തിരുവനന്തപുരം:സംസ്ഥാനത്തെ പാല്‍ പ്രതിസന്ധി മറികടക്കാനായി മില്‍മയുടെ നിര്‍ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേരളത്തില്‍ പാല്‍ ലഭ്യത ഉറപ്പ് വരുത്താനായി അന്യസംസ്ഥാനങ്ങളിലെ പാല്‍ സഹകരണ സംഘങ്ങളെ ആശ്രയിക്കേണ്ട സാഹര്യമാണ് നിലവില്‍ ഉള്ളത്. പ്രതിദിനം 12 ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തില്‍ സഹകരണ സംഘങ്ങള്‍ വഴി നല്‍കിയിരുന്നത്. ഇതിനുപുറമെ രണ്ട് ലക്ഷം ലിറ്റര്‍ കര്‍ണാടകയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ വേനല്‍ കടുത്തതോടെ കേരളത്തിലെ പാല്‍ ഉത്പാദനത്തില്‍ ഗണ്യമായ കുറവ് ഉണ്ടായി.പ്രതിസന്ധി ഘട്ടത്തിലും കടുത്ത നഷ്ടം സഹിച്ചാണ് ക്ഷീരകര്‍ഷകര്‍ പാല്‍ വിപണനം നടത്തിയിരുന്നത്.എന്നാല്‍ ഇനി ഇത്തരത്തില്‍ നഷ്ടം സഹിച്ച് മുന്നോട്ട് പോകാനാവില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.ലിറ്ററിന് ആറ് രൂപവരെയെങ്കിലും വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.ഇന്ന് നടക്കുന്ന യോഗത്തിന് ശേഷം വിലവര്‍ധനവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഈ തീരുമാനങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും.എന്നാല്‍ വില വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതിനകം രണ്ടു തവണ വില കൂട്ടിയതിനാല്‍ ഒരു തവണ കൂടി കൂട്ടുന്നത് തിരിച്ചടിയാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പക്ഷെ വില കൂട്ടണമെന്ന കാര്യത്തില്‍ മില്‍മ ഉറച്ചു നില്‍ക്കുന്നതിനാല്‍ ഇന്നത്തെ യോഗം നിര്‍ണായകമാണ്.
സംസ്ഥാനത്ത് പാൽക്ഷാമം രൂക്ഷം; അയൽസംസ്ഥാനങ്ങളിൽ നിന്നും പാൽ ഇറക്കുമതി ചെയ്യാനൊരുങ്ങി മിൽമ
തിരുവനന്തപുരം:സംസ്ഥാനത്ത് പാൽക്ഷാമം പരിഹരിക്കുന്നതിനായി അയൽസംസ്ഥാനങ്ങളിൽ നിന്നും പാൽ ഇറക്കുമതി ചെയ്യാനൊരുങ്ങി മിൽമ.ഇന്ന് ചേര്‍ന്ന മില്‍മയുടെ ഹൈപ്പവര്‍ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും കൂടുതല്‍ പാല്‍ വാങ്ങാനാണ് തീരുമാനം. ഇതിനായി തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളുമായി സംസ്ഥാന സര്‍ക്കാര്‍ മുഖേന ചര്‍ച്ച നടത്തും.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നിലവില്‍ ഒരു ലക്ഷം ലിറ്റര്‍ പാലിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത് . ഉല്പാദനച്ചെലവും കാലിത്തീറ്റയുടെ വിലയും കൂടിയത് കാരണം കര്‍ഷകര്‍ ക്ഷീരമേഖല ഉപേക്ഷിക്കുന്നതാണ് പാല്‍ക്ഷാമത്തിനുള്ള കാരണമായി മില്‍മ പറയുന്നത് .
പാചകത്തിന് ഉപയോഗിച്ച് പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി; എണ്ണ ശേഖരിക്കാന്‍ ഏജന്‍സിയെ നിയമിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
കോഴിക്കോട്: ഹോട്ടലുകളില്‍ പാചകത്തിന് ഉപയോഗിച്ച് പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് രംഗത്ത്. ഹോട്ടലുകളിലും ബേക്കറികളിലും പാചകത്തിന് ഉപയോഗിച്ച എണ്ണ തട്ടുകടകളിലും മറ്റും വീണ്ടും ഉപയോഗിക്കുന്നതായി പരാതി ഉയരുന്നുണ്ട്.ചെറിയ വിലയ്ക്ക് ഇത്തരം എണ്ണ കിട്ടുമെന്നതാണ് തട്ടുകടക്കാരെ ആകര്‍ഷിക്കുന്നത്.ചില ഹോട്ടലുകളും പഴകിയ എണ്ണ നിരന്തരം ഉപയോഗിക്കുന്നതായും ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഹോട്ടലുകളില്‍ നിന്ന് ഉപയോഗിച്ച എണ്ണ ശേഖരിക്കാന്‍ ഏജന്‍സിയെ നിയോഗിച്ചിരിക്കുകയാണ് ഭക്ഷ്യ സുരക്ഷ വകുപ്പ്. ആരോഗ്യത്തിന് ഗുരുതര പ്രശ്‌നമുണ്ടാക്കുന്ന ഇത്തരം എണ്ണയുടെ ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ എണ്ണ ശേഖരിക്കാനാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ തീരുമാനം. ഇതിനായി ഒരു ഏജന്‍സിയെ നിയമിച്ചു കഴിഞ്ഞു. ഇങ്ങനെ ശേഖരിക്കുന്ന എണ്ണ വ്യാവസായിക ആവശ്യങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തുക. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം പഴകിയ എണ്ണകള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന പരിശോധന കര്‍ശനമാക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കുപ്പി വെള്ളത്തിന്റെ വില കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ചു. ഒരു ലിറ്ററിന് 13 രൂപ ആക്കിയാണ് കുറച്ചത്. വില കുറച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പ് വച്ചു.വിജ്‍ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവില്‍ വരുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.ഇപ്പോള്‍ നികുതി ഉള്‍പ്പെടെ 8 രൂപയ്ക്കാണു ഒരു ലീറ്റര്‍ കുപ്പിവെള്ളം ചില്ലറ വില്‍പനക്കാര്‍ക്കു ലഭിക്കുന്നത്. വില്‍ക്കുന്നതാകട്ടെ 20 രൂപയ്ക്കും.വില നിര്‍ണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് നിര്‍ദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരും. ഈ വ്യവസ്ഥകള്‍ അനുസരിച്ചു സംസ്ഥാനത്ത് 220 പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യ സാധനങ്ങളുടെ വിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തിയാണ് ഇപ്പോള്‍ വില കുറച്ചത്.
എടിഎം വഴി പാല്‍;മില്‍മയുടെ പുതിയ പദ്ധതി അടുത്തമാസം മുതല്‍
തിരുവനന്തപുരം: ഇനിമുതല്‍ സംസ്ഥാനത്ത് എടിഎം വഴിയും പാല്‍ ലഭിക്കും. സംസ്ഥാന സര്‍ക്കാരും ഗ്രീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് ഒരുക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍ തലസ്ഥാനത്ത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.ശേഷം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. മില്‍മ പാല്‍ വിതരണത്തിനായി തിരുവനന്തപുരം മേഖലയില്‍ എടിഎം സെന്ററുകള്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ തുടങ്ങാനാണ് തീരുമാനം. ക്ഷീര വിപണന മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പാല്‍ വിതരണ എടിഎം സെന്ററുകള്‍ സ്ഥാപിക്കും. ഓരോ ദിവസവും സെന്ററുകളില്‍ പാല്‍ നിറയ്ക്കുന്ന തരത്തിലായിരിക്കും ക്രമികരണം. നിലവിലെ പദ്ധതിയിലൂടെ പാക്കിങ്ങ് ചാര്‍ജില്‍ അടക്കം വരുന്ന അധിക ചാര്‍ജ് ഇല്ലാതാകുമെന്നും എന്നാണ് മില്‍മ അവകാശപ്പെടുന്നത്. പദ്ധതി വിജയകരമാകുമെന്നാണ് മില്‍മയുടെ പ്രതീക്ഷ.
തളിപ്പറമ്പിൽ ഹോട്ടലുകളിൽ നടത്തിയ റെയ്‌ഡിൽ പഴകിയ ഭക്ഷണം പിടികൂടി
തളിപ്പറമ്പ്:തളിപ്പറമ്പിൽ ഹോട്ടലുകളിൽ നടത്തിയ റെയ്‌ഡിൽ പഴകിയ ഭക്ഷണം പിടികൂടി. നഗരസഭാ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. മന്നയിലെ അറേബ്യൻ ഹോട്ടൽ, ഹോട്ടൽ ഫുഡ് പാലസ്,ഫുഡ് ലാൻഡ്,എം.എസ് ഹോട് ആൻഡ് കൂൾ,ഹോട്ടൽ തറവാട് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ചപ്പാത്തി,ചോറ്,ചിക്കൻ,ബീഫ്,അച്ചാർ തുടങ്ങിയവ പിടികൂടിയത്.ഇതുകൂടാതെ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും റെയ്‌ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.ഹെൽത്ത് ഇൻസ്പെക്റ്റർ പി.പി ബിജു,ജെ.എച്ച് ഐമാരായ എസ്.അബ്ദുൽ റഹ്മാൻ,എൻ.രാഖി എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.
ചന്തയിൽ നിന്നും വാങ്ങിയ മീനിൽ പുഴുക്കളെ കണ്ടെത്തി
തിരുവനന്തപുരം:ചന്തയിൽ നിന്നും വാങ്ങിയ മീനിൽ പുഴുക്കളെ കണ്ടെത്തി.പോത്തന്‍കോട് ചന്തയില്‍ നിന്നും കാട്ടായിക്കോണം മേലേവിള നവനീതത്തില്‍ പ്രിയ വാങ്ങിയ ചൂരമീനിലാണ് നുരയുന്ന പുഴുക്കളെ കണ്ടത്. ഉടനെ തിരികെ ചന്തയില്‍ എത്തിയെങ്കിലും വില്‍പ്പനക്കാരനെ കണ്ടില്ല. മറ്റു വില്‍പനക്കാരും മോശമായാണ് പെരുമാറിയതെന്നു പ്രിയ പറയുന്നു.ഇതോടെ പോത്തന്‍കോട് പഞ്ചായത്ത് സെക്രട്ടറിക്ക് പ്രിയ പരാതി നല്‍കുകയായിരുന്നു. പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശ പ്രകാരം വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ചന്തയില്‍ എത്തിയെങ്കിലും വില്‍പന നടത്തിയയാളെ കണ്ടെത്താനായില്ല.മുന്‍പും പോത്തന്‍കോട് മല്‍സ്യ മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ മീനില്‍ പുഴുക്കളെ കണ്ടെത്തിയിരുന്നു. കേടായ മല്‍സ്യങ്ങളില്‍ മണല്‍ പൊതിഞ്ഞ് വില്‍ക്കുന്നത് പലവട്ടം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി വിലക്കിയെങ്കിലും വില്‍പ്പനക്കാര്‍ ഇപ്പോഴും നിര്‍ദേശം ചെവിക്കൊണ്ടിട്ടില്ല. സംഭവത്തില്‍ വില്‍പനക്കാരനെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും മായം കലര്‍ന്നതും കേടായതുമായ മീനുകള്‍ മണല്‍ വിതറി വില്‍ക്കുന്നത് തടയാന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും കൂട്ടി കര്‍ശന പരിശോധന നടത്തുമെന്നും പഞ്ചായത്ത് സെക്രട്ടറി സുനില്‍ അബ്ബാസ് പറഞ്ഞു.
മുട്ടയ്ക്കുള്ളിൽ നിന്നും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതായി പരാതി;സംസ്ഥാനത്ത് വീണ്ടും വ്യാജമുട്ട വ്യപകമാകുന്നതായി റിപ്പോർട്ട്
കൊച്ചി:കളമശേരിയില്‍ മുട്ടയ്ക്കുള്ളില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതായി പരാതി.നോര്‍ത്ത് കളമശേരി സ്വദേശിയായ വിന്‍സെന്റ് വാങ്ങിയ മുട്ടയിലാണ് പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്.കളമശേരിയിലെ ഒരു കടയില്‍ നിന്നാണ് വിന്‍സെന്റ് മുട്ട വാങ്ങിയത്. പാകം ചെയ്യുന്നതിനിടയിലാണ് മുട്ടയില്‍ പ്ലാസ്റ്റിക്കിന്റെ അംശം ശ്രദ്ധയില്‍പെടുകയായിരുന്നു. മുട്ടയുടെ തൊണ്ടിനോട് ചേര്‍ന്ന പാടയിലായിരുന്നു പ്ലാസ്റ്റിക് കോട്ടിങ്ങ്.ഇത് ശ്രദ്ധയില്‍പെട്ടതോടെ വീട്ടുകാര്‍ വിവരം നഗരസഭാ അധികൃതരെ അറിയിച്ചു. ഉടന്‍ തന്നെ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം വീട്ടിലെത്തി മുട്ടയുടെ സാമ്പിളുകൾ ശേഖരിച്ചു.വിദഗ്ധ പരിശോധനയ്ക്കായി ഇവ ലാബുകളിലേക്ക് അയയ്ക്കാനാണ് തീരുമാനം.അന്യ സംസ്ഥാനത്തു നിന്നാണ് ഇത്തരത്തിലുള്ള വ്യാജ മുട്ടകള്‍ ഇറക്കുമതി ചെയ്യുന്നതെന്നാണ് വിവരം. ഇത്തരത്തിലുള്ള മുട്ട മാഫിയക്ക് എതിരെ ശക്തമായ പരിശോധനകളും നടപടിയും സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം.
കേരളത്തിൽ വിൽപ്പനയ്‌ക്കെത്തിച്ച ഗുണനിലവാരമില്ലാത്ത 2484 ലിറ്റര്‍ പാല്‍ പിടികൂടി
പാലക്കാട്:കേരളത്തിലേക്ക് വില്‍പ്പനക്കെത്തിച്ച ഗുണനിലവാരമില്ലാത്ത 2484 ലിറ്റര്‍ പാല്‍ പാലക്കാട് പിടികൂടി.ക്ഷീര വികസന വകുപ്പിന്റെ മീനാക്ഷിപുരം ചെക്പോസ്റ്റില്‍ വെച്ചാണ് പാല്‍ പിടികൂടിയത്. പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത പാലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിന് കൈമാറി.
സംസ്ഥാനത്ത് വിവിധയിനം മത്സ്യങ്ങളിൽ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതായി റിപ്പോർട്ട്
കൊച്ചി:സംസ്ഥാനത്ത് വിവിധയിനം മത്സ്യങ്ങളിൽ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതായി റിപ്പോർട്ട്.ചാളയിലും അയലയിലും നെത്തോലിയിലുമാണ് പ്ലാസ്റ്റിക് അംശം കണ്ടെത്തിയത്. കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് (സിഎംഎഫ്‌ആര്‍ഐ) കേരളതീരത്തു നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. സിഎംഎഫ്‌ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വി കൃപ ആണ് പഠനത്തിനു നേതൃത്വം നല്‍കിയത്.കടലില്‍ ഒഴുകി നടക്കുന്ന പ്ലവകങ്ങളില്‍ പ്ലാസ്റ്റിക്ക് അംശം ധാരാളം ഉണ്ട്. ഉപരിതല മത്സ്യങ്ങളുടെ പ്രധാന ആഹാരമായ പ്ലവകങ്ങള്‍ കഴിക്കുന്നതു വഴിയാണു പ്ലാസ്റ്റിക്കിന്റെ അംശം മത്സ്യങ്ങളുടെ ഉള്ളിലെത്തുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.മത്സ്യബന്ധന വലകള്‍, മാലിന്യങ്ങള്‍ക്കൊപ്പം കടലിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങിയവയുടെ അതിസൂക്ഷ്മ അംശങ്ങളാണു മീനിന്റെ വയറ്റിലെത്തുന്നത്. രണ്ടുമൂന്നു വര്‍ഷമായി ലഭിക്കുന്ന മത്സ്യങ്ങളില്‍ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍.എന്നാല്‍ മത്സ്യം വേവിച്ചു കഴിക്കുന്നതിനാല്‍, കാര്യമായ ദോഷം ഇപ്പോള്‍ പറയാനാവില്ലെങ്കിലും, ഇതിനെ കുറിച്ച് അറിയാന്‍ കൂടുതല്‍ പഠനം വേണ്ടിവരും. രാസപദാര്‍ഥങ്ങള്‍ മീനിന്റെ കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ ഇവയുടെ ജനിതക ഘടനയെത്തന്നെ ബാധിച്ചേക്കാമെന്നും ഡോ. കൃപ ചൂണ്ടിക്കാട്ടുന്നു.