തിരുവനന്തപുരം: നഗരത്തിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ റെയ്‌ഡിൽ ഫോർമാലിൻ കലര്‍ന്ന 663 കിലോഗ്രാം മത്സ്യവും പഴകിയ 1122 കിലോ മത്സ്യവും പിടിച്ചെടുത്തു.ശ്രീകാര്യം, പാങ്ങോട്, കഴക്കൂട്ടം, കേശവദാസപുരം, പാപ്പനംകോട്, പാളയം, പേരൂര്‍ക്കട, മുക്കോല, ഉള്ളൂര്‍ നീരാഴി, മണക്കാട്, കുത്തുകല്ലുംമൂട് എന്നിവിടങ്ങളിലുള്ള മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് മത്സ്യം പിടിച്ചെടുത്തത്.അതേസമയം മത്സ്യം കേടുകൂടാതെ ഏറെക്കാലം സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നതും ശരീരത്തിനു ഹാനികരവുമായ അമോണിയ പിടിച്ചെടുത്ത മത്സ്യങ്ങളില്‍ കണ്ടെത്തിയിട്ടില്ലെന്നു മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.മറ്റു സംസ്ഥാനങ്ങളില്‍ നിന്നു മത്സ്യവുമായെത്തിയ വാഹനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഫോർമാലിൻ കലര്‍ന്ന മത്സ്യം കൂടുതല്‍ പിടിച്ചെടുത്തത്.
രുചിയേറും വിഭവങ്ങള്‍ വിളമ്പാൻ സര്‍ക്കാര്‍വക തട്ടുകടകള്‍ വരുന്നു
തിരുവനന്തപുരം:ഇനി ആശങ്കകളൊന്നുമില്ലാതെ വൃത്തിയോടും രുചിയോടും കൂടി വിഭവങ്ങള്‍ വിളമ്പാൻ സര്‍ക്കാര്‍വക തട്ടുകടകള്‍ വരുന്നു.ഇത്തരത്തിലുള്ള ആദ്യ ഭക്ഷണകേന്ദ്രം ആലപ്പുഴയില്‍ തുടങ്ങും. നടപടി വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറി ആലപ്പുഴ കളക്ടര്‍ക്ക് ഉടന്‍ കത്തയയ്ക്കും.ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്, കൃത്യമായ മാലിന്യസംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കിയാകും ഇത്തരം കേന്ദ്രം പ്രവര്‍ത്തിക്കുക. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കും.ആലപ്പുഴയ്ക്ക് ശേഷം തിരുവനന്തപുരത്തെ ശംഖുമുഖം, ഫോര്‍ട്ട്കൊച്ചി എന്നിവിടങ്ങളിലും തുടങ്ങും. വര്‍ക്കലയില്‍ മാതൃകാ തെരുവോര ഭക്ഷണ ഹബ് സ്ഥാപിക്കാനും നടപടിയുണ്ടാകും.ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംസ്ഥാനതല ഉപദേശകസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡം കൃത്യമായി പാലിക്കുന്ന കടകള്‍ക്കും ഹോട്ടലുകള്‍ക്കും ‘വാങ്ങാന്‍ സുരക്ഷിതം, കഴിക്കാന്‍ സുരക്ഷിതം’ എന്ന സര്‍ട്ടിഫിക്കറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കും. ഇത് മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കുന്നതോടെ ജനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ കിട്ടും. ഭക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധവുമാക്കും. പൊതുവിതരണ സംവിധാനത്തിന് ഗുണമേന്മാ നിയന്ത്രണ സംവിധാനം സപ്ലൈകോ ഷോപ്പുകളില്‍ ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണംചെയ്യാന്‍ ഗുണമേന്മാ നിയന്ത്രണ ഉദ്യോഗസ്ഥരെ നിയമിക്കും. ഒപ്പം, ഷോപ്പുകള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.
ഗുണനിലവാരമില്ല;സംസ്ഥാനത്തെ നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിഴ ചുമത്തി
തിരുവനന്തപുരം: ഗുണനിലവാരം ഇല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിഴ ചുമത്തി.കെ പി എന്‍ ശുദ്ധം, കിച്ചന്‍ ടേസ്റ്റി, ശുദ്ധമായ തനി നാടന്‍ വെളിച്ചെണ്ണ, കേരളീയം എന്നീ ബ്രാന്‍ഡുകള്‍ക്കാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്‌ട് പ്രകാരം നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മേല്‍പ്പറഞ്ഞ നാല് ബ്രാന്‍ഡുകളും ഉത്പാദിപ്പിക്കുന്നത് കൈരളി ഓയില്‍ കിഴക്കമ്പലം എന്ന സ്ഥാപനമാണ്. സ്ഥാപനത്തിന് മൂന്ന് അഡ്ജുഡിക്കേഷന്‍ കേസുകളിലായി ആറ് ലക്ഷം രൂപ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ചുമത്തിയിട്ടുണ്ട്. മൂവാറ്റുപുഴ ആര്‍ഡിഒ ആണ് പിഴ ചുമത്തിയത്.കുന്നത്തുനാട് ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ.നീദു നദീര്‍ ഫയല്‍ ചെയ്ത് കേസിലാണ് പിഴയിട്ടിരിക്കുന്നത്.പാലക്കാട് ശ്രീകൃഷ്ണപുരത്ത് പ്രവര്‍ത്തിക്കുന്ന എബിഎച്ച് ട്രേഡിംഗ് കമ്പനി ഉൽപാദിപ്പിച്ച് കൊച്ചിന്‍ ട്രേഡിംഗ് കമ്പനി അല്ലപ്ര വിതരണം ചെയ്യുന്ന കേരളീയം കോക്കനട്ട് ഓയിലും ഭക്ഷ്യസുരക്ഷാ വകുപ്പ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.കമ്പനിക്ക് 3.15 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്.
സംസ്ഥാന സ്കൂൾ കായികമേള;പാലക്കാട് ജില്ല ജേതാക്കൾ
കണ്ണൂര്‍:കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എറണാകുളത്തെ പിന്തള്ളി പാലക്കാട് ജില്ലാ ജേതാക്കളായി. 201 പോയിന്റുകളുമായാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. 2016ന് ശേഷം ഇതാദ്യമാണ് പാലക്കാട് കിരീടം ചൂടുന്നത്.എറണാകുളത്തിന് 157 പോയിന്റുകളാണ് ഇത്തവണ നേടാനായത്. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ 62 പോയിന്റുകളുമായി ചാമ്പ്യൻ പട്ടം സ്വന്തമാക്കി.സ്‌കൂളുകളില്‍ രണ്ടാം സ്ഥാനത്തെത്തിയത് പാലക്കാട് കല്ലടി സ്കൂളാണ്. 34 ഫൈനലുകള്‍ നടന്ന മൂന്നാം ദിനത്തില്‍ 1500 മീറ്ററിലും ഹര്‍ഡില്‍സിലും കാഴ്ചവച്ച മികവാണ് പാലക്കാടിന് കരുത്ത് പകര്‍ന്നത്. പാലക്കാടിന്റെ സൂര്യജിത്തും ജിജോയും സി ചാന്ദ്‌നിയും ഇരട്ട സ്വര്‍ണം നേടി.ഒപ്പം കോഴിക്കോടിന്റെ വി പി സനികയും ഇരട്ടസ്വര്‍ണം സ്വന്തമാക്കി.
ദക്ഷിണ കൊറിയയില്‍ നടന്ന ലോക ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാംപ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ യൂണിവേഴ്സായി മലയാളി താരം ചിത്തരേഷ്
കൊച്ചി:ദക്ഷിണ കൊറിയയില്‍ നടന്ന ലോക ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാംപ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ യൂണിവേഴ്സായി മലയാളി താരം ചിത്തരേഷ്.മിസ്റ്റര്‍ യൂണിവേഴ്സ് ടൈറ്റില്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണു വടുതല സ്വദേശിയായ ചിത്തരേഷ്.90 കിലോഗ്രാം വിഭാഗത്തില്‍ മിസ്റ്റര്‍ വേള്‍ഡ് പട്ടം നേടി തുടര്‍ന്നു നടന്ന മത്സരത്തില്‍ 55-110 കിലോഗ്രാം ഭാരവിഭാഗങ്ങളിലെ ഒന്‍പതു ലോക ചാംപ്യന്‍മാരെ പരാജയപ്പെടുത്തിയാണു ചിത്തരേഷ് മിസ്റ്റര്‍ യൂണിവേഴ്സ് നേടിയത്.ഡല്‍ഹിയില്‍ ഫിറ്റ്നസ് ട്രെയിനറായി ജോലി നോക്കുന്ന ചിത്തരേഷ് മുന്‍പു നടന്ന പല ചാംപ്യന്‍ഷിപ്പുകളിലും ഡല്‍ഹിയെ പ്രതിനിധീകരിച്ചാണു മത്സരിച്ചത്. എന്നാല്‍ കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ ടീമിലെത്തി നടത്തിയ ആദ്യ ശ്രമത്തില്‍ത്തന്നെ ഈ സ്വപ്ന നേട്ടം കരസ്ഥമാക്കാനായതിന്റെ സന്തോഷത്തിലാണിപ്പോള്‍ താരം.
പരാധീനതകളോടു പടവെട്ടിയാണു ചിത്തരേഷ് ലോകം കൊതിക്കുന്ന വിജയം കയ്യെത്തിപ്പിടിച്ചത്. വടുതല ഗണപതി ക്ഷേത്രത്തിനു സമീപത്തെ ആസ്ബറ്റോസ് ഷീറ്റിട്ട ചെറിയ രണ്ടുമുറി വീട്ടില്‍നിന്നു മിസ്റ്റര്‍ യൂണിവേഴ്സിലേക്കുള്ള പാത കഷ്ടപ്പാടുകളുടേതായിരുന്നു. വിജയമധുരം രുചിക്കാന്‍ ചിത്തരേഷിനു തുണയായത് ഉറ്റ സുഹൃത്തും വഴികാട്ടിയും കോച്ചുമായ എം.പി. സാഗറിന്റെ ചിട്ടയായ പരിശീലനമാണ്. ഒരു ദിവസംപോലും മടിപിടിക്കാതെ, ഇഷ്ടമുള്ള ഭക്ഷണവും ചടങ്ങുകളും ആഘോഷങ്ങളും ഒക്കെ ത്യജിച്ചുള്ള കഠിനമായ പരിശീലനം. ചെലവേറിയ കായിക ഇനമാണെന്നറിഞ്ഞിട്ടും വീട്ടിലെ സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമല്ലാതിരുന്നിട്ടും പിന്‍മാറാന്‍ ചിത്തരേഷിനു മനസ്സില്ലായിരുന്നു.പ്രതിസന്ധികളില്‍ നാടും കൂട്ടുകാരും കൂടെ നിന്നു. പലപ്പോഴും സാമ്പത്തികമായി സഹായിച്ചു. ഹൈബി ഈഡന്‍ എംപിയും വ്യക്തിപരമായി പലപ്പോഴും സഹായിച്ചെന്നും ചിത്തരേഷ് പറയുന്നു.ഡല്‍ഹിയില്‍ ജോലി നോക്കുന്ന ചിത്തരേഷ് വടുതലയിലെ വീട്ടില്‍ അവസാനമായി എത്തിയത് ഒരു വര്‍ഷം മുന്‍പാണ്. ദക്ഷിണ കൊറിയയില്‍ നടന്ന വേള്‍ഡ് ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാംപ്യന്‍ഷിപ്പിനായി ജനുവരി മുതല്‍ കഠിനമായ ഒരുക്കമായിരുന്നു. അതുകൊണ്ടു തന്നെ വീട്ടിലേക്കുള്ള യാത്രകള്‍ ഒഴിവാക്കി.പരിശീലനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
സംസ്ഥാന സ്കൂൾ കായികോത്സവം;പാലക്കാട് ജില്ല മുന്നിൽ
കണ്ണൂർ:സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാട് ജില്ല വീണ്ടും മുന്നില്‍. 44 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്പോൾ 87.33 പോയിന്റാണ് പാലക്കാടിനുള്ളത്. 77.33 പോയിന്റുമായി എറണാകുളം രണ്ടാമതും 55.33 പോയിന്റുമായി കോഴിക്കോട് മൂന്നാമതുമാണ്.സ്‌കൂളുകളില്‍ 31.33 പോയിന്റോടെ പാലക്കാട് കുമരംപുത്തൂര്‍ കെ.എച്ച്.എസാണ് മുന്നില്‍.കോതമംഗലം മാര്‍ ബേസില്‍ 22.33 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. 20 പോയിന്റോടെ എറണാകുളം മണീട് ഗവ. എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത്. ഇന്ന് നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് മാത്തൂര്‍ സ്കൂളിലെ പ്രവീണ്‍ സ്വര്‍ണം നേടി.സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ കോഴിക്കോട് കട്ടിപ്പാറ സ്കൂളിലെ നന്ദന ശിവദാസ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.4×100 മീറ്റർ റിലേയാണ് ഇന്നത്തെ പ്രധാന ഇനം. 100 മീറ്റർ ഹർഡിൽസ് ഫൈനലും ഇന്ന് നടക്കും.
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ കണ്ണൂരിൽ തുടക്കമാകും
കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് നാളെ കണ്ണൂരില്‍ തുടക്കമാകും. നാളെ വൈകിട്ട് 3:30ന് മേള കായികമന്ത്രി ഇ.പി. ജയരാജന്‍ മേള ഉദ്ഘാടനം ചെയ്യും.പി.ടി. ഉഷ, എം.ഡി. വത്സമ്മ, ബോബി അലോഷ്യസ് ,ജിസ്ന മാത്യു, വി..കെ. വിസ്മയ എന്നിവര്‍ വിശിഷ്ടാതിഥികളായെത്തും.നാളെ രാവിലെ സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഒട്ടതോടെ മത്സരം ആരംഭിക്കും.കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് സിന്തറ്റിക് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 98 ഇനങ്ങളില്‍ ഏകദേശം രണ്ടായിരത്തോളം കുട്ടികളാണ് പങ്കെടുക്കുക.ആദ്യ ദിവസം 18 ഫൈനല്‍ ഉള്‍പ്പടെ 30 മത്സരങ്ങളാകും നടക്കുക. മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ വെള്ളിയാഴ്‌ച പകല്‍ രണ്ടിന് കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിക്കും.നാല് ദിവസം നീണ്ട് നില്‍ക്കുന്ന കായിക മേള നവംബര്‍ 19ന് ആരംഭിക്കും.
ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ കീടനാശിനിയായ അലുമിനിയം ഫോസ്‌ഫേറ്റിന്റെ സാന്നിധ്യം;ലോഡ് ഇറക്കിയ അഞ്ച് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം
കോട്ടയം :ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ വിഷാംശം. കീടനാശിനിയായ അലുമിനിയം ഫോസ്‌ഫേറ്റിന്റെ സാന്നിധ്യമാണ് അരിയില്‍ കണ്ടെത്തിയത്. ലോറിയില്‍ നിന്ന് ലോഡ് ഇറക്കിയ അഞ്ച് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലുമിനിയം ഫോസ്ഫറേറ്റ് കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.ഏറ്റുമാനൂർ പേരൂർ കവലയിലെ കൊച്ചുപുരയ്ക്കൽ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിൽ എത്തിയ അരി ലോറിയിൽനിന്ന് ഇറക്കിയ തൊഴിലാളികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.സ്ഥാപനത്തിെൻറ അതിരമ്പുഴയിലുള്ള ഗോഡൗണിൽനിന്ന് എത്തിച്ച അരിചാക്കുകൾക്കിടയിലാണ് കീടനാശിനിയായ സെൽഫോസ് വിതറിയിരുന്നതായി കണ്ടെത്തിയത്.മുപ്പതോളം ചാക്ക് അരി ഇറക്കിയപ്പോഴേക്കും ശ്വാസതടസ്സവും ചൊറിച്ചിലും അനുഭവപ്പെടുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.കീടനാശിനിയുടെ കവറുകളും തൊഴിലാളികൾ അരിചാക്കുകൾക്കിടയിൽനിന്ന് ശേഖരിച്ചു.ചുവന്ന മാർക്കോടു കൂടി മുന്നറിയിപ്പ് നൽകിയിരിക്കുന്ന അമോണിയം സൾഫേറ്റ് പ്രധാന ഘടകമായ ഈ കീടനാശിനി ആഹാരസാധനങ്ങൾക്കിടയിൽ സൂക്ഷിക്കാൻ പോലും പാടില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.സെൽഫോസിൽ അടങ്ങിയിട്ടുള്ളത് ഉള്ളിൽചെന്നാൽ മരണം വരെ സംഭവിച്ചേക്കാവുന്ന അലുമിനിയം ഫോസ്‌ഫൈഡാണ്. ഇത് ഇത് കീടങ്ങളെ നശിപ്പിക്കാൻ വേണ്ടി അംഗീകൃത ഏജൻസികൾക്ക് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ.അരിയിലും ഈ കീടനാശിനി കലര്‍ന്നിട്ടുണ്ടാവുമെന്നാണ് കരുതുന്നത്.അരിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗം അരി കസ്റ്റഡിയിലെടുത്തു.
തലശ്ശേരിയിൽ നിന്നും ഫോർമാലിൻ കലർന്ന മൽസ്യം പിടികൂടി
കണ്ണൂർ:തലശ്ശേരി മാർക്കറ്റ് പരിസരത്തു നിന്നും വിൽപ്പനയ്‌ക്കെത്തിച്ച ഫോർമാലിൻ കലർന്ന മൽസ്യം പിടികൂടി.മത്സ്യത്തില്‍ ഫോര്‍മാലിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് സുരക്ഷയില്‍ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മത്സ്യ പെട്ടികള്‍ കസ്റ്റഡിയിലെടുക്കുകയും ഫോര്‍മാലിന്‍ കണ്ടെത്തിയ അഞ്ച് കിന്റലോളം മത്സ്യങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.താലൂക്ക് വികസന സമിതിയുടെ നിര്‍ദേശ പ്രകാരം ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ വിമല മാത്യു, ഫിഷറീസ് ഇന്‍സ്പെക്ടര്‍ അനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.കര്‍ണാടകയില്‍ നിന്നും ലോറിയില്‍ എത്തിച്ച മത്തി, നങ്ക്, കൊഞ്ച് എന്നിവയുടെ 17 ബോക്സുകളിലാണ് ഫോര്‍മാലിന്‍ കലര്‍ന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.അതിനിടെ ആരോഗ്യ സുരക്ഷാ വിഭാഗം മാര്‍ക്കറ്റില്‍ മത്സ്യങ്ങള്‍ ഇറക്കുന്നത് തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് കാരണമായി.ചെക്ക് പോസ്റ്റില്‍ നിന്നും പരിശോധന മതിയെന്നും ഇവിടെ കയറി കളിച്ചാല്‍ ‘കാലുവെട്ടു’മെന്ന ഭീഷണിയുമായി ഒരു സംഘം ഉദ്യോഗസ്ഥരെ സമീപിച്ചു. മത്സ്യം കയറ്റി അയക്കുന്ന സ്ഥലത്ത് നിന്നും പരിശോധിക്കണമെന്നും അല്ലെങ്കില്‍ ഇവിടെ പിടിക്കുന്ന മത്സ്യങ്ങളിലാണ് ഫോര്‍മാലിന്‍ കലർന്നതെന്ന് പൊതുജനം കരുത്തുമെന്നുമാണ് ഇവരുടെ വാദം.ഇതാണ് സംഘര്‍ഷാവസ്ഥക്ക് കാരണമായത്. തുടര്‍ന്ന് തലശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷം ഒഴിവാക്കിയത്.
ഉള്ളി വില റെക്കോഡിലേക്ക്;ഉത്തരേന്ത്യയിൽ വില 100, കേരളത്തില്‍ 70 രൂപ
ന്യൂഡൽഹി:ഒരിടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും ഉള്ളി വില റെക്കോഡിലേക്ക്. ഉത്തരേന്ത്യയില്‍ പല ചില്ലറ വില്‍പന കേന്ദ്രങ്ങളിലും കിലോയ്ക്ക് നൂറു രൂപയിലെത്തിയ ഉള്ളി വില കേരളത്തില്‍ 70നോടടുത്താണ് രേഖപ്പെടുത്തിയത്.സെപ്റ്റംബര്‍ മുതല്‍ കുത്തനെ കയറിയ ഉള്ളിയുടെ വില വര്‍ധനക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയും ഉള്ളിയുടെ കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു.സംസ്ഥാനത്ത് സവാള വില 70 രൂപയിലെത്തുമ്പോള്‍ വെളുത്തുള്ളി, ചെറിയ ഉള്ളി വിലകളിലും ക്രമാതീതമായ വര്‍ധനവുണ്ട്. വെളുത്തുള്ളിക്ക് കിലോക്ക് 200 രൂപയിലെത്തുമ്പോള്‍ ചെറിയ ഉള്ളിക്ക് 70 മുതല്‍ 80 രൂപ വരെയാണ് ശരാശരി വില.കഴിഞ്ഞമാസം 50 രൂപയിലുണ്ടായിരുന്ന സവാള വിലയാണ് സംസ്ഥാനത്ത് ഒരു മാസത്തിനിടെ 20 രൂപയോളം കൂടിയത്. സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപ്പെട്ടിരുന്നെങ്കിലും കാര്യക്ഷമമായിരുന്നില്ല. നാഫെഡ് വഴി സവാള സംഭരിച്ച് കേരളത്തിലെത്തിച്ച് തിരുവനന്തപുരത്തും എറണാകുളത്തും സപ്ലൈക്കോ വഴി വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ മറ്റു ജില്ലകളിലേക്ക് ഇത് വ്യാപിച്ചിരുന്നില്ല. പുതിയ വില വര്‍ധന ഹോട്ടല്‍ മേഖലക്കും വലിയ ഇരുട്ടടിയായിട്ടുണ്ട്. മഹാരാഷ്ട്രയിലെ പ്രളയമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.