കണ്ണൂർ:ജില്ലയിൽ വ്യാപകമായി കണ്ണുരോഗം പടരുന്നുണ്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.നാരായണ നായിക് അറിയിച്ചു.സാധാരണയായി കണ്ടുവരുന്ന ചെങ്കണ്ണ് രോഗമാണിത്. സാധാരണ ഈ സീസണിൽ ഉണ്ടാകുന്ന ശരാശരി കേസുകൾ മാത്രമേ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.കണ്ണിൽ ചുവപ്പ്‌നിറം,കണ്ണിൽ നിന്നും വെള്ളം ചാടുക,കണ്ണുകളിൽ അമിതമായി ചീപൊള അടിയൽ,പ്രകാശത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട്,രാവിലെ എണീക്കുമ്പോൾ കണ്ണുതുറക്കാൻ പ്രയാസം,ചെവിയുടെ മുൻഭാഗത്ത് കഴലവീക്കം,എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ.അപൂർവ്വം ചിലരിൽ മാത്രം നേത്രപടലത്തെ ഈ രോഗം ബാധിക്കാറുണ്ട്.രോഗം പൂർണ്ണമായും മാറാൻ രണ്ടാഴ്ച സമയമെടുക്കും.രോഗം ബാധിച്ചവർ പൊതുസ്ഥലങ്ങളിൽ നിന്നും വിട്ടുനിന്നാൽ രോഗപകർച്ച ഒരു പരിധിവരെ തടയാം.രോഗം ബാധിച്ചയാളുടെ കണ്ണിൽ നിന്നും വരുന്ന സ്രവം പറ്റിപ്പിടിച്ച സ്ഥലങ്ങളിൽ മറ്റുള്ളവർ തൊടുകയും ആ കൈകൊണ്ട് സ്വന്തം കണ്ണിൽ തൊടുകയും ചെയ്യുമ്പോഴാണ് രോഗം പകരുന്നത്.കൈകൾ ഇടയ്ക്കിടെ കഴുകുകയും കണ്ണിൽ തൊടാതിരിക്കുകയും ചെയ്യുന്നതിലൂടെ രോഗം പകരുന്നത് തടയാൻ സാധിക്കും.അടുത്തുള്ള പ്രാഥമിക,സാമൂഹിക,കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ രോഗത്തിനുള്ള ചികിത്സ ലഭ്യമാണ്.ജില്ലാ ആശുപത്രി,ജനറൽ ആശുപത്രി,താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ വിദഗ്ദ്ധ ചികിത്സ ലഭിക്കും.
മലയാളിയായ ഒളിമ്പ്യൻ മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ചന്ദ് പുരസ്‌കാരം
ന്യൂഡൽഹി:മലയാളിയായ ഒളിമ്പ്യൻ മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ചന്ദ് പുരസ്‌കാരം. കായികരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് ധ്യാന്‍ചന്ദ് പുരസ്‌കാരം നല്‍കുന്നത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ പുരസ്‌കാര നിര്‍ണയ സമിതി കേന്ദ്ര കായിക മന്ത്രാലയത്തിനു സമര്‍പ്പിച്ചു.കണ്ണൂര്‍ സ്വദേശിയായ ഫ്രെഡറിക്ക് 1972ലെ ഒളിമ്ബിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ അംഗമായിരുന്നു. ഒളിമ്ബിക് മെഡല്‍ നേടിയ ഏക മലയാളി കൂടിയാണ് ഫ്രെഡറിക്ക്. 1972ലെ മ്യൂണിക് ഒളിംപിക്‌സില്‍ ഹോളണ്ടിനെ തോല്‍പ്പിച്ച് വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോളിയായിരുന്നു അദ്ദേഹം. ഗോള്‍മുഖത്തെ കടുവ എന്നാണ് മാനുവല്‍ ഫ്രെഡറിക്ക് അറിയപ്പെട്ടിരുന്നത്. അന്ന് വെങ്കലം നേടിയ ടീമിലെ എട്ട് പേര്‍ക്ക് അര്‍ജുന അവാര്‍ഡും രണ്ട് പേര്‍ക്ക് പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിരുന്നു. ഏറെക്കാലം നീണ്ട അവഗണനകള്‍ക്കൊടുവിലാണ് ഫ്രെഡറിക്കിനെ തേടി പുരസ്‌കാരം എത്തുന്നത്.അര്‍ജുന അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. മലയാളികളായ മുഹമ്മദ് അനസ്, മിനിമോള്‍ എബ്രഹാം, സജന്‍ പ്രകാശ് എന്നിവര്‍ സാധ്യതാ പട്ടികയിലുണ്ട്. ക്രിക്കറ്റില്‍ നിന്ന് ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ക്കാണ് സാധ്യത. പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുന്ന പന്ത്രണ്ടംഗ സമിതി യോഗം ഡല്‍ഹിയില്‍ തുടരുകയാണ്.
പ്രളയബാധിതര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍
തിരുവനന്തപുരം:പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമമില്ല. ദുരിതബാധിതര്‍ക്ക് ആവശ്യമായ ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ വേണ്ടി അധിക ധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കത്തയച്ചിട്ടുണ്ട്. ഇത് ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വെള്ളം കയറി ഇ പോസ് സംവിധാനം തകരാറില്‍ ആയ റേഷന്‍ കടകള്‍ക്ക് മാന്വല്‍ ആയി റേഷന്‍ നല്‍കാമെന്നും മന്ത്രി പറഞ്ഞു.
മാക്‌ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു
തിരുവനന്തപുരം: അനുവദനീയമായതിൽ കൂടുതല്‍ സില്‍വറിന്‍റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മാക്‌ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ്. ഇത് സംബന്ധിച്ച അറിയിപ്പ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഫുഡ് സെഫ്റ്റി കേരള വഴി പുറത്തുവിട്ടു. അനുവദിച്ചതിലും കൂടുതൽ സിൽവറിന്റെ സാന്നിദ്ധ്യം പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് S&S ഫുഡ് ഇൻഡസ്ട്രീസ് തൃശൂർ ഉദ്പാദിപ്പിക്കുന്ന മാക്ഡോവൽഡ്രിങ്കിങ് വാട്ടർ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. കുപ്പിവെള്ളം സൂക്ഷിക്കാനോ വിൽപ്പന നടത്താനോ വിതരണം ചെയ്യാനോ പാടുള്ളതല്ല. ഉൽപ്പാദകരോട് വിപണിയിലുള്ള മുഴുവൻ കുപ്പിവെള്ളവും തിരിച്ചെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്. കമ്പനികള്‍ വെള്ളം ശേഖരിക്കുന്നത് വൃത്തിയില്ലാത്ത ഇടങ്ങളില്‍ നിന്നാണെന്നും അശാസ്ത്രീയമായി ഇവര്‍ വെള്ളം പാക്കേജ് ചെയ്ത് നല്‍കുകയാണെന്നുമാണ് പരിശോധനയില്‍ കണ്ടെത്തിയത്.ഇത്തരത്തില്‍ ഗുണ നിലവാരമില്ലാത്ത കുപ്പിവെള്ളങ്ങള്‍ മാര്‍ക്കറ്റില്‍ ഉള്ളവ പോലും തിരിച്ച് എടുക്കാനും ഇതിന്‍റെ വില്‍പ്പന തടയാനും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.
സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന
തിരുവനന്തപുരം:സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന.വിലക്കൂട്ടുന്ന കാര്യം ആവശ്യപ്പെട്ട് മില്‍മ ഫെഡറേഷന്‍ സര്‍ക്കാരിനെ സമീപിച്ചു. കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ളവയുടെ വില കൂടിയ സാഹചര്യത്തില്‍ വില വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ല. ക്ഷീര കര്‍ഷകര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നുമാണ് മില്‍മയുടെ വിശദീകരണം.വില വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഇന്‍സെന്റീവ് അനുവദിക്കുക മാത്രമാണ് പോംവഴിയെന്നുമാണ് മില്‍മ വ്യക്തമാക്കുന്നത്.നിരക്ക് വര്‍ദ്ധന സംബന്ധിച്ച് പഠിക്കാന്‍ മില്‍മ ഒരു സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ ലിറ്ററിന് എത്ര രൂപ കൂട്ടണമെന്ന് മില്‍മ നിശ്ചയിക്കും. അതിനുശേഷം സര്‍ക്കാരുമായി ചര്‍ച്ച നടത്താനാണ് തീരുമാനം.
സംസ്ഥാനത്തെ റേഷൻകടയുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം:വേതന പരിഷ്കരണമുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ റേഷൻകടയുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ഇ പോസ് മെഷ്യനുകള്‍ പ്രവര്‍ത്തിക്കാത്തത്തിനെത്തുടര്‍ന്ന് റേഷന്‍ വിതരണം മുടങ്ങുന്നതിന് പരിഹാരം കാണണമെന്ന ആവശ്യവും വ്യാപാരികള്‍ മുന്നോട്ട് വെക്കുന്നുണ്ട്.ഇതിനു മുന്നോടിയായി അടുത്ത മാസം ഏഴിന് റേഷന്‍ കടയുടമകള്‍ സൂചനാ സമരം നടത്തും. നിലവില്‍ ലഭിക്കുന്ന വേതനം കൊണ്ട് റേഷന്‍കട നടത്തി മുന്നോട്ട് പോകാനാവില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. സെയില്‍സ്മാന് വേതനം നല്‍കാന്‍ അധികൃതര്‍ തയ്യാറാകണം. മാസങ്ങളുടെ കുടിശികയാണ് പലപ്പോഴും വേതനത്തിന്‍റെ കാര്യത്തില്‍ ഉണ്ടാകുന്നത്. ഇതിനു പകരം റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്‍റെ തൊട്ടടുത്ത മാസം തന്നെ വേതനം നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.സെര്‍വര്‍ തകരാറ്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് ഇ പോസ് മെഷ്യനുകളുടെ പ്രവര്‍ത്തനം പലപ്പോഴും തടസ്സപ്പെടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം.വിതരണത്തിനാവശ്യമായ സാധനങ്ങള്‍ ഓരോ മാസവും പതിനഞ്ചാം തിയ്യതിക്കുള്ളില്‍ റേഷന്‍ കടകളില്‍ എത്തിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് റേഷൻ വ്യാപാരിയേക്കാൾ മുന്നോട്ട് വെച്ചിരിക്കുന്നത്.
മലബാറിന്റെ ഗവി ‘വയലട’
മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലടയിലേക്ക് യാത്ര പോയിട്ടുണ്ടോ നിങ്ങൾ?ഇല്ലെങ്കിൽ തയ്യാറായിക്കോളു.മഴക്കാലമാണെന്ന് കരുതി മടിപിടിച്ചിരിക്കേണ്ട കാര്യമില്ല.മഴയിൽ വയലടയുടെ ഭംഗി അല്പം കൂടുതലായിരിക്കും.കാട്ടുപച്ചയും ആകാശ നീലിമയും നീരുറവകളും സംഗമിക്കുന്ന വയലട സഞ്ചാരികളെ സ്വീകരിക്കാൻ തയ്യാറായിക്കഴിഞ്ഞു.മൺസൂൺ ടൂറിസത്തിൽ മലബാറിന്റെ ശ്രദ്ധകേന്ദ്രമാവുകയാണ് കോഴിക്കോടിന്റെ സ്വന്തം വയലട.ബാലുശ്ശേരി ടൗണില്‍നിന്ന് ഏഴ് കിലോമീറ്ററോളം വടക്കാണ് വയലട സ്ഥിതിചെയ്യുന്നത്. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍പെട്ട പനങ്ങാട് പഞ്ചായത്തിലെ വയലട, സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തോളം അടി ഉയരത്തിലാണ് തലയുയർത്തി നിൽക്കുന്നത്.മഴയും വെയിലും ഇടകലർന്ന ദിനങ്ങളിൽ വയലടയിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചു വരികയാണ്.വയലടയിലെ 2000 അടി മുകളിൽ നിന്നുള്ള കാഴ്ച അവര്ണനീയമാണ്.കണ്മുന്നിലെ മേഘക്കൂട്ടങ്ങളും താഴെ നിരനിരയായി നിൽക്കുന്ന മലനിരകളും ജലാശയങ്ങളും സഞ്ചാരികളുടെ മനം നിറയ്ക്കും.ഈ കാഴ്ചയും കാലാവസ്ഥയുമാണ് വയലടയെ മലബാറിന്റെ ഗവി ആക്കി മാറ്റുന്നത്.വയലടയിലത്തെിയാല്‍ ഇവിടെതന്നെയുള്ള ഏറ്റവും ഉയരം കൂടിയ കോട്ടക്കുന്ന് മലയിലേക്കും മുള്ളന്‍പാറയിലേക്കുമാണ് പോകേണ്ടത്. കോട്ടക്കുന്ന് മലയിലെ പ്രകൃതിഭംഗിയും കാലാവസ്ഥയും വിനോദസഞ്ചാരികള്‍ക്ക് ഹരംപകരുന്ന കാഴ്ചയാണ്. മുള്ളന്‍പാറയില്‍നിന്നും കക്കയം, പെരുവണ്ണാമൂഴി റിസര്‍വോയറിന്റെയും കൂരാച്ചുണ്ട്, ചക്കിട്ടപാറ, പേരാമ്പ്ര ടൗണിന്റെയും അറബിക്കടലിന്റെയും വിദൂരദൃശ്യവും മനോഹരമാണ്. മലമടക്കുകളില്‍നിന്ന് താഴോട്ട് ഒഴുകുന്ന നിരവധി നീര്‍ച്ചാലുകളും ഇവിടെ കാണാം.വയലടയിലെ മുള്ളന്‍പാറയും പ്രസിദ്ധമാണ്. പേരു സൂചിപ്പിക്കുന്നത് പോലെതന്നെ മുള്ളുകള്‍ നിറഞ്ഞ പാതയാണ് മുള്ളന്‍പാറയിലേത്. അവിടേക്ക് നടന്ന് വേണം കയറാന്‍. ആ യാത്ര സഞ്ചാരികള്‍ക്ക് എന്നും അവിസ്മരണീയമായിരിക്കും. കുത്തനെയുള്ള മലകയറി ഒടുവില്‍ ചെന്നെത്തുന്നത് മുള്ളുകള്‍ പുതച്ച പാറയുടെ മുകളിലാണ്. മുള്ളന്‍പാറയില്‍ നിന്ന് നോക്കിയാല്‍ കക്കയം ഡാം കാണാം.
ബാലുശ്ശേരിയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് വയലടയിലെ വ്യൂ പോയിന്റുകൾ. കോഴിക്കോട് നിന്നും വരുന്നവർക്ക് ബാലുശ്ശേരി വഴിയും താമരശ്ശേരി വഴി വരുന്നവർക്ക് എസ്റ്റേറ്റ് മുക്ക് വഴിയും വയലടയിലെത്താം.ബാലുശ്ശേരിയിൽ നിന്നും മണിക്കൂറുകളുടെ ഇടവേളകളിൽ കെഎസ്ആർടിസി സർവീസുകളുമുണ്ട്.യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വയലട ഒരുക്കി വെച്ചത് വിസ്മയങ്ങളുടെ അപൂര്‍വ്വ സൗന്ദര്യമാണ്.സഞ്ചരികളെ വീണ്ടും വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന കാഴ്ചകലാണ് വയലട കരുതിവെച്ചിരിക്കുന്നത്.കാഴ്ചകൾ കണ്ട് തിരിച്ചിറങ്ങുമ്പോൾ വയലടയോട് ചോദിയ്ക്കാൻ ഒരൊറ്റ ചോദ്യമേ ഉള്ളൂ ‘എവിടെയായിരുന്നു ഇത്രയും കാലം…’.
കൊല്ലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധയിൽ നൂറു കിലോയിലധികം പഴകിയ മൽസ്യം പിടികൂടി
കൊല്ലം:ജില്ലയിലെ മത്സ്യമാര്‍ക്കറ്റുകളിലും മൊത്ത വിതരണ കേന്ദ്രത്തിലും ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭാ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധയിൽ നൂറു കിലോയിലധികം പഴകിയ മൽസ്യം പിടികൂടി.വലിയകട, രാമന്‍കുളങ്ങര, ഇരവിപുരം മാര്‍ക്കറ്റുകളിലും ആണ്ടാമുക്കം കഐസ് ഫിഷറീസ് എന്ന മൊത്ത വ്യാപാര കേന്ദ്രത്തിലുമായിരുന്നു പരിശോധന. ദിവസങ്ങളോളം പഴക്കമുള്ള നെയ്മീന്‍, ചാള എന്നിവ ഉള്‍പ്പെടെയുള്ള പഴകിയ മീനുകളാണു പരിശോധനയില്‍ പിടിച്ചെടുത്തത്.അതേസമയം രാസവസ്തുക്കളുടെ സാന്നിധ്യം മീനുകളില്‍ കണ്ടെത്തിയിട്ടില്ല.
ഷാംപൂവും പെയിന്റും ഉപയോഗിച്ച് കൃത്രിമ പാൽ;ഉല്പാദന കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിൽ 57 പേർ അറസ്റ്റിൽ
ഭോപ്പാൽ:ഷാംപുവും പെയിന്റും ഉപയോഗിച്ച് കൃത്രിമ പാൽ നിർമിക്കുന്നതായി കണ്ടെത്തൽ. മധ്യപ്രദേശിലാണ് സംഭവം.വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ഉത്പാദന കേന്ദ്രങ്ങളില്‍ നടത്തിയ റെയ്‌ഡിൽ 57 പേരെ പോലീസ് അറസ്റ്റ് ചെയ്തു.മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായിരുന്നു പാല്‍ വിതരണം ചെയ്‌തിരുന്നത്. 10,000 ലിറ്റര്‍ കൃത്രിമ പാലും 500 കിലോ കൃത്രിമവെണ്ണയും 200 കിലോ കൃത്രിമ പനീറും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്.ഷാംപുവിന്റെയും ശുദ്ധീകരിച്ച എണ്ണയുടെയും ഗ്ലൂക്കോസ് പൊടിയുടെയും വലിയ ശേഖരവും ഇവിടെ നിന്ന് പിടികൂടിയതായി റെയ്ഡിന് നേതൃത്വം നല്‍കിയ എസ്.പി രാജേഷ് ബഡോറിയ വ്യക്തമാക്കി. 30 ശതമാനം യഥാര്‍ഥ പാലും ബാക്കി മറ്റ് രാസ വസ്തുക്കളും ചേര്‍ത്താണ് പാല്‍ നിര്‍മ്മാണം നടത്തിയത്. പാലിനോടൊപ്പം ഷാംപു, വെള്ള പെയ്ന്റ്, ഗ്ലൂക്കോസ് പൗഡര്‍ എന്നിവ യോജിപ്പിച്ചാണ് കൃത്രിമ പാല്‍ ഉത്പാദിപ്പിച്ചിരുന്നത്. ഇതേ ചേരുവ ഉപയോഗിച്ചാണ് വെണ്ണയും പനീറും ഉത്പാദിപ്പിക്കുന്നത്.ഉത്തരേന്ത്യയിലെ പ്രധാന മാര്‍ക്കറ്റുകളിലെല്ലാം എത്തുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങളാണ് ഇവയെല്ലാം.ഇത്തരത്തില്‍ ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 5 രൂപ മാത്രമാണ് ചിലവ് വരുന്നത്. ഈ പാല്‍ മാര്‍ക്കറ്റില്‍ ലിറ്ററിന് 45 മുതല്‍ 50 രൂപ നിരക്കിലാണ് വിറ്റിരുന്നത്. ചീസിന് കിലോയ്ക്ക് 100 മുതല്‍ 150 രൂപ നിരക്കിലും ആണ് മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്.ഏകദേശം രണ്ട് ലക്ഷം ലിറ്റര്‍ പാലാണ് ഈ ഉത്പാദന കേന്ദ്രത്തില്‍ നിന്ന് ദിവസേന നിര്‍മിച്ചിരുന്നത്. റെയ്ഡിനെ തുടര്‍ന്ന് ഫാക്ടറികള്‍ പോലീസ് അടച്ചുപൂട്ടി.
സംസ്ഥാനത്ത് ഇഞ്ചി വില കുതിക്കുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇഞ്ചി വില കുതിക്കുന്നു.200 മുതല്‍ 220 രൂപ വരെയാണ് ഇഞ്ചിയുടെ വില.വിവിധ തരം ഇഞ്ചി വിപണിയില്‍ ലഭിക്കുന്നുണ്ട്. ഇതില്‍ ഉണങ്ങിയ ഇഞ്ചിക്കാണ് വിലയേറെ. മൊത്ത വിപണിയില്‍ 70 രൂപയക്ക് ലഭിക്കുന്ന പച്ച ഇഞ്ചി, ചില്ലറ വിപണിയിലേക്കെത്തുമ്പോള്‍ 130 മുതല്‍ 150 രൂപ വരെ നല്‍കണം. ഗുണമേന്‍മയുള്ള ഉണങ്ങിയ ഇഞ്ചിക്ക് 220 രൂപ വരെയാണ് വില.അതിനാല്‍ ചില്ലറവിപണിയിലെ കച്ചവടക്കാര്‍ ഇഞ്ചി വാങ്ങുന്നത് തന്നെ നിര്‍ത്തി.ഇഞ്ചിക്ക് പിന്നാലെ കാരറ്റിനും മുരിങ്ങാക്കായയ്ക്കും വില കൂടിയിട്ടുണ്ട്.മുരിങ്ങക്കായയ്ക്ക് മൊത്തവിപണിയില്‍ 60 രൂപയും, ചില്ലറവിപണിയില്‍ 20 രൂപ കൂടി 80 രൂപയുമായി. കിലോയ്ക്ക് 80 രൂപയാണ് കാരറ്റ് വില. കാബേജിന് 45ഉം പയറിന് 45 മുതല്‍ 60 രൂപ വരെയും വിലയുണ്ട്.