കോഴിയിറച്ചി വില കുതിച്ചുയരുന്നു;കിലോക്ക് 220 രൂപ

keralanews chicken price is increasing in the state 220 rupees per kg

കോഴിക്കോട്:സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. കോഴിക്കോട് ജില്ലയിൽ 220 രൂപയാണ് കോഴിയിറച്ചിയുടെ വില. 200 രൂപയ്ക്ക് മുകളിൽ വിൽക്കരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ജില്ലയിലെ ചിക്കൻ സ്റ്റാളുകൾ ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിടും.ഒരാഴ്ചക്കിടെ അറുപത് രൂപയുടെ വര്‍ദ്ധനവാണ് കോഴിയിറച്ചിക്കുണ്ടായത്. 160 രൂപയില്‍ നിന്ന് 220ലേക്ക്. ലെഗോണ്‍ കോഴിക്ക് 185 രൂപയാണ്. വില ഉയർന്നതോടെയാണ് അധികൃതർ ഇടപ്പെട്ടത്. 200 രൂപയ്ക്ക് മുകളിൽ വിൽക്കരുതെന്നാണ് നിർദ്ദേശം. എന്നാൽ ഫാമുകളിൽ നിന്ന് ഉയർന്ന വിലയ്ക്ക് ലഭിക്കുന്ന കോഴി . നിലവിലെ വിലയ്ക്കല്ലാതെ വില്‍പന നടത്തുന്നത് വ്യാപാരികളെ നഷ്ടത്തിലാക്കുമെന്നാണ് വ്യാപരികൾ പറയുന്നത്. തുടർന്നാണ് അനിശ്ചിതകാലത്തേക്ക് ചിക്കൻ സ്റ്റാളുകൾ അടച്ചിടാൻ തീരുമാനിച്ചത്.

റേഷന്‍ വിഹിതം മേയ് 20ന് മുൻപ് കൈപ്പറ്റണം; നീല കാര്‍ഡുകാര്‍ക്കുള്ള പലവ്യഞ്ജന കിറ്റ് വിതരണം ഇന്നു മുതല്‍

keralanews ration share must be received before may 20 free food kit distribution for blue card holders starts today

തിരുവനന്തപുരം: മേയ് മാസത്തെ സാധാരണ റേഷന്‍ വിഹിതം മേയ് 20ന് മുൻപ് ഉപഭോക്താക്കള്‍ കൈപ്പറ്റേണ്ടതാണെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.മെയ് മാസത്തില്‍ സാധാരണ റേഷന് പുറമെ മുന്‍ഗണന കാര്‍ഡുകള്‍ക്കുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പി.എം.ജി.കെ.എ,വൈ) പദ്ധതി പ്രകാരമുള്ള ചെറുപയര്‍ വിതരണം, പൊതുവിഭാഗം കാര്‍ഡുകള്‍ക്ക് 10 കിലോഗ്രാം സ്‌പെഷ്യല്‍ അരി, മുന്‍ഗണന കാര്‍ഡുകള്‍ക്കുള്ള പി.എം.ജി.കെ.എ.വൈ അരി, ചെറുപയര്‍ എന്നിവയും പൊതുവിഭാഗങ്ങള്‍ക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റും വിതരണം ചെയ്യേണ്ടതുണ്ട്. ഇവ സ്‌റ്റോക്ക് ചെയ്യാന്‍ റേഷന്‍ കടകളില്‍ സ്ഥലപരിമിതി ഉണ്ടാവുന്നതിനാലാണ് 20ന് മുൻപായി റേഷന്‍ വാങ്ങാന്‍ നിര്‍ദേശം.മുന്‍ഗണനേതര (സബ്‌സിഡി) വിഭാഗത്തിന് (നീല കാര്‍ഡ്) സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ മെയ് എട്ടു മുതല്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യും. റേഷന്‍ കാര്‍ഡ് നമ്പറുകളുടെ അവസാന അക്കം കണക്കാക്കിയാണ് വിതരണ തിയതി ക്രമീകരിച്ചിരിക്കുന്നത്. എട്ടിന് കാര്‍ഡിന്റെ അവസാന അക്കം പൂജ്യത്തിനും, ഒന്‍പതിന് 1, 11ന് 2, 3, 12ന് 4, 5, 13ന് 6, 7, 14ന് 8, 9 എന്നിങ്ങനെയാണ് കിറ്റ് വിതരണം.മേയ് 15 മുതല്‍ മുന്‍ഗണന ഇതര (നോണ്‍ സബ്‌സിഡി) വിഭാഗത്തിന് (വെള്ളകാര്‍ഡുകള്‍ക്ക്) കിറ്റ് വിതരണം ചെയ്യും.

കുപ്പി വെള്ളത്തിന് അമിതവില ഈടാക്കുന്നവർക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി പി.തിലോത്തമന്‍

keralanews strict action take against taking excess price for mineral water

തിരുവനന്തപുരം: കുപ്പി വെള്ളത്തിന് അമിത വില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി മന്ത്രി പി.തിലോത്തമന്‍. അമിത വില ഈടാക്കിയ 131 കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസ് റജിസ്റ്റര്‍ ചെയ്ത് 3.30 ലക്ഷം രൂപ പിഴ ഈടാക്കി.ഒരു ലിറ്റർ കുപ്പിവെള്ളത്തിന് പരമാവധി 13 രൂപ ഈടാക്കാം.ഹോട്ടലുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളിലൂടെ മാത്രമേ കുപ്പി വെള്ളം വില്‍ക്കുന്നുള്ളൂ. ഇവിടങ്ങളില്‍ അമിത വിലയാണെന്ന് ഒട്ടേറെ പരാതികള്‍ മന്ത്രിക്കു ലഭിച്ചിരുന്നു.അവശ്യ വസ്തു നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുപ്പിവെള്ളത്തിന് 13 രൂപയില്‍ കൂടുതല്‍ ഈടാക്കാനാവില്ല. അമിത വില ഈടാക്കുന്നവര്‍ കുറഞ്ഞത് 5,000 രൂപ പിഴ നല്‍കണം. സെയില്‍സ്മാന്‍, മാനേജര്‍, കടയുടമ എന്നിവരുള്ള സ്ഥാപനമാണ് അമിതവില വാങ്ങുന്നതെങ്കില്‍ ഇവര്‍ 3 പേരും 5,000 രൂപ വീതം പിഴ അടയ്ക്കണം. ടോള്‍ ഫ്രീ നമ്പറായ 1800 425 4835, ‘സുതാര്യം’ മൊബൈല്‍ ആപ്ലിക്കേഷന്‍, lmd.kerala.gov.in എന്നിവ വഴി പരാതികള്‍ അറിയിക്കാം.

കണ്ണൂരിൽ 2000 കിലോ പഴകിയ മൽസ്യം പിടികൂടി

keralanews 2000kg stale fish seized from kannur

കണ്ണൂർ:കണ്ണൂരിൽ  പഴകിയ മൽസ്യം പിടികൂടി.ആയിക്കര ഹാർബർ കേന്ദ്രീകരിച്ച് കോർപറേഷൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് രണ്ട് കണ്ടെയ്നർ ലോറികളിലായി സൂക്ഷിച്ചിരുന്ന മൽസ്യം പിടികൂടിയത്.അയല,ചെമ്മീൻ,കിളിമീൻ തുടങ്ങിയ മൽസ്യങ്ങൾ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.കർണാടകയിലെയും ഗോവയിലെയും വിവിധ ഹാർബറുകളിൽ നിന്നാണ് കണ്ണൂരിൽ മൽസ്യമെത്തിച്ചതെന്നാണ് സൂചന.മൽസ്യം സൂക്ഷിച്ചിരുന്ന രണ്ട് വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു.ഇതിൽ ഒരു വാഹനത്തിൽ രജിസ്‌ട്രേഷൻ നമ്പർ പോലും രേഖപ്പെടുത്തിയിട്ടില്ല.അമോണിയ കലർത്തിയ ഐസിൽ സൂക്ഷിച്ചിരുന്ന മത്സ്യത്തിന് രണ്ടുമാസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം.ഈസ്റ്റർ അടുത്ത സാഹചര്യത്തിൽ നഗരം കേന്ദ്രീകരിച്ചുള്ള ചില്ലറവിൽപ്പനക്കാരെ ലക്ഷ്യമിട്ടാണ് മീൻ എത്തിച്ചതെന്നാണ് സൂചന.വാഹനത്തിലുണ്ടായിരുന്ന മത്സ്യത്തിന്റെ ഒരു ഭാഗം രാവിലെ തന്നെ വിറ്റഴിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.ഇന്നലെ ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നും പിടിച്ചെടുത്ത മൽസ്യങ്ങളിൽ ഉയർന്ന തോതിൽ ഫോർമാലിൻ കലർത്തിയിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ്  ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.

സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം ആരംഭിച്ചു

keralanews free ration supply started in kerala

തിരുവനന്തപുരം:സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം ആരംഭിച്ചു.രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 1 മണി വരെ അന്ത്യോദയ -മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചക്ക് 2 മണിമുതൽ 5 മണിവരെ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുമാണ് റേഷന്‍ വിതരണം ചെയ്യുക.റേഷന്‍ കടയിലെ തിരക്ക് ഒഴിവാക്കാന്‍ കാര്‍ഡ് നമ്പർ അനുസരിച്ചാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്.ഇന്ന് പൂജ്യം -ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് നമ്പറുള്ളവര്‍ക്കാണ് വിതരണം ചെയ്യുക. വ്യാഴാഴ്ച രണ്ട് -മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും ഏപ്രില്‍ മൂന്നിന് നാല് -അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും ഏപ്രില്‍ നാലിന് ആറ് -ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും ഏപ്രില്‍ അഞ്ചിന് എട്ട് -ഒൻപത് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും റേഷന്‍ നല്‍കും.ഈ ദിവസങ്ങളില്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് സൗകര്യമൊരുക്കും. കടകള്‍ക്ക് മുൻപിൽ കൈ കഴുകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടാതെ ആളുകള്‍ക്ക് വരിനില്‍ക്കാനുള്ള വരയും അടയാളപ്പെടുത്തിയിട്ടുണ്ട്.നേരിട്ടെത്തി റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ റേഷന്‍ എത്തിച്ചു നല്‍കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

സം​സ്ഥാ​ന​ത്ത് സൗ​ജ​ന്യ റേ​ഷ​ന്‍ വിതരണം ബു​ധ​നാ​ഴ്ച മു​ത​ല്‍ ആരംഭിക്കുമെന്ന് ​മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍

keralanews distribution of free ration in the state begin on wednesday

തിരുവനന്തപുരം:സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.ഏപ്രില്‍ 20നുള്ളില്‍ വിതരണം പൂര്‍ത്തിയാക്കും. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവര്‍ ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ അവര്‍ക്കും സൌജന്യ റേഷന്‍ ലഭിക്കും.ദിവസവും ഉച്ച വരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കു ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാകും സൗജന്യ റേഷൻ വിതരണമെന്ന് മന്ത്രി പറഞ്ഞു.ഒരു സമയം അഞ്ച് പേരില്‍ കൂടുതല്‍ റേഷന്‍ കടയ്ക്കു മുന്നില്‍ നില്‍ക്കാന്‍ പാടുള്ളതല്ലെന്നും മന്ത്രി പറഞ്ഞു.അന്ത്യോദയ വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന 35 കിലോ ധാന്യം സൗജന്യമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.പ്രയോരിറ്റി ഹൗസ് ഹോൾഡ്‌സ്(പി.എച്ച്.എച്ച്) വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡ് ഉള്ളവർക്ക് കാർഡിലുള്ള ഒരു അംഗത്തിന് അഞ്ചു കിലോ വീതം സൗജന്യ ധാന്യം നൽകും. വെള്ള, നീല കാർഡുകളുള്ള മുൻഗണനേതര വിഭാഗങ്ങൾക്ക് കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും.15 കിലോയിൽ കൂടുതൽ ധാന്യം നിലവിൽ ലഭിക്കുന്ന നീല കാർഡ് ഉടമകൾക്ക് അതു തുടർന്നും ലഭിക്കും.റേഷന്‍ കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് സന്നദ്ധസേനാ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിച്ച് നല്‍കും. റേഷന്‍ കാര്‍ഡില്ലാത്തവര്‍ ആധാര്‍ കാര്‍ഡും സത്യവാങ്മൂലവും നല്‍കണം. തെറ്റായ സത്യവാങ്മൂലം നല്‍കിയാല്‍ കൈപ്പറ്റുന്ന ധാന്യത്തിന്‍റെ മാര്‍ക്കറ്റ് വിലയുടെ ഒന്നര ഇരട്ടി പിഴ ഈടാക്കും.എല്ലാവര്‍ക്കും ഏപ്രില്‍ മാസം തന്നെ സൌജന്യകിറ്റും വിതരണം ചെയ്യും. കിറ്റ് ആവശ്യമില്ലാത്തവര്‍ അറിയിക്കണമെന്നും പി തിലോത്തമന്‍ ആവശ്യപ്പെട്ടു.87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ലോക്ക് ഡൗണിന് പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വില ഇരട്ടിയായി

keralanews vegetable prices in the state have doubled following the lockdown

തിരുവനന്തപുരം:ലോക്ക് ഡൗണിന് പിന്നാലെ സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു.ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ഉള്ളിയും പച്ചമുളകും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് മൊത്തവില്‍പനക്കാര്‍. ഇന്നലെ അറുപത് രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിക്ക് 35 രൂപയാണ് ഒറ്റദിവസം കൊണ്ട് കൂടിയിരിക്കുന്നത്.20-25 രൂപയ്ക്ക് ലഭിക്കുമായിരുന്ന സവാളയുടെ വില ഒറ്റയടിക്ക് 40 രൂപയായി ഉയര്‍ന്നു.ഒരു പെട്ടി തക്കാളിയുടെ വില 500ൽ നിന്ന് 850 രൂപയായാണ് ഉയര്‍ന്നത്.ഇന്നലെവരെ 28 രൂപയായിരുന്ന പച്ചമുളകിന് 45 രൂപയാണ് ഇന്നത്തെ വില. കൊറോണ വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങളാണ് തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൊണ്ടുവന്നിരിക്കുന്നത്. അതിനാല്‍ത്തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറഞ്ഞെന്നാണ് വിലകൂട്ടാനുള്ള കാരണമായി കച്ചവടക്കാര്‍ പറയുന്നത്.ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ ഇനിയും വില കൂടുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

പാല്‍ വില്‍പ്പന കുറഞ്ഞു;മില്‍മ ചൊവ്വാഴ്ച മലബാര്‍ മേഖലയില്‍ നിന്നും പാല്‍ ശേഖരിക്കില്ല

keralanews milk sales declines milma will not collect milk from malabar area on tuesday

കോഴിക്കോട്: മലബാര്‍ മേഖലയിലെ പ്രാഥമിക ക്ഷീരസംഘങ്ങളില്‍ നിന്ന് ചൊവ്വാഴ്ച പാല്‍ സംഭരിക്കില്ലെന്ന് മില്‍മ. മലബാര്‍ മേഖലയില്‍ പാല്‍ വില്‍പ്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ച പാല്‍ ശേഖരിക്കാത്തതെന്ന് മേഖലാ യൂണിയന്‍ മാനേജിംങ് ഡയറക്ടര്‍ അറിയിച്ചു. മലബാര്‍ മേഖലാ യൂണിയന്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലായി പ്രതിദിനം 5.90 ലക്ഷം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. മലബാര്‍ പ്രദേശങ്ങളില്‍ കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ പാല്‍ വില്‍പ്പന ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ് വിറ്റു പോയത്. ഇത് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് മില്‍മയുടെ വിലയിരുത്തല്‍. ഇതിനു പുറമേ പാലുല്‍പ്പന്നങ്ങളുടെ വില്‍പ്പനയും വന്‍ തോതില്‍ കുറഞ്ഞു.എന്നാല്‍ ക്ഷീര സംഘങ്ങളിലെ പാല്‍ സംഭരണം വര്‍ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച കാലത്തും വൈകീട്ടും പാല്‍ സംഭരണം നിര്‍ത്തുന്നതെന്ന് മാനേജിംങ് ഡയറക്ടര്‍ കെഎം വിജയകുമാര്‍ പറഞ്ഞു.ഇക്കാര്യം സഹകരണ സംഘങ്ങളെ അറിയിച്ചു കഴിഞ്ഞു. നാളെ വിപണി നിരീക്ഷിച്ച ശേഷം വരും ദിവസങ്ങളില്‍ സംഭരണം വേണോയെന്ന് ആലോചിക്കും. മില്‍മയുടെ തീരുമാനം ക്ഷീര കര്‍ഷകരെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കും.

കോവിഡ് 19;പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കാൻ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്

keralanews covid 19 special squads formed to strengthen inspections as part of preventive measures

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കാനായി ഭക്ഷ്യസുരക്ഷ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.ഭക്ഷ്യോല്‍പാദന, വിതരണ സ്ഥാപനങ്ങൾ പ്രത്യേകിച്ച്‌ ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍, റയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയവയുടെ സമീപമുളള ബേക്കറികള്‍, റസ്‌റ്റോറന്റുകള്‍ എന്നിവ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധിച്ച്‌ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തും.പരിശോധനയില്‍ വ്യക്തി ശുചിത്വം, ഹാന്റ് സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പ് എന്നിവയുടെ ലഭ്യതയും ഉറപ്പ് വരുത്തുകയും ചെയ്യുന്നതാണ്. ആരോഗ്യ വകുപ്പിനോടൊപ്പം ഭക്ഷ്യസുരക്ഷ വകുപ്പ് നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍:

1. ചുമ, ശ്വാസതടസം എന്നീ രോഗങ്ങളുള്ളവർ ഭക്ഷണം പാകം ചെയ്യുന്നതില്‍ നിന്നും വിട്ടു നില്‍ക്കുക.
2. ഭക്ഷ്യോല്‍പാദന വിതരണ സ്ഥാപനങ്ങള്‍ നിശ്ചിത ഇടവേളകളില്‍ അണുനാശിനി കൊണ്ട് വൃത്തിയാക്കേണ്ടതാണ്.
3. ഭക്ഷ്യോല്‍പാദന വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മാസ്‌ക്, ഹെയര്‍ നെറ്റ് എന്നിവ ധരിക്കേണ്ടതാണ്.
4. വൃത്തിയാക്കിയ പാത്രങ്ങളും ഗ്ലാസുകളും മാത്രം ഉപയോഗിക്കുക.
5. നേര്‍പ്പിക്കാത്ത സോപ്പ് ലായനി/സോപ്പ് നിര്‍ബന്ധമായും ഹോട്ടലുകളിലെ കൈ കഴുകുന്ന സ്ഥലങ്ങളില്‍ സൂക്ഷിക്കേണ്ടതാണ്.
6. ഉപയോഗിക്കുന്ന സോപ്പ്, ഹാന്റ് സാനിറ്റൈസര്‍ എന്നിവ നിശ്ചിത ഗുണനിലവാരത്തിലുള്ളതാണെന്ന് ഉറപ്പുവരുത്തുക.
7. ക്യാഷ് കൗണ്ടറില്‍ പണം കൈകാര്യം ചെയ്യുന്നവര്‍ ആഹാര പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുക.
8. ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ വഴി കോവിഡ് 19 പകരുമെന്നത് ശരിയല്ല.
9. പാല്‍, മുട്ട, ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ശരിയായ താപനിലയില്‍ പാകം ചെയ്ത് ഉപയോഗിക്കുക.
10. പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശുദ്ധമായ വെളളത്തില്‍ വൃത്തിയാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.
11. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അണുവിമുക്ത പ്രതലങ്ങളില്‍ സൂക്ഷിക്കുക.

സംസ്ഥാനത്ത് ഇനി മുതൽ കുപ്പിവെള്ളത്തിന് 13 രൂപ;സർക്കാർ ഉത്തരവ് പുറത്തിറക്കി

keralanews 13rupees for bottled drinkig water govt order released

തിരുവനന്തപുരം:സംസ്ഥാനത്ത് കുപ്പിവെള്ളം ലിറ്ററിന് 13 രൂപയായി നിശ്ചയിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.നേരത്തെ വെള്ളത്തെ അവശ്യ വസ്തുക്കളുടെ പട്ടികയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ വിഭാഗങ്ങളുമായി ആലോചിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. വിജ്ഞാപനം വന്നിട്ട് പരിശോധന കര്‍ശനമാക്കാമെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പിന്റെ തീരുമാനം. ഇതിനാല്‍ വിജ്ഞാപനം ഇറങ്ങിയ ശേഷമാകും നിയന്ത്രണം പൂര്‍ണ തോതില്‍ നടപ്പാക്കുക.കഴിഞ്ഞ മാസം 12നാണ് കുപ്പിവെള്ളത്തിന് വിലനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചത്. അവശ്യസാധനങ്ങളുടെ വിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് നടപടി.വിജ്ഞാപനത്തിന്റെ കരട് നിയമ വകുപ്പിനയച്ചിരിക്കുകയാണ്. 20 രൂപയ്ക്കാണ് ഇപ്പോള്‍ കടകളില്‍ വെള്ളം വില്‍ക്കുന്നത്. വെള്ളത്തിന്റെ ഗുണനിലവാരത്തിലും കര്‍ശന നിര്‍ദേശങ്ങള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.