കൊച്ചി: സംസ്ഥാനത്ത് ഉള്ളി, സവാള വില കുതിക്കുന്നു.ദിനംപ്രതി അഞ്ച് രൂപ വീതമാണ് രണ്ടിനും വര്‍ധിക്കുന്നത്.ഈ മാസം ആദ്യം കിലോയ്ക്ക് 35 രൂപയായിരുന്നു ഉള്ളി വിലയെങ്കില്‍ ഇന്നലത്തെ ചെറിയ ഉള്ളിയുടെ ചില്ലറ വില്‍പന വില 95-98 രൂപയായി.സവാള കിലോയ്ക്ക് 80 രൂപയ്ക്കാണ് ഇന്നലെ ചില്ലറ വില്‍പന നടന്നത്. ഉള്ളിയും സവാളയും കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയാണ് വില വര്‍ധനയ്ക്ക പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. അടുത്ത മൂന്ന് മാസത്തേക്ക് ഉള്ളി വില ഇനിയും വര്‍ധിക്കുമെന്നാണ് മൊത്തക്കച്ചവടക്കാര്‍ പറയുന്നത്. പുതിയ കൃഷിയിറക്കിയാലും വിളവെടുത്ത് മാര്‍ക്കറ്റിലെത്താന്‍ അടുത്ത വര്‍ഷം മാര്‍ച്ച് മാസമെങ്കിലുമാകുമെന്ന് ഇവര്‍ പറയുന്നു. ജിഎസ്ടി വിഭാഗത്തിന്റെ റെയ്ഡില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ മൊത്തവ്യാപാരികള്‍ ഗോഡൗണുകള്‍ അടച്ചിട്ടതും വില വര്‍ദ്ധനയില്‍ പ്രതിഫലിച്ചിട്ടുണ്ട്.നിലവില്‍ ലഭിക്കുന്ന ഉള്ളിയുടെ ഗുണനിലവാരവും കുറവാണ്. 100 കിലോഗ്രാം സവാള കൊണ്ടുവന്നാല്‍ അതില്‍ 15 കിലോഗ്രാമും ചീഞ്ഞതാണെന്നു വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞവര്‍ഷ അവസാനം ഉള്ളി വില കിലോയ്ക്ക് 200 രൂപയോളം അടുത്തിരുന്നു.
കണ്ണൂര്‍ ടൗണിലെ ടീ സ്റ്റാളിൽ നിന്നും പഴകിയ പാല്‍ പിടികൂടി
കണ്ണൂര്‍: ടൗണ്‍ പൊലീസ് സ്റ്റേഷനു മുൻപിൽ പ്രവർത്തിക്കുന്ന കണ്ണന്‍ ടീ സ്റ്റാളില്‍ നിന്നും ദിവസങ്ങളോളം പഴക്കമുള്ള പാലും തൈരും പിടികൂടി. ഉപയോഗ തീയതി കഴിഞ്ഞ് 18 ദിവസമായ 14 പാക്കറ്റ് പാല്‍, തൈര് എന്നിവയാണ് പിടിച്ചെടുത്തത്.ഇന്നലെ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയും ഇത്തരത്തിലുള്ള പൊതുജനോരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന തരത്തിലും വ്യാപാരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി. ഇന്ദിര പറഞ്ഞു. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി. മണിപ്രസാദ്, സി. ഹംസ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മധുര പലഹാരങ്ങള്‍ക്ക് ‘ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നിർബന്ധമാക്കി ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി
ന്യൂഡല്‍ഹി: മധുര പലഹാരങ്ങള്‍ക്ക് ‘ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നിര്‍ബന്ധമാക്കി ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി.ഗുണമേന്മ ഇല്ലാത്ത മധുര പലഹാരങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യവ്യാപകമായി ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നടപ്പാക്കും. മധുര പലഹാരം വിപണനം ചെയ്യുന്ന കടകളിലും ബെസ്റ്റ് ബിഫോര്‍ ഡേറ്റ് പ്രദര്‍ശിപ്പിക്കണമെന്നും ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ നിര്‍ദ്ദേശമുണ്ട്.ട്രേകളിലോ പാത്രങ്ങളിലോ വില്‍പനയ്ക്ക് വച്ചിരിക്കുന്ന മധുര പലഹാരങ്ങള്‍ക്കും ബെസ്റ്റ് ബിഫോര്‍ ഡേറ്റ് നിര്‍ബന്ധമാണ്. കൂടാതെ പാക്ക് ചെയ്യാതെ വാങ്ങിക്കുന്ന മധുര പലഹാരങ്ങള്‍ക്കും ഇത് ബാധകമാണ്. നിര്‍മാണ തീയതിയും പ്രദര്‍ശിപ്പിക്കാവുന്നതാണ്. എന്നാല്‍ ഇത് നിര്‍ബന്ധമാക്കിയിട്ടില്ല. ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെതാണ് തീരുമാനം. ഇതിലൂടെ ഭക്ഷ്യയോഗ്യമല്ലാത്ത മധുരപലഹാരങ്ങളുടെ വില്‍പന തടയുകയാണ് ലക്ഷ്യമെന്ന് ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി വ്യക്തമാക്കി.
88 ലക്ഷം കുടുംബങ്ങള്‍ക്ക് അടുത്ത നാല് മാസവും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ
തിരുവനന്തപുരം:88 ലക്ഷം കുടുംബങ്ങള്‍ക്ക് അടുത്ത നാല് മാസവും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് നല്‍കാന്‍ തീരുമാനിച്ച് കേരള സര്‍ക്കാര്‍. നൂറു ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുന്ന നൂറു പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം.എട്ടിനം ഭക്ഷ്യധാന്യങ്ങളാണ് സര്‍ക്കാര്‍ സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കുന്നത്. ‘കോവിഡ്- 19 മഹാമാരിക്കാലത്ത് ലോക്ഡൗണ്‍ സൃഷ്ടിച്ച ദുരിതത്തെ മറികടക്കാനാണ് സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ലോക് ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കാന്‍ ഇടവരരുത് എന്ന ദൃഢനിശ്ചയമാണ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് പ്രേരിപ്പിച്ചത്. ഈ പദ്ധതിയോട് ജനങ്ങള്‍ നല്ല രീതിയിലാണ് പ്രതികരിച്ചത്. ഓണക്കാലത്തും സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് 88 ലക്ഷം കുടുംബങ്ങള്‍ക്ക് എത്തിക്കാനുള്ള നടപടി സ്വീകരിച്ചു.കോവിഡ് – 19 തീര്‍ക്കുന്ന ദുരിതം തുടരുന്ന സാഹചര്യത്തില്‍ നമ്മുടെ ജനതയെ താങ്ങി നിര്‍ത്താന്‍ നാലു മാസത്തേക്ക് കൂടി ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ജനങ്ങളുടെ വിഷമഘട്ടത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുക എന്നത് അവര്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന ബോധ്യമാണ് നമ്മളെ നയിക്കുന്നത്’-മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
സംസ്ഥാനത്ത് ഓണക്കിറ്റിനൊപ്പം വിതരണം ചെയ്ത പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം; ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന് ആശങ്ക
തിരുവനന്തപുരം:സംസ്ഥാനത്ത് ഓണക്കിറ്റിനൊപ്പം വിതരണം ചെയ്ത പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം.റാന്നിയിലെ ഡിഎഫ്‌ആര്‍ഡിയില്‍ നടത്തിയ പരിശോധനയില്‍ സാംപിളുകകളില്‍ ഈര്‍പ്പത്തിന്റെയും സോഡിയം കാര്‍ബണേറ്റിന്റെ അളവും പിഎച്ച് മൂല്യവും അനുവദനീയമായ പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തി. ഇതോടെ പപ്പടം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.പപ്പടത്തിലെ ഈര്‍പ്പത്തിന്റെ അളവ് 12.5 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നാണ്. എന്നാല്‍ ഓണക്കിറ്റിലെ പപ്പടത്തില്‍ ഈര്‍പ്പം 16.06 ശതമാനമാണ്. 2.3 ശതമാനത്തിനുള്ളിലാകേണ്ട സോഡിയം കാര്‍ബണേറ്റിന്റെ അളവ് 2.44 ശതമാനമാണ്. പി.എച്ച് മൂല്യം 8.5 ല്‍ കൂടരുതെന്നാണ്. എന്നാല്‍ സാംപിളുകളില്‍ ഇത് 9.20 ആണ്. ആദ്യഘട്ടത്തില്‍ വിതരണം ചെയ്ത 81.27 ലക്ഷം പായ്ക്കറ്റുകളില്‍ നിന്നുള്ള സാംപിളുകളുടെ പരിശോധനാഫലമാണ് ലഭിച്ചത്. തുടര്‍ന്ന് വാങ്ങിയ അഞ്ച് ലക്ഷം പായ്ക്കറ്റുകളില്‍ നിന്നുള്ള സാംപിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.ഫഫ്സര്‍ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്ക് നല്‍കിയത്. കേരള പപ്പടത്തിനായാണ് ടെണ്ടര്‍ നല്‍കിയതെങ്കിലും ആ പേരില്‍ വാങ്ങിയത് തമിഴ്നാട്ടില്‍ നിന്നുള്ള അപ്പളമാണെന്ന ആരോപണം ആദ്യമേ ഉയര്‍ന്നിരുന്നു. ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന പരിശോധനാഫലം വന്നതോടെ പപ്പടം അടിയന്തരമായി തിരിച്ചുവിളിക്കാന്‍ ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം അഡീഷണല്‍ ജനറല്‍ മാനേജര്‍, ഡിപ്പോ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കാനായി, വാങ്ങിയതിന്റെയും വിറ്റതിന്റെയും മാറ്റി നല്‍കിയതിന്റെയും റിപ്പോര്‍ട്ട് പര്‍ച്ചേസ് ഹെഡ് ഓഫീസില്‍ നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്.81 ലക്ഷം പാക്കറ്റ് പപ്പടമാണ് തിരിച്ചെടുക്കേണ്ടതെങ്കിലും കിറ്റ് കിട്ടിയവരില്‍ ബഹുഭൂരിപക്ഷവും ഇത് ഉപയോഗിച്ചുകഴിഞ്ഞു. സോണിയം കാര്‍ബണേറ്റിന്റെ അമിതോപയോഗം കാഴ്‌ചശക്‌തിയെത്തന്നെ ബാധിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഗുണനിലവാരമില്ല;ഓണക്കിറ്റിനായി എത്തിച്ച നാല് ലോഡ് ശര്‍ക്കര തിരിച്ചയച്ച് സപ്ലൈകോ
തിരുവനന്തപുരം:ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഓണക്കിറ്റിനായി എത്തിച്ച നാല് ലോഡ് ശര്‍ക്കര തിരിച്ചയച്ച് സപ്ലൈകോ.ഈറോഡ് ആസ്ഥാനമായുള്ള എവിഎന്‍ ട്രേഡേഴ്സ് ആണ് കേരളത്തിൽ ശർക്കര വിതരണത്തിനായി എത്തിച്ചത്.പല പായ്ക്കറ്റുകളും പൊട്ടിയൊലിച്ച നിലയിലാണ്. ഇത്തരത്തില്‍ ശര്‍ക്കര വിതരണം ചെയ്യാനാകില്ലെന്ന് പല ഡിപ്പോ മാനേജര്‍മാരും സപ്ലൈകോയെ അറിയിച്ചിരുന്നു.തുടർന്നാണ് സപ്പ്ളൈക്കോയുടെ നടപടി.അതേസമയം, ഓണക്കിറ്റുകളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതില്‍ വീഴ്‌ച സംഭവിച്ചതായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തൂക്കത്തില്‍ കുറവ് വന്നതായാണ് കണ്ടെത്തിയത്.
സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ് കണ്ടെത്തല്‍
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ് കണ്ടെത്തല്‍.ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ് എന്ന വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കണ്ടെത്തല്‍.മിക്ക കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള വസ്തുക്കള്‍ മാത്രമാണ് ഉള്ളതെന്നും ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നും വിജിലന്‍സ് കണ്ടെത്തി.സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തില്‍ ക്രമക്കേട് നടക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപക പരിശോധനക്ക് വിജലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്.സപ്ലൈകോ സര്‍ക്കാരിലേക്ക് നല്‍കിയ കണക്കിലും പായ്ക്കിങ് ചാര്‍ജ് ഉള്‍പ്പടെ ഒരു കിറ്റിന് ചെലവ് അഞ്ഞൂറ് രൂപ. ഇതേ പതിനൊന്ന് സാധനങ്ങള്‍ സപ്ലൈകോ ഔട്ട്ലറ്റില്‍ നേരിട്ട് പോയി വാങ്ങിയാല്‍ ആകെ ചെലവാകുന്നത് 357രൂപ. ഇരുപത് രൂപയുടെ തുണിസഞ്ചിയും അഞ്ചുരൂപ കിറ്റിന്റെ പായ്ക്കിങ് ചാര്‍ജും കൂടി കൂട്ടിയാല്‍പോലും ആകെ 382 രൂപയേ ആകു. കിറ്റില്‍ നല്‍കുന്ന പതിനൊന്ന് ഇനങ്ങള്‍ പൊതുവിപണിയില്‍ പോയി വാങ്ങിയാലും ഇത്രയും തുക ആകില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു. അതേസമയം, അഞ്ഞൂറ് രൂപയെന്നത് ഏകദേശ കണക്കാണെന്നാണ് സപ്ലൈകോയുടെ വിശദീകരണം.എന്നാല്‍ മുന്തിയ ബ്രാന്‍ഡുകള്‍ നോക്കി വാങ്ങിയാല്‍ പോലും അഞ്ഞൂറ് രൂപ വരുന്നില്ല എന്നാണു കണ്ടെത്തല്‍. ഉല്‍പന്നങ്ങളുടെ തൂക്കക്കുറവ് സംബന്ധിച്ച് വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചായിരുന്നു വിജിലന്‍സിന്‍റെ അന്വേഷണം.
‘ഓപ്പറേഷൻ സാഗർറാണി’ നിർജീവം;സംസ്ഥാനത്ത് വീണ്ടും പഴകിയ മൽസ്യവില്പന സജീവമാകുന്നു
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ മൽസ്യ പരിശോധനാ സംവിധാനമായ ‘ഓപ്പറേഷൻ സാഗർറാണി’ നിർജീവമായതോടെ സംസ്ഥാനത്ത് വീണ്ടും പഴകിയ മൽസ്യവില്പന സജീവമാകുന്നു.സംസ്ഥാനത്തെ തീരദേശ മേഖലയില്‍ നിലവില്‍വന്ന മത്സ്യബന്ധന-വിപണന നിയന്ത്രണം മുതലാക്കിയാണ് ഇതരസംസ്ഥാന ലോബി വീണ്ടും സജീവമാകുന്നത്.മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രാവും പകലും നടന്നിരുന്ന ആരോഗ്യ വകുപ്പിെന്‍റയും ഭക്ഷ്യവകുപ്പിന്റെയും പരിശോധന ഇപ്പോള്‍ തീര്‍ത്തും നിര്‍ജീവമായ നിലയിലാണ്. വടക്കന്‍ കേരളത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മിക്ക മാര്‍ക്കറ്റുകളിലുമെത്തുന്നത് ഗോവ, ഉഡുപ്പി ഭാഗത്തുനിന്നുള്ള മത്സ്യമാണ്. ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കേണ്ടതിനാല്‍ രാസവസ്തുക്കള്‍ ചേര്‍ക്കാതെ ഇത്തരം മത്സ്യം എത്തുന്നില്ല.ഐസും രാസവസ്തുക്കളും ചേര്‍ത്ത് മരവിച്ച മത്സ്യമായിരുന്നു നേരത്തെ ലഭിച്ചിരുന്നത്.ഓപ്പറേഷൻ സാഗര്‍ റാണിയുടെ വരവ് ഇതിനൊക്കെ പരിഹാരമായിരുന്നു.ശക്തമായ പരിശോധനയില്‍ പരമാവധി വിജയിക്കാന്‍ അധികൃതര്‍ക്കായി. പരിശോധന ഭയന്ന് അന്യസംസ്ഥാന ലോബി ആ സമയത്ത് പൂര്‍ണമായും കളംവിട്ടു.എന്നാല്‍, കോവിഡ് വ്യാപനവും ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയും മാറിയപ്പോള്‍ കാര്യങ്ങള്‍ തകിടംമറിയാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം തലശ്ശേരിയില്‍നിന്നും മമ്പറം, അഞ്ചരക്കണ്ടി ഭാഗങ്ങളില്‍ വിതരണം ചെയ്ത ചെറുമീനുകളില്‍ രാസവസ്തുക്കളുടെ രൂക്ഷഗന്ധം അനുഭവപ്പെട്ടതായി നിരവധിയാളുകള്‍ പരാതിപ്പെട്ടു.ഇതേ പരാതി കഴിഞ്ഞ ദിവസം കൂത്തുപറമ്പ്, കതിരൂര്‍ ഭാഗങ്ങളിലുമുണ്ടായിരുന്നു. കട്ല മത്സ്യം പാകംചെയ്ത നിരവധിപേര്‍ക്ക് കറി നശിപ്പിച്ചുകളയേണ്ടിവന്നു. മത്സ്യത്തില്‍ ചേര്‍ത്ത രാസവസ്തുക്കള്‍, പാകം ചെയ്തപ്പോള്‍ രൂക്ഷഗന്ധമായി മാറുകയായിരുന്നു.ബ്ലീച്ചിങ് പൗഡറിന്റേതിന് സമാനമായ ഗന്ധമാണുണ്ടായതെന്ന് അനുഭവസ്ഥര്‍ പറഞ്ഞു. കാഴ്ചയില്‍ തിളക്കമുള്ള മത്സ്യമാണ് ലഭിക്കുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ചെറുവത്തൂര്‍ മടക്കര, കണ്ണൂര്‍ ആയിക്കര, വടകര ചോമ്പാൽ എന്നീ പ്രധാന കടപ്പുറങ്ങളില്‍നിന്നും ശുദ്ധമായ മത്സ്യം ലഭിക്കുന്നുണ്ടെങ്കിലും അമിത ലാഭവും മത്സ്യം ശേഖരിക്കാനുള്ള സൗകര്യവും പരിഗണിച്ച് ജില്ലയിലെ ഭൂരിഭാഗം മത്സ്യവില്‍പനക്കാരും ഇതരസംസ്ഥാനത്തുനിന്നുവരുന്ന ലോറി മത്സ്യമാണ് ആശ്രയിക്കുന്നത്. മത്സ്യമാര്‍ക്കറ്റുകളില്‍ പഞ്ചായത്തുകളുടെ ശ്രദ്ധയോ പരിശോധനയോ തീരെയില്ലാത്തതും എത്ര പഴകിയ മത്സ്യമെത്തിക്കാനും വില്‍പനക്കാര്‍ക്ക് തുണയാവുന്നു. ഏതെങ്കിലും പദ്ധതി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന ആവേശം പിന്നീടങ്ങോട്ട് തുടരാത്തതാണ് ഇത്തരം ലോബികള്‍ക്ക് തുണയാവുന്നത്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാർഥികൾ ഭക്ഷ്യധാന്യ കിറ്റ്;പ്രയോജനം ലഭിക്കുക പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ജൂലൈ മുതല്‍ ഭക്ഷ്യകിറ്റ് നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് അരിയും പലവ്യഞ്ജനവും അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യുക.അരിക്കു പുറമേ ഒൻപത് ഇനം സാധനങ്ങളാണ് കിറ്റിലുണ്ടാവുക. ചെറുപയര്‍, കടല, തുവരപ്പരിപ്പ്, പഞ്ചസാര, കറി പൗഡറുകള്‍, ആട്ട, ഉപ്പ് തുടങ്ങിയവയാണ് അരിക്കു പുറമേ നല്‍കുന്നത്. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ 26 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 81.37 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ 1,311 ടിവികളും 123 സ്മാര്‍ട്ട് ഫോണുകളും വിതരണം ചെയ്തു. 48 ലാപ്ടോപ്പുകളും 146 കേബിള്‍ കണക്ഷനും നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ഭക്ഷണ വിതരണം നടത്തി;കോഴിക്കോട്ട് ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിച്ചു
കോഴിക്കോട്:ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ഭക്ഷണ വിതരണം നടത്തിയതിനെ തുടർന്ന് കോഴിക്കോട്ട് ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിച്ചു.ഇന്ന് ഉച്ചയോടെയാണ് കോര്‍പ്പറേഷന്‍ ഓഫീസിനു സമീപത്തെ കോഫി ഹൗസില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഭക്ഷണം നല്‍കിയത്. കോര്‍പ്പറേഷന്‍ കാന്റീന്‍ കൂടിയായ ഇവിടെ നിരവധി പേര്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. സാമൂഹിക അകലം പാലിക്കാതെ ഒരു മേശക്കു ചുറ്റും നാല് പേര്‍ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. സമീപത്ത് കട നടത്തുന്നവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തിയാണ് ഹോട്ടല്‍ അടപ്പിച്ചത്. കോഫി ഹൗസ് അധികൃതര്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നാണ് വിവരം.ലോക്ക് ഡൗണ്‍ കാലയളവില്‍ ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണത്തിന് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇത് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയടക്കം കലക്ടര്‍മാര്‍ക്ക് ശക്തമായ നിര്‍ദേശം നല്‍കിയിരുന്നു.