കോഴിക്കോട്: സംസ്ഥാനത്ത് മീനിന് റെക്കോഡ് വില. പെരുന്നാള്‍ കാലമെത്തിയതോടെ മീന്‍വില എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരത്തിലേക്ക് കുതിച്ചു കഴിഞ്ഞു. സാധാരണക്കാരന്റെ മീനായ മത്തിക്ക് രണ്ടാഴ്ച മുമ്ബ് 90 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ 180 വരെ എത്തി വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് കച്ചവടക്കര്‍ പറയുന്നത്. ട്രോളിങ് നിരോധനവും കടല്‍ഷോഭവും മഴയും മീനിന്റെ വില കുത്തനെ കൂടാന്‍ കാരണമായെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ആവോലി കിലോയ്ക്ക് രണ്ടാഴ്‌ച്ചയ്ക്കിടെ കൂടിയത് 400 രൂപയാണ്. അയലയ്ക്ക് 60 രൂപ വര്‍ധിച്ച് കിലോക്ക് 200 രൂപയായി. ചെമ്മീന്‍ 250ല്‍ നിന്ന് 500 ലേക്കും കുതിച്ചു.അയക്കൂറ കിലോയ്ക്ക് 1150രൂപയാണ് വില.പരമാവധി 600 രൂപ വരെ പോയിരുന്ന ആവോലി 900ലെത്തി നില്‍ക്കുന്നു.അതേ സമയം ഒരു കിലോ കോഴി യിറച്ചിയുടെ വില 160 ല്‍ തുടരുകയാണ്.നൂറിനും അന്പതിനും മീന്‍ വാങ്ങുന്ന സാധാരണക്കാരുടെ കാര്യമാണ് ഇതോടെ കഷ്ടത്തിലായത്
നിപ ഭീതിയിൽ നിന്നും മുക്തമായിട്ടും ഗൾഫ് നാടുകളിലേക്കുള്ള പഴം,പച്ചക്കറി കയറ്റുമതിക്കുള്ള വിലക്ക് നീങ്ങിയില്ല
കോഴിക്കോട്:നിപ ഭീതിയിൽ നിന്നും മുക്തമായിട്ടും ഗൾഫ് നാടുകളിലേക്കുള്ള പഴം,പച്ചക്കറി കയറ്റുമതിക്കുള്ള വിലക്ക് നീങ്ങിയില്ല.ഇതോടെ വ്യാപാരികൾക്കും വിമാന കമ്പനികൾക്കും വിമാനത്താവളത്തിലെ ചരക്ക് കൈകാര്യം ചെയ്യുന്ന കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിനും ദിവസേന ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.നിപ ബാധയെ തുടർന്ന് മൂന്നുപേർ മരിച്ചതോടെ മെയ് 28 നാണ് കേരളത്തിൽ നിന്നുള്ള പഴം,പച്ചക്കറി കയറ്റുമതിക്ക് ഗൾഫ് രാജ്യങ്ങളിൽ നിരോധനം ഏർപ്പെടുത്തിയത്.കുവൈറ്റാണ് ആദ്യം നിരോധനം ഏർപ്പെടുത്തിയത്.പിന്നാലെ യുഎഇ,സൗദി,ബഹ്‌റൈൻ,ഖത്തർ തുടങ്ങിയ രാജ്യങ്ങളും നിരോധനം ഏർപ്പെടുത്തി.കോഴിക്കോട് നിന്നും ഈ രാജ്യങ്ങളിലേക്ക് ദിവസേന 55 മെട്രിക് ടൺ പഴങ്ങളും പച്ചക്കറികളുമാണ് കയറ്റുമതി ചെയ്തിരുന്നത്. മെയ് മുപ്പതോടെ കയറ്റുമതി പൂർണ്ണമായും നിലച്ചു.അതേസമയം പഴം,പച്ചക്കറി കയറ്റുമതിക്കുണ്ടായ വിലക്ക് നീക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു.നിപ നിയന്ത്രണ വിധേയമായതായി ഗൾഫ് രാജ്യങ്ങളെ ബോധ്യപ്പെടുത്തി കയറ്റുമതി സാധാരണ നിലയിലേക്ക് കൊണ്ടുവരണമെന്നാണ് ആവശ്യം.
മായം ചേർത്ത വെളിച്ചെണ്ണ;ജില്ലയിലെ വ്യാജന്മാർക്ക് തടയിടാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്
കണ്ണൂർ:മായം ചേർത്ത വെളിച്ചെണ്ണ വില്പന നടത്തുന്ന വ്യാജന്മാർക്ക് തടയിടാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്.ജില്ലയിലെ വെളിച്ചെണ്ണ ബ്രാൻഡുകൾ രജിസ്റ്റർ ചെയ്യാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.ഭക്ഷ്യ സുരക്ഷാ ലൈസൻസിനൊപ്പം അവരുടെ ബ്രാൻഡും രജിസ്റ്റർ ചെയ്യാനാണ് നിർദേശം.ഒരു ലൈസൻസിൽ നാല് ബ്രാൻഡുകൾ മാത്രമേ രജിസ്റ്റർ ചെയ്യാൻ പറ്റൂ.മായം ചേർത്ത വെളിച്ചെണ്ണ വിറ്റതിന് സംസ്ഥാനത്ത് 45 വെളിച്ചെണ്ണ ബ്രാൻഡുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.ഇതേ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പുതിയ നിർദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.മായം ചേർത്ത വെളിച്ചെണ്ണകൾ കടകളിൽ എത്തിച്ച് ബിൽ നൽകാതെയാണ് വിതരണക്കാർ ഇടപാടുകൾ നടത്തുന്നത്.ഇത് കണ്ടെത്തുന്നതിനായാണ് വെളിച്ചെണ്ണയുടെ നിർമാണം,സംഭരണം,വിതരണം എന്നിവ നടത്തുന്നവർ ഭക്ഷ്യ സുരക്ഷാ ലൈസൻസിനൊപ്പം അവരുടെ ബ്രാൻഡുകൾ കൂടി രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്.അതേസമയം ഭക്ഷ്യ സുരക്ഷാ നിയമം നിലവിൽ വന്നതോടെ മായം ചേർത്ത വെളിച്ചെണ്ണ വിൽക്കുന്നവർക്ക് തടവ് ശിക്ഷ ലഭിക്കുന്നില്ല. പരമാവധി അഞ്ചു ലക്ഷം രൂപ വരെ പിഴശിക്ഷ മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്.പ്രതികൾ പലപ്പോഴും കോടതിയിൽ പോയി രക്ഷപ്പെടുകയാണ് പതിവ്.ഇതിനാൽ ആരോഗ്യത്തിന് ഏറ്റവും ദോഷകരമായി ബാധിക്കുകകൂടി ചെയ്യുന്നതിനാൽ കരുതിക്കൂട്ടി മായം ചേർക്കലിന് തടവ് ശിക്ഷ ലഭ്യമാക്കണമെന്ന് ആവശ്യം ശക്തമാണ്.
പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ഗുണനിലവാരമില്ലാത്ത 1200 ലിറ്റർ പാൽ പിടികൂടി
പാലക്കാട്: പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ ഗുണനിലവാരമില്ലാത്ത 1200 ലിറ്റര്‍ പാല്‍ പിടികൂടി. ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിലാണ് പാല്‍ പിടികൂടിയത്. ദിണ്ഡിഗലില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന പാലാണ് പിടികൂടിയത്.പാല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ ക്രമക്കേട് നടത്തുന്നവരെ ശക്തമായി നിരീക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാൽ പിടികൂടിയത്.
നിപ വൈറസ്;കേരളത്തിൽ നിന്നുള്ള പഴം,പച്ചക്കറി കയറ്റുമതിക്ക് ഗൾഫിൽ വിലക്ക്
യുഎഇ:നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുമുള്ള പഴം പച്ചക്കറി കയറ്റുമതിക്ക് യുഎഇയിലും ബഹ്‌റൈനിലും വിലക്ക്. തിരുവനന്തപുരം വിമാനത്താവളം വഴി പ്രതിദിനം 60 ടണ്‍ പഴവും പച്ചക്കറിയുമാണ് ഗള്‍ഫിലേക്ക് കയറ്റിഅയക്കുന്നത്. നെടുമ്ബാശ്ശേരി വഴി 40 ടണ്ണും കോഴിക്കോടുനിന്നും 20 ടണ്ണുമാണ് പ്രതിദിനം കയറ്റുമതി ചെയ്യുന്നത്. നിപ്പ കണ്ടെത്തിയത് കോഴിക്കോട് മാത്രമാണെങ്കിലും മൊത്തത്തിലാണ് വിലക്ക്. വിലക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ട്ടമുണ്ടാക്കുമെന്നും പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും കയറ്റുമതി വ്യാപാരികള്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.ആദ്യം ബഹ്‌റൈനിലും പിന്നാലെ യുഎഇയുമാണ് വിലക്കേര്‍പ്പെടുത്തിയത്. പഴവും പച്ചക്കറിയും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കയറ്റി അയക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാറിനെയാണ് അറിയിച്ചത്. കേന്ദ്രത്തിന്റെ അറിയിപ്പ് കയറ്റുമതി വ്യാപാരികള്‍ക്കും ലഭിച്ചു.
ബ്ലൂ ഇൻഡസ്ട്രീസിന്റെ കുപ്പിവെള്ളത്തിന് ജില്ലയിൽ നിരോധനം ഏർപ്പെടുത്തി
കണ്ണൂർ:ബ്ലൂ ഇൻഡസ്ട്രീസിന്റെ എം.എഫ്.ജി 9/4/18/എസ് ആര്‍,ബി. നം.1575/ബി.എസ്/3, എക്‌സ്പ് ,19/10/18 എന്ന ബാച്ച് നമ്പറിലുള്ള കുപ്പിവെള്ളം കണ്ണൂർ ജില്ലയിൽ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തെത്തി.ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണറാണ് ഉത്തരവിറക്കിയിരിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായ തോതിലുള്ള നൈട്രൈറ്റ്, പി.എച്ച് മൂല്യം കുറവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.ഉപഭോക്താക്കള്‍ കുപ്പിവെള്ളം വാങ്ങുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പ്രസ്തുത ഉത്പന്നം മാര്‍ക്കറ്റില്‍ വിതരണത്തിന് വെച്ചിരിക്കുന്നതായി കണ്ടാല്‍ കണ്ണൂര്‍ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറെ 8943346193 എന്ന നമ്പറില്‍ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു
സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കുള്ളിൽ കൂടിയത് ഇരട്ടിയിലേറെ
കൊച്ചി:സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു.മൂന്നാഴ്ച മുൻപ് 65 രൂപയുണ്ടായിരുന്ന കോഴിയിറച്ചിയുടെ ഇപ്പോഴത്തെ വില 130 രൂപ വരെയാണ്.ഇത് ലൈവ് കോഴിയുടെ വിലയാണ്.എന്നാൽ കോഴിയിറച്ചിയുടെ വില 165 ല്‍ നിന്ന് 200 രൂപ കടന്നിട്ടുണ്ട്.കോഴി ഇറച്ചിയുടെ വില 100 രൂപ കടക്കാതെ നിലനിർത്തുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം നിലനില്‍ക്കെയാണ് വില കുതിക്കുന്നത്.കനത്ത ചൂടും ജല ദൗര്‍ലഭ്യവും മൂലം തമിഴ്‌നാട്ടിലെ ഫാമുകളില്‍ കോഴികള്‍ ചത്തൊടുങ്ങുന്നതാണ് വില കൂടാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നു.അതേസമയം റംസാന്‍ എത്തുന്നതോടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ കോഴിക്ക് നികുതിയുണ്ടായിരുന്ന മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വില കുറവാണെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.
നൈട്രജൻ ഐസ്ക്രീമുകൾക്കും പാനീയങ്ങൾക്കും കേരളത്തിൽ നിരോധനം ഏർപ്പെടുത്തി
കോഴിക്കോട്:നൈട്രജൻ ഐസ്ക്രീമുകൾക്കും പാനീയങ്ങൾക്കും കേരളത്തിൽ നിരോധനം ഏർപ്പെടുത്തി.നൈട്രജൻ ഉൽപ്പന്നങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണിത്.നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.ദ്രവീകരിച്ച നൈട്രജൻ ഉപയോഗിച്ച് അതിശീതീകരിച്ച ഐസ്ക്രീമുകൾ ഈയിടെ കേരളത്തിൽ വൻ പ്രചാരം നേടിയിരുന്നു. ദ്രവീകരിച്ച നൈട്രജൻ അതിവേഗം ബാഷ്പ്പമാകുന്നതിനാൽ ‘പുകമഞ്ഞ് ഐസ്ക്രീം’ എന്നാണ് ഇത് കേരളത്തിൽ അറിയപ്പെട്ടിരുന്നത്.ഇത് ആരോഗ്യത്തിന് വലിയ ദോഷം ചെയ്യുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടു കൂടിയാണ് ഇവ നിരോധിക്കാൻ തീരുമാനിച്ചത്.എന്നാൽ നൈട്രജൻ ആരോഗ്യത്തിന് ദോഷകരമായ മൂലകമല്ലെന്നും പക്ഷെ ദ്രവീകരിച്ച നൈട്രജൻ പൂർണ്ണമായി ബാഷ്പീകരിക്കുന്നതിനു മുൻപ് ശരീരത്തിലെത്തിയാൽ അപകടമുണ്ടായേക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ റെയ്‌ഡിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി
കണ്ണൂർ:നഗരത്തിൽ കണ്ണൂർ കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി.ഒൻപതു ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.ഇതിൽ ആറു ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്.താളിക്കാവിലെ ശ്രീ വൈഷ്ണവ്,എസ്.എൻ പാർക്ക് റോഡിലെ കിസ്മത്ത്,സ്നാക്സ് കോർണർ,ഗൗരിശങ്കർ,റെയിൽവേ സ്റ്റേഷൻ പരിസരത്തെ എം ആർ എ റെസ്റ്റോറന്റ്,മുനീശ്വരൻ കോവിൽ റോഡിലെ കൈപ്പുണ്യം എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഫ്രീസറിൽ സൂക്ഷിച്ച വേവിച്ച പഴകിയ ഇറച്ചി,കറുത്ത നിറത്തിലുള്ള പാചക എണ്ണ,ദിവസങ്ങളോളം പഴക്കമുള്ള പാൽ,പഴകിയ ബിരിയാണി,പാകം ചെയ്ത കൂന്തൽ,ചപ്പാത്തി,അയക്കൂറ ഉൾപ്പെടെയുള്ള പഴകിയ മീനുകൾ,കോഴി പൊരിച്ചത്, എന്നിവയൊക്കെയാണ് പിടികൂടിയത്.ചില ഹോട്ടലുകളിൽ മലിനജലം പൊതു ഓടകളിലേക്ക് ഒഴുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസുകൾ നൽകിയിട്ടുണ്ട്.ഇവർ മൂന്നു ദിവസത്തിനുള്ളിൽ ഇതിനു മറുപടി നൽകണം.പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
ആലുവയിൽ പതഞ്‌ജലി ഗോഡൗണിൽ നടത്തിയ റെയ്‌ഡിൽ പഴകിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടികൂടി
ആലുവ:ആലുവയിൽ പതഞ്‌ജലി ഗോഡൗണിൽ നടത്തിയ റെയ്‌ഡിൽ പഴകിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടികൂടി.പതഞ്‌ജലി ഉൽപ്പന്നങ്ങളുടെ മൊത്ത വിതരണ കേന്ദ്രത്തിൽ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടികൂടിയത്.പതഞ്‌ജലി ആംല ജ്യൂസിന്റെ നൂറിലധികം ഒഴിഞ്ഞ കുപ്പികൾ ഗോഡൗണിനു സമീപം കണ്ട നാട്ടുകാരാണ് ഫുഡ് സേഫ്റ്റി വിഭാഗത്തിൽ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഓട്ട്സ്,ബിസ്‌ക്കറ്റുകൾ,തേൻ,നെയ്യ് തുടങ്ങിയ ഉൽപ്പന്നങ്ങൾ കണ്ടെടുത്തു.വിതരണത്തിനായി വെച്ചിരുന്ന ഭക്ഷ്യ ഉല്പന്നങ്ങളോടൊപ്പമാണ് കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും സൂക്ഷിച്ചിരുന്നത്.സംസ്ഥാനത്തെ വൻകിട സൂപ്പർമാർക്കറ്റുകളിലെല്ലാം പതഞ്‌ജലി ഉൽപ്പനങ്ങൾ വിതരണത്തിനെത്തിക്കുന്നത് ഈ ഗോഡൗണിൽ നിന്നുമാണ്.അൻപതുലക്ഷത്തോളം രൂപയുടെ ഉൽപ്പനങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഗോഡൗണിന് ലൈസൻസില്ലെന്നും ഹെൽത്ത് അധികൃതർ പറഞ്ഞു. ഗോഡൗണിൽ പരിശാധന നടക്കുന്ന സമയം കാലാവധി കഴിഞ്ഞ ഉൽപ്പനങ്ങൾ വാങ്ങാനെത്തിയ തമിഴ്നാട് സ്വദേശിയെ നാട്ടുകാർ തടഞ്ഞുവെച്ചു.എന്നാൽ കാലിത്തീറ്റ ഉണ്ടാക്കുവാനാണ് ഈ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതെന്നാണ് ഇയാൾ നൽകിയ വിശദീകരണം. ഒഴിഞ്ഞ കുപ്പികളിലെ ജ്യൂസുകൾ റീപായ്ക്ക് ചെയ്തതാണെന്ന് സംശയമുണ്ട്.പരിശോധന നടത്തി ഗോഡൗൺ സീൽ ചെയ്തു.അതേസമയം ഡൽഹിയിലേക്ക് തിരിച്ചയക്കുന്നതിനായാണ് കാലാവധി കഴിഞ്ഞ സാധനങ്ങൾ സൂക്ഷിച്ചതെന്നാണ് ഗോഡൗണിലെ ജീവനക്കാരുടെ മൊഴി.ഇത് കണക്കിലെടുക്കാത്ത ഉദ്യോഗസ്ഥർ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.