കോഴിക്കോട്:സാധാരക്കാരന്റെ മൽസ്യം എന്നറിയപ്പെടുന്ന മത്തിയുടെ വില കുതിക്കുന്നു.ഒരു കിലോയ്ക്ക് 300 രൂപയാണ് ഇപ്പോഴത്തെ വില.കഴിഞ്ഞ മാസം കിലോഗ്രാമിന് 160 രൂപയ്ക്ക് കിട്ടിയിരുന്ന മത്തിക്ക് ബുധനാഴ്ച 300 രൂപയായി.ഒരു കിലോ മത്തി വാങ്ങിയാല്‍ പതിനാലോ പതിനഞ്ചോ എണ്ണമാണ് കിട്ടുക. ഇത് പാചകം ചെയ്തുവരുമ്ബോഴേക്കും സാധാരണ വിലയ്ക്ക് വിളമ്പാനാവില്ല.ഇതോടെ ഹോട്ടലുകളിലും ഉച്ചയൂണിന് മത്തിയും അയിലയും അപ്രത്യക്ഷമായി. 180 രൂപയ്ക്ക് വിറ്റിരുന്ന അയിലയുടെ വില 380 രൂപവരെയായി. 120 രൂപമുതല്‍ 180 രൂപവരെ വിലയുണ്ടായിരുന്ന ചൂര ഇപ്പോള്‍ 280 രൂപയായി. ചെമ്ബല്ലി 260 രൂപയ്ക്കാണ് വില്‍ക്കുന്നത്.കടല്‍ക്ഷോഭം കാരണം മത്സ്യബന്ധനം തടസപ്പെടുന്നതും മത്സ്യത്തിന്റെ ലഭ്യത കുറയുന്നതുമാണ് വില കൂടാന്‍ കാരണം.കടല്‍ മീനിന്റെ വരവ് കുറഞ്ഞതോടെ വളര്‍ത്തുമീനുകള്‍ക്കും വില കൂടി.നേരത്തെ 130 രൂപയ്ക്ക് വിറ്റിരുന്ന കട്ലയുടെ വില 180 രൂപയായി.120 രൂപയുണ്ടായിരുന്ന വാളമീന്‍ കിലോയ്ക്ക് 200 രൂപയായി. തിലോപ്പിയയ്ക്ക് 200 രൂപയായി.നേരത്തെ കിലോയ്ക്ക് 140 രൂപയ്ക്കാണ് വിറ്റിരുന്നത്.
പരിക്ക് വില്ലനായി;ശിഖർ ധവാൻ ലോകകപ്പിൽ നിന്നും പുറത്ത്
സതാംപ്റ്റൺ:ലോകകപ്പില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമിന് പുറത്ത്. ആസ്‌ട്രേലിയക്കെതിരേ നടന്ന മത്സരത്തില്‍ താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റിരുന്നു. നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് താരത്തിന്‍റെ വിരലിനാണ് കൊണ്ടത്. സ്‌കാനിങ്ങില്‍ കൈവിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞു.ഇതോടെ ധവാന് മൂന്നാഴ്ച കളത്തിലിറങ്ങാന്‍ സാധിക്കില്ല. ഇതോടെ ജൂണിലെ ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമാകും.വ്യാഴാഴ്ച ന്യൂസിലന്‍ഡിനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം. നിലവില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച ഇന്ത്യ രണ്ടിലും വിജയിച്ച് നാല് പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് മുന്‍പ് ധവാന് ടീമില്‍ തിരിച്ചെത്താന്‍ പറ്റുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. അതേസമയം ധവാന് പകരം ഋഷഭ് പന്തിനെ ടീമിലെടുക്കാനാണ് സാധ്യത. കെ.എല്‍.രാഹുല്‍ ആയിരിക്കും രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക എന്നും സൂചനകളുണ്ട്. ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ശിഖര്‍ ധവാന്റെ അസാന്നിധ്യം ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.
കണ്ണാടിപ്പാലത്തിലൂടെ നടന്നിട്ടുണ്ടോ?എന്നാൽ അതിനായി ഇനി നാടുവിടേണ്ട;നേരെ പൊയ്ക്കൊള്ളൂ നമ്മുടെ സ്വന്തം വയനാട്ടിലേക്ക്
വയനാട്:കണ്ണാടിപ്പാലത്തിലൂടെ ആളുകൾ നടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും നമ്മൾ കാണാറുണ്ട്.ഇത് കാണുമ്പോൾ അതുപോലെ ഒരിക്കലെങ്കിലും നടക്കാൻ നമ്മളും ആഗ്രഹിക്കാറുണ്ട്.ഇതിനായി ഇനി നാട് വിട്ടുപോകേണ്ട ആവശ്യമില്ല.നേരെ വിട്ടോളൂ നമ്മുടെ സ്വന്തം വയനാട്ടിലേക്ക്.സൗത്ത് ഇന്ത്യയില്‍ ആദ്യമായി കണ്ണാടി പാലം വന്നിരിക്കുകയാണ്. മേപ്പടിയില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ തൊള്ളായിരം കണ്ടിയിലാണ് ഈ കണ്ണാടിപാലം. തൊള്ളായിരംക്കണ്ടി വരെ സ്വന്തം വാഹനത്തില്‍ പോകാം. അവിടെ നിന്നും കണ്ണാടിപാലത്തിലേക്കുള്ള ജീപ്പുണ്ട്.2016 ല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലത്തിന്റെ ചെറിയ ഒരു പതിപ്പാണിത്. യാത്രാപ്രേമികള്‍ അറിഞ്ഞുവരുന്നതേ ഉള്ളൂ ഇങ്ങനൊരു കണ്ണാടിപ്പാലത്തിന്റെ കാര്യം.സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് പാലം. നിര്‍മ്മാണത്തിനാവശ്യനായ ഫൈബര്‍ഗ്ലാസ് ഉള്‍പ്പടെ സകലതും ഇറ്റലിയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്തത്. ഒരേ സമയം മൂന്നോ നാലോ ആളുകളെ മാത്രമേ ഈ പാലത്തിലൂടെ നടക്കാന്‍ അനുവദിക്കുള്ളൂ. ഒരാള്‍ക്ക് 100 രൂപയാണ് ഫീസ്.
യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ യുവരാജാവും പോരാട്ട വീര്യത്തിന്റെ പ്രതിരൂപവുമായ യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.യുവരാജ് സിങ്ങ് തന്നെയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വൈകാരികമായ പ്രസംഗത്തിലൂടെയായിരുന്നു യുവിയുടെ വിടവാങ്ങല്‍ പ്രഖ്യാപനം.2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു. 2011ലെ ഏകദിന ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കിയ യുവിയായിരുന്നു ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിന്റെ താരം.2007ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറില്‍ ആറും സിക്‌സ് പായിച്ച് കളി ആരാധകരുടെ ഹൃദയത്തില്‍ വലിയ സ്ഥാനം സ്വന്തമാക്കിയ താരമാണ് യുവരാജ് സിങ്. ആ ലോകകപ്പിലും പിന്നീട് 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്ബോഴും ടീമിന്റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായത് ഇന്ത്യയുടെ ഈ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ആയിരുന്നു.2011ലെ ഏകദിന ലോകകപ്പിന് ശേഷം ക്യാന്‍സര്‍ രോഗത്തിന് ചികിത്സതേടി രോഗമുക്തനായി കളിക്കളത്തില്‍ തിരിച്ചെത്തി പോരാട്ടവീര്യത്തിന്റെ പ്രതിരൂപമായി മാറിയ കളിക്കാരനാണ് യുവരാജ് സിങ്.
സംസ്ഥാനത്ത് പച്ചക്കറിവില കുതിക്കുന്നു; മൽസ്യവിലയിലും വർദ്ധന
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു.കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുന്ന ആന്ധ്രാ, തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനമാണ് വില ഉയരാന്‍ കാരണം. പച്ചക്കറി വിലയ്ക്കു പുറമെ പലവ്യഞ്ജന സാധനങ്ങളുടെയും മത്സ്യത്തിന്റെയും വില വര്‍ധിച്ചു.പച്ചക്കറിയുടെ വിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കൂടിയത്. കഴിഞ്ഞ മാസങ്ങളില്‍ കിലോയ്ക്ക് 14,15 രൂപ നിരക്കില്‍ ലഭിച്ചിരുന്ന തക്കാളിക്ക് ഇപ്പോള്‍ വില 40 രൂപയായി ഉയര്‍ന്നു. ഇഞ്ചിയുടേയും ബീന്‍സിന്റെയും വില 100 കടന്നു. പയറ്, ചെറിയുള്ളി, വെളുത്തുള്ളി എന്നിവ വാങ്ങണമെങ്കില്‍ വില അധികം കൊടുക്കേണ്ടിയും വരും.പലവ്യഞ്ജനത്തിന്റെ വിലയും വര്‍ധിച്ചിട്ടുണ്ട്. പഞ്ചസാരയുടേയും തേങ്ങയുടേയും വില കുതിച്ചുയര്‍ന്നു.നിലവില്‍ വില കൂടുതലായിരുന്ന മീനിന്റെ വില ട്രോളിങ് നിരോധനം കൂടി നിലവില്‍ വന്നതോടെ ഇനിയും കൂടും. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നത് സാധാരണക്കാരെയാണ് ഏറെ ബാധിക്കുക.
ലോകകപ്പ് ക്രിക്കറ്റ്;ഇന്ത്യയ്ക്ക് രണ്ടാം ജയം
സതാംപ്റ്റൻ:ലോകകപ്പ് ക്രിക്കറ്റ്;ഇന്ത്യയ്ക്ക് രണ്ടാം ജയം.ഓസീസിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിനു നിശ്ചിത ഓവറില്‍ എല്ലാവരുടെയും വിക്കറ്റ് നഷ്ടമായി.നേരത്തെ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു. ഇന്ത്യക്കായി ശിഖര്‍ ധവാന്‍ (117) സെഞ്ചുറിയും വിരാട് കോഹ്ലി( 82) രോഹിത് ശര്‍മ( 57) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറിയും പാണ്ഡ്യ 48 റണ്‍സും നേടി.ഓസീസിനായി സ്റ്റീവ് സ്മിത്ത്(70 പന്തില്‍ 69), വാര്‍ണര്‍(84 പന്തില്‍ 56) എന്നിവര്‍ പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല.ഓപ്പണിങ് കൂട്ടുകെട്ടില്‍ സ്കോര്‍ 61ല്‍ എത്തിനില്‍ക്കേ 36 റണ്‍സ് എടുത്ത് ഫിഞ്ച് പുറത്തായെങ്കിലും വാര്‍ണറും സ്മിത്തും ചേര്‍ന്ന് കളി മുന്നോട്ടു കൊണ്ടുപോയി. വാര്‍ണര്‍ 56 റണ്‍സെടുത്ത് 24ആം ഓവറില്‍ പുറത്തായെങ്കിലും പിന്നീടെത്തിയ ഉസ്മാന്‍ ഖവാജ 39 പന്തില്‍ 42 റണ്‍സെടുത്ത് സ്മിത്തിന് മികച്ച പിന്തുണ നല്‍കി. 36ആം ഓവറില്‍ ബുംറയുടെ പന്തില്‍ ഖവാജ പുറത്തായെങ്കിലും പിന്നീടെത്തിയ മാക്‌സ്‌വെല്‍ സ്മിത്തുമായി ചേര്‍ന്ന് സ്കോറിങ് വേഗം ഉയര്‍ത്തി. ഒരുഘട്ടത്തില്‍ ഓസീസ് ജയിക്കുമെന്ന് നിലയിലെത്തിയപ്പോളാണ് ഭുവനേശ്വര്‍ കുമാറിന്റെ 39ആം ഓവറില്‍ സ്മിത്തും ആറാമനായി ഇറങ്ങിയ സ്റ്റോയ്‌നിസും(2 പന്തില്‍ ൦) പുറത്താകുന്നത്. തൊട്ടടുത്ത ഓവറില്‍ മാക്സ്‌വെല്ലിനെ(14 പന്തില്‍ 28) യുസ്‌വേന്ദ്ര ചഹല്‍ പുറത്താക്കിയതോടെ മത്സരം ഇന്ത്യയുടെ വരുതിയിലാകുകയായിരുന്നു.അവസാന ഓവറുകളില്‍ അലക്സ് കാരെ പുറത്താകാതെ (35 പന്തില്‍ 55) രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ഓസീസിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യക്കായി ബുംറ, ബുവനേശ്വര്‍ കുമാര്‍ എന്നിവര്‍ മൂന്നും ചഹല്‍ രണ്ടും വിക്കറ്റ് നേടി.
ലോകകപ്പ് ക്രിക്കറ്റ്;ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആറുവിക്കറ്റ് ജയം
സതാംപ്‌ടണ്‍: രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം.228 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.128 പന്തില്‍ 10 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതമാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 135 പന്തുകള്‍ നേരിട്ട രോഹിത് 13 ബൗണ്ടറിയും രണ്ടു സിക്‌സുമടക്കം 122 റണ്‍സോടെ പുറത്താകാതെ നിന്നു.സെഞ്ചുറിയോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ (22) പിന്തള്ളി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രോഹിത് മൂന്നാമതെത്തി.സച്ചിന്‍ (49), കോലി (41) എന്നിവര്‍ മാത്രമാണ് സെഞ്ചുറിക്കണക്കില്‍ രോഹിതിന് മുന്നിലുള്ളത്.
നേരത്തെ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ 13-ല്‍ നില്‍ക്കെ ശിഖര്‍ ധവാനെ റബാദ മടക്കി (8). പിന്നാലെ 34 പന്തുകള്‍ നേരിട്ട് ക്യാപ്റ്റന്‍ വിരാട് കോലിയും (18) പുറത്തായി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് – കെ.എല്‍ രാഹുല്‍ സഖ്യം 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 139-ല്‍ എത്തിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 26 റണ്‍സെടുത്ത രാഹുലിനെ റബാദ മടക്കി.പിന്നീട് ക്രീസില്‍ ധോനിക്കൊപ്പം രോഹിത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ജയിക്കാന്‍ 15 റണ്‍സ് വേണമെന്നിരിക്കെ ക്രിസ് മോറിസിന് വിക്കറ്റ് സമ്മാനിച്ച് ധോനി (34) മടങ്ങി. നാലാം വിക്കറ്റില്‍ രോഹിത് – ധോനി സഖ്യം 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹാര്‍ദിക് പാണ്ഡ്യ 15റണ്‍സുമായി പുറത്താകാതെ നിന്നു.നേരത്തെ ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ തുടക്കം മുതല്‍ ഒടുക്കം വരെ പതറിയ ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് മാത്രമാണ് നേടാനായത്.
ലോകകപ്പ് ക്രിക്കറ്റ്;ഇന്ത്യയുടെ ആദ്യമത്സരം ഇന്ന്
സതാംപ്റ്റൺ:ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ആദ്യമത്സരത്തിനിറങ്ങുന്നു. ദക്ഷിണാഫ്രിക്കയാണ് ആദ്യമത്സരത്തിൽ ഇന്ത്യയുടെ എതിരാളി.ഉച്ചയ്ക്ക് ശേഷം മൂന്നിന് സതാംപ്ടണിലെ ദി റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം.വിജയക്കൊടി പാറിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്ന് പോരിനിറങ്ങുന്നത്.അതേസമയം ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള വിജയശതമാനം വിരാട് കോലിക്കും സംഘത്തിനും അത്ര ആത്മവിശ്വാസം പകരുന്നതല്ല.ഇരുടീമുകളും ഇതുവരെ 4 തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമായിരുന്നു. 2011ല്‍ ഇന്ത്യ നേടിയ ലോകകപ്പില്‍ പോലും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഇന്ത്യ വീണുപോയിരുന്നു. ഇത്തവണ അതിന് മാറ്റം വരുത്താനുള്ള ദൃഡനിശ്ചയത്തിലാണ് കോലിയും സംഘവും.
ലഭ്യത കുറഞ്ഞു;സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു
കൊച്ചി:ചുട്ടുപൊള്ളുന്ന വെയിലില്‍ കൃഷിയിടങ്ങള്‍ കരിഞ്ഞുണങ്ങിയതോടെ ലഭ്യതയില്‍ കുറവു വന്നതിനെ തുടർന്ന് പച്ചക്കറി വില കുതിക്കുന്നു.ബീന്‍സ്, പച്ചമുളക്, തക്കാളി, ചെറുനാരങ്ങ, കാരറ്റ്, ഇഞ്ചി, പാവക്ക തുടങ്ങിയവയ്ക്കൊക്കെ വില കുത്തനെ വര്‍ധിച്ചു. കഴിഞ്ഞയാഴ്ച 55-60 രൂപ വിലയുണ്ടായിരുന്ന പച്ചമുളകിന് കിലോയ്ക്ക് 70 രൂപയാണ് ഇപ്പോഴത്തെ മൊത്തവില.ചില്ലറവില ഇതിലും കൂടും.കിലോയ്ക്ക് 30 രൂപ ഉണ്ടായിരുന്ന ബീന്‍സിന് ഇപ്പോള്‍ 80 രൂപയാണ് വില. 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് 50 രൂപയായി.കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് പച്ചക്കറികള്‍ക്ക് 10 രൂപവരെ വില വര്‍ധിച്ചതായി വ്യാപാരികള്‍ പറഞ്ഞു.മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പച്ചക്കറികളുടെ വരവിലും ഗണ്യമായ കുറവുണ്ടായി.ജൂണില്‍ മഴകൂടി എത്തുന്നതോടെ ഇനിയും വില വര്‍ദ്ധിക്കാനാണ് സാധ്യത.
വിറ്റാമിന്‍ എയും ഡിയും ചേര്‍ത്ത പാല്‍ മില്‍മ ഇന്ന് മുതൽ വിപണിയിലിറക്കുന്നു
എറണാകുളം:വിറ്റാമിന്‍ എയും ഡിയും ചേര്‍ത്ത പാല്‍ മില്‍മ ഇന്ന് മുതൽ വിപണിയിലിറക്കുന്നു. ഇന്ന് വിപണിയിലെത്തുന്ന പാല്‍ പുതിയ ഡിസൈനിലുള്ള പായ്ക്കറ്റുകളിലാവും ഉപഭോക്താക്കളിലേക്കെത്തുക.എറണാകുളം മേഖല പരിധിയിലെ തൃപ്പുണിത്തുറ, കോട്ടയം, കട്ടപ്പന, തൃശ്ശൂര്‍ എന്നീ ഡയറികളില്‍ നിന്നായിരിക്കും ആദ്യഘട്ടത്തില്‍ വൈറ്റമിന്‍ എ,ഡി എന്നിവ ചേര്‍ത്ത പായ്ക്കറ്റ് പാല്‍ വിപണിയിലെത്തുക.രാജ്യത്തെ അന്‍പത് ശതമാനത്തിലധികം പേരിലും വൈറ്റമിനുകളുടെ കുറവുണ്ടെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മില്‍മയുടെ പുതിയ ചുവട് വെയ്പ്പ്.പാലില്‍ വിറ്റാമിനുകള്‍ ചേര്‍ക്കുന്നതിന് ലിറ്ററിന് 20 പൈസ അധികം വേണ്ടി വരുമെങ്കിലും നിലവിലെ നിരക്ക് തന്നെ ഈടാക്കാനാണ് തീരുമാനം. പാൽ,ഐസ്‌ക്രീം ഉള്‍പ്പടെയുള്ള ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി എത്തിക്കാനും മില്‍മ ലക്ഷ്യമിടുന്നുണ്ട്. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഇടങ്ങളില്‍ ഇത് എത്തിച്ച് നല്‍കും.ജൂണ്‍ ഒന്ന് മുതല്‍ പരീക്ഷണാര്‍ത്ഥം തിരുവനന്തപുരത്ത് പദ്ധതി നടപ്പിലാക്കും.നിലവില്‍ ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ഭക്ഷണം വിതരണം ചെയ്യുന്നവരെയാണ് ഹോം ഡെലിവറിക്കായി ഉപയോഗിക്കുക. ഈ പരീക്ഷണം വിജയിച്ചാല്‍ കൊച്ചി ഉള്‍പ്പടെയുള്ള മറ്റ് നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.