തിരുവനന്തപുരം:ക്ഷയരോഗബാധിതർക്കായി സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കഫ് കോർണറുകൾ വരുന്നു.ക്ഷയം പോലുള്ള രോഗങ്ങൾ മറ്റുള്ളവരിലേക്ക് പകരുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണിത്.വായുജന്യ രോഗബാധിതരായി എത്തുന്നവർക്ക് പ്രത്യേക പേഷ്യന്റ് ഐ.ഡി കാർഡ് നൽകും.ഇവർ ആശുപത്രിയിൽ കൂടുതൽ സമയം ചിലവാക്കുന്നത് ഒഴിവാക്കാൻ ഫാസ്റ്റ്ട്രാക്കിലായിരിക്കും ചികിത്സ.കിടപ്പു രോഗികളാണെങ്കിൽ മറ്റുരോഗികളുമായി കൂടുതൽ സമ്പർക്കം വരാത്ത രീതിയിൽ പ്രത്യേക മേഖല വേർതിരിക്കും. ക്ഷയരോഗബാധിതരായി പ്രൈവറ്റ് ആശുപത്രിയിൽ എത്തുന്നവർക്കും സൗജന്യ ചികിത്സ ലഭിക്കും.ക്ഷയരോഗ നിർണയ പരിശോധനകളും മരുന്നുകളും സ്വകാര്യ ആശുപത്രികളിൽ ആരോഗ്യവകുപ്പ് സൗജന്യമായി ലഭ്യമാക്കും.ഇതിനായി 200 സെന്ററുകൾ ആരോഗ്യവകുപ്പ് സ്വകാര്യ ആശുപത്രികളിൽ ആരംഭിച്ചു.എച്1 എൻ1 ബാധിതർക്കും കഫ് കോർണറിലൂടെ പ്രത്യേക ശ്രദ്ധയും പരിചരണവും നൽകും.രോഗം പകരാതിരിക്കാൻ എയർബോൺ ഇൻഫെക്ഷൻ കൺട്രോൾ കിറ്റുകൾ രോഗികൾക്ക് നൽകും.
വെസ്റ്റ്നൈൽ വൈറസിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധസംഘം ഇന്ന് മലപ്പുറത്തെത്തും
മലപ്പുറം:വെസ്റ്റ്നൈൽ പനി ബാധിച്ച് മലപ്പുറത്ത് ആറുവയസ്സുകാരൻ മരിക്കാനിടയായ സാഹചര്യത്തിൽ രോഗം പരത്തുന്ന വൈറസിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സംഘം ഇന്ന് മലപ്പുറത്തെത്തും.സംസ്ഥാന എന്‍ഡമോളജി യൂണിറ്റിലേയും കോട്ടയം ആസ്ഥാനമായുള്ള വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററിലേയും ഉദ്യോഗസ്ഥരാണ് വരുന്നത്.പനി ബാധിച്ച് മരിച്ച ആറ് വയസുകാരന്‍ മുഹമ്മദ് ഷാന്റെ വേങ്ങര എ ആര്‍ നഗറിലെ വീടിന് സമീപ പ്രദേശങ്ങളില്‍ സംഘം ആദ്യ പരിശോധന നടത്തും. വൈറസ് ബാധ ഉണ്ടാകാനിടയായ സാഹചര്യം കണ്ടെത്തുക, കൊതുകുകളെ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുക, ഇത്തരം രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നിര്‍ദ്ദേശിക്കുക എന്നിവയ്ക്കായാണ് പരിശോധനാസംഘം എത്തുന്നത്. പരിശോധനയ്ക്കു ശേഷം ഉച്ച കഴിഞ്ഞ് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീനയുമായി വിദഗ്ദ്ധ സംഘം കൂടിക്കാഴ്ച നടത്തും. അതേസമയം വടക്കന്‍ ജില്ലകളിൽ വെസ്റ്റ് നൈല്‍ പനിക്കെതിരെ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് ഊര്‍ജിതമായി നടക്കുന്നുണ്ട്. രോഗം പടര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.പരിശോധനക്കായി പക്ഷികളുടേയും മൃഗങ്ങളുടേയും രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.രോഗ ലക്ഷണവുമായി ആരെങ്കിലും എത്തിയാല്‍ പ്രത്യേകം നിരീക്ഷിക്കാനും ചികിത്സ നല്‍കാനുമുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.
ക്യാൻസറിനെ പൂർണ്ണമായും സുഖപ്പെടുത്താന്‍ കഴിയുന്ന മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍
ടെൽ അവീവ്:ക്യാൻസറിനെ പൂർണ്ണമായും സുഖപ്പെടുത്താന്‍ കഴിയുന്ന മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍ രംഗത്ത്.പെപ്‌റ്റൈഡ്‌സ് എന്നറിയപ്പെടുന്ന പ്രോട്ടീന്റെ ചെറുഘടകങ്ങളുപയോഗിച്ച് സൃഷ്ടിക്കുന്ന വലയിലൂടെ കാന്‍സര്‍ കോശങ്ങളെ വലയം ചെയ്യാനും അതുവഴി വിവിധ ഭാഗങ്ങളിലൂടെ ആക്രമിച്ച് ട്യൂമറുകളെ നിശ്ശേഷം ഇല്ലാതാക്കാനും സഹായിക്കുന്ന മരുന്നാണ് തങ്ങള്‍ കണ്ടെത്തിയതെന്ന് ഇസ്രയേല്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. ട്യൂമറില്‍നിന്നുള്ള പ്രത്യാക്രമണം ഉണ്ടാകുന്നതിനുമുന്നെ പെപ്‌റ്റൈഡുകള്‍ പ്രവര്‍ത്തിക്കും. മാത്രമല്ല, ഇതിന് പാര്‍ശ്വഫലങ്ങളും ഉണ്ടാകില്ലെന്ന് ഇസ്രയേലിലെ ആക്‌സിലറേറ്റഡ് എവല്യൂഷന്‍ ബയോടെക്‌നോളജീസ് ലിമിറ്റഡിലെ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.എന്നാല്‍, ഇത് വിശ്വസിക്കാന്‍ മറ്റു രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ തയ്യാറായിട്ടില്ല.രോഗത്തെ ഭേദമാക്കാന്‍ ഇതിന് കഴിയുമെന്നത് വെറും അവകാശവാദം മാത്രമാണെന്നാണ് അവരുടെ പക്ഷം. ഈ ചികിത്സാ രീതി ഇതുവരെ മനുഷ്യരില്‍ പരീക്ഷിട്ടില്ലെന്നതാണ് അതിന്റെ ഏറ്റവും വലിയ ന്യൂനത. എലിയില്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ആ പരീക്ഷണഫലങ്ങള്‍ ആരും ഇതുവരെ കണ്ടിട്ടുമില്ല.ശരീരത്തെ ബാധിക്കുന്ന എല്ലാത്തരം കാന്‍സറുകള്‍ക്കും ഒരേതരം ചികിത്സ സാധ്യമല്ലെന്ന എതിര്‍വാദവും അവര്‍ ഉന്നയിക്കുന്നു. എന്നാല്‍, ഈ അവകാശവാദം ശരിയാണെങ്കില്‍ പ്രതീക്ഷാനിര്‍ഭരമായ മുന്നേറ്റമാണ് ചികിത്സാ രംഗത്തുണ്ടായിരിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല.
പിവിസി ഫ്‌ളെക്‌സിന്റെ ഉപയോഗം അപകടകരമാണെന്ന മുന്നറിയിപ്പുമായി സംസ്ഥാന ശുചിത്വ മിഷന്റെ റിപ്പോര്‍ട്ട്;ഹോര്‍മോണ്‍ തകരാര്‍ മുതല്‍ ക്യാന്‍സറിന് വരെ കാരണമാകും
തിരുവനന്തപുരം:പിവിസി ഫ്ലെക്സിന്റെ ഉപയോഗം അപകടകരമാണെന്ന റിപ്പോർട്ടുമായി സംസ്ഥാന ശുചിത്വ മിഷൻ.പ്രത്യുല്‍പാദനത്തിനും ഭ്രൂണവളര്‍ച്ചയ്ക്കും വില്ലനാകുകയും ഹോര്‍മോണ്‍ തകരാര്‍ മുതല്‍ ക്യാന്‍സറിന് വരെയും കാരണമാകുന്ന വസ്തുവാണ് പിവിസി ഫ്‌ളെക്‌സുകള്‍.മാത്രമല്ല പലതരത്തിലുള്ള ക്യാന്‍സറിനും ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളുടെ തകരാറിനും ഇത് കാരണമാവുകയും ചെയ്യുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു.പി.വി സി.യും പോളിസ്റ്ററും ചേര്‍ത്തുണ്ടാക്കുന്ന മള്‍ട്ടിലെയര്‍ പ്ലാസ്റ്റിക്കുകളാണ് പി.വി സി. ഫ്‌ളക്‌സ്. പരസ്യബോര്‍ഡുകളുടെ നിര്‍മ്മാണത്തിനും താത്കാലിക ടെന്റുകളുടെയും പന്തലുകളുടെയും നിര്‍മ്മാണത്തിനുമാണ് ഇവ ഉപയോഗിക്കുന്നത്. പുനഃചംക്രമണം ചെയ്യാന്‍ സാധിക്കാത്ത മാലിന്യമാണ് പിവിസി ഫ്ലെക്സ്. പി.വി സി.യും പോളിസ്റ്ററും വേർതിരിച്ചെടുത്താൽ മാത്രമേ പുനഃചംക്രമണം സാധ്യമാകൂ. നീണ്ടകാലം രാസമാറ്റങ്ങള്‍ക്ക് വിധേയമാകാതെ നമ്മുടെ ചുറ്റുപാടുകളില്‍ ഇവ അവശേഷിക്കുന്നതും വിനാശമാണ്. പി.വി സി. ഫ്‌ളക്‌സ് നിരോധനം പ്രാവര്‍ത്തികമായാല്‍ രാജ്യത്തിനുതന്നെ മാതൃകയാകുന്ന നടപടി ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കുഷ്ടരോഗ നിർണയ പ്രചാരണ പരിപാടി ‘അശ്വമേധം’ ജില്ലയിൽ ആരംഭിച്ചു
കണ്ണൂർ:ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള കുഷ്‌ഠരോഗ നിർണയ പ്രചാരണ പരിപാടിയായ ‘അശ്വമേധം’ ജില്ലയിൽ തുടങ്ങി.പി.കെ ശ്രീമതി എം പി പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.പയ്യാമ്പലത്തെ ലക്കി എന്ന കുതിരയെ ഉപയോഗിച്ചാണ് യാത്ര.ഡിസംബർ 18 വരെയാണ് അശ്വമേധം ക്യാമ്പയിൻ.നിലവിൽ ജില്ലയിൽ 64 കുഷ്‌ഠരോഗ ബാധിതർ ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.സമൂഹത്തിൽ കണ്ടുപിടിക്കപ്പെടാത്ത കുഷ്‌ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കി രോഗം നിർമാർജനം ചെയ്യുക എന്നാണത് അശ്വമേധം പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ ചികിത്സയാരംഭിച്ചാൽ വൈകല്യങ്ങൾ ഒഴിവാക്കാം.രോഗബാധിതരെ കണ്ടെത്തുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച ആശ വർക്കർമാരും സന്നദ്ധ പ്രവർത്തകരും വീടുകൾ സന്ദർശിച്ച് ബോധവൽക്കരണവും രോഗനിർണയവും നടത്തും.
സംസ്ഥാനത്ത് വ്യാപകമായി എച്ച് 1 എന്‍ 1 രോഗം പടരുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി എച്ച് 1 എന്‍ 1 രോഗം പടരുന്നതായി റിപ്പോർട്ട്. ഈ മാസം 162 പേര്‍ക്കുള്‍പ്പടെ ഇതുവരെ 481 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച 26 പേര്‍ മരിച്ചു.വൈറസ് തദ്ദേശീയമായി തന്നെ ഉള്ളതും മഴയുള്ള കാലാവസ്ഥയുമാണ് രോഗ പകര്‍ച്ചയ്ക്ക് പ്രധാന കാരണം. രാജ്യത്താകെ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടാതെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളിലുമടക്കം പ്രതിരോധ മരുന്ന് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗത്തെക്കുറിച്ച് ഡോക്ടര്‍മാരേയും പൊതുജനങ്ങളേയും ബോധവാന്മാരാക്കാന്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
പാരസെറ്റമോൾ സംയുക്തം ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ 328 മരുന്ന് സംയുക്തങ്ങൾ കേന്ദ്രം നിരോധിച്ചു
ന്യൂഡൽഹി:പാരസെറ്റമോൾ സംയുക്തം ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ 328 മരുന്നുകൾ കേന്ദ്രം നിരോധിച്ചു.ഈ ബ്രാന്‍ഡുകള്‍ ഉള്‍പ്പടേ പതിനായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ ഇനി നിര്‍മിക്കാനോ വിപണയിലെത്തിക്കാനോ സാധിക്കില്ല.ഇത്തരം മരുന്നുകള്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രമുഖ മരുന്ന് ബ്രാന്‍ഡുകളായ സറിഡോന്‍(പിറമോള്‍), ടാക്‌സിം എം ഇസഡ് (അല്‍ക്കം ലബോറട്ടറീസ്, പാന്‍ഡേം പ്ലസ് ക്രീം (മക്ലിയോസ് ഫാര്‍മ) എന്നിവയുടേത് ഉള്‍പ്പടേ 328 മരുന്ന് സംയുക്തങ്ങളാണ് നിരോധിച്ചിരിക്കുന്നത്.പാരസെറ്റമേള്‍+ പ്രോക്ലോപെറാസിന്‍, ബെന്‍സോക്‌സോണിയം ക്ലോറൈഡ്+ ലൈഡോകെയ്ന്‍, ഗൈബെന്‍ക്ലാമെഡ്+ മെറ്റ്‌ഫോര്‍മിന്‍(എസ്.ആര്‍)+ പയോഗ്ലിറ്റസോണ്‍, ഗ്ലിമെപിറൈഡ്+ പയോഗ്ലിറ്റസോണ്‍+മെറ്റ്‌ഫോര്‍മിന്‍, അമലോക്‌സിലിന്‍250 എംജി+ പൊട്ടാസ്യം ക്ലാവുലനേറ്റ് ഡൈലേറ്റഡ് 62.5 എംജി എന്നിവയാണ് നിയന്ത്രണമേര്‍പ്പെടുത്തിയ മരുന്നുസംയുക്തങ്ങള്‍.പ്രൊഫ്. ചന്ദ്രകാന്ത് കോകാടെ സമിതിയുടെ പഠനറിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രം 2016 ല്‍ 349 മരുന്നുസംയുക്തങ്ങല്‍ നിരോധിച്ചിരുന്നു. ഇവയില്‍ 1988 നു മുന്‍പ് അംഗികാരം ലഭിച്ച 15 മരുന്ന് സംയുക്തങ്ങളും നിയന്ത്രമേര്‍പ്പെടുത്തിയ ആറു മരുന്നുസംയുക്തങ്ങളും ഒഴികെ എല്ലാ മരുന്നുകള്‍ക്കും നിരോധനം ബാധകമാണ്. പ്രമേഹരോഗികള്‍ക്ക് നല്‍കുന്ന ഗ്ലൂക്കോനോ-പിജി, ബഹുരാഷ്ട്ര മുരുന്ന് കമ്പനിയായ അബോട്ടിന്റെ ട്രൈബെറ്റ്, ലുപിന്റെ ടൈപ്രൈഡ് തുടങ്ങിയ ആറ് മരുന്ന് സംയുക്തങ്ങളുടെ നിര്‍മാണത്തിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.ചുമ, പനി എന്നിവയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഫെന്‍സെഡില്‍, ഡി-കോള്‍ഡ് ടോട്ടല്‍, ഗ്രിലിന്‍ക്റ്റസ്, തുടങ്ങിയവയ്‌ക്കെതിരെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ഇവയെ നിരോധിച്ചിട്ടില്ല.
വായു മലിനീകരണം ഭ്രൂണത്തെ ബാധിക്കുമെന്ന് റിപ്പോർട്ട്
ലണ്ടൻ:വാഹനങ്ങൾ ഉണ്ടാക്കുന്ന വായുമലിനീകരണം ഭ്രൂണത്തെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്.ലണ്ടൻ ഇഎംപീരിയൽ കോളേജ്,കിങ്‌സ് കോളേജ് ലണ്ടൻ,യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇത് സംബന്ധിച്ചുള്ള പഠനം നടത്തിയത്.ഇത്തരം കുട്ടികൾക്ക് ജന്മനാ തൂക്കക്കുറവ് ഉണ്ടാകുമെന്നും രോഗപ്രതിരോധ ശേഷി കുറഞ്ഞവരായിരിക്കും ഇവരെന്നും പഠനം പറയുന്നു.പലതരം രോഗങ്ങൾക്ക് ഇരയാകുന്ന ഇത്തരം കുഞ്ഞുങ്ങൾ പിന്നീട് ജീവിക്കാനും സാധ്യത കുറവാണ്.ഓരോ വർഷവും ജനിക്കുന്ന 20 മില്യൺ കുഞ്ഞുങ്ങളിൽ 15 മുതൽ 20 ശതമാനം പേർക്കും തൂക്കക്കുറവ് കാണാറുണ്ട്.ഇതിന് അന്തരീക്ഷ മലിനീകരണവും കാരണമാകുന്നുണ്ടെന്ന് ലണ്ടനിൽ നടത്തിയ പഠനം തെളിയിക്കുന്നുണ്ട്.വായുമലിനീകരണം കുഞ്ഞിന്റെ തലച്ചോറിനെ ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.ഇത്തരത്തിലുള്ള പൊടിപടലങ്ങൾ ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിൽ കടന്നുചെന്ന് തലച്ചോറിന്റെ പ്രവർത്തനത്തെ ഗുരുതരമായി തന്നെ ബാധിക്കും.
ഈഡിസ് കൊതുകിന്റെ ലാർവയെ വീണ്ടും കണ്ടെത്തി
മട്ടന്നൂർ: ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിന്റെ ലാർവയെ കഴിഞ്ഞ ദിവസവും മട്ടന്നൂരിൽ കണ്ടെത്തി. പോലീസ് ക്വാർട്ടേഴ്‌സ് പരിസരത്താണ് ആരോഗ്യ വകുപ്പ് കൊതുകിന്റെ സാന്നിധ്യം കണ്ടെത്തിയത്. കെട്ടിടങ്ങളുടെ മുകളിലും പ്ലാസ്റ്റിക് പാത്രങ്ങളിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നത് കൊതുക് പെരുകാൻ കാരണമാകുന്നുണ്ട്. ഡെങ്കി സ്ഥിരീകരിക്കുന്നവരുടെ നിരക്ക് കുറഞ്ഞെങ്കിലും പനി ബാധിച്ചെത്തുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ല.
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം
കണ്ണൂർ: ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഈഡിസ് കൊതുകുകൾ സാധാരണയായി മുട്ടയിട്ടു വളരുന്ന സ്ഥലങ്ങളായ ചിരട്ട, ടയർ,കുപ്പി, ഉപയോഗ ശൂന്യമായ പാത്രങ്ങൾ വെള്ളം കെട്ടി നിൽക്കാവുന്ന മറ്റു സാധനങ്ങൾ തുടങ്ങിയവ ശരിയായ രീതിയിൽ സംസ്കരിക്കുകയോ വെള്ളം വീഴാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുകയോ ചെയ്യുക.
ഫ്രിഡ്ജിന്റെ പുറകിലെ ട്രേ,ചെടിച്ചട്ടിയ്ക്കടിയിൽ വെക്കുന്ന പാത്രം, പൂക്കൾ/ചെടികൾ എന്നിവ ഇട്ടു വെക്കുന്ന പാത്രം, ടെറസ്, ടാങ്ക് മുതലായവയിൽ നിന്നും ആഴ്ചയിലൊരിക്കൽ വെള്ളം ഊറ്റിക്കളയുക. ജലം സംഭരിച്ചു വെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുകു കടക്കാത്തവിധം മുടിവെക്കുക. തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് .
ഈഡിസ് കൊതുകിന്റെ കടി ഏൽക്കാതിരിക്കാൻ പകൽ സമയത്ത് ഉറങ്ങുന്നവർ കൊതുകുവല ഉപയോഗിക്കുക. കീടനാശിനിയിൽ മുക്കിയ കൊതുകുവല ഉപയോഗിക്കുന്നത് ഏറെ ഉത്തമം. കൊതുകിനെ അകറ്റാൻ കഴിവുള്ള ലേപനങ്ങൾ ദേഹത്ത് പുരട്ടുക. ശരീരം നന്നായി മൂടിയിരിക്കുന്ന വസ്ത്രങ്ങൾ ധരിക്കുക, ജനൽ, വാതിൽ വെന്റിലേറ്റർ മുതലായവയിൽ കൊതുകു കടക്കാത്ത വല ഘടിപ്പിക്കുക.