തിരുവനന്തപുരം:വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള മെയ് മാസത്തിലെ സാധാരണ റേഷന്‍ വിഹിതം ഭക്ഷ്യ പൊതുവിതരണ വകുപ്പ് വെട്ടികുറച്ചു. കഴിഞ്ഞ മാസം കിലോയ്ക്ക് 10.90 രൂപയ്ക്കു 4 കിലോ അരി നല്‍കിയ സ്ഥാനത്ത് ഇത്തവണ 2 കിലോ മാത്രമാണു നല്‍കുക. നീല കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്കു 4 രൂപ നിരക്കില്‍ നല്‍കുന്നത് ഈ മാസവും തുടരും.വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസവും 10 കിലോ സ്‌പെഷല്‍ അരി കിലോയ്ക്ക് 15 രൂപയ്ക്കു നല്‍കും. ബ്രൗണ്‍ കാര്‍ഡ് ഉടമകള്‍ക്ക് രണ്ട് കിലോ വീതം സ്‌പെഷ്യല്‍ അരിയും സാധാരണ റേഷനും ലഭിക്കും. സാധാരണ റേഷന്‍ അരി കിലോക്ക് 10.90 രൂപക്കും സ്‌പെഷ്യല്‍ അരി കിലോക്ക് പതിനഞ്ച് രൂപക്കുമാണ് ഇവര്‍ക്ക് നല്‍കുക. അതേസമയം ആവശ്യത്തിന് സ്‌പെഷ്യല്‍ അരി കടകളില്‍ സ്റ്റോക്ക് ഇല്ലെന്ന പ്രശ്‌നവുമുണ്ട്. മണ്ണെണ്ണ വിതരണം ഈ മാസവും ഉണ്ടാകില്ല. മെയ് മാസത്തെ റേഷന്‍ വിതരണം ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ അരി വിതരണം സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും ഭക്ഷ്യവിതരണ വകുപ്പ് വ്യക്തമാക്കി.
സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ കേടുവന്ന അരി പോളിഷ് ചെയ്യാന്‍ കൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞു
കോഴിക്കോട്: ഏഴ് മാസത്തോളമായി കെട്ടിക്കിടന്നതിനെ തുടര്‍ന്ന് കേടുവന്ന അരി സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനായി പോളിഷ് ചെയ്യാന്‍ കൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞു.ഏതാനും ലോഡ് അരി കൊണ്ടുപോയശേഷമാണ് ആളുകള്‍ വിവരമറിയുന്നത്. ഡിസിസി പ്രസിഡന്റ് യു രാജീവന്‍, കെപിസിസി മെമ്പർ പി രത്‌നവല്ലി എന്നിവരുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ലോറി തടഞ്ഞശേഷം സിവില്‍ സപ്ലൈസ് അധികൃതരെയും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. എംഡിഎംഎസ്. പദ്ധതിപ്രകാരമുള്ള അരി ഏഴുമാസമായി സ്‌കൂള്‍കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നില്ല. ദീര്‍ഘകാലം സൂക്ഷിച്ചതിനാലാണ് അരി കേടുവന്നതെന്ന് കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ ഷിജോ പറഞ്ഞു. കേടുവന്ന അരി കീടബാധ ഒഴിവാക്കി സ്വകാര്യമില്ലില്‍ നിന്ന് പോളിഷ് ചെയ്തശേഷം കുട്ടികള്‍ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ ഫെബിന മുഹമ്മദ് അഷ്‌റഫ് സ്ഥലത്തെത്തി കേടുവന്ന അരിയുടെ സാംപിള്‍ ശേഖരിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് അരി തിരിച്ചിറക്കി ഗോഡൗണില്‍ സൂക്ഷിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ വിഷു-ഈസ്റ്റർ കിറ്റ് വിതരണം ഇന്ന് ആരംഭിക്കും
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഈസ്റ്റര്‍-വിഷു കിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. റേഷന്‍ കടകള്‍ വഴി ഇന്ന് മുതല്‍ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി.സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളില്‍ നിന്നും സൗജന്യകിറ്റ് ലഭിക്കുമെന്ന ഭക്ഷ്യവകുപ്പ് അറിയിച്ചു. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള സ്പെഷ്യല്‍ അരി വിതരണമടക്കം ഇന്ന് ആരംഭിക്കും.അരി വിതരണം നിര്‍ത്തിവെച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് ഇന്ന് മുതല്‍ വിതരണം തുടങ്ങാന്‍ തീരുമാനിച്ചത്. മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നതായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.അരി വിതരണം തുടരാമെന്ന് ഉത്തരവിട്ട കോടതി ഇതിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. അരി വിതരണം ചെയ്യുന്നതിനായുള്ള തീരുമാനം ഫെബ്രുവരി നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപായി എടുത്തിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.ഇത് സ്‌പെഷ്യല്‍ അരി എന്ന നിലയില്‍ നേരത്തെയും വിതരണം ചെയ്തതായിരുന്നുവെന്നും ബജറ്റില്‍ പ്രഖ്യാപിച്ചതാണ് എന്നുമാണ് സര്‍ക്കാര്‍ വാദം. അരി നല്‍കുന്നത് നേരത്തേ നടന്നുകൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമാണെന്നും അത് തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. പഞ്ചസാര -ഒരു കിലോഗ്രാം, കടല -500 ഗ്രാം, ചെറുപയര്‍ -500 ഗ്രാം, ഉഴുന്ന് -500 ഗ്രാം, തുവരപ്പരിപ്പ് -250 ഗ്രാം, വെളിച്ചെണ്ണ -അര ലിറ്റര്‍, തേയില -100 ഗ്രാം, മുളകുപൊടി -100 ഗ്രാം, ആട്ട -ഒരു കിലോ,മല്ലിപ്പൊടി -100 ഗ്രാം,മഞ്ഞള്‍പൊടി -100 ഗ്രാം,സോപ്പ് -രണ്ടെണ്ണം, ഉപ്പ് -ഒരു കിലോഗ്രാം, കടുക് / ഉലുവ -100 ഗ്രാം തുടങ്ങിയ 14 വിഭവങ്ങളാണ് ഭക്ഷ്യ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍നിന്നും 250 കിലോ പഴകിയ മത്സ്യങ്ങള്‍ പിടികൂടി
കോഴിക്കോട്: കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യം പിടികൂടി.പഴകിയ 250 കിലോ മത്സ്യമാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായ തെര്‍മോകോള്‍ ബോക്‌സുകളിലും കേടുവന്ന ഫ്രീസറുകളിലുമായാണ് മത്സ്യങ്ങള്‍ സൂക്ഷിച്ചിരുന്നത്.വി പി ഇസ്മയില്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്റ്റാളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. ഇയാള്‍ക്കെതിരെ പിഴയും മറ്റ് നിയമനടപടികളും സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഇനി മുതൽ ഭക്ഷ്യക്കിറ്റിന് പകരം കൂപ്പണ്‍
തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കിവരുന്ന ഭക്ഷ്യഭദ്രതാ പരിപാടിയില്‍ മാറ്റം വരുത്തി ഉത്തരവായി. കുട്ടികള്‍ക്ക് ഇതുവരെ നല്‍കിയിരുന്ന ഭക്ഷ്യക്കിറ്റുകള്‍ക്ക് പകരം ഇനി മുതൽ കൂപ്പണുകളാകും വിതരണം ചെയ്യുക. അരിയും സണ്‍ഫ്‌ളവര്‍ ഓയിലും ധാന്യങ്ങളും ഉപ്പും ഉള്‍പ്പെടുന്ന ഭക്ഷ്യകിറ്റുകളായിരുന്നു നേരത്തെ നൽകിയിരുന്നത്.ഇതിനു പകരമാണ് വീടിനടുത്തുള്ള മാവേലി സ്റ്റോറുകളില്‍ നിന്ന് ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങാന്‍ പാകത്തില്‍ കൂപ്പണുകള്‍ വിതരണം ചെയ്യുന്നത്. പ്രീ പ്രൈമറി, പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് പാചകച്ചെലവ് ഉള്‍പ്പെടെ 300 രൂപയുടെയും യു.പി വിഭാഗം കുട്ടികള്‍ക്ക് 500 രൂപയുടെയും കൂപ്പണുകളാണ് വിതരണം ചെയ്യുക. കിറ്റുകള്‍ സ്‌കൂളുകളില്‍ എത്തിച്ചുകൊടുക്കാനുള്ള മാവേലി സ്റ്റോറുകാരുടെ പ്രയാസം കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ഇതനുസരിച്ച് സ്‌കൂളുകള്‍ പൂര്‍ണമായും തുറന്നുപ്രവര്‍ത്തിക്കുന്നത് വരെയുള്ള കാലയളവിലെ ഭക്ഷ്യ ഭദ്രതാ അലവന്‍സാണ് കൂപ്പണായി വിതരണം ചെയ്യുക. കൂപ്പണുകളില്‍ സാധാരണ സ്‌കൂളുകളില്‍ നിന്ന് വിതരണം ചെയ്യാറുള്ള ഭക്ഷ്യധാന്യത്തിന്റെ അളവും പാചകച്ചെലവ് തുകയും രേഖപ്പെടുത്തും. സപ്ലൈക്കോയുമായുള്ള ധാരണ അനുസരിച്ച് കൂപ്പണ്‍ തുകയുടെ 4.07 % മുതല്‍ 4.87 % വരെയുള്ള തുകയ്ക്ക് കൂടി ഭക്ഷ്യവസ്തുക്കള്‍ ലഭിക്കും. ഈ അധ്യയനവര്‍ഷത്തെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ മുഴുവനായും കേന്ദ്രസര്‍ക്കാര്‍ ഇതിനകം വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി നല്‍കുന്ന ഭക്ഷ്യ കൂപ്പണുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ് നമ്പർ കൂടി സ്‌കൂള്‍തലത്തില്‍ നല്‍കുന്ന കൂപ്പണില്‍ രേഖപ്പെടുത്തും.
കാഞ്ഞങ്ങാട്ട് ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി
കണ്ണൂർ:കാഞ്ഞങ്ങാട്ട് ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി.12 ഹോട്ടലുകളിൽ നിന്നാണ് പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തത്.പഴക്കമുള്ള കോഴിയിറച്ചി, മുട്ട, പോത്തിറച്ചി, ആട്ടിറച്ചി, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കടികള്‍, പഴകിയ എണ്ണ, തൈര് എന്നിവ ഹെല്‍ത് സ്‌ക്വാഡ് പിടിച്ചെടുത്തു. പരിശോധനയ്ക്ക് ഹെല്‍ത് സൂപര്‍വൈസര്‍ കെ പി രാജഗോപാലന്‍, ഒന്നാം ഗ്രേഡ് ജൂനീയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ ബീന വി വി, രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍മാരായ സീമ പി വി, ബിജു അനൂര്‍ ഡ്രൈവര്‍ പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.
കാലാവസ്ഥ അനുകൂലമായതോടെ കേരള തീരത്ത് വീണ്ടും മത്തിയുടെ സാന്നിധ്യം;പിടിക്കുന്നതിൽ നിയന്ത്രണം വേണമെന്ന് മുന്നറിയിപ്പ്
കൊച്ചി:കാലാവസ്ഥ അനുകൂലമായതോടെ കേരള തീരത്ത് വീണ്ടും മത്തിയുടെ സാന്നിധ്യം.. തെക്കന്‍ കേരളത്തിന്‍റെ വിവിധ തീരങ്ങളിലാണ് ചെറുമത്തികള്‍ കണ്ടുതുടങ്ങിയത്. എന്നാല്‍, ഇവ പിടിക്കുന്നതില്‍ കരുതല്‍ വേണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) മുന്നറിയിപ്പ് നല്‍കുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ പിടിക്കപ്പെട്ട മത്തിയുടെ വളര്‍ച്ച പരിശോധിച്ചപ്പോള്‍ ഇവ പ്രത്യുല്‍പാദന ഘട്ടത്തിലെത്തിയിട്ടില്ലെന്ന് സി.എം.എഫ്.ആര്‍.ഐ ഗവേഷകര്‍ കണ്ടെത്തി. 14-16 സെ.മീ വലിപ്പമുള്ള ഇവ പൂര്‍ണ പ്രത്യുല്‍പ്പാദനത്തിന് സജ്ജമാകാന്‍ ഇനിയും മൂന്ന് മാസം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, മുട്ടയിടാന്‍ പാകമായ വലിയ മത്തികള്‍ നിലവില്‍ കേരള തീരങ്ങളില്‍ കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും കുറവ് മത്തിയാണ് 2019-ല്‍ കിട്ടിയത് .44,320 ടണ്‍ എന്ന അളവ് കുറയാന്‍ കാരണം എല്‍നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കാലാവസ്ഥാ മാറ്റങ്ങളാണ് എന്ന് കണ്ടെത്തിയിരുന്നു. നിയമാനുസൃതമായി പിടിക്കാവുന്ന മത്തിയുടെ വലിപ്പം (എം.എല്‍.എസ്) 10 സെ.മീ ആണെങ്കിലും പ്രതികൂലവും അസാധാരണവുമായ നിലവിലെ സാഹചര്യം പരിഗണിച്ച് ഇപ്പോള്‍ ലഭ്യമായ മത്തിയെ പിടിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്ന് ഈ മേഖലയില്‍ പഠനം നടത്തുന്ന പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. ഇ.എം. അബ്ദുസ്സമദ് പറഞ്ഞു.
സംസ്ഥാന സർക്കാറിന്റെ സൗജന്യ ക്രിസ്മസ് കിറ്റ് വിതരണം ഡിസംബർ 3 മുതൽ
തിരുവനന്തപുരം:കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ക്രിസ്‌മസ് കിറ്റ് ഡിസംബര്‍ മുതല്‍ വിതരണം ചെയ്യും.11 ഇനങ്ങളാണ് കിറ്റിലുണ്ടാവുക. പഞ്ചസാര- -500 ഗ്രാം, കടല- 500 ഗ്രാം, നുറുക്ക് ഗോതമ്പ്- ഒരു കിലോ, വെളിച്ചെണ്ണ-അര ലിറ്റര്‍, മുളകുപൊടി- 250 ഗ്രാം, ഖദര്‍ മാസ്‌ക്- രണ്ട്, ഒരു തുണി സഞ്ചി, ചെറുപയര്‍- 500 ഗ്രാം, തുവരപ്പരിപ്പ്- 250 ഗ്രാം, തേയില- 250 ഗ്രാം, ഉഴുന്ന്- 500 ഗ്രാം, എന്നിവയടങ്ങുന്നതാണ് ക്രിസ്‌മസ് കിറ്റ്. റേഷന്‍കടകള്‍ വഴി എല്ലാ കാര്‍ഡുടമകള്‍ക്കും കിറ്റ് ലഭിക്കും. നവംബറിലെ കിറ്റ് വിതരണവും പുരോഗമിക്കുകയാണ്. ഇപ്പോള്‍ തുടരുന്നത് പിങ്ക് കാര്‍ഡുകാരുടെ കിറ്റ് വിതരണമാണ്. ബാക്കിയുള്ളവര്‍ക്ക് ഒക്ടോബറിലെ കിറ്റ് വാങ്ങാന്‍ ഡിസംബര്‍ അഞ്ചുവരെ നല്‍കും.
ലൈസന്‍സില്ലാതെ വീടുകളില്‍ നിന്നും കെയ്ക്കും മറ്റ് ഭക്ഷ്യവസ്തുക്കളും വിറ്റാല്‍ ഇനി അഞ്ച് ലക്ഷം പിഴ, ആറുമാസം തടവും
തിരുവനന്തപുരം:ഹോം ബേക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ.ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാതെ കേക്കും മറ്റ് ഭക്ഷ്യവസ്തുക്കളുമുണ്ടാക്കി വില്‍ക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതോടെ 2020 മാര്‍ച്ചിനുശേഷം 2300 രജിസ്‌ട്രേഷനാണ് നടന്നത്. എന്നാല്‍, ഇപ്പോഴും ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി യൂണിറ്റുകളുണ്ട്. ഈ സാഹചര്യത്തില്‍ ശിക്ഷാ നടപടികളും കടുപ്പിക്കുകയാണ് അധികൃതര്‍.ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാതെ വില്‍പ്പന നടത്തിയാല്‍ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും ശിക്ഷ നല്‍കാമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം 2011 ലാണ് നിലവില്‍ വന്നത്. 12 ലക്ഷം രൂപയ്ക്കു മുകളില്‍ കച്ചവടം ഉണ്ടെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. അതിനുതാഴെയാണെങ്കില്‍ രജിസ്‌ട്രേഷന്‍ നടത്തണം. അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫീസില്‍ നിന്നാണ് ലൈസന്‍സും രജിസ്‌ട്രേഷനും നല്‍കുന്നത്. വീഴ്ച വരുത്തിയതായി വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട മേഖലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി; രണ്ട് ദിവസത്തിനകം 50 ടണ്‍ സവാള എത്തിക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സവാളയുടെ വിലക്കയറ്റം നിയന്ത്രിയ്ക്കാന്‍ രണ്ട് ദിവസത്തിനകം 50 ടണ്‍ സവാള എത്തിക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍. കേരളത്തില്‍ രണ്ടു ദിവസത്തിനകം 50 ടണ്‍ സവാള നാഫെഡില്‍നിന്ന് എത്തിക്കും. ഒരു കിലോ 50 രൂപാ നിരക്കില്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.അടുത്ത ഒരാഴ്ചയ്ക്കിടെ 50 ടണ്‍ കൂടി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 100 ടണ്‍ സവാള നാഫെഡില്‍ നിന്നും സംഭരിക്കാനാണ് തീരുമാനം എടുത്തിട്ടുള്ളത്. എക്‌സ് ഗോഡൗണ്‍ വിലയ്ക്ക് ലഭിക്കണമെന്ന് നാഫെഡ് എംഡിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.പൊതുവികരണ മേഖലയുമായി ബന്ധപ്പെട്ട് വിതരണം ചെയ്യുന്നതിന്, അങ്ങനെയൊരു പ്രൊവിഷന്‍ നാഫെഡിന്റെ വിതരണ കാര്യത്തില്‍ ഉണ്ട്. ആ ഒരു സൗകര്യം വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ 50 രൂപയിലും കുറഞ്ഞ വിലയ്ക്ക് സവാള നല്‍കാനാകുമെന്നും മന്ത്രി പറഞ്ഞു.സവാള വരവ് കുറഞ്ഞതോടെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന സവാള ലോഡും പകുതിയായി കുറഞ്ഞു. പത്തുരൂപ വരെയാണ് സവാളയ്ക്കും ഉള്ളിക്കും ഓരോദിവസവും കൂടുന്നത്. സവാളയ്ക്ക് തൊണ്ണൂറ് രൂപയും ഉള്ളിക്ക് നൂറ്റി ഇരുപതുമായിരുന്നു ചാല ചന്തയിലെ കഴിഞ്ഞദിവസത്തെ വില. രണ്ടാഴ്ച കൊണ്ടാണ് വില ഇരട്ടിയായത്.ഈ വര്‍ഷമാദ്യവും ഇതേപോലെ വില കൂടിയിരുന്നു. നാഫെഡ് വഴി കൂടുതല്‍ ഇറക്കുമതി ചെയ്താണ് അന്ന് പ്രതിസന്ധി പരിഹരിച്ചത്. സമാനമായ ഇടപെടലാണ് ഇത്തവണയും ആലോചിക്കുന്നത്.കര്‍ണാടകത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള സവാള വരവ് കുറഞ്ഞതോടെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന ലോഡും പകുതിയായി കുറഞ്ഞിട്ടുണ്ട്. കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പരിശോധന കര്‍ശനമാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.