കാസർകോട്:ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു.ചെറുവത്തൂരിലെ മട്ടലായിയിലെ നാരായണന്‍ പ്രസന്ന ദമ്പതികളുടെ മകള്‍ ദേവാനന്ദ (16) യാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ 17 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ നില ഗുരുതരമാണ്.ചെറുവത്തൂരിലെ ഐഡിയൽ കൂൾബാർ ആന്റ് ഫുഡ് പോയിന്റ് എന്ന കൂൾബാറിൽ നിന്നും ഷവർമ്മ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷവർമ്മ കഴിച്ച ശേഷം അസ്വസ്ഥതകൾ നേരിട്ട കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെൺകുട്ടി ഇവിടെ നിന്നും ഭക്ഷണം കഴിച്ചത്. കരിവള്ളൂർ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ദേവനന്ദ. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം പാകം ചെയ്യുന്നതെന്നാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഫുഡ് സേഫ്റ്റി ലെെസൻസ് ഇല്ലാതെയാണ് കൂൾബാർ പ്രവർത്തിച്ചിരുന്നത്. ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ കൂൾബാർ അടച്ചുപൂട്ടിയിട്ടിട്ടുണ്ട്.അതേസമയം സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഓപ്പറേഷന്‍ മത്സ്യ;സംസ്ഥാനത്ത് 1707 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു
തിരുവനന്തപുരം:സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയിനിന്റെ ഭാഗമായുള്ള ‘ഓപ്പറേഷന്‍ മത്സ്യ’ വഴി 1706.88 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി പ്രധാന ചെക്ക് പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 1070 പരിശോധനകളാണ് നടത്തിയത്.ഈ കേന്ദ്രങ്ങളില്‍ നിന്നും ശേഖരിച്ച 809 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയ 579 പരിശോധനയില്‍ ആലുവ, തൊടുപുഴ, നെടുംങ്കണ്ടം, മലപ്പുറം എന്നിവിടങ്ങളിലെ 9 സാമ്പിളുകളിൽ രാസ വസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മത്സ്യം നശിപ്പിക്കുകയും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തു.ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ചെക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരടങ്ങുന്ന സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് രാത്രിയും പകലുമായി പരിശോധനകള്‍ തുടരുകയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മത്സ്യം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമാണോ എന്ന് പരിശോധിക്കുന്നതിന് എല്ലാ ചെക് പോസ്റ്റുകളിലും സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ മാര്‍ക്കറ്റുകളിലും വിറ്റഴിക്കപ്പെടുന്ന മത്സ്യങ്ങളും പൊതുജനാരോഗ്യ പ്രശ്നങ്ങളില്ലാത്ത സുരക്ഷിതമായ മത്സ്യമാണെന്ന് ഉറപ്പാക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ മത്സ്യലേല കേന്ദ്രങ്ങള്‍, ഹാര്‍ബറുകള്‍, മൊത്തവിതരണ കേന്ദ്രങ്ങള്‍, ചില്ലറ വില്‍പ്പനശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടത്തി വരുന്നത്.നിരന്തര പരിശോധന നടത്തി മീനില്‍ രാസവസ്തുക്കളുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. അതിനായി കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെകനോളജി വികസിപ്പിച്ചെടുത്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചാണ് അമോണിയയുടെയും ഫോര്‍മാലിന്റെയും സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കുന്നത്. അതോടൊപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലാബുകളിലും പരിശോധന നടത്തുന്നുണ്ട്.മത്സ്യത്തില്‍ രാസവസ്തു കലര്‍ത്തി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
മീനിലെ മായം;സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്‌തമാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താൻ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചത്തതുമായ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നിർദ്ദേശം നൽകിയത്. നെടുങ്കണ്ടത്തെ ആറ് പോയിന്റുകളില്‍ നിന്നും ശേഖരിച്ച 8 സാമ്പിളുകൾ എറണാകുളത്തെ കാക്കനാട്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാ ഫലം എത്രയും വേഗം ലഭ്യമാക്കി തുടര്‍നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഉടുമ്പൻചോല ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മുണ്ടിയെരുമ, തൂക്കുപാലം, കൂട്ടാർ, കൊച്ചറ, പുറ്റടി എന്നിവിടങ്ങളിലെ 6 വിൽപന കേന്ദ്രങ്ങളിൽ നിന്നാണ് മത്സ്യ സാമ്പിളുകൾ ശേഖരിച്ചത് എന്ന് മന്ത്രി വ്യക്തമാക്കി.തൂക്കുപാലത്ത് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ നിന്ന് മീൻ വാങ്ങിയവർക്കാണ് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. മീനിന്റെ തലയും ചില ഭാഗങ്ങളും കഴിച്ച വീട്ടിലെ രണ്ട് പൂച്ചകൾക്കും പൂച്ചക്കുട്ടികൾക്കും ചില പ്രശ്നങ്ങൾ ഉണ്ടായി. തുടർന്ന് അവർ സ്ഥലത്തെ വെറ്റിറിനറി സർജനെ ഇക്കാര്യം അറിയിച്ചു. അടുത്ത ദിവസം ഒരു പൂച്ച ചത്തു. ഇതേ കാലയളവിൽ തന്നെ മത്തി മീൻ കഴിച്ച് പൂച്ച ചത്തതായി അയൽവാസികളിൽ ഒരാൾ പരാതിപ്പെട്ടു. ഭക്ഷ്യവിഷബാധയോ സീസണൽ വൈറസോ ആകാം പൂച്ചകളുടെ മരണത്തിന് കാരണമെന്ന് നെടുങ്കണ്ടം വെറ്റിറിനറി സർജൻ അറിയിച്ചു. അടുത്ത കാലത്തായി മത്സ്യം കഴിച്ച ചിലർക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതായി മെഡിക്കൽ ഓഫീസറും റിപ്പോർട്ട് ചെയ്തു. തുടർന്നാണ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടിയന്തരമായി അന്വേഷിച്ച് സാമ്പിളുകൾ ശേഖരിച്ച് തുടർ നടപടികൾ സ്വീകരിച്ചത്.
ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ
മഡ്ഗാവ്: ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ കടന്നു. രണ്ടാംപാദ സെമിഫൈനൽ മത്സരത്തിൽ ജംഷെഡ്പൂരിനെ 1-1 ന് സമനിലയിൽ തളച്ചതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യപാദ മത്സരത്തിൽ ജംഷഡ്പൂരിനെ പരാജയപ്പെടുത്തിയതോടെ ഇരുപാദങ്ങളിലുമായി ബാസ്റ്റേഴ്‌സ് 2-1 ന്റെ ലീഡുനേടിയാണ് ഫൈനൽ യോഗ്യത നേടിയത്.നാളെ നടക്കുന്ന ഹൈദരാബാദ് – എടികെ മത്സരത്തിലെ വിജയികളെ ഫൈനലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നേരിടും. 2014, 2016 വർഷങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് ഇതിനുമുമ്പ് ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയത്. മാര്‍ച്ച് 20-ന് ഞായറാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ ആണ് ഐഎസ്‌എല്‍ ഫൈനല്‍ നടക്കുന്നത്. നീണ്ട രണ്ട് വര്‍ഷത്തിന് ശേഷമാണ് ഐ എസ് എല്ലില്‍ സ്റ്റേഡിയത്തിലേക്ക് ആരാധകരെത്തുന്നത്.സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിന്റെ 100% ഉപയോഗത്തിന് ഗോവ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായി, പങ്കെടുക്കുന്ന ആരാധകര്‍ ഒന്നുകില്‍ പൂര്‍ണ്ണമായി വാക്സിനേഷന്‍ നല്‍കേണ്ടതുണ്ട്, അവരുടെ അവസാന ഡോസില്‍ നിന്ന് കുറഞ്ഞത് 15 ദിവസത്തെ ഇടവേളയോ അല്ലെങ്കില്‍ പ്രവേശന സമയത്ത് 24 മണിക്കൂറിനുള്ളില്‍ നെഗറ്റീവ് RT-PCR റിപ്പോര്‍ട്ട് നല്‍കുകയോ വേണം. എല്ലായ്‌പ്പോഴും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കും.
സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു
കൊച്ചി : സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു.നിലവിൽ 170 രൂപ കടന്നിരിക്കുകയാണ് കോഴിവില. വേനൽക്കാലത്ത് സാധാരണയായി കോഴിയിറച്ചിക്ക് വില കുറയുകയാണ് പതിവ്. എന്നാൽ ഇപ്പോൾ വില ദിവസേന കുതിച്ചുയരുകയാണ്. കോഴിക്കുഞ്ഞുങ്ങളുടെയും അവയ്‌ക്കുള്ള തീറ്റയുടെയും വില കൂടിയതാണ് ചിക്കന് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയ്‌ക്ക് കൂടിയത്. 1500 രൂപയ്‌ക്കുള്ളിൽ കിട്ടിയിരുന്ന കോഴിത്തീറ്റയ്‌ക്ക് ഇപ്പോൾ ഒരു ചാക്കിന് 2500 രൂപ കൊടുക്കണം. കോഴിക്കുഞ്ഞുങ്ങളുടെ വിലയും മൂന്നിരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. 12-15 രൂപയ്‌ക്ക് കിട്ടിയിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോൾ 40 രൂപയായി വില.കോഴിയിറിച്ചിക്ക് വില കൂടിയത് ഇറച്ചി വ്യാപാരികളെ സാരമായി ബാധിച്ചിട്ടുണ്ട്. വില കൂടിയതോടെ കച്ചവടം കുത്തനെ കുറഞ്ഞെന്നാണ് വ്യാപാരികൾ പറയുന്നത്.
ഐഎസ്എൽ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം;കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ നേരിടും
ഗോവ: ഐഎസ്എൽ എട്ടാം സീസണിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഗോവയിൽ നടക്കുന്ന ആദ്യ സെമിയിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂർ എഫ്‌സിയെ നേരിടും. ഗോവയിലെ ഫട്ടോർഡ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.അതേസമയം, ഇന്ന് നടക്കുന്ന സെമി ഫൈനൽ ആഘോഷമാക്കി മാറ്റാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സുവർണാവസരം ഒരുക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്.ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ നേരിടുമ്പോൾ കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിന് പുറത്ത് ഒരു ഫാൻ പാർക്ക് ഒരുക്കിയിരിക്കുകയാണ് ഇവർ.കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു പുറത്ത് വൈകിട്ട് 5.30 മുതൽ ഫാൻപാർക്ക് തുറക്കും. ആരാധകരെ മുഴുവൻ ഇവിടെ നിന്ന് ഒരുമിച്ച് കളി കാണാൻ ക്ഷണിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അവസാനമായി നടന്ന രണ്ട് ഐഎസ്എൽ സീസണുകളിലും രണ്ടു വർഷമായി കലൂരിൽ ഒത്തുകൂടാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സുവർണ്ണാവസരമാകും ഇത്.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ തട്ടുകടകളിൽ ഉപ്പിലിട്ട വസ്തുക്കളുടെ വിൽപ്പന നിരോധിച്ചു
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ തട്ടുകടകളിൽ ഉപ്പിലിട്ട പഴം, പച്ചക്കറി വിൽപ്പന നിരോധിച്ചു. തട്ടുകടയിൽ നിന്ന് വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച കുട്ടികൾക്ക് പൊള്ളലേറ്റിരുന്നു. ഇതിന്റെ തുടർച്ചയായി നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നടപടി. 53 കച്ചവട സ്ഥാപനങ്ങളിലാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വകുപ്പും പരിശോധന നടത്തിയത്.ശുചിത്വ മാനദണ്ഡങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിച്ച 12 കടകൾ അധികൃതർ താത്കാലികമായി അടപ്പിച്ചിരുന്നു. നഗരസഭയുടെ ലൈസൻസ് വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് ഇവർ പ്രവർത്തിച്ചതെന്നും കണ്ടെത്തിയിരുന്നു. 17ഓളം കടകളിൽ നിന്ന് 35 ലിറ്റർ ഗ്ലേഷ്യൽ അസറ്റിക് ആസിഡ് പിടിച്ചെടുത്തിട്ടുണ്ട്.ഉപ്പിലിട്ട വസ്തുക്കളിൽ പെട്ടന്ന് സത്തു പിടിക്കാൻ ബാറ്ററി വാട്ടറും ഏറെ നാൾ കേടാകാതെ ഇരിക്കാൻ അസറ്റിക് ആസിഡും ഉപയോഗിക്കുന്നുവെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. വളരെ പെട്ടന്ന് ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
കൊട്ടിയൂർ പാലുകാച്ചി മല ട്രക്കിങ് മാർച്ചിൽ ആരംഭിക്കും
കേളകം : കൊട്ടിയൂർ പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് മാർച്ച് അവസാനത്തോടെ തുടങ്ങാൻ തീരുമാനം.ഡി.എഫ്.ഒ. പി. കാർത്തിക്, കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകം, കേളകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സി.ടി. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ഇതിനു മുന്നോടിയായി പാലുകാച്ചിമല കേന്ദ്രീകരിച്ച് വനസംരക്ഷണസമിതി രൂപവത്കരിക്കും.തുടർന്ന് ട്രക്കിങ്ങിന്റെ ബെയ്സ് ക്യാമ്പായ സെയ്ൻറ് തോമസ് മൗണ്ടിൽ ടിക്കറ്റ് കൗണ്ടർ, പാർക്കിങ് സ്ഥലം, ശൗചാലയസൗകര്യങ്ങളും ഒരുക്കും.സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഗാർഡുകളെയും നിയമിക്കും. തുടർന്ന് മാർച്ച് അവസാനത്തോടെ ട്രക്കിങ് തുടങ്ങുമെന്ന് ഡി.എഫ്.ഒ. പറഞ്ഞു. മറ്റടിസ്ഥാനസൗകര്യങ്ങൾ ഘട്ടം ഘട്ടമായി സ്ഥാപിക്കും. ബെയ്സ് ക്യാമ്പിലേക്കായി മൂന്നുവഴികളാണുണ്ടാവുക.ഗ്രാമീണ ടൂറിസവും പ്ലാന്റേഷനും കോർത്തിണക്കി കേളകം-അടക്കാത്തോട്-ശാന്തിഗിരി വഴി എത്തുന്ന രീതിയിലാണ് ഒരു വഴി, ട്രക്കിങ് സാധ്യതയുള്ള സാഹസികപാതയായി ചുങ്കക്കുന്നുനിന്ന് പാലുകാച്ചി എത്തുന്ന വഴി, ഐതിഹ്യപാതയായി നീണ്ടുനോക്കിയിൽനിന്ന് പാലുകാച്ചി എത്തുന്ന രീതിയിലുമാണ് പാതകൾ ക്രമീകരിക്കുക. ഓരോ പ്രദേശങ്ങളിലെയും ഭൂപ്രകൃതിയും പ്രത്യേകതയും ഉൾപ്പെടുത്തിയുള്ള മ്യൂസിയവും ടൂറിസം അനുബന്ധ സൗകര്യങ്ങളും അതത് പഞ്ചായത്തുകൾ ഒരുക്കുന്നുണ്ട്.കേളകം പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത്, മണത്തണ സെക്ഷൻ ഫോറസ്റ്റർ സി.കെ. മഹേഷ്, കേളകം പഞ്ചായത്ത് വൈസ്പ്രസിഡൻറ് തങ്കമ്മ മേലേക്കൂറ്റ്, പഞ്ചായത്തംഗംങ്ങളായ സജീവൻ പാലുമ്മി, ടോമി പുളിക്കക്കണ്ടം, ബിജു ചാക്കോ, കൊട്ടിയൂർ പഞ്ചായത്തംഗം ബാബു മാങ്കോട്ടിൽ,കേളകം പഞ്ചായത്ത് സെക്രട്ടറി പി.കെ. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
ഇ-പോസ് സംവിധാനത്തിലെ തകരാര്‍; പ്രത്യേക ക്രമീകരണവുമായി സർക്കാർ; റേഷൻ വിതരണം ഇനി ഏഴ് ജില്ലകളില്‍ ഉച്ചവരെയും ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവും
തിരുവനന്തപുരം:ഇ-പോസ് സംവിധാനത്തിലെ തകരാര്‍ മൂലം റേഷന്‍ വിതരണത്തിന് തടസം നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷന്‍ വിതരണത്തിന് പ്രത്യേക ക്രമീകരണമൊരുക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍.റേഷന്‍ വിതരണം ഏഴു ജില്ലകളില്‍ വീതമായി ക്രമീകരിക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവുമായിട്ടാകും വിതരണം. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍ രാവിലെ റേഷന്‍ വിതരണം നടക്കും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളിലുള്ളവര്‍ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് റേഷന്‍ വാങ്ങാം.സര്‍വര്‍ തകരാര്‍ പരിഹരിക്കുന്നത് വരെയാകും ഈ സംവിധാനം. അഞ്ചുദിവസത്തിനുള്ളില്‍ സര്‍വര്‍ തകരാര്‍ പൂര്‍ണമായി പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. സര്‍വര്‍ കപ്പാസിറ്റിയുമായി ബന്ധപ്പെട്ടാണ് സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നത്. സ്റ്റേറ്റ് ഡേറ്റാ സെന്ററുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ 92 ലക്ഷം കാർഡ് ഉടമകളിൽ 13 ലക്ഷം പേർക്ക് മാത്രമാണ് ഈ മാസം ഇതുവരെ റേഷൻ വിതരണം ചെയ്തത്. സ്റ്റേറ്റ് ഡാറ്റാ സെന്‍ററിലെ തകരാറാണ് വിതരണത്തിന് തടസ്സമാകുന്നത്.
പപ്പടവും ഇനി പൊള്ളും;നിരക്ക് വര്‍ദ്ധനവ് ഇന്ന് മുതല്‍
തിരുവനന്തപുരം: ഉല്പാദന ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ പപ്പടത്തിന്റെ വില ഇന്നുമുതല്‍ കൂടുമെന്ന് കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ അറിയിച്ചു.ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വില ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ പപ്പടം വ്യവസായത്തെ സംരക്ഷിക്കാന്‍ വില വര്‍ദ്ധനവല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.കേരളത്തില്‍ പപ്പടം നിര്‍മിക്കുന്നത് ഉഴുന്ന് കൊണ്ടാണ്. എന്നാല്‍ മൈദ കൊണ്ട് പപ്പടം നിര്‍മിച്ച് കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിക്കുന്നവരുണ്ട്. ഇത്തരത്തിലുള്ള മായം ചേര്‍ത്ത പപ്പടങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ പാക്കിംഗ് കമ്മോഡിറ്റി ആക്‌ട് പ്രകാരം പപ്പടത്തിന്റെ പേരും നിര്‍മാതാക്കളുടെ വിലാസവുമുള്ള പപ്പടം പാക്കറ്റുകള്‍ വാങ്ങണമെന്ന് ഭാരവാഹികള്‍ ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു. വില വര്‍ദ്ധനവ് ഇന്നുമുതല്‍ നടപ്പിലാക്കുമെന്നും അവര്‍ അറിയിച്ചു.