കണ്ണൂർ:വേനൽ കടുത്തതോടെ ജില്ലയിലെ കുപ്പിവെള്ള കമ്പനികളിൽ കർശന പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്.പരിശോധനയ്ക്കായി സ്പെഷ്യൽ സ്‌ക്വാഡിനെ രൂപീകരിച്ചിട്ടുണ്ട്.ഇവർ ജില്ലയിലെ വിവിധ കുപ്പിവെള്ള കമ്പനികളിൽ പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.ഇവ പരിശോധയ്ക്കായി അയച്ചു. പരിശോധനയുടെ ഭാഗമായി പഞ്ചായത്തുതലത്തിൽ ജില്ലയിലെ വിവിധ പൊതു കിണറുകളിലും ജലവിതരണ കേന്ദ്രങ്ങളിലും ജലം പരിശോധിക്കുകയും സാമ്പിളുകൾ ശേഖരിച്ചു സൂക്ഷ്മ പരിശോധനയ്ക്കയക്കുകയും ചെയ്തു.ഭക്ഷ്യ സുരക്ഷാ വകുപ്പ് എക്‌സൈസ് ഡിപ്പാർട്മെന്റുമായി സഹകരിച്ച് ബാറുകളിലും കള്ളുഷാപ്പുകളിലും പരിശോധന നടത്തി നോട്ടീസ് നൽകി. ഫിഷറീസ് വകുപ്പുമായി സഹകരിച്ച് ജില്ലയിലെ പ്രധാന മൽസ്യ വിപണന കേന്ദ്രങ്ങളായ തലശ്ശേരി,ആയിക്കര,പഴയങ്ങാടി എന്നിവിടങ്ങളിൽ മത്സ്യവ്യാപാരികൾക്ക് ബോധവൽക്കരണ ക്ലാസ്സുകളും നൽകി.
മെയ് ഒന്നുമുതൽ റേഷനരിക്ക് ഒരു രൂപ കൂടും
തിരുവനന്തപുരം:മെയ് ഒന്ന് മുതൽ അന്ത്യോദയ അന്ന യോജനയിൽപ്പെട്ട ഉപഭോക്താക്കൾക്കൊഴികെ എല്ലാ വിഭാഗങ്ങൾക്കും റേഷനരിക്ക് ഒരു രൂപ കൂടും. ഇപ്പോൾ സൗജന്യമായി അരി ലഭിക്കുന്ന മുൻഗണന വിഭാഗക്കാരും ഇനി മുതൽ കിലോഗ്രാമിന് ഒരുരൂപ നിരക്കിൽ നൽകണം.ഇ-പോസ് മെഷീൻ എല്ലാ റേഷൻ കടകളിലും മെയ് ഒന്ന് മുതൽ നിലവിൽ വരുന്നതോടെ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ കൂടുതലുള്ള വേതനം നിൽവിൽ വരും.ഇവരുടെ കുറഞ്ഞ വേതനം 16000 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്.ഇപ്പോൾ കിന്റലിന് 100 രൂപയാണ് വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നത്.ഇത് ഇനി മുതൽ 220 രൂപയാകും.ഈ ഇനത്തിൽ അധികം വേണ്ടിവരുന്ന 120 കോടി രൂപ കണ്ടെത്താനാണ് ഉപഭോക്താക്കളിൽ നിന്നും ഒരു രൂപ അധികം ഈടാക്കുന്നത്.ഈ ഇനത്തിൽ കേന്ദ്രസർക്കാർ സഹായമായി കിന്റലിന് 43.50 രൂപ സംസ്ഥാന സർക്കാരിന് ലഭിക്കും.റേഷൻ കടകളിൽ ഇ-പോസ് മെഷീൻ ഉപയോഗിച്ച് തുടങ്ങിയതോടെ 20 ശതമാനം അരി മിച്ചം വരുന്നതായി കണ്ടെത്തിയിരുന്നു.ഈ അരി കിലോയ്ക്ക് 9.90 നിരക്കിൽ പൊതു വിഭാഗത്തിന്(വെള്ള കാർഡ്)നൽകും.
ആഹാരം പൊതിഞ്ഞു നൽകാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ കർശന നിയന്ത്രണം കൊണ്ടുവരാൻ ഭക്ഷ്യ സുരക്ഷാ അതോറിറ്റി
തിരുവനന്തപുരം:ആഹാരം പൊതിഞ്ഞു നൽകാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ കർശന നിയന്ത്രണം കൊണ്ടുവരാൻ ഭക്ഷ്യ സുരക്ഷാ അതോറിറ്റി തീരുമാനിച്ചു.പാകം ചെയ്ത ആഹാരവും പാകം ചെയ്യാനുള്ള വസ്തുക്കളും ഏതുതരം വസ്തുക്കൾ കൊണ്ട് പൊതിയണമെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ കരടിൽ വ്യക്തമാക്കുന്നുണ്ട്.ആഹാര സാധനങ്ങൾ വിൽക്കുന്നവരുടെയും പൊതുജനങ്ങളുടെയും അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും അന്തിമ നിയമം നടപ്പിലാക്കുക. വൻകിട കച്ചവടക്കാർ മുതൽ വഴിയോര കച്ചവടക്കാർക്കുവരെ ബാധകമായിരിക്കും നിയമം.നിലവിൽ ആഹാരം പൊതിയൽ,ലേബൽ പതിക്കൽ,പരസ്യങ്ങൾ, അവകാശവാദങ്ങൾ എന്നിവയെല്ലാം ഒറ്റ നിയമത്തിനു കീഴിലാണ്.ഇത്രയും വിഷയങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യാൻ എളുപ്പമല്ലാത്ത സാഹചര്യത്തിലാണ് ആഹാരം പൊതിയുന്നതിനു മാത്രമായി പുതിയ നിയമം കൊണ്ടുവരുന്നത്.പൊതിയാൻ ഉപയോഗിക്കുന്ന പേപ്പർ,ബോർഡ്, ഗ്ലാസ്, ലോഹത്തകിട്,പ്ലാസ്റ്റിക്ക് എന്നിവയ്‌ക്കെല്ലാം പുതിയ മാനദണ്ഡങ്ങൾ ഉറപ്പാക്കും.ഇത്തരം മാനദണ്ഡങ്ങൾ പാലിച്ചുള്ള വിതരണം മാത്രമേ അനുവദിക്കുകയുള്ളൂ. ആഹാരം സുരക്ഷിതമാക്കുക,ജനങ്ങളുടെ ആരോഗ്യം നിലനിർത്തുക തുടങ്ങിയവയാണ് പുതിയ നിയമം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
കുപ്പിവെള്ളത്തിനു വിലകുറച്ചില്ല;പ്രതിഷേധം ശക്തം
തിരുവനന്തപുരം:ഏപ്രിൽ രണ്ടുമുതൽ കുപ്പിവെള്ളത്തിനു വില 20 രൂപയിൽ നിന്നും 12 രൂപയാക്കി കുറയ്ക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയില്ല. കുപ്പിവെള്ളത്തിന്റെ വില 12 രൂപയായി കുറയ്ക്കുമെന്നായിരുന്നു കേരള ബോട്ടില്ഡ് വാട്ടർ മാനുഫാക്ചേർസ് അസോസിയേഷന്റെ തീരുമാനം.ഈ നിർദേശം അസോസിയേഷൻ കമ്പനികൾക്ക് നൽകുകയും ചെയ്തിരുന്നു.എന്നാൽ വില കുറയ്ക്കാൻ പല കമ്പനികളും തയ്യാറാകുന്നില്ലെന്നാണ് റിപ്പോർട്ട്.മിക്ക കടകളിലും ഒരുകുപ്പി വെള്ളത്തിന് 20 രൂപതന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്. വെള്ളത്തിന് വില കുറച്ചെന്ന് അസോസിയേഷൻ പറയുന്നുണ്ടെങ്കിലും എമർപിയിൽ മാറ്റം വരുത്തിയുള്ള കുപ്പികൾ എത്താതെ വിലകുറയ്ക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വ്യാപാരികൾ.അതേസമയം കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നവർക്കെതിരേ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ വ്യക്തമാക്കി.നിർമാതാക്കൾ വില കുറച്ചിട്ടും വിൽപ്പനക്കാർ കുപ്പിവെള്ളത്തിന്‍റെ വില കുറയ്ക്കുന്നില്ലെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
കുപ്പിവെള്ളത്തിന് ഇനി മുതൽ 12 രൂപ മാത്രം
തിരുവനന്തപുരം:കേരളത്തിൽ ഒരു കുപ്പിവെള്ളത്തിന് ഇനി മുതൽ 12 രൂപമാത്രം.കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചർസ് അസോസിയേഷനാണ് തീരുമാനമെടുത്തത്. കുപ്പിവെള്ളത്തിന്റെ വില ഏകീകരിക്കാനാണ് തീരുമാനം.ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും.വൻകിട കമ്പനികൾ നിലവിൽ 20 രൂപയ്ക്കാണ് ഒരു കുപ്പി വെള്ളം നൽകുന്നത്. സർക്കാർ ഏജൻസികളായ ചില കമ്പനികൾ 15 രൂപയ്ക്കും.വ്യാപാരികൾക്ക് കമ്മീഷൻ കൂട്ടി നൽകി വൻകിട കമ്പനികൾ ഈ നീക്കത്തെ തകർക്കുമെന്ന ആശങ്കയുണ്ടെങ്കിലും തീരുമാനവുമായി മുൻപോട്ട് പോകാനാണ് അസോസിയേഷന്റെ തീരുമാനം.
ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കും
തിരുവനന്തപുരം:ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കും.മാസം 21ന് സർക്കാർ ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തുമെന്ന് കൃഷിവകുപ്പിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്നോടിയായി നിയമസഭയിലും പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.കൃഷി വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടി. രാജ്യാന്തര തലത്തില്‍ കേരളത്തില്‍നിന്നുള്ള ചക്ക എന്ന ബ്രാന്‍ഡ് അവതരിപ്പിക്കുന്നതിനു മുന്നോടിയായാണു സംസ്ഥാന ഫലമാക്കുന്നത്. പ്രത്യേക ബ്രാന്‍ഡ് ആകുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. ചക്കയുടെ ഉത്പന്ന വൈവിധ്യവത്കരണ, വാണിജ്യസാധ്യതകള്‍ പഠിക്കാന്‍ അമ്പലവയൽ മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഒരു ജാക്ക്ഫ്രൂട്ട് റിസര്‍ച്ച് സെന്ററും തുടങ്ങും. സീസണ്‍ സമയത്ത് ഒരു ദിവസം അഞ്ചു കോടി രൂപയുടെ ചക്ക ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍ നിന്ന് കയറ്റി അയയ്ക്കുന്നതായാണു കണക്ക്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയിടങ്ങളിലേക്കും ഉത്തരേന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിലേക്കുമാണു കൊണ്ടുപോകുന്നത്.സീസണ്‍ ആരംഭിക്കുന്ന ജനുവരിയില്‍ കളിയിക്കാവിളയില്‍നിന്നാണ് ചക്ക സംഭരണം ആരംഭിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണു സംഭരണം കൂടുതലായി നടക്കുന്നത്. സംസ്ഥാന ഫലം എന്ന നിലയിലേക്ക് ചക്ക മാറുന്നതോടെ കൂടുതലാളുകള്‍ ഈ മേഖലയിലേക്കു വരുമെന്നാണു കൃഷി വകുപ്പിന്റെ പ്രതീക്ഷ. ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നത്. വിറ്റാമിനുകള്‍, ധാതുക്കള്‍, ഇലക്‌ട്രോലൈറ്റുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, കൊഴുപ്പ്, പ്രോട്ടീന്‍ തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും അടങ്ങിയ ഫലമാണ് ചക്ക.രുചിയില്‍ മാത്രമല്ല ആരോഗ്യത്തിനും ചക്ക ഏറെ ഗുണം ചെയ്യും. ഒരു കപ്പ് ചക്കയില്‍ 155 കലോറി അടങ്ങിയിരിക്കുന്നു. ജീവകം എ, ജീവകം സി, റൈബോഫ്ളേവിന്‍, നിയാസിന്‍, തയാമിന്‍, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. സോഡിയം, പൂരിതകൊഴുപ്പുകള്‍, കൊളസ്ട്രോള്‍ ഇവ ചക്കയില്‍ വളരെ കുറവാണ്. മഗ്നീഷ്യം, കാല്‍സ്യം, ഇരുമ്പ് , പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പര്‍, സിങ്ക്, മാംഗനീസ്, സെലെനിയം, എന്നീ ധാതുക്കളും ചക്കയില്‍ ഉണ്ട്. ചക്കയിലടങ്ങിയ പോഷകങ്ങള്‍ക്ക് ആന്റി കാന്‍സര്‍, ആന്റി ഏജിങ്ങ്, ആന്റി അള്‍സറേറ്റീവ് ഗുണങ്ങള്‍ ഉണ്ട്. ഇതെല്ലാം ആഗോളതലത്തില്‍ അവതരിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് കേരളം തയ്യാറെടുക്കുന്നത്.
കുപ്പിവെള്ളത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേന്ദ്രസർക്കാർ; വെള്ളത്തിലടങ്ങിയിരിക്കുന്നത് പ്ലാസ്റ്റിക്ക് മാലിന്യം
ന്യൂഡൽഹി:കുപ്പിവെള്ളത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേന്ദ്രസർക്കാർ. രാജ്യത്ത് വിൽക്കപ്പെടുന്ന 10 കുപ്പിവെള്ളത്തിൽ മൂന്നെണ്ണമെങ്കിലും മലിനമാണെന്ന് കേന്ദ്രസർക്കാർ വെളിപ്പെടുത്തുന്നു.കേന്ദ്ര ഉപഭോക്തൃകാര്യ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സി.ആർ ചൗധരിയാണ് ചൊവ്വാഴ്ച നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര തലത്തിൽ പേരെടുത്ത പ്രമുഖ കുടിവെള്ള കമ്പനികളുടെ ഉൽപ്പന്നങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം അടങ്ങിയിട്ടുണ്ടെന്ന്കണ്ടെത്തി.ഇന്ത്യയടക്കമുള്ള ഒൻപതു രാജ്യങ്ങളിൽ നിന്നും കുപ്പിവെള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചപ്പോൾ ന്യൂയോർക്ക് സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയ വസ്തുതകളാണിവ.പോളി പ്രൊപ്പലീൻ, നൈലോൺ,പൊളി എത്തിലീൻ എന്നിവയാണ് വെള്ളത്തിൽ കലർന്നതായി കണ്ടെത്തിയിരിക്കുന്നത്.പ്രമുഖ ബ്രാൻഡുകൾ പുറത്തിറക്കുന്ന കുപ്പിവെള്ളത്തിൽ 93 ശതമാനത്തിലും സൂക്ഷ്മമായ പ്ലാസ്റ്റിക്ക് തരികൾ അവർ കണ്ടെത്തി.ഇന്ത്യ,ചൈന,ബ്രസീൽ, ഇന്തോനേഷ്യ,കെനിയ,ലെബനൻ,മെക്സിക്കോ,തായ്‌ലൻഡ്,അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നാണ് കുപ്പിവെള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയത്.കണ്ടെത്തിയ 93 ശതമാനം പ്ലാസ്റ്റിക്ക് സാന്നിധ്യത്തിൽ 65 ശതമാനവും പ്ലാസ്റ്റിക്ക് തരികൾ തന്നെയാണെന്നത് ആശങ്കാജനകമാണ്.പതിനായിരത്തിലധികം പ്ലാസ്റ്റിക്ക് തരികളാണ് ചില വെള്ളക്കുപ്പികളിൽ കണ്ടെത്തിയിരിക്കുന്നത്.കുപ്പികളുടെ അടപ്പുകളിൽ നിന്നാണ് ഇത്തരത്തിലുള്ള മലിനീകരണം ഏറ്റവുമധികം ഉണ്ടാകുന്നതെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.അടപ്പുകൾ നിർമ്മിക്കാനുപയോഗിക്കുന്ന പോളിപ്രൊപ്പലീൻ, നൈലോൺ,പോളിത്തീൻ ടെറഫ്താലേറ്റ് എന്നിവയും വെള്ളത്തിൽ കണ്ടെത്തി.പലതരത്തിലുള്ള അർബുദത്തിനും ബീജത്തിന്റെ അളവ് കുറയാനും ഇത് കാരണമാകും.കുട്ടികളിൽ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ,ഓട്ടിസം എന്നീ രോഗങ്ങൾക്കും ഇത് കാരണമാകും.കേരളത്തിലും സ്ഥിതി മറ്റൊന്നല്ല.സംസ്ഥാനത്തെ അറുനൂറിലേറെ കുപ്പിവെള്ള യൂണിറ്റുകളിൽ 142 എണ്ണത്തിന് മാത്രമാണ് ഇന്ത്യൻ സ്റ്റാൻഡേർഡ് ഇന്സ്ടിട്യൂട്ടിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും അനുമതിയുള്ളത്.ഇത് കണ്ടെത്തിയതോടെ ഭൂജലവകുപ്പ് കുപ്പിവെള്ള യൂണിറ്റുകൾക്ക് അനുമതി നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങുകയാണ്.
ശീതളപാനീയ കമ്പനിയായ കൊക്കക്കോള മദ്യനിർമാണ രംഗത്തേക്ക്
ന്യൂയോർക്:അന്താരാഷ്ട്ര ശീതളപാനീയ കമ്പനിയായ കൊക്കക്കോള മദ്യം നിർമിക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ കുറഞ്ഞ നിരക്കിൽ മാത്രമുള്ള അൽക്കോപോപ്പ് പാനീയങ്ങൾ പോലുള്ള ഉൽപ്പന്നങ്ങളാണ് കമ്പനി അവതരിപ്പിക്കുന്നത്.ചു ഹി എന്നറിയപ്പെടുന്ന ജാപ്പനീസ് മദ്യം ഉത്പാദിപ്പിച്ചാണു കൊക്കക്കോളയുടെ മദ്യനിർമാണരംഗത്തേക്കുള്ള ചുവടുവയ്പെന്നു കൊക്കക്കോളയുടെ ജപ്പാൻ പ്രസിഡന്‍റ് ജോർജ് ഗാർഡുനോ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. വാറ്റിയെടുത്ത ഷോചു ആൽക്കഹോളും സുഗന്ധമുള്ള കാർബണേറ്റ് ജലവും ചേർത്തു നിർമിക്കുന്ന പാനീയം കോളയ്ക്ക് സമാനമായ ടിന്നിലാക്കി വിൽക്കാനാണു കമ്പനി പദ്ധതിയിടുന്നത്. മുന്തിരി, സ്ട്രോബറി, കിവി, വൈറ്റ് പീച്ച് എന്നീ ഫ്ളേവറുകളിൽ കുറഞ്ഞ അളവിൽ ആൽക്കഹോളുള്ള പാനീയമാണ് കമ്പനി പുറത്തിറക്കുക.പാനീയം എന്നുപുറത്തിറക്കും എന്നു കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഭാവിയിൽ ലഹരിയില്ലാത്ത പാനീയങ്ങൾക്കാണു കമ്പനി പ്രാധാന്യം കൊടുക്കുന്നതെന്നും ജോർജ് ഗാർഡുനോ അറിയിച്ചു.
ഭക്ഷ്യ വിഷബാധയ്ക്കിടയാക്കിയ അരിയുടെ സാമ്പിൾ പരിശോധനയ്ക്കയച്ചു
കൂത്തുപറമ്പ്:ചോറിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അരിയുടെ സാമ്പിൾ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്കയച്ചു.ഭക്ഷ്യ സുരക്ഷാ വിഭാഗം കൂത്തുപറമ്പ് മേഖല ഓഫീസറുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് ടൗണിലും തൊക്കിലങ്ങാടിയിലുമുള്ള കടകളിൽ നിന്നും ശേഖരിച്ച സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്.അതോടൊപ്പം ഭക്ഷ്യ വിഷബാധയേറ്റ ആമ്പിലാട് കല്ലുമ്മൽത്താഴെ അഷ്ക്കറിന്റെയും ചോരക്കുളത്തെ കോമ്പ്രക്കണ്ടി രവീന്ദ്രന്റെയും വീടുകളിൽ നിന്നും ശേഖരിച്ച അരിയുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.കോഴിക്കോട്ടെ റീജിയണൽ ലാബിലാണ് പരിശോധന നടത്തുക.വീടുകളിൽ പാകം ചെയ്ത് കഴിച്ച ചോറിൽ നിന്നാണ് വിഷബാധയേറ്റത്.പാകം ചെയ്ത് ഏതാനും മണിക്കൂറുകൾക്കകം ചോറിന് നിറം മാറ്റം കാണപ്പെടുകയും ചെയ്തു. രവീന്ദ്രന്റെ വീട്ടിൽ പാകം ചെയ്ത ചോറിനു വയലറ്റ് നിറവും അഷ്ക്കറിന്റെ വീട്ടിൽ പാകം ചെയ്ത ചോറിനു ചുവപ്പുനിറവുമാണ് ഉണ്ടായിരുന്നത്.
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന 18 ശതമാനം മൽസ്യത്തിലും മായം കലർന്നതായി റിപ്പോർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് വിതരണം ചെയ്യുന്ന 18 ശതമാനം മൽസ്യത്തിലും മായം കലർന്നതായി റിപ്പോർട്ട്.സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷേഴ്സ് ടെക്നോളജി സംസ്ഥാനത്തെ 14 ജില്ലകളിലും നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന മായം പരിശോധിക്കാനായി തയാറാക്കിയഐസിഎആര്‍ സിഫ്ടെസ്റ്റ് എന്ന പരിശോധനാ കിറ്റിന്റെ പ്രകാശനം നിര്‍വഹിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങളാണ് മത്സ്യം കേടാകാതിരിക്കാനായി കലർത്തുന്നത്.ഐസ് ഒഴികെ മറ്റൊരു വസ്തുവും മീനില്‍ ഉപയോഗിക്കരുതെന്നാണ് വ്യവസ്ഥ.മത്സ്യത്തിലെ മായം കണ്ടെത്തുന്നതിന് സംസ്ഥാനത്തെ മുഴുവൻ മത്സ്യ മാർക്കറ്റുകളിലും പരിശോധന നടത്തുമെന്ന് മന്ത്രി. ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഭക്ഷ്യസുരക്ഷ വകുപ്പുമായി സഹകരിച്ചായിരിക്കും ഫിഷറീസ് പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.മത്സ്യത്തിൽ മായം ചേർക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.