കോഴിക്കോട്:ട്രെയിനിൽ പാർസലായി കൊണ്ടുവന്ന 650 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. നിസാമുദ്ദീനില്‍ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടു വന്ന കോഴിയിറച്ചിയാണ് കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്.ഷവര്‍മയുള്‍പ്പെടെയുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനായി കൊണ്ടുവന്ന ഇറച്ചിയാണ് ഇതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു.65 കിലോയുടെ പത്ത് ബോക്സുകളായാണ് കോഴിയിറച്ചി എത്തിയത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോഴിയിറച്ചി കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ കോഴിയിറച്ചിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു.ഈ ഇറച്ചിയുപയോഗിച്ചുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. കോഴിക്കോട് നഗരത്തില്‍ വിതരണത്തിനായി എത്തിച്ചതാണ് ഇറച്ചിയാണ് ഇതെന്നാണ് വിവരം.പാഴ്സല്‍ ആര്‍ക്കാണ് വന്നതെന്ന കാര്യത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പൊലീസിനോട് ആവശ്യപ്പെടും. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം,ഭക്ഷ്യ സുരക്ഷാ വകുപ്പ്,റെയില്‍വേ ആരോഗ്യ വിഭാഗം എന്നിവയിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.
ജയില്‍ വിഭവങ്ങള്‍ക്ക് ഇന്ന് മുതല്‍ വില വർദ്ധിക്കും
കണ്ണൂർ:ജയിലിൽ നിന്നുള്ള വിഭവങ്ങൾക്ക് ഇന്ന് മുതൽ വില വർദ്ധിക്കും.അവശ്യസാധനങ്ങളുടെ വിലക്കയറ്റമാണ് ജയില്‍ വിഭവങ്ങളുടെ വിലയും വര്‍ധിപ്പിക്കുന്നതിന് കാരണം. ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിംഗ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.കണ്ണൂര്‍ സെൻട്രൽ ജയില്‍ സൂപ്രണ്ടാണ് വില വര്‍ധനയ്ക്ക് അനുമതി തേടി ജയില്‍ വകുപ്പിനെ സമീപിച്ചത്.ജയിലില്‍ തടവുകാര്‍ ഉണ്ടാക്കുന്ന ഇഡ്ഡ്‌ലി മുതല്‍ ബിരിയാണി വരെയുള്ള വിഭവങ്ങള്‍ക്ക് വില കൂടും.മുൻപ് രണ്ട് രൂപയായിരുന്ന ഇഡ്ഢലിയുടെ വില ഇനി മുതല്‍ മൂന്ന് രൂപയാകും. 22 രൂപയായിരുന്ന ബ്രഡിന് 25 രൂപയാകും.പതിനഞ്ച് രൂപയായിരുന്ന മുട്ടക്കറിക്ക് 20 രൂപയാണ് പുതുക്കിയ വില.നേരത്തെ ഇത് 15 രൂപയായിരുന്നു.കപ്പയും ബീഫിനും നേരത്തെ 60 രൂപയായിരുന്നെങ്കില്‍ ഇനി അത് 70 രൂപയാകും. ചില്ലി ചിക്കന് 50 രൂപയും,ചിക്കന്‍ കറിക്ക് 30 രൂപയും, ചിക്കന്‍ ബിരിയാണിക്ക് 70 രൂപയുമാകും പുതുക്കിയ വില. അതേസമയം ഏറ്റവും അധികം അവശ്യക്കാരുള്ള ചപ്പാത്തിക്കും വെജിറ്റല്‍ ബിരിയാണിക്കും പഴയ വില തന്നെ തുടരും. ചപ്പാത്തിക്ക് 10 എണ്ണം അടങ്ങിയ ഒരു പായ്‌ക്കറ്റിനു 20 രൂപയും വെജിറ്റബിള്‍ ബിരിയാണിക്ക് 40 രൂപയുമാണ് വില.
രാജ്യത്ത് ഉള്ളിവില ജനുവരിയോടെ 25 രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡൽഹി:കുതിച്ചുയർന്ന ഉള്ളിവില ജനുവരിയോടെ 20-25 രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട്. കാര്‍ഷികോത്പാദന വിപണന സമിതിയുടെ അധ്യക്ഷന്‍ ജയ്ദത്ത സീതാറാം ഹോല്‍ക്കറാണ് ഈ കാര്യം വ്യക്തമാക്കിയത്. ഉള്ളിയുടെ വിളവെടുപ്പ് ആരംഭിക്കുന്നതാണ് വില കുറയുന്നതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണന കേന്ദ്രമാണ് മഹാരാഷ്ട്രയിലെ ലസര്‍ഗാവ്. ജനുവരിയോടെ ഗുണനിലവാരമുള്ള ഉള്ളി ധാരാളമായി എത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.ആവശ്യമുള്ളതിനേക്കാള്‍ ധാരാളമായി ഉള്ളി ഉല്‍പാദിപ്പിക്കുന്ന ഒരു രാജ്യം കൂടിയാണ് ഇന്ത്യ. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് കൃഷി നശിച്ചതാണ് ഉള്ളി വില ഇത്രയും വര്‍ധിക്കാന്‍ കാരണമായത്.
സംസ്ഥാനത്ത് വീണ്ടും സവാള വില വർധിച്ചു
കോഴിക്കോട്:സാധാരണക്കാരുടെ കുടുംബബജറ്റിനെ താളം തെറ്റിച്ചുകൊണ്ട് സംസ്ഥാനത്ത് സവാളവില വീണ്ടും ഉയർന്നു.കോഴിക്കോട് ഇന്ന് കിലോയ്ക്ക് 160 രൂപയാണ് സവാളയുടെ വില. സവാള വരവ് കുറഞ്ഞതാണ് വില ഇത്രയും വര്‍ദ്ധിക്കാന്‍ കാരണം.മൂന്നുദിവസം മുൻപ് സവാളയുടെ വില കിലോയ്ക്ക് 100 രൂപ വരെ താഴ്ന്നിരുന്നു.കേരളത്തിലേക്ക് സവാളയെത്തിക്കുന്ന മഹാരാഷ്ട്ര മാര്‍ക്കറ്റിലെ വില കയറ്റത്തിന് ആനുപാതികമായി തന്നെയാണ് കേരളത്തിലെ മാര്‍ക്കറ്റുകളിലും വില വര്‍ധിക്കുന്നത്. സവാള വില ഉയര്‍ന്നതോടെ പച്ചക്കറി കച്ചവടക്കാരിലും പലരും സവാള ഉപേക്ഷിക്കാനുള്ള തയാറെടുപ്പില്‍ കൂടിയാണ്. അതേസമയം ഉള്ളിവില നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാകണമെന്ന് അനൂബ് ജേക്കബ് പറഞ്ഞു. തുര്‍ക്കിയില്‍നിന്ന് വന്‍തോതില്‍ സവാള ഇറക്കുമതി ചെയ്തിരുന്നു. ഇതിനൊപ്പം ഇറാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നും സവാള എത്തിച്ചിരുന്നു. ഇതേതുടര്‍ന്ന് സവാള വില കുറഞ്ഞിരുന്നു.ഇതിനിടെയാണ് വീണ്ടും വില കൂടിയിരിക്കുന്നത്
തിരുവനന്തപുരത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന മത്സ്യം പിടിച്ചെടുത്തു
തിരുവനന്തപുരം: ഫോര്‍മാലിന്‍ ചേര്‍ത്ത മൽസ്യം പിടികൂടി. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ച മീനിലാണ് മാരക വിഷമായ ഫോര്‍മാലിന്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 3.15ന് പട്ടം ജംഗ്ഷന് സമീപത്ത് വെച്ച് നഗരസഭ അധികൃതരാണ് മീന്‍ പിടിച്ചെടുത്തത്. 95 ട്രേ ( രണ്ടര ടണ്ണോളം ) മത്സ്യമാണ് തിരുവനന്തപുരം നഗരസഭയുടെ ഈഗിള്‍ ഐ സ്‌ക്വാഡ് പിടിച്ചെടുത്തത്.അഞ്ച് ലക്ഷം രൂപയോളം വില വരുന്ന മത്സ്യമാണ് പിടിച്ചെടുത്തത്. ഫോര്‍മാല്‍ഡിഹൈഡ് വാതകം 30-50 ശതമാനം വീര്യത്തില്‍ വെള്ളത്തില്‍ ലയിപ്പിച്ചാണ് ഫോര്‍മലിന്‍ തയ്യാറാക്കുന്നത്. ശക്തിയേറിയ അണുനാശിനിയാണ് ഇത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള മൃതശരീരങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും പത്തോളജി ലാബില്‍ സ്പെസിമെനുകള്‍ സൂക്ഷിക്കാനും മറ്റും ഫോര്‍മലിന്‍ ഉപയോഗിക്കുന്നു. ഈ ഫോര്‍മലിനാണ് മത്സ്യം കേടുകൂടാതെയിരിക്കാനും മത്സ്യത്തിന്റെ മാംസഭാഗത്തിന് ഉറപ്പുണ്ടാക്കാനും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.
റേഷന്‍ കട വഴി ഇനി ഇറച്ചിയും മീനും മുട്ടയും വിതരണം ചെയ്യും;പദ്ധതി 2020 ഏപ്രില്‍ ഒന്നുമുതല്‍
ഡല്‍ഹി : റേഷന്‍ കട വഴി ഇനി ഇറച്ചിയും മീനും മുട്ടയും. പോഷകാഹാരക്കുറവ് അടിസ്ഥാനമാക്കിയിട്ടുള്ള ആഗോള പട്ടിണി സൂചികയില്‍ രാജ്യം ഏറെ പുറകിലായതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള പദ്ധതി നടപ്പിലാക്കാന്‍ നീതി ആയോഗ് ആലോചിക്കുന്നത്.പ്രോട്ടീന്‍ ഏറെ അടങ്ങിയ മാംസാഹാരം സബ്സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് എത്തിച്ച് നല്‍കിയാല്‍ പോഷകാഹാര കുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.നീതി ആയോഗിന്റെ 15 വര്‍ഷ പദ്ധതികള്‍ അടങ്ങിയ ദര്‍ശനരേഖ 2035ല്‍ ഈ നിര്‍ദേശം സ്ഥാനം പിടിച്ചേക്കുമെന്നാണ് സൂചന. അടുത്ത വര്‍ഷം ആദ്യം ദര്‍ശനരേഖ അവതരിപ്പിക്കാനും 2020 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്.പ്രമുഖ എന്‍.ജി.ഒ. ‘വെല്‍റ്റ് ഹങ്കര്‍ ഹല്‍ഫെറ്റി’ ഈയിടെ പുറത്തുവിട്ട ആഗോള പട്ടിണിസൂചികയില്‍ പാകിസ്താനും പിന്നില്‍ 102 ആം സ്ഥാനത്തായിരുന്നു ഇന്ത്യ. 117 രാജ്യങ്ങളാണ് സൂചികയിലുള്ളത്.കഴിക്കുന്ന ഭക്ഷണത്തിലെ മാംസ്യത്തിന്റെ അളവിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിന്റെ സര്‍വേ നടന്നത്. മാംസ്യം ഏറെയുള്ള മാംസാഹാരത്തിന്റെ ഉയര്‍ന്നവില കാരണം ദരിദ്രര്‍ ഭക്ഷണത്തില്‍നിന്ന് ഇവ ഒഴിവാക്കുകയാണ്. ഇക്കാരണത്താലാണ് മാംസം വിതരണംചെയ്യുന്ന കാര്യം നീതി ആയോഗ് പരിഗണിക്കുന്നത്.
വര്‍ധിക്കുന്ന ഉള്ളി വിലയില്‍ നേരിയ ആശ്വാസം; മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് 40 രൂപ കുറഞ്ഞു
കൊച്ചി:കുതിച്ചുയരുന്ന ഉള്ളിവിലയ്ക്ക് നേരിയ ആശ്വാസം.മൊത്തവ്യാപാരത്തില്‍ ഒറ്റയടിക്ക് കുറഞ്ഞത് കിലോയ്ക്ക് 40 രൂപ.ഇതോടെ വില നൂറുരൂപയിലെത്തി. വരും ദിവസങ്ങളിലും വിലക്കുറവ് ഉണ്ടാകുന്നതോടെ വിപണി വീണ്ടും ഉഷാറാകുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികള്‍.പുണെയില്‍ നിന്നുള്ള കൂടുതല്‍ ലോറികള്‍ എത്തിയതോടെയാണ് വിലയില്‍ കുറവുണ്ടായത്. രണ്ടു ദിവസത്തിനകം കിലോയ്ക്ക് വില അറുപത് രൂപയിലെത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.ഉത്‌പാദനം വീണ്ടും മെച്ചപ്പെട്ടതോടെ മാര്‍ക്കറ്റുകളിലേക്ക് സവാള വണ്ടികള്‍ കൂടുതലായി എത്തി തുടങ്ങിയിട്ടുണ്ട്. വില കുറയ്ക്കാന്‍ വിദേശ സവാളകളും വിപണിയിലെത്തി. നിലവാരവും സ്വാദും കുറവായതിനാല്‍ ഇവയ്ക്ക് ഡിമാന്‍ഡ് മോശമാണ്. എങ്കിലും, ഇവ വിപണിയിലെത്തിയത് വില താഴാന്‍ സഹായകമായിട്ടുണ്ട്.രാജ്യത്തെ ഏറ്റവും വലിയ ഉള്ളി മൊത്തവില വിപണിയായ നാസിക്കിലെ ലാസല്‍ഗാവില്‍ ഇന്നലെ ഹോള്‍സെയില്‍ വില കിലോയ്ക്ക് 41 രൂപയിലേക്ക് താഴ്‌ന്നു. ഡിസംബര്‍ ഏഴിന് ഇവിടെ വില 71 രൂപയായിരുന്നു. മഴക്കെടുതിയെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ വിളവ് നശിച്ചതാണ് വില കത്തിക്കയറാന്‍ കാരണം.വരും നാളുകളില്‍ സവാള വരവ് കൂടുമെന്നും ജനുവരിയോടെ മൊത്തവില കിലോയ്ക്ക് 20-25 രൂപവരെയായി താഴുമെന്നുമാണ് ലാസല്‍ഗാവിലെ വ്യാപാരികള്‍ പറയുന്നത്. ഇത്, റീട്ടെയില്‍ വില കേരളത്തില്‍ അടുത്തമാസാദ്യം 50 രൂപയ്ക്ക് താഴെയെത്താന്‍ സഹായകമാകും.
ഉള്ളി വില കുതിക്കുന്നു;സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തം
കൊച്ചി:പൊതുജനങ്ങളുടെയും വ്യാപാരികളുടെയും ബജറ്റിനെ താളം തെറ്റിച്ചുകൊണ്ട് ഓരോ ദിവസവും ഉള്ളി വില കുതിച്ചുയരുകയാണ്.സവാളക്ക് 130ഉം ചെറിയ ഉള്ളിക്ക് 150ഉം ആണ് തലസ്ഥാനത്ത് ഇന്നലത്തെ മാര്‍ക്കറ്റ് വില. വില കുറച്ച് ഉള്ളി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.വിലയിലുണ്ടായ വര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് സാധാരണക്കാരനെയാണ്.വിലകൂടിയതോടെ വ്യാപാരം കുത്തനെ കുറഞ്ഞതാണ് വ്യാപാരികളെയും അതുപോലെ തന്നെ ഹോട്ടല്‍ വ്യവസായികളേയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയില്‍ കൃഷി നാശം സംഭവിച്ചതാണ് ഉള്ളിവില ഉയരാന്‍ കാരണമായി പറയുന്നത്.
തിരുവനന്തപുരത്ത് ഫോർമാലിൻ കലര്‍ന്ന 663 കിലോ മത്സ്യം പിടികൂടി
തിരുവനന്തപുരം: നഗരത്തിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ റെയ്‌ഡിൽ ഫോർമാലിൻ കലര്‍ന്ന 663 കിലോഗ്രാം മത്സ്യവും പഴകിയ 1122 കിലോ മത്സ്യവും പിടിച്ചെടുത്തു.ശ്രീകാര്യം, പാങ്ങോട്, കഴക്കൂട്ടം, കേശവദാസപുരം, പാപ്പനംകോട്, പാളയം, പേരൂര്‍ക്കട, മുക്കോല, ഉള്ളൂര്‍ നീരാഴി, മണക്കാട്, കുത്തുകല്ലുംമൂട് എന്നിവിടങ്ങളിലുള്ള മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് മത്സ്യം പിടിച്ചെടുത്തത്.അതേസമയം മത്സ്യം കേടുകൂടാതെ ഏറെക്കാലം സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നതും ശരീരത്തിനു ഹാനികരവുമായ അമോണിയ പിടിച്ചെടുത്ത മത്സ്യങ്ങളില്‍ കണ്ടെത്തിയിട്ടില്ലെന്നു മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.മറ്റു സംസ്ഥാനങ്ങളില്‍ നിന്നു മത്സ്യവുമായെത്തിയ വാഹനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഫോർമാലിൻ കലര്‍ന്ന മത്സ്യം കൂടുതല്‍ പിടിച്ചെടുത്തത്.
രുചിയേറും വിഭവങ്ങള്‍ വിളമ്പാൻ സര്‍ക്കാര്‍വക തട്ടുകടകള്‍ വരുന്നു
തിരുവനന്തപുരം:ഇനി ആശങ്കകളൊന്നുമില്ലാതെ വൃത്തിയോടും രുചിയോടും കൂടി വിഭവങ്ങള്‍ വിളമ്പാൻ സര്‍ക്കാര്‍വക തട്ടുകടകള്‍ വരുന്നു.ഇത്തരത്തിലുള്ള ആദ്യ ഭക്ഷണകേന്ദ്രം ആലപ്പുഴയില്‍ തുടങ്ങും. നടപടി വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറി ആലപ്പുഴ കളക്ടര്‍ക്ക് ഉടന്‍ കത്തയയ്ക്കും.ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്, കൃത്യമായ മാലിന്യസംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കിയാകും ഇത്തരം കേന്ദ്രം പ്രവര്‍ത്തിക്കുക. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കും.ആലപ്പുഴയ്ക്ക് ശേഷം തിരുവനന്തപുരത്തെ ശംഖുമുഖം, ഫോര്‍ട്ട്കൊച്ചി എന്നിവിടങ്ങളിലും തുടങ്ങും. വര്‍ക്കലയില്‍ മാതൃകാ തെരുവോര ഭക്ഷണ ഹബ് സ്ഥാപിക്കാനും നടപടിയുണ്ടാകും.ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംസ്ഥാനതല ഉപദേശകസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡം കൃത്യമായി പാലിക്കുന്ന കടകള്‍ക്കും ഹോട്ടലുകള്‍ക്കും ‘വാങ്ങാന്‍ സുരക്ഷിതം, കഴിക്കാന്‍ സുരക്ഷിതം’ എന്ന സര്‍ട്ടിഫിക്കറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കും. ഇത് മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കുന്നതോടെ ജനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ കിട്ടും. ഭക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധവുമാക്കും. പൊതുവിതരണ സംവിധാനത്തിന് ഗുണമേന്മാ നിയന്ത്രണ സംവിധാനം സപ്ലൈകോ ഷോപ്പുകളില്‍ ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണംചെയ്യാന്‍ ഗുണമേന്മാ നിയന്ത്രണ ഉദ്യോഗസ്ഥരെ നിയമിക്കും. ഒപ്പം, ഷോപ്പുകള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.