തിരുവനന്തപുരം:ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കേന്ദ്രം ഉയർത്തിയതോടെ വെളിച്ചെണ്ണയുടെയും ഒപ്പം മറ്റ് ഭക്ഷ്യഎണ്ണകളുടെയും വില ഉയരുന്നു.ചില്ലറവിപണിയിൽ 240 രൂപ വരെയാണ് വെളിച്ചെണ്ണയുടെ വില.വെളിച്ചെണ്ണ വില ക്വിന്റലിന് 18,700 രൂപയിലെത്തിയ സാഹചര്യത്തിൽ മറ്റ് ഭക്ഷ്യ എണ്ണയുടെയും വില ഉയർന്നു.സൂര്യകാന്തി,കടുക്,സോയാബീൻ തുടങ്ങിയ എണ്ണകളുടെ ഇറക്കുമതി തീരുവ 15 ശതമാനം വീതമാണ് ഉയർത്തിയത്.പത്തുശതമാനം വർധനവാണ് ശുദ്ധീകരിക്കാത്ത പാം ഓയിലിനുണ്ടായത്.ഇതോടെ സൂര്യകാന്തി എണ്ണയ്ക്ക് ലിറ്ററിന് 15 രൂപയുടെയും പാം ഓയിലിന് 10 രൂപയുടെയും വർദ്ധനവുണ്ടായിട്ടുണ്ട്.തേങ്ങയുടെ വില കിലോയ്ക്ക് അൻപതുരൂപയായി.എന്നാൽ മണ്ഡലകാലം കഴിയുന്നതോടെ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വിലകുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്.
ഓഖി ചുഴലിക്കാറ്റ്;മത്സ്യവില കുത്തനെ ഉയർന്നു
കണ്ണൂർ:ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് മൽസ്യ വിപണി തകർച്ചയിലേക്ക്.ഇതേ തുടർന്ന് മത്സ്യ വില കുത്തനെ ഉയർന്നു.സംസ്ഥാനത്തെ മത്സ്യ വിപണന മേഖല പൂർണ്ണമായും നിലച്ച നിലയിലാണ്.മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മൽസ്യങ്ങൾ മാത്രമാണ് ഇപ്പോൾ വിൽക്കുന്നത്.വിലഇരട്ടിയായതോടെ പലരും മൽസ്യം വാങ്ങിക്കാതെ മടങ്ങിപോവുകയാണ്. എട്ടാം തീയതി വരെ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.എന്നാലും വില സാധാരണ നിലയിലെത്താൻ പിന്നെയും ദിവസങ്ങളെടുക്കുമെന്നാണ് മൽസ്യത്തൊഴിലാളികൾ പറയുന്നത്. സാധാരണക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മത്തിയുടെ വില കിലോയ്ക്ക് 80 രൂപയിൽ നിന്നും 180 രൂപയായി ഉയർന്നു.മറ്റു മൽസ്യങ്ങളുടെ വിലയും ഇരട്ടിയോളം ഉയർന്നിട്ടുണ്ട്.
കോഴിമുട്ടയുടെ വില ഉയരുന്നു
കൊച്ചി:കോഴിമുട്ടയുടെ വില ഉയരുന്നു.മുട്ടയുടെ വിലനിലവാരം നിശ്ചയിക്കുന്ന നാമക്കൽ എഗ്ഗ് കോ ഓർഡിനേഷൻ കമ്മിറ്റി കോഴിമുട്ടയുടെ വില വ്യാഴാഴ്ച ആറുരൂപ ആറ് പൈസയായി നിശ്ചയിച്ചു.എന്നാൽ കേരളത്തിലെ ചെറുകിട കച്ചവടക്കാർ വിൽക്കുമ്പോൾ വില ഇനിയും കൂടും.തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ എത്തിക്കാനുള്ള ലോറി വാടകയും തൊഴിലാളികളുടെ കൂലിയും കൂട്ടുമ്പോൾ ഒരു മുട്ടയ്ക്ക് മുപ്പതു പൈസ വർധിക്കും.ഉത്തരേന്ത്യയിൽ മഞ്ഞുകാലം തുടങ്ങിയതോടെ മുട്ടയ്ക്ക് ഡിമാൻഡ് വർധിച്ചതാണ് വിലകൂടാനുള്ള ഒരു കാരണം.മാത്രമല്ല തമിഴ്‌നാട്ടിൽ ഉണ്ടായ കനത്ത മഴ ഉൽപ്പാദനം കുറയാൻ ഇടയാക്കി.കോഴിത്തീറ്റയുടെ വില വർധനയും ഒരു കാരണമാണ്.
സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.കഴിഞ്ഞ രണ്ടുമാസമായി നാലു മുതൽ എട്ടു മടങ്ങു വരെ പച്ചക്കറി വില ഉയർന്നു.സംസ്ഥാനത്തേക്ക് പ്രധാനമായും പച്ചക്കറി എത്തിക്കുന്ന സംസ്ഥാനങ്ങളായ തമിഴ്‌നാട്,കർണാടക,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കാലാവസ്ഥ പ്രതികൂലമായതും കൃഷി നാശവുമാണ് വിലവർദ്ധനവിന്റെ പ്രധാന കാരണമായി അധികൃതർ പറയുന്നത്.സവാളയുടെയും ചെറിയ ഉള്ളിയുടെയും തക്കാളിയുടെയും വിലയാണ് ദിവസേന കൂടിക്കൂടി വരുന്നത്.ഇവ മൂന്നും മലയാളിക്ക് ഒഴിച്ചുകൂടാനാകാത്തതുമാണ്. ഓണത്തിന് മുൻപ് കിലോയ്ക്ക് മുപ്പതു രൂപ ആയിരുന്ന ചെറിയുള്ളിയുടെ വില ഇപ്പോൾ നൂറ്റി എൺപതു രൂപ വരെ ആയിരിക്കുകയാണ്.സവാള വിലയും അൻപതിലേക്ക് കടക്കുകയാണ്. കുറച്ചു നാൾ മുൻപുവരെ പന്ത്രണ്ടു രൂപയായിരുന്നു തക്കാളിയുടെ വിലയും ഇപ്പോൾ അമ്പതു രൂപവരെയായി.അതേസമയം ഇരുനൂറു രൂപയായിരുന്നു മുരിങ്ങക്കായുടെ വില ഇപ്പോൾ എഴുപതു രൂപയായി കുറഞ്ഞിട്ടുണ്ട്.
ഉൽപ്പാദനം വർധിച്ചു;അരിവില അഞ്ചു രൂപവരെ കുറഞ്ഞു
തൃശൂർ:അരിയുടെ ഉത്പാദനം വർധിച്ചതോടെ വിലയിൽ അഞ്ചു രൂപയുടെ വരെ കുറവ്.അരി ഉൽപ്പാദക സംസ്ഥാനങ്ങളിൽ ആവശ്യത്തിന് മഴ ലഭിച്ചതാണ് ഉത്പാദനം കൂടാൻ കാരണം. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വടിമട്ടയുടെ വിലയാണ് അഞ്ചു രൂപ കുറഞ്ഞത്.നേരത്തെ 46 രൂപയുണ്ടായിരുന്ന ഈ അരിക്ക് ഇപ്പോൾ 41 രൂപയായി.ഇതോടെ മുപ്പതു രൂപയ്ക്ക് ഇപ്പോൾ നല്ല അരി വാങ്ങാം.അരി ഉത്പാദക സംസ്ഥാനങ്ങളായ കർണാടക, ആന്ധ്രാപ്രദേശ്, ബീഹാർ,ഒഡിഷ,തമിഴ്‌നാട് എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു.ഇത് മൂലം അരി ഉത്പാദനം വർധിച്ചു.അരിയുടെ കയറ്റുമതിയും കൂടി.ഈ സംസ്ഥാനങ്ങളിൽ നിന്നെല്ലാം അരി കേരളത്തിലേക്ക് എത്തുന്നുണ്ട്.കഴിഞ്ഞ വർഷം നെല്ലായിരുന്നു കേരളത്തിലേക്ക് എത്തിയിരുന്നത്.അതിനാൽ കേരളത്തിലെ മില്ലുകാരായിരുന്നു അരി വില നിശ്ചയിച്ചിരുന്നത്.
സംസ്ഥാനത്ത് ഉള്ളിവില ഉയരുന്നു
കോഴിക്കോട്:സംസ്ഥാനത്ത് ഉള്ളി വില ഉയരുന്നു.കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ കിലോയ്ക്ക് പത്ത് രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മഴയില്‍ വിളവ് നശിച്ചതും മൈസൂര്‍ ഉള്ളിയെന്ന പേരില്‍ വിപണിയിലുള്ള വലുപ്പം കുറഞ്ഞ ഉള്ളി വിറ്റഴിക്കാനുള്ള മൊത്ത വ്യാപാരികളുടെ തന്ത്രവുമാണ് ഉള്ളി വില വര്‍ധിക്കാന്‍ കാരണം.കോഴിക്കോട് പാളയം ചന്തയില്‍ മൊത്ത കച്ചവടക്കാര്‍ വലിയ ഉള്ളി വില്‍ക്കുന്നത് 37 രൂപക്കാണ്. ഇവിടത്തെ ചെറുകിട കച്ചവടക്കാര്‍ ഇത് 40 രൂപക്ക് വില്‍ക്കും.നാട്ടിന്‍ പുറങ്ങളിലെ കടകളില്‍ ഈ ഉള്ളിയെത്തുമ്പോൾ ഇത് 45 രൂപയാകും.മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ഉള്ളിയെത്തുന്നത്. സാധാരണയായി ഉപയോഗിക്കുന്ന ഉള്ളിക്ക് പൂനൈ ഉള്ളി എന്നാണ് വിളിപ്പേര്. മൈസൂര്‍ ഉള്ളിയെന്ന പേരില്‍ അറിയപ്പെടുന്ന സാധാരണ ഉപയോഗിക്കുന്ന ഉള്ളിയേക്കാള്‍ വലുപ്പം കുറഞ്ഞ ഉള്ളി വിപണിയില്‍ സുലഭമാണ്. ഇതിന് വിലക്കുറവുണ്ട്. പക്ഷെ ഈ ഉള്ളി മൂന്ന് ദിവസത്തിൽ കൂടുതൽ സൂക്ഷിക്കാന്‍ കഴിയില്ല.
കേരളത്തിലെ എല്ലാ അരിയിനങ്ങൾക്കും ജി എസ് ടി ചുമത്തും
തിരുവനന്തപുരം:കേരളത്തിലെ എല്ലാ അരിയിനങ്ങൾക്കും ജി എസ് ടി ചുമത്തും.അഞ്ചു ശതമാനം ജി എസ് ടി യാണ് ചുമത്തുന്നത്.റേഷനരി ഒഴികെയുള്ള എല്ലാ അരിയിനങ്ങൾക്കും ഇത് ബാധകമാണ്.അരിവില വർധിക്കുന്നതോടെ സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണങ്ങൾക്കും വില ഉയരും.ജി എസ് ടി നിലവിൽ വന്നാൽ അരിക്ക് കിലോയ്ക്ക് രണ്ടര രൂപവരെ വില വർധിക്കും. നേരത്തെ രെജിസ്റ്റഡ് ബ്രാന്ഡുകളിലുള്ള ധാന്യങ്ങൾക്കായിരുന്നു ജി എസ് ടി ബാധകമായിരുന്നത്. ചാക്കുകളിലോ പായ്‌ക്കറ്റുകളിലോ ആക്കി കമ്പനികളുടെയോ മില്ലുകളുടെയോ പേരോ ചിഹ്നമോ പതിച്ചിട്ടുള്ള എല്ലാ അരിയും ബ്രാൻഡഡ് ആയി കണക്കാക്കും. രാജ്യത്ത് ഏറ്റവും അധികം അരി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം.അത് കൊണ്ടുതന്നെ ജി എസ് ടി നിലവിൽ വന്നാൽ ഉത്പാദക സംസ്ഥാനങ്ങൾക്ക് നേട്ടമുണ്ടാകും. ചുമത്തുന്ന ജി.എസ്.ടി യുടെ പകുതി തുക ഈ സംസ്ഥാനങ്ങൾക്കാണ് ലഭിക്കുക. കേരളത്തിൽ ഒരു വർഷത്തിൽ ശരാശരി 40 ലക്ഷം ടൺ അരിയാണ് ഉപയോഗിക്കുന്നത്. ഇതിലാകട്ടെ വെറും നാല് ലക്ഷം ടൺ മാത്രമാണ് കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത്.ബാക്കി തമിഴ്‌നാട്, കർണാടക, പഞ്ചാബ്,ഒഡിഷ,ബംഗാൾ എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്.
മായം കലർന്ന വെളിച്ചെണ്ണ പിടിച്ചെടുത്ത സംഭവം;ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി തുടങ്ങി
കണ്ണൂർ:കാസർകോഡ്,മഞ്ചേശ്വരം മേഖലയിൽ നിന്നും ഓണക്കാലത്ത് മായം കലർന്ന വെളിച്ചെണ്ണ പിടിച്ചെടുത്ത സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി തുടങ്ങി.വെളിച്ചെണ്ണയിൽ മായം ചേർത്തിട്ടുണ്ടെന്ന പരാതിയെ തുടർന്ന് കാസർകോഡ്,മഞ്ചേശ്വരം മേഖലയിൽ നിന്നും ഭക്ഷ്യ വകുപ്പ് സാമ്പിൾ പരിശോധിച്ച ആറിൽ അഞ്ചും നിലവാരം കുറഞ്ഞതാണെന്നു പരിശോധനയിൽ കണ്ടെത്തിയിരുന്നു.മൂന്നു കമ്പനികളുടെ ലേബലിലുള്ള വെളിച്ചെണ്ണയാണ് പിടിച്ചെടുത്തത്.മായം കലർന്ന വെളിച്ചെണ്ണ വിപണിയിൽ ഇറക്കിയവർക്കെതിരെ കേസെടുക്കുന്നതിന്റെ മുന്നോടിയായി ഉടൻ തന്നെ നോട്ടീസ് നൽകുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.
പാകിസ്ഥാനിൽ തക്കാളിക്ക് റെക്കോർഡ് വില
ഇസ്ലാമാബാദ്:പാകിസ്ഥാനിൽ തക്കാളിക്ക് റെക്കോർഡ് വില.ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി നിലച്ചതോടെയാണ് ഇതെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം 300 രൂപയായിരുന്നു ഒരു കിലോ തക്കാളിയുടെ വില. ആഭ്യന്തര വിപണിയിൽ തക്കാളി കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്.ഇന്ത്യയിൽ നിന്ന് എല്ലാവർഷവും തക്കാളി ഇറക്കുമതി ചെയ്യാറുണ്ട്.എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ അതിർത്തിയിൽ കണ്ടയ്നറുകൾ കടത്തി വിടുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് വിതരണം നിലയ്ക്കാൻ ഇടയാക്കിയത്.ബലൂചിസ്ഥാനിൽ നിന്നും സിന്ധ് പ്രവിശ്യയിൽ നിന്നുമാണ് ഇപ്പോൾ തക്കാളിയും ഉള്ളിയും രാജ്യത്തെത്തുന്നത്.ഇന്ത്യയിൽ നിന്നും ഇനി പച്ചക്കറികൾ ഇറക്കുമതി ചെയ്യില്ലെന്നും വ്യാപാരികൾ പറയുന്നു.
വരുന്നൂ വെജിറ്റബിൾ മുട്ട
ഇറ്റലി:പച്ചക്കറിയിൽ നിന്നും രൂപം കൊടുക്കുന്ന കൃത്രിമ മുട്ട വിപണിയിലേക്ക്.പരിശോധന ശാലയിൽ നിന്നും പൂർണ്ണമായും പച്ചക്കറികളിൽ നിന്നും നിർമിച്ച പുഴുങ്ങിയ മുട്ടയാണ് വിപണിയിലെത്തുന്നത്.വി-വെഗി(v-egg-ie-) എന്ന പേരിൽ വിപണിയിലെത്തുന്ന മുട്ടയ്ക്ക് യഥാർത്ഥ മുട്ടയുടെ അതെ രൂപവും ഗുണങ്ങളുമാണുള്ളത്.സോയ ബീനിൽ നിന്നും വെജിറ്റബിൾ ഓയിലിൽ നിന്നുമാണ് ഈ മുട്ട ഉണ്ടാക്കുന്നത്.ഇതിൽ ചേർക്കുന്ന ഉപ്പിൽ നിന്നുമാണ് യഥാർത്ഥ മുട്ടയുടെ രുചി ഇതിനു ലഭിക്കുന്നത്.കൊളസ്ട്രോളിനെ പേടിക്കാതെ ഈ മുട്ട കഴിക്കുകയും ചെയാം.ഒന്നര വർഷത്തോളം ഗവേഷണം നടത്തിയാണ് ഇറ്റലിയിലെ യുഡിൻ സർവകലാശാലയിലെ ഫുഡ് ആൻഡ് ടെക്നോളജി വിദ്യാർഥികൾ ഈ പച്ചക്കറി മുട്ട സൃഷ്ട്ടിച്ചത്.മുട്ടയുടെ നിർമാണ രഹസ്യം ഇവർ ഇത് വരെ പുറത്തുവിട്ടിട്ടില്ല.രുചിയിലും ഗുണത്തിലും യഥാർത്ഥ മുട്ടയ്‌ക്കൊപ്പം നിൽക്കുന്നതാണ് വെഗിയെന്ന് ഗവേഷകർ പറയുന്നു.പുതുതായി ഒരു ഭക്ഷ്യവസ്തു ഉണ്ടാക്കണമെന്ന ആശയത്തെ തുടർന്നാണ് വെജിറ്റബിൾ മുട്ട ഉണ്ടാക്കാനായുള്ള ഗവേഷണം ആരംഭിച്ചത്.