ഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡ് നിരോധിച്ചു.സ്കൂള്‍ കാന്‍റീനിലും 50 മീറ്റര്‍ ചുറ്റുവട്ടത്തുമാണ് നിരോധനം.ഇനി മുതല്‍ സ്കൂള്‍ ഹോസ്റ്റലുകളിലെ മെസുകളിലും ജങ്ക് ഫുഡ് വിതരണം ചെയ്യാന്‍ പാടില്ല.ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യയാണ് ഉത്തരവ് പുറത്തിറക്കിയത്.ഉത്തരവ് ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. സ്കൂള്‍ കായിക മേളകളില്‍ ജങ്ക് ഫുഡുകളുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്.കോള, ചിപ്സ്, ബര്‍ഗര്‍, പീസ, കാര്‍ബണേറ്റഡ് ജൂസുകള്‍ തുടങ്ങി ജങ്ക് ഫുഡ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന എല്ലാ ഭക്ഷണങ്ങള്‍ക്കും നിരോധനം ബാധകമാണ്.കുട്ടികളില്‍ ശരിയായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
വിപണിയിലെത്തുന്ന മസാലക്കൂട്ടുകളിലും സുഗന്ധവ്യഞ്ജനങ്ങളിലും കീടനാശിനിയുടെ സാന്നിധ്യം;കൂടുതൽ കണ്ടെത്തിയത് ജീരകത്തിലും പെരുംജീരകത്തിലും
തിരുവനന്തപുരം:സംസ്ഥാനത്ത് വിപണിയിലെത്തുന്ന മസാലക്കൂട്ടുകളിലും സുഗന്ധവ്യഞ്ജനങ്ങളിലും കീടടനാശിനിയുടെ സാന്നിധ്യം.ആരോഗ്യത്തിന് ഏറെ ഹാനികരമാക്കുന്ന രാസപദാര്‍ത്ഥങ്ങളാണ് ഇവയെന്നാണ് കണ്ടെത്തല്‍.കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം 2019 ജനുവരി മുതല്‍ ജൂണ്‍ വരെ വിപണിയില്‍ നിന്നും കര്‍ഷകരില്‍ നിന്നും ശേഖരിച്ച ഭക്ഷ്യോത്പന്നങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്.കീടനാശിനി അംശം കൂടുതല്‍ കണ്ടെത്തിയത് ജീരകത്തിലും പെരുംജീരകത്തിലുമാണ്. ഇവ കേരളത്തിനു പുറത്ത് കൃഷി ചെയ്ത് വിപണിയിലെത്തിക്കുന്നതാണ്.ഏലം, കുരുമുളക് എന്നിവയില്‍ കീടനാശിനി കണ്ടെത്തിയിട്ടില്ല. അരി, ഗോതമ്ബ് എന്നിവയിലും കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താനായില്ല.വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച കറിവേപ്പിലയില്‍ പോലും പത്ത് തരം കീടനാശിനിയുടെ സാന്നിധ്യമുണ്ട്. ഇവയിലേറെയും കൃഷിക്ക് ശുപാര്‍ശ ചെയ്യപ്പെടാത്ത കീടനാശിനിയാണ്. കേരളത്തിലെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച കറിവേപ്പിലയില്‍ കീടനാശിനിയില്ല. സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍ നിന്ന് ശേഖരിച്ച 257 പച്ചക്കറികളില്‍ 20 ശതമാനത്തില്‍ കീടനാശിനി കണ്ടെത്തി.ബീറ്റ്റൂട്ട്, വയലറ്റ് കാബേജ്, കാരറ്റ്, ചേമ്പ്, കപ്പ, മല്ലിയില, ഇഞ്ചി, നെല്ലിക്ക, മാങ്ങ, ഏത്തപ്പഴം, പീച്ചിങ്ങ, ഉരുളക്കിഴങ്ങ്, ഓറഞ്ച്, മാതളം, തണ്ണിമത്തന്‍, പേരയ്ക്ക, കൈതച്ചക്ക, മല്ലിപ്പൊടി, ഉലുവ എന്നിവയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയില്ല .വെള്ളായണി കാര്‍ഷിക കോളേജിലെ എന്‍എ.ബിഎല്‍ അക്രെഡിറ്റേഷനുള്ള ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്.
സന്തോഷ് ട്രോഫിഫുട്ബോൾ;കേരളത്തെ മിഥുന്‍ നയിക്കും
കൊച്ചി:എഴുപത്തിനാലാമത് സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പിനുളള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു.ഗോള്‍കീപ്പറും അഞ്ചു തവണ സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പ് കളിച്ച് പരിചയമുള്ള വി മിഥുന്‍ ആണ് ടീമിന്റെ നായകന്‍.സച്ചിന്‍ എസ് സുരേഷ് (ഗോള്‍ കീപ്പര്‍),അജിന്‍ ടോം(വലതു വശം പ്രതിരോധം), അലക്‌സ് സജി(സെന്‍ട്രല്‍ ബായ്ക്ക്), റോഷന്‍ വി ജിജി(ഇടത് വിംഗ്), ഹൃഷിദത്ത്(സെന്‍ട്രല്‍ മിഡ് ഫീല്‍ഡ്), വിഷ്ണു(മുന്നേറ്റ നിര), എമില്‍ ബെന്നി(മുന്നേറ്റ നിര), വിബിന്‍ തോമസ്(സെന്‍ട്രല്‍ ബായ്ക്ക്), ജി സഞ്ജു(സെന്‍ട്രല്‍ ബായ്ക്ക്), വി ജി ശ്രീരാഗ്(ഇടത് വശം പ്രതിരോധം), ലിയോണ്‍ അഗസ്റ്റിന്‍(വലത് വിങ്), താഹിര്‍ സമന്‍(ഇടത് വിങ്), ജിജോ ജോസഫ(സെന്‍ട്രല്‍ മിഡ്ഫീല്‍ഡ്), റിഷാദ(സെന്‍ട്രല്‍ മിഡ് ഫീല്‍ഡ്), അഖില്‍(സെന്‍ട്രല്‍ മിഡ്ഫീല്‍ഡ്), ഷിഹാദ് നെല്ലിപറമ്ബന്‍(മുന്നേറ്റ നിര), മൗസുഫ് നിസാന്‍(മുന്നേറ്റ നിര), ജിഷ്ണു ബാലകൃഷ്ണന്‍(വലത് വശം പ്രതിരോധം), എം എസ് ജിതിന്‍(വലത് വിങ്) എന്നിവരാണ് 20 അംഗ ടീമിലുള്ളത്, കഴിഞ്ഞ തവണ സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പ് കളിച്ചവരില്‍ ഗോള്‍ കീപ്പില്‍ വി മിഥുനും, സെന്‍ട്രല്‍ ബായ്ക്ക് അലക്‌സ് സജിയും മാത്രമാണ് ഇത്തവണ ടീമില്‍ ഇടം നേടിയത്.
ബിനോ ജോര്‍ജ് ആണ് മുഖ്യ പരിശീലകന്‍, ടി ജി പുരുഷോത്തമന്‍ ആണ് സഹ പരിശീലകന്‍, സജി ജോയ് ആണ് ഗോള്‍കീപ്പര്‍ പരിശീലകന്‍. കഴിഞ്ഞ രണ്ടു മാസത്തോളമായി ടീം തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊച്ചിയില്‍ ക്യാംപ് നടന്നുവരികയായിരുന്നു.65 ഓളം കളിക്കാരെ പങ്കെടുപ്പിച്ച് നടത്തിയ ക്യാംപില്‍ നിന്നും മികച്ച പ്രകടനം നടത്തിയ 20 പേരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി അനില്‍കുമാര്‍ പറഞ്ഞു. സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത റൗണ്ട് മല്‍സരമാണ് നടക്കാന്‍ പോകുന്നത്.ആന്ധ്രപ്രദേശ്,തമിഴ്‌നാട് എന്നിവരാണ് യോഗ്യത റൗണ്ടിലെ കേരളത്തിന്റെ എതിരാളികള്‍. അടത്തു മാസം അഞ്ചിന് കോഴിക്കോട് നടക്കുന്ന ആദ്യ മല്‍സരത്തില്‍ കേരളം ആന്ധ്രപ്രദേശിനെ നേരിടും. വൈകുന്നേരം നാലിനാണ് മല്‍സരം. നവംബര്‍ ഒൻപതിനാണ് തമിഴ്‌നാടുമായുള്ള മല്‍സരം.യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ നിന്നും ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയാല്‍ ജനുവരിയില്‍ വീണ്ടും ക്യാംപ് നടത്തിയാകും അടുത്ത റൗണ്ടിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കുക.
കേരളത്തിലെ ആദ്യ മിൽക്ക് എടിഎം തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം:കേരളത്തിലെ ആദ്യ മിൽക്ക് എടിഎം തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു.ആറ്റിങ്ങല്‍ വീരളം ജംഗ്ഷന് സമീപമാണ് മില്‍ക് എ.ടിഎം സ്ഥാപിച്ചിരിക്കുന്നത്.എടിഎം ന്റെ ഉൽഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ആറ്റിങ്ങല്‍ വീരളത്ത് നിര്‍വ്വഹിച്ചു.എ.റ്റി.എമ്മിന്റെ സ്വിച്ച് ഓണ്‍ ചെയ്ത മന്ത്രി എ.റ്റി.എമ്മില്‍ പണം നിക്ഷേപിച്ച് പാല്‍ എടുത്ത് അഡ്വ.ബി.സത്യന്‍ എം.എല്‍.എ.ക്ക് കൈമാറി.നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ്, സുരേഷ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സഹകരണ സ്ഥാപനമായ മില്‍കോയാണ് ആറ്റിങ്ങലില്‍ എ.റ്റി.എം. സ്ഥാപിച്ചത്.24 മണിക്കൂറും ശുദ്ധമായ പാല്‍ ആവശ്യക്കാര്‍ക്ക് നേരിട്ട് വാങ്ങുവാന്‍ കഴിയുന്ന തരത്തിലുള്ളതാണ് പദ്ധതി.മില്‍കോ തന്നെ നല്‍കുന്ന കാര്‍ഡ് ഉപയോഗിച്ചോ പണം നിക്ഷേപിച്ചോ പാല്‍ വാങ്ങാം. പാല്‍ കൊണ്ട് പോകുന്നതിനുള്ള പാത്രമോ കുപ്പിയോ കരുതണം എന്നുമാത്രം.കാര്‍ഡില്‍ പണം നിറയ്ക്കാനും എ.ടി.എമ്മിലൂടെ സാധിക്കും. മില്‍ക്ക് കാര്‍ഡില്‍ ഒറ്റത്തവണ 1500 രൂപയോ അതില്‍ കൂടുതലോ ചാര്‍ജ് ചെയ്താല്‍ മില്‍കോയുടെ ഒരു ലിറ്റര്‍ ഐസ്‌ക്രീം സൗജന്യമായി ലഭിക്കും. കൊച്ചു കുട്ടികള്‍ക്ക് പോലും അനായാസം കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് എ.ടി.എം രൂപകല്പന ചെയ്തിരിക്കുന്നത്.അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മാരക രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തിയ പാല്‍ ഒഴിവാക്കി സ്വന്തം നാട്ടിലെ കര്‍ഷകര്‍ ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്ന ശുദ്ധമായ പാല്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മില്‍ക്ക് എ.ടി.എമ്മിന് തുടക്കം കുറിക്കുന്നത്.
പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉല്‍പാദിപ്പിക്കാം;കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും മദ്യമുണ്ടാക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ചക്ക, കശുമാങ്ങ, വാഴപ്പഴം തുടങ്ങിയ പഴങ്ങളില്‍ നിന്നും മറ്റു കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുമാണ് വീര്യം കുറഞ്ഞ മദ്യവും വൈനും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇതനുസരിച്ച് പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു. ഇതിനു വേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും.
പൊതു വിപണിയില്‍ നിന്ന് ശേഖരിച്ച് 729 ഇനം ഭക്ഷ്യവസ്തുക്കളില്‍ 128 ഇനങ്ങളിലും കീടനാശിനിയുടെ സാന്നിധ്യം;ജൈവ പച്ചക്കറികളിലും കീടനാശിനി
തിരുവനന്തപുരം: പൊതു വിപണിയില്‍ നിന്ന് ശേഖരിച്ച 729 ഇനം ഭക്ഷ്യവസ്തുക്കളില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ 128 ഇനങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി. മുന്തിരി, പച്ചമുളക്, കോളിഫളവര്‍ എന്നിവയില്‍ നിരോധിത കീടനാശിനായ പ്രഫൈനോഫോസ് കണ്ടെത്തി. വെള്ളായണി കാര്‍ഷിക സര്‍വകലാശാല നടത്തിയ പരിശോധനയിലാണ് കീടനാശിനികളുടെ അമിതോപയോഗം സംബന്ധിച്ച സൂചനകളുള്ളത്.മുന്തിരിയില്‍ നിരോധിച്ചതടക്കം എട്ടിനം കീടനാശിനികളാണ് കണ്ടെത്തിയത്. ഇതില്‍ ഒരു കീടനാശിനി മാത്രമാണ് പ്രയോഗിക്കാന്‍ ശുപാര്‍ശയുള്ളത്. അപ്പിളിലും തണ്ണിമത്തലിനുമെല്ലാം കീടനാശിനിയുടെ സാന്നിധ്യമുണ്ട്. പച്ചമുളകില്‍ ശുപാര്‍ശ ചെയ്തിട്ടില്ലാത്ത അഞ്ചിനം കീടനാശിനിയാണ് കണ്ടെത്തിയത്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ താരതമ്യേന സുരക്ഷിതമാണെന്നും റിപോര്‍ട്ടിലുണ്ട്.പൊതുവിപണിയില്‍ ലഭിക്കുന്ന ചുവപ്പ് ചീര, ബീന്‍സ്, വെണ്ട, പാവല്‍, വഴുതന, കത്തിരി, കാബേജ്, കാപ്‌സിക്കം, കോളിഫളവര്‍, സാമ്ബാര്‍ മുളക്, അമരയ്ക്ക, കറിവേപ്പില, മുരിങ്ങക്ക, പച്ചമുളക്, കോവയ്ക്ക, വെള്ളരി, പുതിനയില, സലാഡ് വെള്ളരി, പടവലം, തക്കാളി, പയര്‍, ആപ്പിള്‍, പച്ചമുന്തിരി, തണ്ണിമത്തന്‍, ജീരകം, പെരുംജീരകം എന്നിവയില്‍ കീടനാശിനിയുണ്ട്.ജൈവപച്ചക്കറിയെന്ന പേരില്‍ വില്‍ക്കുന്നതില്‍ പലതും വിഷം കലര്‍ന്ന വ്യാജനാണെന്ന് കണ്ടെത്തി. വെണ്ട, തക്കാളി, കാപ്‌സിക്കം, വെള്ളരി, പടവലം, പയര്‍ തുടങ്ങിയ ജൈവ ഇനങ്ങളിലാണ് പ്രയോഗിക്കാന്‍ പാടില്ലാത്ത കീടനാശിനി കണ്ടെത്തിയത്. ജൈവം എന്ന ലേബലില്‍ വന്‍വിലയ്ക്ക് വില്‍ക്കുന്ന പച്ചക്കറികളില്‍ കീടനാശിനി കണ്ടെത്തിയത് ഗൗരവമായി എടുക്കേണ്ടതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപോര്‍ട്ടില്‍ പറയുന്നു.അതേ സമയം, കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകളില്‍ നിന്ന് ശേഖരിച്ച പച്ചക്കറികളിലാണ് ഏറ്റവും കുറവ് കീടനാശിനി കണ്ടെത്തിയത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച 21 ഇനം പച്ചക്കറികളില്‍ 14.39 ശതമാനത്തില്‍ മാത്രമേ കീടനാശിനിയുള്ളു. പൊതുവിപണിയെ അപേക്ഷിച്ച് കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ സുരക്ഷിതമാണ്.
അതേ സമയം, ആശങ്കപ്പെടാന്‍ മാത്രമുള്ള സാഹചര്യം കേരളത്തില്‍ ഇല്ലെന്ന് ലോകഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ശില്‍പ്പശാല പുറത്തുവിട്ട നയരേഖയില്‍ പറയുന്നു. ഭക്ഷണ പ്ലേറ്റില്‍ പകുതി പച്ചക്കറികളും പഴവര്‍ഗങ്ങളും കൊണ്ട് നിറയ്ക്കണം. കീടനാശിനികളുടെ വിഷകരമായ സാന്നിധ്യം കേവലം മൂന്ന് ശതമാനത്തിലും ഏതെങ്കിലും അളവിലുള്ള സാന്നിധ്യം 15 ശതമാനത്തിലും താഴെ പച്ചക്കറികളില്‍ മാത്രമേ ഉള്ളൂ. കഴുകുക, തൊലി കളയുക, പുളിവെള്ളം, വിനാഗിരി എന്നിവ തേച്ചു വൃത്തിയാക്കുക തുടങ്ങിയ പ്രക്രിയകളിലൂടെ ഈ വിഷാംശം നീക്കം ചെയ്യപ്പെടും. നേന്ത്രപ്പഴം, പൈനാപ്പിള്‍ തുടങ്ങിയ പഴ വര്‍ഗങ്ങളില്‍ രാസപദാര്‍ഥങ്ങള്‍ ഒട്ടും തന്നെ കണ്ടെത്താനായിട്ടില്ല. നമ്മുടെ നാട്ടില്‍ ലഭ്യമാവുന്ന പഴവര്‍ങ്ങളും പച്ചക്കറികളും ഉപയോഗിക്കുകയും അന്യനാട്ടില്‍ നിന്നുവരുന്ന പച്ചക്കറികളും പലവ്യഞജനങ്ങളും പ്രത്യേകിച്ച് കറിവേപ്പില, മുളക് എന്നിവ ഉപേക്ഷിക്കേണ്ടതും അത്യാവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.കൂട്ടായ യത്‌നത്തിലൂടെ ശരിയായ ഭക്ഷണരീതി സ്വീകരിച്ചാല്‍ കേരളീയരുടെ ആരോഗ്യം സംരക്ഷിക്കാനാകുമെന്നാണ് ശില്‍പശാലയില്‍ ഉയര്‍ന്ന അഭിപ്രായം.
ഫ്രീഡം ചപ്പാത്തിക്കും,ബിരിയാണിക്കും,ലഡുവിനും ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇനി ഫ്രീഡം കിണ്ണത്തപ്പവും
കണ്ണൂർ:ഫ്രീഡം ചപ്പാത്തിക്കും,ബിരിയാണിക്കും,ലഡുവിനും ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇനി ഫ്രീഡം കിണ്ണത്തപ്പവും.’കണ്ണൂരിന്റെ കിണ്ണത്തപ്പം’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.പുറത്ത് കിലോയ്ക്ക് 150 രൂപ വിലവരുന്ന കിണ്ണത്തപ്പത്തിന് ജയിലിൽ 120 രൂപയാണ് ഈടാക്കുക.സെൻട്രൽ ജയിലിന്റെ കൗണ്ടറിലൂടെയാണ് ഇത് വിതരണം ചെയ്യുക.കൂടുതൽ കിണ്ണത്തപ്പം ആവശ്യമുള്ളവർക്ക് മുൻകൂട്ടി ഫോണിൽ വിളിച്ച് ഓർഡർ നൽകാം.കണ്ണൂരിലെ ആഘോഷങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത പലഹാരമാണ് കിണ്ണത്തപ്പം. കിണ്ണത്തപ്പത്തിന് പുറമെ ജയിലിൽ നിന്നും പൂച്ചട്ടികളും നിർമിക്കുന്നുണ്ട്.ഇതിന്റെ ഉൽഘാടനം ഈ വരുന്ന എട്ടാം തീയതി ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നിർവഹിക്കും.പുറമെ 140 മുതൽ 150 വരെ വിലവരുന്ന പൂച്ചട്ടിക്ക് ജയിലിൽ 90 രൂപയാണ് വില.
സവാള വില നിയന്ത്രിക്കാന്‍ വിപണിയിൽ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ; നാസിക്കില്‍ നിന്ന് സപ്ലൈക്കോ വഴി ഉള്ളിയെത്തിക്കും
തിരുവനന്തപുരം:കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാന്‍ വിപണിയിൽ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ.നാസിക്കില്‍ നിന്ന് സപ്ലൈക്കോ വഴി ഉള്ളിയെത്തിക്കും.കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഫെഡ് മുഖേന നാസിക്കില്‍ നിന്ന് സവാള എത്തിക്കാനാണ് നീക്കം. വ്യാഴാഴ്ച നാഫെഡ് വഴി സവാള എത്തിക്കും. സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ ഇതിനായി നാസിക്കില്‍ എത്തി. 50 ടണ്‍ സവാളയാണ് എത്തിക്കുന്നത്. ഇത് സപ്ലൈകോ മുഖേന കിലോയ്ക്ക് 35 രൂപ വിലയില്‍ വില്‍ക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ സവാള എത്തിക്കാനും ഭക്ഷ്യവകുപ്പ് ശ്രമിക്കുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് 50 രൂപയ്ക്കും മുകളിലാണ് സവാള വില. ഉള്ളിവില രാജ്യത്തെമ്പാടും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ സവാള വില നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ആലോചിച്ച് തുടങ്ങിയത്. ഇതിന്‍റെ ഭാഗമായാണ് കേന്ദ്ര ഏജന്‍സിയായ നാഫെഡ് വഴി സവാള സംഭരിക്കാനും അത് കുറഞ്ഞ വിലയില്‍ കേരളത്തിലെത്തിച്ച് വിതരണം ചെയ്യാനുമുള്ള പദ്ധതി തയ്യാറാക്കിയത്.മഹാരാഷ്ട്രയും മദ്ധ്യപ്രദേശും കഴിഞ്ഞാല്‍ കര്‍ണാടകയാണ് സവാള ഉത്പാദനത്തില്‍ രാജ്യത്ത് മൂന്നാംസ്ഥാനത്ത്. കാലാവസ്ഥാവ്യതിയാനം മൂലം അവിടെ ഈ വര്‍ഷം ഉത്പാദനം കുറഞ്ഞിരുന്നു. കനത്ത മഴ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ വിളവെടുപ്പിനെയും സാരമായി ബാധിച്ചു.ഇതാണ് വിലവർധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാനത്ത് ചെറുനാരങ്ങാ വില കുതിക്കുന്നു;കിലോയ്ക്ക് 200 രൂപ
പാലക്കാട്:സംസ്ഥാനത്ത് ചെറുനാരങ്ങാ വില കുതിക്കുന്നു.150മുതല്‍ 200 രൂപവരെയാണ് ചെറുനാരങ്ങയുടെ ഇപ്പോഴത്തെ ചില്ലറവില്പന വില.ഒരാഴ്ച മുൻപ് കിലോയ്ക്ക് 80 രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്.തമിഴ്‌നാട്ടിലെ പുളിയന്‍കുടി, മധുര, രാജമുടി എന്നിവിടങ്ങളില്‍ നിന്നാണ് ദിനംപ്രതി ടണ്‍ കണക്കിനു ചെറുനാരങ്ങ കേരളത്തിലേക്ക് എത്തുന്നത്. എന്നാല്‍ ഇവിടെയും ഉല്‍പാദനം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കുറഞ്ഞതോടെ വില കുതിച്ചുയരുകയായിരുന്നു. നിലവിലെ സ്ഥിതിയില്‍ വില ഇനിയും കൂടാനാണ് സാധ്യത.കേരളത്തില്‍ ചെറുനാരങ്ങയുടെ ഉത്പാദനം കുറവായതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് നാരങ്ങ കേരളത്തിലേക്കെത്തുന്നത്.വരും ദിവസങ്ങളിലും നാരങ്ങയുടെ വരവ് കുറഞ്ഞാല്‍ നാരങ്ങ വെളളത്തിന്റെയും അച്ചാറിന്റെയും വില കൂട്ടേണ്ടി വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
മിൽമ പാലിന് വർദ്ധിപ്പിച്ച വില പത്തൊൻപതാം തീയതി മുതൽ നിലവിൽ വരും
തിരുവനന്തപുരം:മിൽമ പാലിന് വർദ്ധിപ്പിച്ച വില ഈമാസം പത്തൊൻപതാം തീയതി മുതൽ നിലവിൽ വരും.ലിറ്ററിന് 4 രൂപയാണ് വർദ്ധിക്കുന്നത്. വർദ്ധിപ്പിച്ച തുകയിൽ 84 ശതമാനവും ക്ഷീര കർഷകർക്ക് നൽകുമെന്ന് മിൽമ അറിയിച്ചു.കാലിതീറ്റയുടെയും മറ്റ് ഉൽപാദനോപാധികളുടെയും വില ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിലാണ് പാലിന്റെ വിലയും വർദ്ധിപ്പിക്കേണ്ടി വന്നതെന്നാണ് മിൽമയുടെ വിശദീകരണം. ലിറ്ററിന് 40 രൂപയുണ്ടായിരുന്ന പാലിന് 4 രൂപ വർദ്ധിപ്പിച്ച് 44 രൂപയാക്കി. മഞ്ഞ കളർ പാക്കറ്റ് പാലിന് ലിറ്ററിന് 5 രൂപയും വർദ്ധിപ്പിച്ചിട്ടുണ്ട്. മിൽമ ഭരണ സമിതി യോഗം ചേർന്നാണ് വില വർദ്ധന ഔദ്യോഗികമായി പ്രഖ്യാപിച്ചത്.വർദ്ധിപ്പിച്ച 4 രൂപയിൽ 3 രൂപ 35 പൈസ ക്ഷീര കർഷകർക്ക് നൽകും. 16 പൈസ ക്ഷീര സംഘങ്ങൾക്കും 32 പൈസ വിൽപ്പന നടത്തുന്ന ഏജൻറുമാർക്കും ലഭിക്കും. പുതുക്കിയ വിൽപ്പന വില രേഖപ്പെടുത്തിയ പാക്കറ്റുകൾ ലഭ്യമാകുന്നതു വരെ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകളിൽ തന്നെ പാൽ വിതരണം ചെയ്യേണ്ടിവരുമെന്നും മിൽമ അറിയിച്ചു.