കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിൽ അമോണിയം കലര്‍ന്ന മത്സ്യം കണ്ടെത്തിയതായി സൂചന

keralanews hint that amonia mixed fish seized from kozhikode fish market

കോഴിക്കോട്:രാസവസ്തു കലർന്ന മൽസ്യം വിൽക്കുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി.വ്യാഴാഴ്ച പുലര്‍ച്ചയോടെ മാര്‍ക്കറ്റിലെത്തിയ സംഘം സ്ട്രിപ്പ് ഉപയോഗിച്ച്‌ ഫോര്‍മാലിനും അമോണിയയും അടങ്ങിയിട്ടുണ്ടോ എന്നാണ് പരിശോധന നടത്തിയത്.അമോണിയം കലര്‍ത്തിയെന്ന് സംശയിച്ച മത്സ്യം കണ്ടെത്തിയതായും സൂചനയുണ്ട്.പ്രാഥമിക പരിശോധനയ്ക്കു ശേഷം വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി ഇവയുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.

കുടിവെള്ള വിതരണം;കർശന നിർദേശങ്ങളുമായി ഫുഡ് ആൻഡ് സേഫ്റ്റി കമ്മീഷൻ

keralanews drinking water supply food and safety commission with strict restrictions

കണ്ണൂർ:സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ടാങ്കര്‍ ലോറികളിലും വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും കുടിവെള്ളം വിതരണം ചെയ്യുന്നവർക്ക് കർശന നിർദേശങ്ങളുമായി ഫുഡ് ആൻഡ് സേഫ്റ്റി കമ്മീഷൻ.കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ ഫുഡ് സേഫ്റ്റി 2011 പ്രകാരം എഫ്ബിഒ ലൈസന്‍സ് എടുക്കണമെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഇത്തരം ലൈസന്‍സുള്ള ടാങ്കര്‍ ലോറികളില്‍/ടാങ്കുകളില്‍ മാത്രമേ സംസ്ഥാനത്ത് കുടിവെള്ളം വിതരണം/വില്‍പ്പന നടത്താന്‍ പാടുള്ളൂ. കുടിവെള്ള വിതരണത്തിനായി ഏതെങ്കിലും വ്യക്തി ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്ബറുകള്‍ ലൈസന്‍സില്‍ രേഖപ്പെടുത്തി പ്രത്യേകം ലൈസന്‍സ് എടുത്തിരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും ‘Drinking Water /കുടിവെള്ളം’ എന്ന് എഴുതി പ്രദര്‍ശിപ്പിക്കണം. മറ്റ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വെളളമാണെങ്കില്‍ ‘Not for Drinking Purpose/നിര്‍മ്മാണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം എന്ന് എഴുതണം. ഇങ്ങനെ എഴുതാതെ കൊണ്ടുപോകുന്ന വെള്ളം കുടിവെള്ളമായി പരിഗണിച്ച്‌ നിയമ നടപടികള്‍ സ്വീകരിക്കും. കുടിവെളളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും എഫ്ബിഒ ലൈസന്‍സ് നമ്ബര്‍ രേഖപ്പെടുത്തണം. കുടിവെള്ളം ശേഖരിക്കുന്ന ടാങ്കറുകളുടെ ഉള്‍വശം ബിറ്റുമിനാസ്റ്റിക്ക് കോട്ടിങ്ങോ മറ്റ് അനുവദനീയ കോട്ടിങ്ങോ ഉള്ളവയായിരിക്കണം.വാട്ടര്‍ അതോറിറ്റി ഒഴികെയുള്ള കുടിവെള്ള സ്രോതസ്സുകള്‍ക്ക് എഫ്ബിഒ ലൈസന്‍സ് ഉണ്ടായിരിക്കണം. ഇത്തരം ലൈസന്‍സുള്ള കുടിവെള്ള സ്രോതസ്സില്‍ നിന്ന് മാത്രമെ വെള്ളം ശേഖരിക്കാവൂ. കുടിവെള്ള സ്രോതസ്സുകളിലെ ജലം ആറ് മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ ലാബുകളിലൊ എന്‍എബിഎല്‍ അക്രിഡിറ്റഡ് ലാബുകളിലൊ പരിശോധിച്ച്‌ ശുദ്ധമാണെന്ന് ഉറപ്പ് വരുത്തുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കണം. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളിലും വാഹനങ്ങളില്‍ ഘടിപ്പിച്ച ടാങ്കറുകളിലും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ലൈസന്‍സ്, കുടിവെള്ളം പരിശോധിച്ച അംഗീകൃത ലാബ് റിപ്പോര്‍ട്ട്, കുടിവെള്ള ടാങ്കറിന്റെ ശേഷി, കോട്ടിങ്ങ് എന്നിവയുടെ രേഖകള്‍ തുടങ്ങിയവ ഉണ്ടായിരിക്കണം. രേഖകള്‍ ഇല്ലാതെ കുടിവെള്ളം വിതരണം നടത്തിയാല്‍ വാഹനം പിടിച്ചെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യന്‍ ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും

keralanews world cup cricket indian team will be announced on april15th

മുംബൈ:ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുളള ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും.മുംബൈയില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും ടീം അംഗങ്ങളെ പ്രഖ്യാപിക്കുന്നത്.മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.ലോകകപ്പിന്റെ ഫൈനല്‍ ജൂലൈ പതിനാലിന് ലോര്‍ഡ്സില്‍ വെച്ചാണ് നടക്കുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്കയാണ്.ജൂണ്‍ അഞ്ചിന് വൈകീട്ട് മൂന്ന് മണിക്കാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. ജൂണ്‍ 9ന് ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യ,13ന് ന്യൂസിലന്‍ഡുമായും ഏറ്റുമുട്ടും. ജൂണ്‍ 16ന് ഇന്ത്യ പാകിസ്ഥാനെയും നേരിടും.ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, വെസ്റ്റന്‍ഡീസ് എന്നീ പത്ത് ടീമുകളാണ് ലോകകപ്പില്‍ പോരാട്ടത്തിനിറങ്ങുന്നത്.

വേനലവധിക്ക് യാത്രപോകാം കണ്ണൂരിന്റെ സ്വന്തം വയലപ്ര പാർക്കിലേക്ക്

keralanews visit vayalapra park in summer vacation

കണ്ണൂർ:വെള്ളത്തിന് മുകളിൽ ഒരു പാർക്ക്….ഇത് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് തായ്‌ലൻഡിലെ പട്ടായ പോലുള്ള സ്ഥലങ്ങളിലെ തകർപ്പൻ ഫ്‌ളോട്ടിങ് പാർക്കുകളാണ്.കേരളത്തിലാണെങ്കിൽ ഇത്തരം പാർക്കുകൾ സെറ്റ് ചെയ്യുവാൻ പറ്റിയ സ്ഥലങ്ങളാണ് ആലപ്പുഴയും കൊച്ചിയും ഒക്കെ.എന്നാൽ അധികം ആരും അറിയപ്പെടാത്ത ഒരു കൊച്ചു സുന്ദരമായ ഫ്‌ളോട്ടിങ് പാർക്കുണ്ട് നമ്മുടെ കേരളത്തിൽ.അതും കണ്ണൂരിൽ….കണ്ണൂരിലെ പഴയങ്ങാടിക്ക് സമീപം വയലപ്ര എന്ന സ്ഥലത്താണ് ഈ ഫ്‌ളോട്ടിങ് ടൂറിസം പാർക്ക് സ്ഥിതി ചെയ്യുന്നത്. 2015 ലാണ് ഈ പാർക്ക് പ്രവർത്തനമാരംഭിച്ചത്. വയലപ്ര കായലിനു തൊട്ടരികിലായാണ് പാർക്ക്. പാർക്കിനു ഒരു വശത്തായി ധാരാളം കണ്ടൽക്കാടുകൾ കാണാവുന്നതാണ്. എന്നിരുന്നാലും കായലിനു മീതെ നിർമ്മിച്ചിരിക്കുന്ന ഫ്‌ളോട്ടിങ് പാർക്ക് തന്നെയാണ് ഇവിടത്തെ പ്രധാന ആകർഷണം.

keralanews visit vayalapra park in summer vacation (2)

ചരിത്ര പ്രാധാന്യമുള്ള ഏഴിമലയുടെ താഴ്‌വര ഗ്രാമമായ വയലപ്രയിലാണ്. വയലപ്ര പരപ്പ് എന്ന മനോഹരമായ തടാകം.ഈ തടാകത്തിനു മുകളിലാണ് ഫ്‌ളോട്ടിങ് പാർക്ക് സ്ഥാപിച്ചിരിക്കുന്നത്. കുട്ടികൾക്ക് ആസ്വദിക്കുവാനായി ഗെയിം സ്റ്റേഷനുകൾ, സുരക്ഷിതമായ ചിൽഡ്രൻസ് സ്പെഷ്യൽ ബോട്ടിംഗ്, കിഡ്‌സ് പാർക്ക് തുടങ്ങിയ കുറെ ആക്ടിവിറ്റികൾ ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്.ഒപ്പം പെഡൽ ബോട്ടിംഗ്, ഗ്രൂപ്പ് ബോട്ടിംഗ്, ഫാമിലി ബോട്ടിംഗ്, കയാക്കിംഗ് തുടങ്ങി വിവിധ തരത്തിലുള്ള ബോട്ടിംഗ് പാക്കേജുകൾ അവിടെ ലഭ്യമാണ്. ബോട്ടിംഗ് നടത്തുന്ന സമയത്തിനനുസരിച്ചാണ് നിരക്കുകൾ.പാർക്കിൽ കയറുന്നതിന് ഒരാൾക്ക് 20 രൂപയും അഞ്ചു വയസ്സിനു മേലുള്ള കുട്ടികൾക്ക് 10 രൂപയുമാണ് ചാർജ്ജ്. കൂടാതെ ക്യാമറ കയ്യിലുണ്ടെങ്കിൽ അതിനു സ്പെഷ്യൽ ചാർജ്ജും കൊടുക്കണം. സ്റ്റിൽ ക്യാമറയ്ക്ക് 60 രൂപയും വീഡിയോ ക്യാമറയ്ക്ക് 150 രൂപയുമാണ് നിരക്കുകൾ. രാവിലെ 10 മണി മുതൽ രാത്രി 8 മണിവരെയാണ് സന്ദർശന സമയം.കണ്ണൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് വീക്കെൻഡുകളിൽ കുടുംബവുമായി ചെലവഴിക്കുവാൻ പറ്റിയ മികച്ച ടൂറിസം സ്പോട്ടാണ് വയലപ്ര ഫ്‌ളോട്ടിങ് പാർക്ക്.

കുപ്പിവെള്ളം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പഠന റിപ്പോർട്ട്

keralanews study report says bottled water cause severe health problems

തിരുവനന്തപുരം:ശുദ്ധമെന്ന് കരുതി യാത്രയിലും മറ്റും ദാഹമകറ്റാന്‍ പണംകൊടുത്ത് നാം വാങ്ങി ഉപയോഗിക്കുന്ന കുപ്പിവെള്ളം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയെന്ന് പഠനറിപ്പോര്‍ട്ട്. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയില്‍ ചില കുപ്പിവെള്ളങ്ങളിൽ കോളിഫോം ബാക്ടീരിയ അടക്കം കണ്ടെത്തിയിരുന്നു.രാജ്യത്ത് വില്‍ക്കുന്ന പത്ത് കുപ്പിവെള്ളത്തില്‍ മൂന്നെണ്ണവും മലിനജലം അടങ്ങിയതാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ജേണലിസം സ്ഥാപനമായ ഓര്‍ബ് മീഡിയ 11 കുടിവെള്ള ബ്രാന്‍ഡുകളിലെ 250 ബോട്ടിലുകളില്‍ നടത്തിയ പരീക്ഷണമാണ് ഞെട്ടിക്കുന്ന ഫലം പുറത്തുവിട്ടിരിക്കുന്നത്.ഇന്ത്യയടക്കമുള്ള ഒന്‍പതു രാജ്യങ്ങളില്‍ നിലവിലുള്ള കുപ്പിവെള്ളങ്ങളാണ് പഠനവിധേയമാക്കിയത്. പ്ലാസ്റ്റിക്കിന്റെ ചെറുതരികള്‍ നിറഞ്ഞതാണ് നമ്മുടെ കുപ്പിവെള്ളത്തിലെ 93 ശതമാനവുമെന്നാണ് പഠനത്തിലുള്ളത്. 250 കുപ്പികളില്‍ 93 ശതമാനത്തിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. ഈ 93 ശതമാനം കുപ്പിവെള്ളത്തില്‍ ഓരോ ലിറ്ററിലും ശരാശരി ഒരു മുടിനാരിന്റെ വലുപ്പത്തിലുള്ള പ്ലാസ്റ്റിക്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുപ്പിയുടെ അടപ്പുകള്‍ നിര്‍മിക്കുന്ന പ്ലാസ്റ്റികിന്റെ അംശവും കുടിവെള്ളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അര്‍ബുദത്തിനും ബീജത്തിന്റെ അളവ് കുറയ്ക്കാനും കുട്ടികളില്‍ ഓട്ടിസത്തിനും കാരണമായേക്കാവുന്ന വിഷവസ്തുക്കളാണ് ഇവയില്‍ പലതും. കേരളത്തിലെ അറുന്നൂറിലേറെ കുപ്പിവെള്ള നിര്‍മാണ യൂണിറ്റുകളില്‍ 142 എണ്ണത്തിന് മാത്രമാണ് ഐഎസ്‌ഐയുടേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും അനുമതിയുള്ളത്.വെള്ളത്തിലുള്ള പ്ലാസ്റ്റിക്കിന്റെ അംശം മൈക്രോസ്‌കോപ് ഉപയോഗിച്ച്‌ നോക്കിയാല്‍ തിളക്കത്തോടെ വേര്‍തിരിച്ച്‌ കാണാനാകും. 2016-17 കാലയളവില്‍ 743 വെള്ളക്കുപ്പികള്‍ സാംപിളുകളായെടുത്ത് കേന്ദ്രം പരിശോധിച്ചിരുന്നു. കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി (ഫസായ്) നടത്തിയ പരിശോധനയില്‍ 224 സാംപിളുകളും മലിനീകരിക്കപ്പെട്ടതാണെന്ന് കണ്ടെത്തി.ഗുണ നിലവാരമില്ലാത്ത കുപ്പിയില്‍ മലിനജലം വില്പന നടത്തി ഉപഭോക്താക്കളെ രോഗികളാക്കുന്ന കുടിവെള്ള കമ്ബിനികളേയും വിതരണക്കാരുടേയും പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമമാകുകയാണ്.

11 രൂപയ‌്ക്ക‌് കുപ്പിവെള്ളം ലഭ്യമാക്കാനൊരുങ്ങി സപ്ലൈകോ

keralanews supplyco ready to supply bottled water for rs11

തിരുവനന്തപുരം:വേനൽ കടുത്തതോടെ സംസ്ഥാനത്തെ കുപ്പിവെള്ള വിപണിയിലെ ചൂഷണം ഒഴിവാക്കാൻ 11 രൂപയ‌്ക്ക‌് കുപ്പിവെള്ളം ലഭ്യമാക്കാനൊരുങ്ങി സപ്ലൈകോ.വെള്ളിയാഴ‌്ച മുതല്‍ സപ്ലൈകോയുടെ 1560 ഔട്ട‌്‌ലെറ്റ‌ുകള്‍ വഴി ലിറ്ററിന‌് 11 രൂപയ‌്ക്ക‌് കുപ്പിവെള്ളം ലഭ്യമാക്കും. കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ കുറഞ്ഞ വിലയില്‍ കുപ്പിവെള്ളമെത്തിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നാണ‌് സപ്ലൈകോ നടപടി.20 രൂപയാണ‌് വിപണിയില്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില. റെയില്‍വേയില്‍ 15 രൂപയും.ആദ്യഘട്ടത്തില്‍ മാവേലി സ‌്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ സ‌്റ്റോറുകള്‍ എന്നിവ വഴിയാണ‌് കുപ്പിവെള്ള വിതരണം. അംഗീകൃത സ്വകാര്യ കമ്പനികളിൽ നിന്ന‌് കുപ്പിവെള്ളം വാങ്ങി വില്‍പ്പന നടത്തുന്നതിന‌് കരാറായി.ഇവര്‍ സപ്ലൈകോയുടെ ഔട്ട‌്‌ലെറ്റുകളില്‍ വെള്ളമെത്തിക്കും.കുപ്പിവെള്ള വില്‍പ്പനയുടെ സംസ്ഥാനതല ഉദ‌്ഘാടനം ഗാന്ധിനഗറിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സപ്ലൈകോ മാനേജിങ‌് ഡയറ‌ക‌്ടര്‍ എം എസ‌് ജയ ആര്‍റ്റിഐ കേരള ഫെഡറേഷന്‍ പ്രസിഡന്റ‌് അഡ്വ. ഡി ബി ബിനുവിന‌് കുപ്പിവെള്ളം നല്‍കി ഉദ‌്ഘാടനം ചെയ‌്തു.

എച്ച് വൺ എൻ വൺ പനി;ജില്ലയിൽ ജാഗ്രത നിർദേശം നൽകി

keralanews alert against h1n1 fever in the district

കണ്ണൂർ:ജില്ലയിൽ എച്ച് വൺ എൻ വൺ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.നാരായൺ നായിക് നിർദേശം നൽകി.വായുവിലൂടെയാണ് ഈ രോഗം പകരുക.മിക്കവരിലും ഇത് നാലഞ്ച് ദിവസം കൊണ്ട് ഭേദമാകും.എന്നാൽ ചിലരിൽ ഇത് ഗുരുതരമായ ശ്വാസതടസ്സം,ഓർമ്മക്കുറവ്,അപസ്മാരം,സ്വഭാവ വ്യതിയാനങ്ങൾ തുടങ്ങിയവയ്ക്ക് ഇടയാക്കും.ഗർഭിണികൾ,അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾ,65 വയസ്സിനു മുകളിലുള്ളവർ,പ്രമേഹരോഗികൾ,വൃക്കരോഗം,കരൾ രോഗം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ബാധിച്ചവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ വൈറൽ പനിയുടെ ലക്ഷണങ്ങളായ പണി,ശരീരവേദന,തൊണ്ടവേദന,തലവേദന,വരണ്ട ചുമ,വിറയൽ,ഛർദി,വയറിളക്കം, എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.വായുവിലൂടെ പകരുന്ന രോഗമായതിനാൽ രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും പൊത്തണം.വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണം.രോഗം ബാധിച്ചവർ മറ്റുള്ളരുമായി സമ്പർക്കം കുറയ്ക്കുക.ധാരാളം വെള്ളം കുടിക്കുകയും ആവശ്യത്തിന് വിശ്രമിക്കുകയും ചെയ്യണം.

തൃശ്ശൂരിൽ ഉത്സവപ്പറമ്പിൽ വിൽപ്പനയ്‌ക്കെത്തിച്ച റോഡമിന്‍ ബി എന്ന മാരക രാസവസ്തു ചേര്‍ത്ത 30 കിലോ മിഠായി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു

keralanews food security department seized 30kg of candy mixed with rhodamine b chemical

തൃശൂർ:ചേലക്കരയിൽ ഉത്സവപ്പറമ്പിൽ വിൽപ്പനയ്‌ക്കെത്തിച്ച റോഡമിന്‍ ബി എന്ന മാരക രാസവസ്തു ചേര്‍ത്ത 30 കിലോ മിഠായി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു.ജില്ലയിലെ പല ഉത്സവപെരുന്നാള്‍ സ്ഥലങ്ങളിലും വഴിയോരത്തൊരുക്കുന്ന താല്‍ക്കാലിക സ്റ്റാളുകളില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന മിഠായിയാണിത്.പലകടകളിൽ നിന്നായാണ് ഇവ പിടികൂടിയത്.കൃത്രിമ നിറം ലഭിക്കാന്‍ റോഡമിന്‍ ബി എന്ന നിരോധിത രാസവസ്തുവാണ് മിഠായില്‍ ചേര്‍ത്തിരിക്കുന്നത്. റോഡമിന്‍ ബിയുടെ നിരന്തര ഉപയോഗം കാന്‍സറിനു കാരണമാകുമെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.ചോക്ക് മിഠായിക്ക് മഞ്ഞ, ഓറഞ്ച്, പിങ്ക് നിറങ്ങള്‍ ലഭിക്കാന്‍ റോഡമിന്‍ ബി ചേര്‍ത്തിരുന്നതായാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തല്‍. ഇതിന്റെ നിരന്തരമായ ഉപയോഗം കുട്ടികളില്‍ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും.ഉല്‍സവ പെരുനാള്‍ പറമ്ബുകളില്‍ മിഠായി അടക്കം ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകളില്‍ പലതും ഭക്ഷ്യസുരക്ഷാ റജിസ്‌ട്രേഷന്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. ഇത്തരം 34 കടകള്‍ക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ജില്ലാ അസി. കമ്മിഷണര്‍ ജി. ജയശ്രീ, ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരായ വി.കെ. പ്രദീപ് കുമാര്‍, ഡോ. എസ്. ലിജ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അതുപോലെ തന്നെ ഉത്സവപ്പറമ്പുകളിൽ കൂടുതലായി വിറ്റഴിക്കപ്പെടുന്ന മറ്റൊന്നാണ് ഐസ് പൈക്കറ്റുകളായ സിപ് അപ്.ഇവ എവിടെ നിര്‍മ്മിച്ചതാണെന്നോ ഏതു തീയതിയില്‍ നിര്‍മ്മിച്ചതാണെന്നോ എത്രദിവസം കേടാകാതെ നില്‍ക്കുമെന്നോ ഉള്ള വിവരങ്ങളൊന്നും പ്രാദേശികമായി നിര്‍മ്മിക്കുന്ന സിപ് അപ്പ് പായ്ക്കറ്റുകളില്‍ കാണാറില്ല.ഇവയുടെ ഉപയോഗവും പലതരം രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് ഭക്ഷ്യവകുപ്പിൻറെ കണ്ടെത്തൽ.കൃത്യമായ ലേബല്‍ പതിക്കാതെ ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തിയാല്‍ 3 ലക്ഷം രൂപ വരെ പിഴയീടാക്കാം. ഗുണനിലവാരം കുറഞ്ഞ സാധനങ്ങളാണ് വില്‍ക്കുന്നതെങ്കില്‍ 5 ലക്ഷം രൂപ വരെ പിഴയീടാക്കാം. ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ കണ്ടെത്തിയാല്‍ 6 മാസം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം.

ക്ഷയരോഗബാധിതർക്കായി സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കഫ് കോർണറുകൾ വരുന്നു

keralanews cough corners will start in all hospitals in the state for tb patients

തിരുവനന്തപുരം:ക്ഷയരോഗബാധിതർക്കായി സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കഫ് കോർണറുകൾ വരുന്നു.ക്ഷയം പോലുള്ള രോഗങ്ങൾ മറ്റുള്ളവരിലേക്ക് പകരുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണിത്.വായുജന്യ രോഗബാധിതരായി എത്തുന്നവർക്ക് പ്രത്യേക പേഷ്യന്റ് ഐ.ഡി കാർഡ് നൽകും.ഇവർ ആശുപത്രിയിൽ കൂടുതൽ സമയം ചിലവാക്കുന്നത്  ഒഴിവാക്കാൻ ഫാസ്റ്റ്ട്രാക്കിലായിരിക്കും ചികിത്സ.കിടപ്പു രോഗികളാണെങ്കിൽ മറ്റുരോഗികളുമായി കൂടുതൽ സമ്പർക്കം വരാത്ത രീതിയിൽ പ്രത്യേക മേഖല വേർതിരിക്കും. ക്ഷയരോഗബാധിതരായി പ്രൈവറ്റ് ആശുപത്രിയിൽ എത്തുന്നവർക്കും സൗജന്യ ചികിത്സ ലഭിക്കും.ക്ഷയരോഗ നിർണയ പരിശോധനകളും മരുന്നുകളും സ്വകാര്യ ആശുപത്രികളിൽ ആരോഗ്യവകുപ്പ് സൗജന്യമായി ലഭ്യമാക്കും.ഇതിനായി 200 സെന്ററുകൾ ആരോഗ്യവകുപ്പ് സ്വകാര്യ ആശുപത്രികളിൽ ആരംഭിച്ചു.എച്1 എൻ1 ബാധിതർക്കും കഫ് കോർണറിലൂടെ പ്രത്യേക ശ്രദ്ധയും പരിചരണവും നൽകും.രോഗം പകരാതിരിക്കാൻ എയർബോൺ ഇൻഫെക്ഷൻ കൺട്രോൾ കിറ്റുകൾ രോഗികൾക്ക് നൽകും.

ശോഭരാജ് കടന്നപ്പള്ളിയുടെ സോളോ പെയിന്റിംഗ് ആൻഡ് കൊളാഷ് എക്സിബിഷൻ ‘കുർത്തം’ മാർച്ച് 23 മുതൽ 27 വരെ കണ്ണൂർ മോഹൻ ചാലാട് ആർട്ട് ഗാലറിയിൽ വെച്ച് നടത്തപ്പെടുന്നു

keralanews solo paintings and collage exhibition of shobharaj kadanappalli kurtham conducted at kannur mohan chalad art gallery from march 23 to 27

കണ്ണൂർ:ശോഭരാജ് കടന്നപ്പള്ളിയുടെ സോളോ പെയിന്റിംഗ് ആൻഡ് കൊളാഷ് എക്സിബിഷൻ ‘കുർത്തം’ മാർച്ച് 23 മുതൽ 27 വരെ കണ്ണൂർ മോഹൻ ചാലാട് ആർട്ട് ഗാലറിയിൽ വെച്ച് നടത്തപ്പെടുന്നു.ചിത്രപ്രദർശനത്തിന്റെ ഉൽഘാടനം മാർച്ച് 23 ശനിയാഴ്ച വൈകുന്നേരം 4.30 ന് കലാനിരൂപകൻ ഡോ.എ.ടി മോഹൻരാജ് നിർവഹിക്കും.ചടങ്ങിൽ ശ്രീ.കെ.കെ.ആർ വെങ്ങര,മാധവൻ പുറച്ചേരി,ഡോ.ജിനേഷ് കുമാർ എരമം,ഡോ പയ്യാവൂർ ഉണ്ണികൃഷ്ണൻ,ഗംഗാധരൻ മേലേടത്ത്, ഗോവിന്ദൻ കണ്ണപുരം എന്നിവർ മുഖ്യാതിഥികളായിരിക്കും.രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് പ്രദർശനം.’കുർത്തം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രപ്രദർശനം ഒരർത്ഥത്തിൽ നമുക്ക് ചുറ്റുമുള്ള കാഴ്ചകളുടെ അടയാളപ്പെടുത്തലുകളാണ്. ശിഥിലമായ കാഴ്ചകളെ കൂട്ടിച്ചേർത്തുള്ള കൊളാഷ് ചിത്രങ്ങളാൽ ജീവിതത്തിന്റെ തീവ്രാനുഭവങ്ങളുടെ ആവിഷ്ക്കരണമാണ് പ്രദർശനം മുന്നോട്ട് വെയ്ക്കുന്നത്.മുപ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടാവുക.ഇതിൽ പകുതിയോളം ചിത്രങ്ങളും കൊളാഷുകളാണ്.

സമകാലിക ജീവിത പ്രശ്നങ്ങളും സ്ത്രീയുടെയും പുരുഷന്റെയും ലോകത്തെ അന്ത:സംഘർഷങ്ങളും പ്രകൃതിയും പൂക്കളും ഉത്സവങ്ങളും പ്രണയവും ഉർവ്വരതയും എല്ലാം ചിത്രങ്ങൾക്ക് വിഷയമാകുന്നു.അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ എന്ന കൃതിയെ ആസ്പദമാക്കിയുള്ള കൊളാഷ് ഇത്തരത്തിൽ ശ്രദ്ധേയമാണ്. അക്രിലിക്കിലും സോഫ്റ്റ് പേസ്റ്റിലുമായി തീർത്ത മൂർത്തവും അമൂർത്തവുമായ ചിത്രങ്ങൾ സമൂഹത്തോട് ശക്തമായി സംവദിക്കുന്നവയാണ്. സ്ത്രീ കേന്ദ്രിതമായ രചനകളാവട്ടെ അവളുടെ പ്രണയത്തെയും അസ്വസ്ഥതകളെയും ആഴത്തിൽ പ്രതിനിധാനം ചെയ്യുന്നു.സാഹിത്യത്തിൽ പലപ്പോഴായി ചർച്ച ചെയ്യപ്പെട്ടിട്ടുള്ള കൃഷണ സങ്കൽപ്പത്തെ സോഫ്റ്റ് പേസ്റ്റൽ എന്ന മാധ്യമത്തിലൂടെയാണ് ചിത്രകാരൻ ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്.

കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്റർ ധർമശാലയിലെ അധ്യാപകനായ ശോഭരാജ് കടന്നപ്പള്ളി കണ്ണൂർ,കാസർകോഡ് ജില്ലകളിലെ നിരവധി ബിഎഡ് കോളേജുകളിൽ ആർട്ട് ആൻഡ് കൊളാഷ് ശില്പശാലകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.ചിത്രകലയിൽ അക്കാദമികമായ പഠനമൊന്നും നടത്തിയിട്ടില്ലാത്ത ഈ ചിത്രകാരൻ തന്റെ തോന്നലുകളുടെ അടയാളപ്പെടുത്തലുകളായിട്ടാണ് ചിത്രങ്ങളെ കാണുന്നത്.ചിത്ര വഴികളിൽ പ്രചോദനമായത് പ്രൈമറി ക്ലാസ്സുകളിൽ ഡ്രോയിങ് പരിശീലിപ്പിച്ച  എം.ഗംഗാധരൻ മാഷും ബിഎഡ് കാലത്ത് സൗന്ദര്യശാസ്ത്രത്തെ കുറിച്ച് പറഞ്ഞ അധ്യാപകനും ചിത്രകാരനുമായ ബി.ഉദയകുമാറുമാണ്.ഡിസൈനിങ് രംഗത്ത് തന്നെ പ്രവർത്തിക്കുന്ന മാതൃസഹോദരന്മാരുടെയും കുടുംബത്തിന്റെയും പിന്തുണയും ചിത്രകലയോട് താല്പര്യമുണ്ടാകാൻ കാരണമായി.2002 ഇൽ സ്പാസ്റ്റിക് ഇന്ത്യ സൊസൈറ്റി കണ്ണൂരിൽ വെച്ച് നടത്തിയ പ്രദർശനത്തിലും 2005 ഇൽ വിശ്വകലാ അക്കാദമി പയ്യന്നൂരിൽ വെച്ച് നടത്തിയ പ്രദർശനത്തിലും പങ്കെടുത്തിട്ടുണ്ട്.ഇത് ആദ്യത്തെ സോളോ എക്സിബിഷനാണ്.കണ്ണൂർ കടന്നപ്പള്ളിയിലെ പദ്മനാഭൻ-ശോഭ ദമ്പതികളുടെ മകനാണ്.പദ്മരാജ് സഹോദരനാണ്.ഗവേഷക വിദ്യാർത്ഥിയായ ആതിരയാണ് ഭാര്യ.

keralanews solo paintings and collage exhibition of shobharaj kadanappalli kurtham conducted at kannur mohan chalad art gallery from march 23 to 27 (2)