മലപ്പുറം:വെസ്റ്റ്നൈൽ പനി ബാധിച്ച് മലപ്പുറത്ത് ആറുവയസ്സുകാരൻ മരിക്കാനിടയായ സാഹചര്യത്തിൽ രോഗം പരത്തുന്ന വൈറസിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സംഘം ഇന്ന് മലപ്പുറത്തെത്തും.സംസ്ഥാന എന്‍ഡമോളജി യൂണിറ്റിലേയും കോട്ടയം ആസ്ഥാനമായുള്ള വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററിലേയും ഉദ്യോഗസ്ഥരാണ് വരുന്നത്.പനി ബാധിച്ച് മരിച്ച ആറ് വയസുകാരന്‍ മുഹമ്മദ് ഷാന്റെ വേങ്ങര എ ആര്‍ നഗറിലെ വീടിന് സമീപ പ്രദേശങ്ങളില്‍ സംഘം ആദ്യ പരിശോധന നടത്തും. വൈറസ് ബാധ ഉണ്ടാകാനിടയായ സാഹചര്യം കണ്ടെത്തുക, കൊതുകുകളെ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുക, ഇത്തരം രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നിര്‍ദ്ദേശിക്കുക എന്നിവയ്ക്കായാണ് പരിശോധനാസംഘം എത്തുന്നത്. പരിശോധനയ്ക്കു ശേഷം ഉച്ച കഴിഞ്ഞ് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീനയുമായി വിദഗ്ദ്ധ സംഘം കൂടിക്കാഴ്ച നടത്തും. അതേസമയം വടക്കന്‍ ജില്ലകളിൽ വെസ്റ്റ് നൈല്‍ പനിക്കെതിരെ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് ഊര്‍ജിതമായി നടക്കുന്നുണ്ട്. രോഗം പടര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.പരിശോധനക്കായി പക്ഷികളുടേയും മൃഗങ്ങളുടേയും രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.രോഗ ലക്ഷണവുമായി ആരെങ്കിലും എത്തിയാല്‍ പ്രത്യേകം നിരീക്ഷിക്കാനും ചികിത്സ നല്‍കാനുമുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.
പായ്‌ക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കളിൽ അടങ്ങിയിരിക്കുന്ന ഉപ്പ്,പഞ്ചസാര,കൊഴുപ്പ് എന്നിവയുടെ അളവിനനുസരിച്ച് കളർകോഡ് വരുന്നു
തിരുവനന്തപുരം:പായ്‌ക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കളിൽ അടങ്ങിയിരിക്കുന്ന ഉപ്പ്,പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിനനുസരിച്ച് കളർകോഡ് നൽകുന്ന മുന്നറിയിപ്പ് സംവിധാനം വരുന്നു.ഉപ്പ്,പഞ്ചസാര,കൊഴുപ്പ് എന്നിവയുടെ അളവ് അനുവദിക്കപ്പെട്ടിട്ടുള്ളത്തിലും കൂടുതലാണെങ്കിൽ ചുവപ്പ്‌നിറം കൊണ്ട് സൂചന നൽകണമെന്നാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിട്ടിയുടെ നിർദേശം.പായ്‌ക്കറ്റിന്റെ നിറം നോക്കി ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളുടെ സ്വഭാവം മനസ്സിലാക്കാൻ ഈ നീക്കത്തിലൂടെ സാധിക്കും.ജൂലൈ മുതൽ പദ്ധതി നടപ്പിലാക്കാനാണ് ശ്രമം.പൈക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കളിൽ ഉപ്പ്,പഞ്ചസാര,കൊഴുപ്പ് എന്നിവയുടെ നൂറുഗ്രാമിലെ ശരാശരി അളവ് എത്രയെന്നും അനുവദിക്കപ്പെട്ട അളവ് എത്രയെന്നും രേഖപ്പടുത്തിയിരിക്കണം.ഇവ അനുവദിക്കപ്പെട്ട അളവിലും കൂടുതലാണെങ്കിൽ പായ്ക്കറ്റിൽ ചുവന്ന അടയാളമിടണം.നൂറുഗ്രാം ഉൽപ്പന്നത്തിൽ നിന്നും ലഭിക്കുന്ന ഊർജത്തിന്റെ പത്തുശതമാനത്തിൽ കൂടുതൽ പഞ്ചസാരയിൽ നിന്നാണ് ലഭിക്കുന്നതെങ്കിൽ പായ്ക്കറ്റിൽ ചുവപ്പ് നിറത്തിൽ അടയാളമിടണം.ട്രാൻസ് ഫാറ്റിന്റെ അളവ് ഒരുശതമാനത്തിനു മുകളിലായാലും മുന്നറിപ്പ് രേഖപ്പെടുത്തിയിരിക്കണം.അതോടൊപ്പം ഭക്ഷ്യോൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ നിർമാതാക്കൾ അവകാശപ്പെടുന്ന കാര്യങ്ങൾക്കും നിയന്ത്രണം വരും.പരസ്യങ്ങളിൽ പ്രകൃതിദത്തം,ശുദ്ധം തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുമ്പോൾ അതിനായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. അല്ലാത്തപക്ഷം ഇവയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാം.
കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച ആഞ്ഞിലിച്ചക്ക പിടികൂടി
കൊച്ചി:കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച ആഞ്ഞിലിച്ചക്ക പിടികൂടി.വഴിയരികില്‍ വില്‍പ്പനയ്ക്കു വച്ചിരുന്ന ആഞ്ഞിലിച്ചക്കയാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് കൊച്ചി മരട് പൊലീസ് പിടിച്ചെടുത്തത്. ആഞ്ഞിലിച്ചക്ക വാങ്ങി കഴിക്കുന്നതിനിടയിലുണ്ടായ രുചിവിത്യാസമാണ് നാട്ടുകാരുടെ സംശയത്തിനിടയാക്കിയത്.മരട് ന്യൂക്ലിയസ് മാളിനു സമീപം കിലോഗ്രാമിനു 100 രൂപ നിരക്കിലാണ് ആഞ്ഞിലിച്ചക്ക വിറ്റിരുന്നത്. വില്‍പ്പനക്കാരന്‍ കുന്നംകുളം സ്വദേശി തമ്പിയെ പൊലീസ് അറസ്റ്റ് ചെയ്തു.വില്‍ക്കാന്‍ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാള്‍ക്കു വേണ്ടിയാണ് താന്‍ ആഞ്ഞിലിച്ചക്ക വിറ്റിരുന്നതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.ആഞ്ഞിലിച്ചക്ക വിറ്റ വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ മുഴുവന്‍ പെട്ടിയിലും കടലാസില്‍ പൊതിഞ്ഞ കാര്‍ബൈഡ് വച്ചിരുന്നതായി പോലീസ് കണ്ടെത്തി.
കടലിൽ നിന്നും ചെറിയ മത്തിയോ അയലയോ പിടിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി ഫിഷറീസ് വകുപ്പ്
തിരുവനന്തപുരം:കടലിൽ നിന്നും 10 സെന്റീമീറ്ററില്‍ ചെറിയ മത്തിയോ 14 സെന്റീമീറ്ററെങ്കിലും നീളമില്ലാത്ത അയലയോ പിടിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി ഫിഷറീസ് വകുപ്പ്.നിർദേശം ലംഘിച്ചാൽ ഫിഷറീസ് എന്‍ഫോഴ്‌സ്‌മെന്റുകാര്‍ നിങ്ങളെ പിടികൂടും.കൂടാതെ മീന്‍പിടിത്തത്തിന് നിശ്ചിത കണ്ണിയകലമുള്ള വലകളേ ഉപയോഗിക്കാവൂ എന്ന കേരളത്തിന്റെ തീരുമാനം എല്ലാ തീരസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര ഫിഷറീസ് സെക്രട്ടറി നിര്‍ദേശിച്ചു.ഓരോ ഇനം മീനിനുമനുസരിച്ച് വലയ്ക്ക് നിശ്ചിത കണ്ണിയകലം നിശ്ചയിച്ച് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആര്‍.ഐ.) റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം.
ജില്ലയിലെ ഹോട്ടലുകളിൽ ഹരിതപെരുമാറ്റചട്ടം നടപ്പിലാക്കാൻ തീരുമാനം
കണ്ണൂർ:ജില്ലയിലെ ഹോട്ടലുകളിൽ ഹരിതപെരുമാറ്റചട്ടം നടപ്പിലാക്കാൻ തീരുമാനം.ഇതിന്റെ ഭാഗമായി ഡിസ്പോസിബിൾ പ്ലേറ്റുകളും ഗ്ലാസുകളും ജ്യൂസ് നൽകുന്ന പാത്രങ്ങളും സ്ട്രോയും പൂർണ്ണമായും ഒഴിവാക്കും.ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ,വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനാ പ്രതിനിധികളുമായി കലക്റ്റർ മിര മുഹമ്മദലി നടത്തിയ ചർച്ചയിലാണ് തീരുമാനം.ഡിസ്പോസിബിൾ വസ്തുക്കൾ ഒഴിവാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഭക്ഷണം പത്രങ്ങളിൽ പാർസൽ വാങ്ങുന്നവർക്ക് വിലയിൽ 10 ശതമാനം കിഴിവ് നൽകുന്ന കാര്യവും പരിഗണിക്കും.വൃത്തിഹീനമായ നിലയിൽ പാതയോരങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കലക്റ്റർ നിർദേശം നൽകി.
കരിഞ്ചന്തയിലേക്ക് കടത്താന്‍ സൂക്ഷിച്ചിരുന്ന രണ്ട് ലോഡ് റേഷനരി പിടിച്ചെടുത്ത സംഭവത്തില്‍ എട്ട് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
നെയ്യാറ്റിൻകര:കരിഞ്ചന്തയിലേക്ക് കടത്താന്‍ സൂക്ഷിച്ചിരുന്ന രണ്ട് ലോഡ് റേഷനരി പിടിച്ചെടുത്ത സംഭവത്തില്‍ എട്ട് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി.ഡിപ്പോകളുടെ ചുമതലയുള്ള സീനിയര്‍ അസിസ്റ്റന്റ് ബാബുരാജിനെ സസ്‌പെന്‍ഡ് ചെയ്യുകയും വില്‍ സപ്ലൈസിലേയും സപ്ലൈകോയിലേയും ഏഴ് ഉദ്യോഗസ്ഥരെ സ്ഥലമാറ്റുകയും ചെയ്തു.കൊല്ലത്ത് പൊലീസ് പിടിച്ചെടുത്ത മൂന്ന് ലോഡ് റേഷനരിയും നെയ്യാറ്റിന്‍കരയില്‍ നിന്ന് കടത്തിയതാണന്ന് തെളിഞ്ഞതോടെയാണ് ഉദ്യോഗസ്ഥര്‍ തന്നെ റേഷനരി കടത്തുന്നതായി സൂചന ലഭിച്ചത്. റേഷന്‍കടകളിലേക്ക് കൊടുക്കേണ്ട അരിയുടെ തൂക്കത്തില്‍ കുറവ് വരുത്തിയാണ് ഇവര്‍ പുറത്തേക്ക് കടത്താനുള്ള അധിക അരി കണ്ടെത്തിയതെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു.ഇതിന്റ അടിസ്ഥാനത്തിലാണ് ഡിപ്പോകളുടെ ചുമതലയുള്ള സിവില്‍ സപ്ലൈസ് വകുപ്പിലെ സീനിയര്‍ അസിസ്റ്റന്റ് സി ബാബുരാജിനെ സസ്‌പെന്‍ഡ് ചെയ്തത്.
തേങ്ങയിലും മായം;അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന തേങ്ങയിൽ മാരകരാസവസ്തു ചേർക്കുന്നതായി റിപ്പോർട്ട്
കൊല്ലം:തേങ്ങയിലും മായം കലർത്തുന്നതായി റിപ്പോർട്ട്.കൊള്ളവില നല്‍കി തമിഴ്നാട്ടില്‍ നിന്നടക്കം കൊണ്ട് വരുന്ന തേങ്ങയില്‍ മാരകമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നു. അന്യനാടുകളില്‍ നിന്നും എത്തിക്കുന്ന മൂപ്പെത്താത്ത തേങ്ങയ്ക്ക് നാടന്‍ തേങ്ങയുടെ നിറവും കാമ്പും ലഭിക്കുന്നതിനായി സള്‍ഫറാണ് ചേര്‍ക്കുന്നത്. മൂപ്പെത്താത്ത പൊതിച്ച തേങ്ങ ഗോഡൗണില്‍ ഇറക്കിയ ശേഷം സള്‍ഫര്‍ എന്ന മാരകമായ രാസവസ്തു വിതറി മൂടി വയ്ക്കുകയാണ് ചെയ്യുന്നത്.വിപണിയില്‍ നാടന്‍ തേങ്ങയ്ക്കാണ് പ്രിയമുള്ളത്. തമിഴ്നാട്ടില്‍ നിന്നടക്കം വരുന്ന തേങ്ങ കരിക്ക് വിപണിയിലാണ് വ്യാപകമായി ഉപയോഗിച്ച് കൊണ്ടിരുന്നത്. എന്നാല്‍ കേരളത്തില്‍ കേരകൃഷി കുറഞ്ഞതോടെ കറിയ്ക്കരയ്ക്കാനും തമിഴ്നാട്ടിലെ തേങ്ങ എത്തിക്കുകയാണ്.സള്‍ഫര്‍ ചേര്‍ത്ത തേങ്ങ വിപണിയില്‍ നിരോധിക്കണമെന്നും ഇത്തരക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കേരള ഉപഭോക്തൃ വികസനസമിതി സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയ്ക്ക് അഭിമാനമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പടിവാതിൽ കടക്കുന്ന ആദ്യ കണ്ണൂരുകാരനായി വരുൺ നായനാർ
കണ്ണൂർ:ജില്ലയ്ക്ക് അഭിമാനമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പടിവാതിൽ കടക്കുന്ന ആദ്യ കണ്ണൂരുകാരനായി വരുൺ നായനാർ.അണ്ടർ 19 ദേശീയ ടീമിലേക്കാണ് വരുൺ തിരഞ്ഞെടുക്കപ്പെട്ടത്.ഈ മാസം 20 ന് തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ചതുർദിന മത്സരത്തിൽ വരുൺ ഇന്ത്യൻ കുപ്പായമണിയും.അതിനു ശേഷം ഇതേ വേദിയിൽ ഇതേ ടീമുമായി മറ്റൊരു മത്സരം കൂടിയുണ്ട്.അണ്ടർ 14 കേരള ടീമിന്റെ നായകസ്ഥാനത്തേക്ക് രണ്ടാം തവണയുമെത്തിയ വരുൺ ഈ വർഷം കേരളത്തിന്റെ അണ്ടർ 19 ടീമംഗമായി അധികം വൈകാതെയാണ് ദേശീയ ടീമിലേക്കുമെത്തുന്നത്.ഉത്തരമേഖലാ അണ്ടർ 14 ക്രിക്കറ്റ് ടൂർണമെന്റിൽ കാസർകോഡിനെതിരെ മിന്നുന്ന പ്രകടനവുമായി കണ്ണൂരിനെ പ്രതിനിധീകരിച്ചാണ് വരുണിന്റെ അരങ്ങേറ്റം.കാസർകോടിനും കോഴിക്കോടിനുമെതിരെയുള്ള പ്രകടനം കണ്ടാണ് വരുൺ ഇന്ത്യൻ ടീമിലെത്താനുള്ള സാധ്യതയുണ്ടെന്ന് കേരള രഞ്ജി ടീം സഹപരിശീലകൻ മസർ മൊയ്‌ദു പ്രവചിച്ചത്.ജില്ലയിൽ നിന്നും ആദ്യമായാണ് ഒരു താരം ദേശീയ ടീമിലെത്തുന്നതെന്നും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഇതെന്നും ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രെട്ടറി വി.പി അനസ് പറഞ്ഞു.സാഹിത്യകാരൻ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ തറവാട്ടിലെ ആറാം തലമുറക്കാരി പ്രിയയാണ് വരുണിന്റെ അമ്മ.അച്ഛൻ ദീപക് ദുബായിൽ ഒരു കമ്പനിയിൽ ഫിനാൻഷ്യൽ മാനേജരാണ്.വരുൺ ജനിച്ചതും വളർന്നതും ദുബായിയിലാണ്.കളിക്കാനായാണ് നാട്ടിലെത്തുന്നത്.
പാനിപൂരി കഴിച്ച വീട്ടമ്മയ്ക്ക് ഭക്ഷ്യ വിഷബാധയേറ്റു
എറണാകുളം:പാനിപൂരി കഴിച്ച വീട്ടമ്മയ്ക്ക് ഭക്ഷ്യവിഷബാധയേറ്റു. തൃപ്പൂണിത്തുറ റിഫൈനറി റോഡില്‍ താമസിക്കുന്ന ബിസിനസുകാരന്‍ മോഹനന്റെ ഭാര്യക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കിഴക്കേക്കോട്ടയിലെ ശീതളപാനീയക്കടയില്‍ നിന്നാണ് ഇവര്‍ പാനിപൂരി കഴിച്ചത്. വീട്ടുകാര്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിലെത്തി ഭക്ഷ്യവസ്തു പിടിച്ചടുത്തു.ഇന്നലെ രാത്രി എട്ടോടെ ആയിരുന്നു സംഭവം.ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വീട്ടമ്മയ്ക്കു കഴിക്കാന്‍ നല്‍കിയ പാനിപൂരി ഭക്ഷ്യയോഗ്യമല്ലെന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നുവെന്നും ഓഫിസര്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത പാനിപൂരി ഫ്രീസറില്‍ സൂക്ഷിച്ച ശേഷം നാളെ ലാബ് പരിശോധനയ്ക്കയയ്ക്കും.
വിമാനയാത്രയ്ക്കിടെ കാണാതായ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി
ലണ്ടൻ:വിമാനയാത്രയ്ക്കിടെ കാണാതായ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി.വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തത്.യുകെയുടെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചാണ് കടലില്‍ പരിശോധന നടത്തി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജനുവരി 21 ആം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്.സലയുടെ ഒപ്പമുണ്ടായിരുന്ന പൈലറ്റ് മരിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.ജനുവരി 21 തിങ്കളാഴ്ച വൈകുന്നേരം 7.15-ന് പുറപ്പെട്ട വിമാനം രാത്രി 8.30 വരെ റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ-46 മാലിബു’ ചെറുവിമാനമാണ് കാണാതായത്.