തിരുവനന്തപുരം: കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കാനായി സംസ്ഥാനത്തെ സ്കൂളുകളിലും അംഗന്‍വാടികളിലും ഇനി മുതല്‍ ഉച്ചഭക്ഷണത്തിനായി പോഷക ഗുണങ്ങള്‍ വര്‍ധിപ്പിച്ച അരി (ഫോര്‍ട്ടിഫൈഡ്) വിതരണം ചെയ്യും.കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഫോര്‍ട്ടിഫൈഡ് അരി വിതരണം സംസ്ഥാനത്ത് എഫ്സിഐ ആരംഭിച്ചു.ജനുവരി മുതല്‍ വയനാട് ജില്ലയിലെ കാര്‍ഡ് ഉടമകള്‍ക്കും ഫോര്‍ട്ടിഫൈഡ് അരിയാകും റേഷന്‍ കടകള്‍ വഴി ലഭിക്കുകയെന്നും എഫ്സിഐ അറിയിച്ചു. 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും പൊതുവിതരണ സമ്പ്രദായത്തിലൂടെ വിവിധ പദ്ധതികള്‍ വഴി പോഷക ഗുണങ്ങള്‍ വര്‍ധിപ്പിച്ച അരി നല്‍കാനാണ് കേന്ദ്ര തീരുമാനം.ദേശീയ ആരോഗ്യ സര്‍വേയില്‍ ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12 എന്നിവയുടെ കുറവ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇവ ചേര്‍ത്ത് പോഷകസമൃദ്ധമാക്കിയ അരി വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്.
സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിര്‍ത്താലാക്കുന്നു;വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് നൽകാനാവില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിര്‍ത്താലാക്കുന്നു. കൊവിഡ് സമയത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് റേഷന്‍ കടകള്‍ വഴി കിറ്റ് വിതരണം ചെയ്തതെന്നും വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് നല്‍കില്ലെന്നും ഭക്ഷ്യ മന്ത്രി ജി ആര്‍ അനിൽ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ വ്യക്തമാക്കി.ആളുകള്‍ക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നല്‍കിയത്. ഇപ്പോള്‍ തൊഴില്‍ ചെയ്യാന്‍ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളില്‍ കിറ്റ് കൊടുക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലോ ആലോചനയിലോ ഇല്ല.സപ്ലൈക്കോ വഴിയും കണ്‍സ്യൂമര്‍ഫെഡും ന്യായ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി പതിമൂന്ന് നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈക്കോയില്‍ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. രാജ്യത്തൊട്ടാകെയുള്ള വിലക്കയറ്റം കേരളത്തെ ബാധിക്കാതിരിക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.കിറ്റ് വിതരണം തുടരില്ലെന്ന് നേരത്തേ തന്നെ സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. സൗജന്യ കിറ്റുവിതരണം സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കിയ സാഹചര്യത്തിലായിരുന്നു ഇത്.
വയനാട്ടിൽ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി
മാനന്തവാടി: വയനാട്ടിൽ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി.മാനന്തവാടി( മുതിരേരി പണിയ കോളനിയിലെ ബിന്നി വാങ്ങിയ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെന്നാണ് ആരോപണം. കോളനിക്ക് അടുത്തുള്ള തിടങ്ങഴി റേഷൻ കടയിൽ നിന്ന് 15 ദിവസം മുൻപാണ് കുടുംബം അരി വാങ്ങിയത്. 50 കിലോ അരി രണ്ട് ചാക്കുകളിലാക്കിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്.രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെ ചാക്കിലെ അരി പരിശോധിച്ചപ്പോൾ ദ്രവിച്ച നിലയിൽ പാമ്പിനെ കണ്ടെന്നാണ് ആക്ഷേപം. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് റേഷൻ ഇൻസ്പെക്ടർ വീട്ടിലെത്തി പരിശോധന നടത്തി. തിടങ്ങഴി റേഷൻ കടയിലെ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി കരുതുന്നില്ലെന്നും സിവിൽ സപ്ലൈസ് വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്നുമാണ് വിശദീകരണം.
കോഴിക്കോട്ട് സർക്കാർ സ്കൂളിൽ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായെത്തിച്ച കോഴിമുട്ടയ്ക്ക് പിങ്ക് നിറം; രോഗകാരണമാകുന്ന സൂക്ഷ്മാണുവിന്റെ സാന്നിധ്യം കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട്ട് സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായെത്തിച്ച കോഴിമുട്ടകളില്‍ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം കണ്ടെത്തി. പന്തീരാങ്കാവിനടുത്തു പ്രവര്‍ത്തിക്കുന്ന ജി എല്‍ പി എസ് പയ്യടിമീത്തല്‍ സ്കൂളിലാണ് സംഭവം. ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ കൃത്യമായ ഇടപെടല്‍ മൂലം വലിയ ഭഷ്യവിഷബാധയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടു.വിദ്യാര്‍ഥികള്‍ക്ക് കൊടുക്കാനായി പുഴുങ്ങി വെച്ച കോഴിമുട്ടയ്ക്ക് നിറവ്യത്യാസം ശ്രദ്ധയില്‍ പെട്ടതോടെ സ്കൂളിലെ ടീച്ചര്‍ നൂണ്‍മീല്‍ ഓഫീസറെയും, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറേയും വിവരമറിയിച്ചു.പിങ്ക് നിറത്തിലുള്ള മുട്ടകള്‍ മാറ്റിവച്ച ശേഷം ബാക്കിയുള്ള മുട്ടകള്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കുവാനാണ് പ്രാഥമികമായി ടീച്ചര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം.എന്നാല്‍ കൃത്യസമയത്ത് സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു.ഇത്തരത്തില്‍ സുഡോമോണാസ് ബാധിച്ച കോഴിമുട്ടകള്‍ ഒരുമിച്ച് വേവിക്കുമ്പോൾ പോറസ് ആയ മുട്ടയുടെ തോട് വഴി മറ്റു മുട്ടകളിലേക്കും ഈ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം പകരാമെന്ന് അറിയിക്കുകയായിരുന്നു.ഈ മുട്ടകളുടെ സാമ്പിൾ ലാബില്‍ പരിശോധനയ്ക്ക് അയക്കുകയും, മറ്റു മുട്ടകൾ നശിപ്പിച്ചുകളയുകയും ചെയ്തു.
സംസ്ഥാനത്ത് മത്സ്യവിൽപന നടത്തുന്നവർക്ക് മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ കമ്മീഷണർ;മണ്ണ് വിതറിയ മത്സ്യം വിൽപന നടത്തുന്നതായി കണ്ടെത്തിയാൽ കർശന നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യവിൽപന നടത്തുന്നവർക്ക് മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ കമ്മീഷണർ.മണ്ണ് വിതറിയ മത്സ്യം വിൽപന നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും മത്സ്യം കേടാകുന്നതിലേക്ക് നയിക്കുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ വിനോദ് അറിയിച്ചു.തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള സമീപനം ഇനി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കുന്നതിനായി ശുദ്ധമായ ഐസ് ഉപയോഗിക്കാം. ഇത് 1:1 എന്ന അനുപാതത്തിലാണ് ഉപയോഗിക്കേണ്ടത്. അതേസമയം മറ്റ് രാസപദാർത്ഥങ്ങൾ ചേർക്കരുത്. മത്സ്യ വിൽപന നടത്തുന്നവർ നിർബന്ധമായും ഭക്ഷ്യസുരക്ഷ ലൈസൻസ് എടുത്തിരിക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.മത്സ്യവിൽപനയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ പൊതുജനങ്ങൾക്ക് 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്.
ഇന്ധന വില വർധനയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വിലയും
തിരുവനന്തപുരം: ഇന്ധന വില വർധനയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വിലയും.രണ്ടാഴ്ചക്കിടെ 20 രൂപയോളമാണ് പച്ചക്കറികൾക്ക് വര്‍ധിച്ചത്. ദിനേനെ വര്‍ധിച്ചു വരുന്ന പെട്രോള്‍ ഡീസല്‍ വിലയും സാധനങ്ങളുടെ വിലക്കയറ്റത്തിന് പ്രധാന കാരണമാകുന്നുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞയാഴ്ച 20 രൂപക്ക് വില്‍പ്പന നടത്തിയിരുന്ന തക്കാളിക്ക് ഇന്നത്തെ വില 60 രൂപയാണ്. 22, 23 രൂപക്ക് വില്‍പ്പന നടത്തിയിരുന്ന ഉള്ളി ഇന്ന് 40 രൂപക്ക് വില്‍പ്പന നടത്തേണ്ട അവസ്ഥയാണ് കച്ചവടക്കാര്‍ക്ക്.തക്കാളി, ഉള്ളി കൂടാതെ പയറിനും വില വര്‍ധിച്ചിട്ടുണ്ട്. 50 രൂപക്കാണ് പയര്‍ വില്‍പ്പന നടത്തുന്നത്. കേരളത്തിലേക്ക് തക്കാളി എത്തികൊണ്ടിരുന്നത് കര്‍ണാടകയിലെ മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ്. ഇപ്പോള്‍ കേരളത്തിലേക്ക് തക്കാളിയെത്തിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നുമാണ്. കര്‍ണാടകയില്‍ മഴ കാരണം കൃഷി കുറഞ്ഞതും തക്കാളി ഉല്‍പാദിപ്പിക്കാന്‍ സാധിക്കാത്തതും വില കൂടാന്‍ കാരണമായി.പൂണെയില്‍ നിന്നുമാണ് കേരളത്തിലേക്ക് ഉള്ളി എത്തുന്നത്. മഴകാരണം പൂണെയിലും ഉള്ളി ലഭ്യത കുറഞ്ഞത് കാരണം വില കൂടാന്‍ കാരണമായെന്നാണ് മൊത്തകച്ചവടക്കാര്‍ പറയുന്നത്. കൂടാതെ സമീപ സംസ്ഥാനങ്ങളിലേക്ക് പച്ചക്കറി കയറ്റിവിടുന്നത് മൂലം കേരളത്തിലേക്കുള്ള പച്ചക്കറി ലഭ്യത കുറഞ്ഞ് വരികയാണ്. ഇതും വില കൂടാന്‍ കാരണമായെന്നാണ് കച്ചവടക്കാര്‍ പറയുന്നു ഉരുളക്കിഴങ്ങിനും വില കൂടുതലാണ്. 25 രൂപയാണ് ഉരുളക്കിഴങ്ങിന്റെ വില. പച്ചക്കറികള്‍ക്ക് പുറമെ ചുവന്ന പരിപ്പ്, പഞ്ചസാര, കോഴിത്തീറ്റ, പിണ്ണാക്ക് എന്നിവയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. 100 രൂപയാണ് ചുവന്ന പരിപ്പിന്റെ വില. പഞ്ചസാരക്ക് 42 രൂപയും.സാധനങ്ങളുടെ വില വര്‍ധനവ് മൂലം കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ചെറുകിട കച്ചവടക്കാരും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കച്ചവടം ചെയ്യുന്നവരുമാണ്. പച്ചക്കറികള്‍ക്കും, അനാദി സാധനങ്ങള്‍ക്കും വില വര്‍ധിച്ചതോടെ ഹോട്ടല്‍ റസ്‌റ്റോറന്റ് മേഖലയലും പ്രതിസന്ധിയിലായിരിക്കുകയാണ്. പെട്ടെന്ന് സാധനങ്ങളുടെ വില കൂട്ടുകയെന്നത് പ്രയാസമാണ്.വിലക്കയറ്റം ഇങ്ങനെ തുടര്‍ന്നാല്‍ ഹോട്ടല്‍ അടച്ചിടേണ്ട അവസ്ഥയായിരിക്കും ഉണ്ടാവുകയെന്നും ഹോട്ടലുടമകൾ പറഞ്ഞു.
പുഴുവരിച്ച അരി വൃത്തിയാക്കി പുതിയ ചാക്കിലാക്കിയ ശേഷം വിദ്യാലയങ്ങളിലേക്ക്; സപ്‌ളൈകോ ഗോഡൗണിലെ പ്രവൃത്തികള്‍ നാട്ടുകാര്‍ തടഞ്ഞു
കൊല്ലം:വിദ്യാലയങ്ങള്‍ക്ക് നല്‍കാനായി കൊട്ടാരക്കര സപ്‌ളൈകോ ഗോഡൗണില്‍ പുഴുവരിച്ചത് ഉള്‍പ്പെടെ രണ്ടായിരം ചാക്ക് അരി വൃത്തിയാക്കുന്ന പ്രവൃത്തികള്‍ നാട്ടുകാര്‍ തടഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളാണ് വൃത്തിയാക്കിയ അരി പുതിയ ചാക്കുകളിലേക്ക് മാറ്റിക്കൊണ്ടിരുന്നത്.കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപത്തെ രണ്ടാം നമ്പർ ഗോഡൗണിലാണ് പഴകിയ അരി വൃത്തിയാക്കല്‍ ജോലികള്‍ നടന്നത്. വൃത്തിയാക്കിയ അരി വിദ്യാലയങ്ങള്‍ക്ക് കൈമാറാനായിരുന്നു ഡപ്പോ മാനേജര്‍ക്ക് ലഭിച്ച ഉത്തരവ് .2017 ബാച്ചലേത് ഉള്‍പ്പെടെയുള്ള അരിയാണ് ഇവിടെ പുഴുവരിച്ച നിലയില്‍ ചാക്കുകളിലുള്ളത്. ചാക്ക് പൊട്ടിച്ച് അരിപ്പ ഉപയോഗിച്ച് അരിച്ചും ഇന്‍ഡസ്ട്രിയല്‍ ഫാന്‍ ഉപയോഗിച്ചുമാണ് വൃത്തിയാക്കിയിരുന്നത്. ഗോഡൗണിന്റെ വിവിധ ഭാഗങ്ങളില്‍ അലൂമിനിയം ഫോസ്‌ഫേറ്റ് ഗുളികകള്‍ വിതറിയിരുന്നു. ഇതിന്റെ കുപ്പി കണ്ടെത്തിയതോടെ അരി രാസവസ്തുക്കള്‍ തളിച്ചാണ് വൃത്തിയാക്കിയിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.ഒന്‍പത് ദിവസമായി ഗോഡൗണില്‍ അരി വൃത്തിയാക്കല്‍ ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. വിവരം പുറത്തായതോടെ ഇന്നലെ രാവിലെ ബി.ജെ.പി പ്രവര്‍ത്തകരും നാട്ടുകാരും ഗോഡൗണിലേക്ക് എത്തി ജോലികള്‍ തടയുകയായിരുന്നു.സംഭവത്തെത്തുടര്‍ന്ന് വൈകട്ടോടെ ജില്ലാ സപ്‌ളൈ ഓഫീസര്‍ കൊട്ടാരക്കര ഗോഡൗണ്‍ സന്ദര്‍ശിച്ചു. അരി ലാബില്‍ പരശോധനയ്ക്കയച്ച് ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പാക്കിയ ശേഷമേ വിതരണം ചെയ്യൂവെന്ന് അറിയിച്ചെങ്കിലും പ്രതഷേധക്കാര്‍ ശാന്തരായില്ല. കഴിഞ്ഞ ജൂലായ് 15ന് സപ്‌ളൈകോ മാനേജിംഗ് ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വൃത്തിയാക്കല്‍ ആരംഭിച്ചത്.അരി വൃത്തിയാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിക്കുകയും ,ആര്‍. പ്രസാദ് എന്നയാള്‍ക്ക് കരാര്‍ നല്‍കുകയുമായിരുന്നു. തിരുവല്ല സ്വദേശി കണ്ണനാണ് ഉപകരാര്‍.ഗോഡൗണുകളില്‍ പഴക്കം ചെന്ന അരി വൃത്തിയാക്കുന്നത് സാധാരണയാണ്. കൃമികീടങ്ങളെ തുരത്താനാണ് അലൂമിനിയം ഫോസ്‌ഫേറ്റ് ഗുളികകള്‍ വയ്ക്കുന്നത്. രണ്ട് ദിവസം അടച്ചിട്ട ശേഷം ഗോഡൗണ്‍ തുറക്കുമ്പോൾ കൃമികീടങ്ങള്‍ നശിക്കും. പഴകിയ അരി അരിച്ചെടുത്ത് കഴുകിയ ശേഷം ലാബില്‍ പരശോധനയ്ക്ക് അയയ്ക്കും. ഭക്ഷ്യയോഗ്യമെങ്കിലെ വിതരണം ചെയ്യുകയുള്ളൂ എന്നും സപ്‌ളൈകോ ക്വാളിറ്റി കണ്‍ട്രോളര്‍ പറഞ്ഞു.
സര്‍ക്കാരിന് അധികബാധ്യത; ഓണക്കിറ്റില്‍ നിന്നും ക്രീം ബിസ്‌കറ്റ് ഒഴിവാക്കും
തിരുവനന്തപുരം: ഓണം സ്‌പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ ക്രീം ബിസ്‌കറ്റ് ഉള്‍പ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 90 ലക്ഷം കിറ്റുകളില്‍ ബിസ്‌കറ്റ് ഉള്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിന് 22 കോടിയുടെ അധികബാധ്യതയാകുമെന്ന് പറഞ്ഞാണ് ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം മുഖ്യമന്ത്രി തള്ളിയത്.രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഓണമായതിനാല്‍ സ്‌പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ കുട്ടികള്‍ക്കായി ഒരു വിഭവം എന്ന നിലയിലാണ് ചോക്ലേറ്റ് ക്രീം ബിസ്‌കറ്റ് എന്ന നിര്‍ദേശം ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ മുന്നോട്ട് വെച്ചത്. മുന്‍നിര കമ്പനികയുടെ പാക്കറ്റിന് 30 രൂപ വിലവരുന്ന ബിസ്‌കറ്റ് തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. പാക്കറ്റ് ഒന്നിന് 22 രൂപയ്ക്ക് സര്‍ക്കാരിന് നല്‍കാമെന്നായിരുന്നു കമ്പനി പറഞ്ഞത്.ഇത്രയും കിറ്റുകള്‍ക്ക് 592 കോടിയാണ് മൊത്തം ചെലവ് വരിക. ബിസ്‌കറ്റ് ഒഴിവാക്കിയതിലൂടെ ഇത് 570 കോടിയായി കുറയും. ക്രീം ബിസ്‌കറ്റ് എന്ന നിര്‍ദേശം മുഖ്യമന്ത്രി തള്ളിയതോടെ ഈ വര്‍ഷം ഓണത്തിന് 16 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുക.
സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്‌പെഷ്യല്‍ കിറ്റ് നൽകും
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്‌പെഷ്യല്‍ കിറ്റ് നല്‍കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ജുലൈ മാസത്തെയും ഓഗസ്റ്റിലെയും കിറ്റുകള്‍ ഒരുമിച്ച് ചേര്‍ത്തായിരിക്കും സ്‌പെഷ്യല്‍ കിറ്റ്. 84 ലക്ഷം സ്‌പെഷ്യല്‍ കിറ്റാണ് വിതരണം ചെയ്യുക. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി.തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന്‍ ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഇതില്‍ 10 ലക്ഷം വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നല്‍കും. ആശ്രിതക്ക് സര്‍ക്കാര്‍ ജോലി നല്‍കും.18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കും.ഈ മാസം 21 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ഗവര്‍ണ്ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.അതേ സമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല.
സംസ്ഥാനത്ത് അടുത്തയാഴ്ച മുതല്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തയാഴ്ച മുതല്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍.കിറ്റിലേക്കുള്ള ഉത്പന്നങ്ങള്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.ലോക്ക്ഡൗണ്‍ കാലത്ത് യാതൊരു ക്ഷാമവും വിലക്കയറ്റവും ഉണ്ടാകില്ല. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയും. കഴിഞ്ഞ തവണ ലോക്ക്ഡൗണ്‍ കാലത്ത് സാധനങ്ങളെത്തിക്കാന്‍ ഏറെ പ്രശ്നങ്ങളും തടസങ്ങളുമുണ്ടായിരുന്നു. കപ്പലിലടക്കം ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവന്നാണ് വിതരണം നടത്തിയത്. ഇത്തവണ ചരക്ക് വാഹനങ്ങളെ തടയില്ലെന്നാണ് തീരുമാനം. അത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജില്ലാഭരണകൂടത്തിന്റെ നിർദേശമനുസരിച്ച് റേഷന്‍ കാര്‍ഡില്ലാത്ത അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. അടച്ച് പൂട്ടലാണെന്നതിനാല്‍ തിരക്ക് കൂട്ടി സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചെത്തി സാധനങ്ങള്‍ വാങ്ങാമെന്നും മന്ത്രി വ്യക്തമാക്കി.