മട്ടന്നൂർ: മട്ടന്നൂരിൽ ഡെങ്കി പനി പടരുന്നു. ഈ സാഹചര്യത്തിൽ മട്ടന്നൂർ നഗരത്തിലെ മഹാദേവ ക്ഷേത്ര റോഡിലും പരിസരങ്ങളിലും ആരോഗ്യവകുപ്പധികൃതർ പരിശോധന നടത്തി. കൂടുതൽ പേരിലേക്ക് പനി പടരുന്നതിനാൽ ഗൗരവകരമായ സ്ഥിതിയാണ് ഇവിടെ ഉള്ളതെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തി. പത്തു പേർക്കാണ് നഗരസഭയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നാൽപതു വീടുകൾ സന്ദർശിച്ചതിന് പതിമൂന്നു പേർക്ക് പനി ബാധിച്ചതായി കണ്ടെത്തി. അടിയന്തിരമായി മേഖലയിൽ പ്രതിരോധപ്രവർത്തനങ്ങളും ശുചീകരണവും തുടങ്ങും. പനി ബാധിക്കുന്നവർ സർക്കാർ ആശുപത്രികളിൽ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.
കൂത്തുപറമ്പിൽ യുനാനി ഗവേഷണ കേന്ദ്രം
കുത്തുപറമ്പ്: കൂത്തുപറമ്പിൽ യുനാനി ഗവേഷണ കേന്ദ്രം തുടങ്ങുന്നു. കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നയിക്കുമായി മന്ത്രി കെ കെ ശൈലജ ന്യൂ ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് യുനാനി ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ തീരുമാനമുണ്ടായത്, ഇതോടനുബന്ധിച്ചുള്ള താൽക്കാലിക ഇൻസ്റ്റിറ്റ്യൂട്ട് രണ്ടു മാസത്തിനകം നിര്മലഗിരിയിൽ പ്രവർത്തനം തുടങ്ങും. അന്തർദേശീയ നിലവാരമുള്ള യുനാനി ഇന്സ്ടിട്യൂട്ടാണ് കൂത്തുപറമ്പിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.
ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം
പയ്യന്നൂര്‍: ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എച്ച്.എം.എ.) സംസ്ഥാന സമ്മേളനവും ദേശീയ സെമിനാറും ഏപ്രില്‍ രണ്ടിന് പയ്യന്നൂര്‍ കെ.കെ.റസിഡന്‍സിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 11-ന് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും.
സയിന്റിഫിക് സെമിനാറില്‍ ഡോ.സുനിര്‍മല്‍ സര്‍ക്കാര്‍ വിഷയം അവതരിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എം.ഉവൈസ് അധ്യക്ഷത വഹിക്കും. വിവിധ ജില്ലകളിൽ നിന്നായി അഞ്ഞുറോളം ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുക്കും.
ആലപ്പുഴയില്‍ ഭീതിപടര്‍ത്തി എച്ച് വണ്‍ എന്‍ വണ്‍
ആലപ്പുഴ : ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ രോഗഭീഷണി. ആലപ്പുഴ, മാവേലിക്കര എന്നിവിടങ്ങളിലാണു രോഗം കണ്ടെത്തിയത്. ഏതെങ്കിലുമൊരു പ്രദേശത്ത് രോഗം സ്ഥിരീകരിച്ചാല്‍ അവിടെ ടാമി ഫല്‍ (ഒസള്‍ട്ടാമിവര്‍) ഗുളിക നല്‍കണമെന്നാണു വ്യവസ്ഥ. ഗര്‍ഭിണികള്‍, പ്രായമായവര്‍, വൃക്കരോഗം, ഹൃദ്രോഗം, കരള്‍രോഗം, എച്ച്.ഐ.വി എന്നിവ പിടിപെട്ടവര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ വന്നാല്‍ മാരകമാകാം. മരണംവരെ സംഭവിച്ചേക്കാം. ഇതുവരെ 40 പേരുടെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ചപ്പോഴാണു രോഗം സ്ഥിരീകരിച്ചത്. സംശയമുള്ളവരുടെ സ്രവമെടുത്ത് പരിശോധിച്ചുവരികയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പനിക്കു പുറമേ കഠിനമായ തൊണ്ടവേദന, അതിസാരം, ശ്വാസംമുട്ടല്‍, രക്തംപൊടിച്ചില്‍ തുടങ്ങിയവയാണു രോഗത്തിന്റെ ലക്ഷണങ്ങള്‍.
കണ്ണൂരിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം
കണ്ണൂർ : ഏപ്രിൽ രണ്ടോടെ ജില്ലയെ പ്ലാസ്റ്റിക് ബാഗ് ഡിസ്പോസബിൾ വിമുക്തമാക്കുന്നതിനു ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും നടത്തിവരുന്ന പ്രോഗ്രാമുകൾ ഏതാണ്ട് വിജയത്തോടടുക്കുകയാണ്. ജില്ലയിലെ 60 ഓളം തദ്ദേശ സ്ഥാപനങ്ങൾ ഇതിനകം പ്ലാസ്റ്റിക് ബാഗ് മുക്തമായി പ്രഖ്യാപിച്ചു കഴിഞ്ഞു.ഏപ്രിൽ രണ്ടിന് ശേഷം ജില്ലയിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഡിസ്പോസബിൾ കപ്പുകളും പ്ലേറ്റുകളും വിതരണം ചെയ്യപ്പെടുന്നില്ലെന്നുറപ്പുവരുത്താൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശക്തമായ സംവിധാനത്തിന് രൂപം നൽകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിർദേശിച്ചു.
മരുന്ന് രഹിത ചികിത്സാ സമ്പ്രദായം; സുജോക്ക്
മനുഷ്യ ശരീരത്തെ ഉള്ളം കൈയിലേക്ക് കേന്ദ്രീകരിച്ച് ചികില്സിക്കുന്ന മരുന്ന് രഹിത ചികിത്സാ സമ്പ്രദായമാണ് സുജോക്ക്. ഇതിന്റെ ഉപജ്ഞാതാവായ കൊറിയൻ സ്വദേശി പ്രൊഫസർ പാർക്ക് ജെവുവിന്റെ ഏഴാം ചരമ വാർഷികമാണിന്ന്. ഏതൊരു വേദന മാറാനും ഈചികിത്സയിലുടെ കഴിയും. ഈ ചികിത്സാ രീതിയ്ക് കേരളത്തിലും വൻ പ്രചാരമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
സൂചി ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണിത്. സുജോക്ക് എന്ന വാക്കിനർത്ഥം കൈകാലുകൾ എന്നാണ്. സു എന്നാൽ കൈ എന്നും ജോക്ക് എന്നാൽ കാലുകൾ എന്നും. തള്ള വിരൽ തലയുടെയും ചുണ്ടു വിരലും ചെറു വിരലും കൈകളുടെയും നട് വിരലും മോതിര വിരലും കാലുകളുടെയും പ്രതി രൂപമാണ്. ശരീരത്തിന്റെ മുൻഭാഗം കൈവെള്ളയെയും പിന് ഭാഗം കൈയുടെ പുറകു വശത്തേയും പ്രതിനിധീകരിക്കുന്നു. വിരലുകളിലും കൈവെള്ളകളിലും കൈയുടെ പുറംഭാഗത്തും ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളും പ്രതിനിധീകരിക്കുന്നതിനാൽ ആ ഭാഗത്തു സൂചി ഉപയോഗിച്ച് അമർത്തുകയോ മസ്സാജ് ചെയ്യുകയോ ചെയ്‌താൽ വേദന പൂർണ്ണമായും മാറും. ഇതാണ് സുജോക്ക് ചികിത്സാ രീതി.
കേരളീയരിൽ 12 ശതമാനം പേരും ഹൃദയസംബന്ധമായ അസുഖമുള്ളവർ
കൊച്ചി :കേരളീയരിൽ 12 ശതമാനം പേരും ഹൃദയ സംബന്ധമായ രോഗമുള്ളവരാണെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വെളിപ്പെടുത്തൽ. 20-79 പ്രായപരിധിയിൽ പെടുന്നവരിൽ ഭൂരിഭാഗവും കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ മൂലം വലയുന്നവരാണ്. അമേരിക്കയിലെ പിടിഎസ് ഡയഗ്‌നോസ്റ്റിക്‌സിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കമ്പനി സിഇഒ റോബര്‍ട്ട് ഹഫ് സ്‌റ്റോഡ്റ്റ് അറിയിച്ചതാണിക്കാര്യം.
ഇന്ത്യയിലെ മറ്റൊരു പ്രധാന ആരോഗ്യ പ്രശ്‌നം പ്രമേഹമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഉള്ളത് ഇന്ത്യയിലാണ്.
ഇലെക്ട്രോപതി ചികിത്സയെ സർക്കാർ പ്രോത്സാഹിപ്പിക്കും
കണ്ണൂർ : ഇലെക്ട്രോപതി ചികിത്സയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ സഹായം നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇലെക്ട്രോപതി മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ജവഹർ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാര് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് ഹെർബൽ ചികിത്സാരീതിയാണെന്നും ശാസ്ത്രവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഇത്തരം ചികിത്സ സമ്പ്രദായം ജനങ്ങൾക്ക് ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു.
കൊതുകുശല്യം മാറാൻ ഗപ്പി
കണ്ണൂർ : കൊതുകു ശല്യംമാറ്റാൻ ഒടുവിൽ കണ്ണൂർ കോർപറേഷനും ഗപ്പി എന്ന കുഞ്ഞു മീനുകളുടെ സഹായം തേടുന്നു. താളിക്കാവിലെ ഒരു വീട്ടിൽ വളർത്തുന്ന ഗപ്പികളെ വാങ്ങിയാണ് അധികൃതർ വിതരണം നടത്തുന്നത്. ആദ്യ ഘട്ടമായി പടന്നപ്പാലം, മഞ്ഞപ്പാലം തുടങ്ങുയ പ്രദേശങ്ങളിലാണ് വിതരണം നടത്തിയത്. ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ വീടുകളിലെ കിണറുകളിലും പൊതു കിണറുകളിലും കുളങ്ങളിലുമെല്ലാം ഗപ്പിയെ നിക്ഷേപിക്കും. ഒരു കിണറ്റിൽ ഒരു ആൺ ഗപ്പിയും പെൺ ഗപ്പിയും വേണം.
കൊതുകുകളുടെ ലാർവകൾ മുഴുവൻ ഈ മീനുകൾ തിന്നു വംശ വർധന തടയും. ഒരു ഗപ്പിക്ക് ഒന്നേകാൽ രൂപയാണ് വില. അങ്ങനെ രണ്ടര രൂപയ്ക് ഒരു വീട്ടിലേക്ക് ഒരു ജോഡിയെ ലഭിക്കു. ആദ്യ ദിവസം 500 ഗപ്പികളെ വിതരണം ചെയ്തു.
കണ്ണൂരിൽ അന്തർദേശീയ ആയുർവേദ റിസർച്ച് ഇന്സ്ടിട്യൂട്ടിനു അംഗീകാരം
കണ്ണൂർ: കണ്ണൂരിൽ അന്തർദേശീയ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് മന്ത്രിസഭഅംഗീകാരം നൽകി. 13 ആം പഞ്ചവത്സര പദ്ധതികാലത്താണ് ഈ അംഗീകാരം നൽകിയത്. ഇതുമായി ബന്ധപ്പെട്ട പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ 50 ലക്ഷം രൂപ കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ വകയിരുത്തിയിരുന്നു. പ്രാഥമിക റിപ്പോർട്ട് പൂർത്തിയാക്കിയിട്ടുണ്ട്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 300 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. ജില്ലയിൽ റവന്യൂ വകുപ്പ് കണ്ടെത്തുന്ന സ്ഥലത്തു ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ആധുനിക ജൈവ സാങ്കേതിക വിദ്യയുമായി ആയുർവേദ രംഗത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, ആയുർവേദ മരുന്നുകളുടെ അന്താരാഷ്ട നിലവാരം ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക.