗങ്ങള്‍ :
ഗോള്‍ കീപ്പര്‍ : മിഥുന്‍ വി , മുഹമ്മദ്‌ അസര്‍, ഹജ്മല്‍ എസ്‌
ഡിഫന്‍ഡര്‍ : മുഹമ്മദ്‌ ഷെയറെഫ്‌ വൈ പി, അലക്സ്‌ ഷാജി, രാഹുല്‍ വി രാജ്‌, ലിജൊ എസ്‌ , മുഹമ്മദ്‌ സാല, ഫ്രാന്‍സിസ്‌ എസ്‌ , സഫ്‌വാന്‍ എം.
മിഡ്‌ ഫീല്‍ഡര്‍ : സീസണ്‍ എസ്‌ , ഗിഫ്റ്റി സി ഗ്രേഷ്യസ്‌, മുഹമ്മദ്‌ ഇനായത്ത്‌, മുഹമ്മദ്‌ പറക്കുട്ടില്‍,ജിപ്സണ്‍ ജസ്ടസ്‌, ജിതിന്‍ ജി.
സ്ടൈക്കര്‍ : അനുരാഗ്‌ പി സി ക്രിസ്റ്റി ഡേവിസ്‌ , സ്റ്റെഫിന്‍ ദാസ്‌, സജിത്ത്‌ പൗലോസ്‌.

 

സീരിയൽ അഭിനേതാക്കളായ ജയൻ ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായി

keralanews serial artists ambili devi and jayan adithyan got married

കൊല്ലം:സീരിയൽ അഭിനേതാക്കളായ ജയൻ ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായി.കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വെച്ചായിരുന്നു അമ്പിളി ദേവിയും ജയന്‍ ആദിത്യനും തമ്മിലുളള വിവാഹം നടന്നത്.അമ്പിളിദേവിയുടെ രണ്ടാമത്തെയും ആദിത്യന്റെ നാലാമത്തെയും വിവാഹമാണിത്. ഛായാഗ്രാഹകന്‍ ലോവലായിരുന്നു അമ്പിളി ദേവിയുടെ ആദ്യത്തെ ഭര്‍ത്താവ്. 2009ലായിരുന്നു അമ്പിളി ദേവി ലോവലിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഏഴ് വയസുളള മകനുണ്ട് ഇവര്‍ക്ക്.മലയാളത്തിലെ അനശ്വര നടന്‍ ജയന്റെ അനുജന്റെ മകനാണ് ആദിത്യന്‍.മൂന്നാമത്തെ വിവാഹത്തിൽ മൂന്ന് വയസുളള ഒരു മകനുണ്ട് ആദിത്യന്.ജനപ്രിയ സീരിയലുകളുടെയായിരുന്നു ആദിത്യനും അമ്പിളിയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായിരുന്നത്.അതേസമയം ആദ്യ ഭാര്യ പുതിയ വിവാഹം കഴിച്ചത് മുന്‍ ഭര്‍ത്താവായ ലോവല്‍ ആഘോഷിച്ചിരുന്നു. പുതിയ മലയാളം സീരിയലിന്റെ സെറ്റില്‍ വെച്ചായിരുന്നു ലോവലിന്റെ ആഘോഷം നടന്നത്. ലോവലിനൊപ്പം അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ലോവലിന്റെ പുതിയൊരു ജീവിതം ഇന്നു തുടങ്ങുകയാണെന്നും ഇനിമുതല്‍ ഉയര്‍ച്ച മാത്രം ഉണ്ടാവട്ടെയെന്നും സഹപ്രവര്‍ത്തകര്‍ ആശംസിച്ചിരുന്നു.

രഞ്ജി ട്രോഫി ക്രിക്കറ്റിൽ നിന്നും കേരളം പുറത്ത്;വിദര്‍ഭക്കെതിരെ ഇന്നിംഗ്‌സ് തോല്‍വി

keralanews kerala out from renji trophy cricket innings defeat against vidarbha

കൃഷ്ണഗിരി:രഞ്ജി ട്രോഫി സെമി ഫൈനലില്‍ വിദര്‍ഭക്കെതിരെ കേരളത്തിന് ഇന്നിംഗ്‌സ് തോല്‍വി. ഇന്നിംഗ്‌സിനും 11 റണ്‍സിനുമാണ് കേരളം പരാജയപ്പെട്ടത്.രഞ്ജിയിൽ ചരിത്രത്തിലാദ്യമായി ഫൈനൽ എന്ന സ്വപ്നവുമായി ഇറങ്ങിയ കേരളം 24.5 ഓവറില്‍ 91 റണ്‍സിന് എല്ലാവരും പുറത്തായി.വിദര്‍ഭയ്ക്ക് വേണ്ടി അഞ്ച് വിക്കറ്റെടുത്ത ഉമേഷ് യാദവാണ് കേരളത്തെ തകര്‍ത്തത്. വിദര്‍ഭ തുടര്‍ച്ചയായി രണ്ടാം തവണയാണ് ഫൈനലില്‍ പ്രവേശിക്കുന്നത്. രണ്ടിന്നിങ്സിലുമായി കേരളത്തിന്റെ 12 വിക്കറ്റുകളാണ് ഉമേഷ് യാദവ് എറിഞ്ഞിട്ടത്.102 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സില്‍ കളി തുടങ്ങിയ കേരളം ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റിന് 59 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീട് 32 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ കേരളം ശേഷിക്കുന്ന ഒമ്ബത് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. അരുണ്‍ കാര്‍ത്തിക് (32), ജലജ് സക്‌സേന (7), വിഷ്ണു വിനോദ് (15), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (0), മുഹമ്മദ് അസറുദ്ദീന്‍ (1), വിനൂപ് (5), രാഹുല്‍ പി (0), ബേസില്‍ തമ്ബി (2), സിജോമോന്‍ ജോസഫ് (17), നിധീഷ് എം.ഡി (3) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍.
നേരത്തെ ഒന്നാമിന്നിങ്‌സില്‍ വിദര്‍ഭ 208 റണ്‍സ് നേടി 102 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കിയിരുന്നു. മികച്ച സ്‌കോറിലേക്ക് മുന്നേറുകയായിരുന്ന വിദര്‍ഭയെ പേസര്‍ സന്ദീപ് വാര്യരുടെ ബൗളിങ്ങാണ് ഒതുക്കാന്‍ സഹായിച്ചത്. സന്ദീപ് അഞ്ച് വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിനം വീണ അഞ്ചു വിക്കറ്റുകളില്‍ മൂന്നും സന്ദീപ് വാര്യര്‍ സ്വന്തമാക്കി.അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച വിദര്‍ഭയുടെ ശേഷിക്കുന്ന വിക്കറ്റുകള്‍ ക്ഷണത്തില്‍ തന്നെ നിലംപൊത്തുന്നതാണ കൃഷ്ണഗിരിയില്‍ കണ്ടത്.വിദര്‍ഭ സമ്മാനിച്ച ചെറു ലീഡിനെ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ രണ്ടാം ഇന്നിങ്സിനിറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ അടിപതറി. രണ്ടക്കം കാണിക്കാതെ ജലജ് സക്സേനയെ മടക്കി അയച്ചത് ഉമേഷ് യാദവ്. ഉമേഷിന്റെ പാത പിന്തുടര്‍ന്ന യാഷ് താക്കൂറും കേരളത്തിന്റെ ബാറ്റിങ് നിരയെ വിറപ്പിച്ചു. രണ്ടാം ഊഴത്തില്‍ മൂന്നു പേര്‍ മാത്രമാണ് കേരളത്തിന്റെ നിരയില്‍ രണ്ടക്കം കണ്ടത്. ചീട്ടുകൊട്ടാരം പോലെയായിരുന്നു കേരളത്തിന്റെ തകര്‍ച്ച.ഒന്ന് പൊരുതാന്‍പോലുമാകാതെയാണ് കേരളം കീഴടങ്ങിയത്.തോറ്റെങ്കിലും, ചരിത്രത്തിലാദ്യമായി സെമി കളിച്ചതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് കേരളത്തിന്റെ മടക്കം.തുടര്‍ച്ചയായ രണ്ടാം സീസണിലാണ് കേരളത്തിന്റെ കുതിപ്പ് വിദര്‍ഭയ്ക്ക് മുന്നില്‍ അവസാനിക്കുന്നത്. കഴിഞ്ഞ തവണ ക്വാര്‍ട്ടറില്‍ തോറ്റ കേരളം ഇത്തവണ സെമിയില്‍ പരാജയപ്പെട്ടുവെന്ന വ്യത്യാസം മാത്രം.

കേരളതീരത്തെ കടല്‍മീനുകളുടെ തൂക്കം കുറയുന്നതായി മത്സ്യബന്ധനവകുപ്പിന്റെ പഠന റിപ്പോർട്ട്

keralanews the study report of fisheries department says the weight of fishes in kerala coast is decreasing

കൊച്ചി:കേരളതീരത്തെ കടല്‍മീനുകളുടെ തൂക്കം കുറയുന്നതായി മത്സ്യബന്ധനവകുപ്പിന്റെ പഠന റിപ്പോർട്ട്.ജലപരിസ്ഥിതിയിലെ വ്യതിയാനവും മറ്റും മൂലമാണ് മീനുകളുടെ തൂക്കം കുറയുന്നത് എന്നാണ് വിലയിരുത്തല്‍. എല്ലായിനം മീനുകളുടേയും തൂക്കം കുറയുന്നുണ്ട്. മത്സ്യത്തിന്റെ വലിപ്പം കുറയുന്നതാണ് തൂക്കം കുറയാന്‍ പ്രധാന കാരണം.ചൂടിന്റെ ഏറ്റക്കുറച്ചില്‍, സമുദ്രമേഖലയിലെ ജൈവ-ഭൗതിക പ്രവര്‍ത്തനങ്ങള്‍, മലിനീകരണം എന്നിവയെല്ലാം ഇതിന് കാരണമാണ്.താപനിലയിലെ വര്‍ധനമൂലം സമുദ്രനിരപ്പ് ഉയരുന്നു. തിര, വേലിയേറ്റം, വേലിയിറക്കം, കാറ്റ്, ഭൂമിയുടെ ചരിവ് എന്നിവയിലുണ്ടാകുന്ന മാറ്റവും മത്സ്യങ്ങളുടെ സ്വാഭാവികവളര്‍ച്ചയേയും വ്യാപനത്തെയും തടസപ്പെടുത്തുന്നുണ്ട്.സംസ്ഥാനത്ത് പിടിക്കുന്ന മീനിന്റെ 72 ശതമാനവും 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോരത്തു നിന്നാണ്. കായല്‍, പുഴ മത്സ്യങ്ങള്‍, വളര്‍ത്തുമീനുകള്‍ എന്നിവ എല്ലാംകൂടി 28 ശതമാനമേയുള്ളൂ.2007ല്‍ ഇതുപോലൊരു പഠനം നടത്തിയിരുന്നു. പ്രതിവര്‍ഷം 5.98 ലക്ഷം ടണ്‍ മീന്‍ കടലില്‍നിന്ന് ലഭിക്കുന്നെന്നാണ് അന്ന് കണ്ടെത്തിയത്. എന്നാല്‍, 2018ല്‍ നടത്തിയ പഠനത്തില്‍ ഇത് 5.23 ലക്ഷം ടണ്ണായി കുറഞ്ഞു.തെറ്റായ മത്സ്യബന്ധനരീതികളും മത്സ്യവളര്‍ച്ച തടയുന്നുണ്ട്. അതുകൊണ്ട് തീരക്കടലില്‍ മീന്‍പിടിക്കുന്നതിന് ഡൈനമിറ്റ്, ലൈറ്റ്, വിഷം, ബുള്‍ ട്രോളിങ് എന്നിവ ഉപയോഗിക്കുന്നതിനെതിരേ നടപടി സ്വീകരിക്കാന്‍ മത്സ്യബന്ധനവകുപ്പിന്റെ നിര്‍ദേശമുണ്ട്.

ഇന്ത്യയുടെ സ്വിറ്റ്‌സർലാന്‍ഡ് എന്നറിയപ്പെടുന്ന കോത്തഗിരിയിലേക്ക് ഒരു യാത്ര

keralanews travel to kotagiri which is known as the switzerland of india

യാത്രകളെ പ്രണയിക്കുന്നവരുടെ കാഴ്ചകൾക്ക് നിറം പകരാനും ഹൃദയത്തിന് കുളിരേകാനും യാത്രപോകാം ‘ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെട്ടുന്ന കോത്തഗിരിയിലേക്ക്.ഊട്ടിയിൽ നിന്നും ഏകദേശം 29 കിലോമീറ്റർ അകലെയാണ് കോത്തഗിരി ഹിൽ സ്റ്റേഷൻ.ഊട്ടിയുടെ അത്ര പ്രശസ്തമല്ലെങ്കിലും വളരെ മനോഹരമായ ഒരു സ്ഥലമാണ് ഇത്.നീലഗിരി മലനിരയുടെ ഹൃദയ ഭാഗത്തുള്ള കോത്തഗിരി തണുപ്പിന്റെ കാര്യത്തിൽ ഊട്ടിയെ തോൽപ്പിക്കും. അതിഗംഭീരമൊരു വെള്ളച്ചാട്ടവും മനസ്സിൽ കുളിരു കോരിയിടുന്ന വ്യൂ പോയിന്റും മിനുക്കിയൊതുക്കിയ തേയിലത്തോട്ടങ്ങളുമാണ് കോത്തഗിരിയുടെ പ്രധാന ആകർഷണങ്ങൾ.

പ്രകൃതി സൗന്ദര്യത്തിന്റെ കലവറയായ കോത്തഗിരിയിലെത്താന്‍ മേട്ടുപാളയത്തു നിന്നും 34 കിലോമീറ്റര്‍ മല കയറി റോഡിലൂടെ സഞ്ചരിക്കണം.പാലക്കാട് വഴി പോകുന്നവര്‍ക്ക് ഊട്ടിയില്‍ കയറാതെ മേട്ടുപ്പാളയത്തുനിന്ന് തിരിഞ്ഞ് 33 കി.മീ. പോയാല്‍ കോത്തഗിരിയിൽ എത്തിച്ചേരാം. ഇരുള്‍മുറ്റി നില്‍ക്കുന്ന വന്‍മരങ്ങളും വള്ളികളും പാറക്കെട്ടുകളും ഉയര്‍ന്നുനില്‍ക്കുന്ന പര്‍വതങ്ങളും നിറഞ്ഞ റോഡാണ് മേട്ടുപാളയം. ഹെയര്‍പിന്‍ വളവുകള്‍ക്കരികില്‍ വാനരക്കൂട്ടം ഉൾപ്പടെ ആന, കാട്ടുപോത്ത്, കാട്ടെരുമ, മാന്‍, കരടി, ചീറ്റപ്പുലി തുടങ്ങിയവയും പതിവു കാഴ്ചയാണ്.കോത്തഗിരിയിലെ കാലാവസ്ഥ സ്വിറ്റ്സർലാൻഡിലേതിനു കിടപിടിക്കുന്നതാണെന്നാണ് സഞ്ചാരികളുടെ  വിലയിരുത്തൽ.

കോടനാട് വ്യൂപോയിന്റ് കഴിഞ്ഞാല്‍ പിന്നെ കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ കാഴ്ചകൾ.ഹോളിവുഡ് സിനിമകളിലെ അദ്ഭുത ലോകത്തു പ്രത്യക്ഷപ്പെടാറുള്ള പർവതങ്ങളുടെ രൂപമാണ് രംഗസ്വാമി മലയ്ക്ക്.അതുപോലെ കണ്ണിനു കുളിർമ്മ നൽകുന്ന പ്രകൃതിയുടെ വിസ്മയം തന്നെയാണ് കോത്തഗിരിയിലെ കാതറിന്‍ വെള്ളച്ചാട്ടം.തണുപ്പുകാലത്ത് ഊട്ടിയുടെ അത്ര കഠിന തണുപ്പും ചൂടുകാലത്ത് ഊട്ടിയുടെ അത്ര ചൂടും ഇവിടെ അനുഭവപ്പെടാറില്ല.ബ്രിട്ടീഷുകാര്‍ പണിത അനേകം ബംഗ്ലാവുകളും ഇവിടെയുണ്ട്. ഇന്ന് അവയെല്ലാം റിസോര്‍ട്ടുകളായി മാറിക്കഴിഞ്ഞു.

keralanews travel to kotagiri which is known as the switzerland of india (2)

പോളിഷ് ചെയ്ത് വിപണിയിലിറക്കാൻ സൂക്ഷിച്ച പ്രളയത്തിൽ നശിച്ച നൂറു ലോഡ് അരി തമിഴ്‌നാട്ടിലെ മില്ലിൽ നിന്നും കണ്ടെടുത്തു

keralanews hundred load rice which is damaged in kerala flood seized from mill in tamilnadu

തിരുച്ചിറപ്പള്ളി: പോളിഷ് ചെയ്ത് വിപണിയിലിറക്കാൻ സൂക്ഷിച്ച പ്രളയത്തിൽ നശിച്ച നൂറു ലോഡ് അരി തമിഴ്‌നാട്ടിലെ മില്ലിൽ നിന്നും കണ്ടെടുത്തു.കേരളത്തിലെ പ്രളയത്തിൽ നശിച്ച,കന്നുകാലികൾക്ക് പോലും നൽകരുതെന്ന് നിർദേശിച്ച അരിയാണ് കണ്ടെടുത്തത്. പോളിഷ് ചെയ്ത് വിപണിയിലിറക്കാനായി കരുതിയിരുന്ന ലോഡ് കണക്കിന് അരിയാണ് തിരുച്ചിറപ്പള്ളി തുറയൂര്‍ ശ്രീ പളനി മുരുകന്‍ ട്രേഡേഴ്‌സിന്റെ ഗോഡൗണില്‍ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്. പകുതിയോളം അരി പോളിഷ് ചെയ്തതും പായ്ക്ക് ചെയ്തും സൂക്ഷിച്ചിട്ടുണ്ട്. അരികളില്‍ സപ്ലൈകോയുടെയും പെരുമ്പാവൂരിലെ 2 മില്ലുകളുടെയും ലേബലുകളുണ്ട്.കട്ടപിടിച്ചതും ദുര്‍ഗന്ധം വമിക്കുന്നതുമായ അരിയാണു പോളിഷ് ചെയ്ത് ഇറക്കാന്‍ സൂക്ഷിച്ചതെന്ന് പരിശോധന നടത്തിയ പാലക്കാട്ടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സംഭവത്തെ തുടർന്ന് മിൽ ഉടമകൾ ഒളിവിലാണ്.

ഇന്ത്യയില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഭക്ഷണസംബന്ധമായ വീഡിയോകള്‍ നിരീക്ഷിക്കണമെന്ന് ഗൂഗിളിനോടും ഫേസ്ബുക്കിനോടും സര്‍ക്കാര്‍

keralanews govt asked goole and facebook to observe vedios related to food items published through social media

കൊച്ചി: ഇന്ത്യയില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഭക്ഷണസംബന്ധമായ വീഡിയോകള്‍ നിരീക്ഷിക്കണമെന്ന് ഇന്റർനെറ്റ് ദാതാക്കളായ ഗൂഗിളിനോടും ഫേസ്ബുക്കിനോടും സര്‍ക്കാര്‍.ഭക്ഷണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ഐടി മന്ത്രാലയമാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്.ഇത്തരം വീഡിയോകളും സന്ദേശങ്ങളും നീക്കം ചെയ്യണമെന്നും ഇവ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് തടയണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ (ഫസ്സായി) സിഇഒ പവന്‍കുമാര്‍ അഗര്‍വാള്‍ ഐടി സെക്രട്ടറി അജയ് പ്രകാശ് സാഹ്നിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.