തിരുവനന്തപുരം:സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയിനിന്റെ ഭാഗമായുള്ള ‘ഓപ്പറേഷന്‍ മത്സ്യ’ വഴി 1706.88 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി പ്രധാന ചെക്ക് പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 1070 പരിശോധനകളാണ് നടത്തിയത്.ഈ കേന്ദ്രങ്ങളില്‍ നിന്നും ശേഖരിച്ച 809 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയ 579 പരിശോധനയില്‍ ആലുവ, തൊടുപുഴ, നെടുംങ്കണ്ടം, മലപ്പുറം എന്നിവിടങ്ങളിലെ 9 സാമ്പിളുകളിൽ രാസ വസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മത്സ്യം നശിപ്പിക്കുകയും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തു.ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ചെക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരടങ്ങുന്ന സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് രാത്രിയും പകലുമായി പരിശോധനകള്‍ തുടരുകയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മത്സ്യം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമാണോ എന്ന് പരിശോധിക്കുന്നതിന് എല്ലാ ചെക് പോസ്റ്റുകളിലും സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ മാര്‍ക്കറ്റുകളിലും വിറ്റഴിക്കപ്പെടുന്ന മത്സ്യങ്ങളും പൊതുജനാരോഗ്യ പ്രശ്നങ്ങളില്ലാത്ത സുരക്ഷിതമായ മത്സ്യമാണെന്ന് ഉറപ്പാക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ മത്സ്യലേല കേന്ദ്രങ്ങള്‍, ഹാര്‍ബറുകള്‍, മൊത്തവിതരണ കേന്ദ്രങ്ങള്‍, ചില്ലറ വില്‍പ്പനശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടത്തി വരുന്നത്.നിരന്തര പരിശോധന നടത്തി മീനില്‍ രാസവസ്തുക്കളുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. അതിനായി കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെകനോളജി വികസിപ്പിച്ചെടുത്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചാണ് അമോണിയയുടെയും ഫോര്‍മാലിന്റെയും സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കുന്നത്. അതോടൊപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലാബുകളിലും പരിശോധന നടത്തുന്നുണ്ട്.മത്സ്യത്തില്‍ രാസവസ്തു കലര്‍ത്തി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
മീനിലെ മായം;സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്‌തമാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താൻ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചത്തതുമായ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നിർദ്ദേശം നൽകിയത്. നെടുങ്കണ്ടത്തെ ആറ് പോയിന്റുകളില്‍ നിന്നും ശേഖരിച്ച 8 സാമ്പിളുകൾ എറണാകുളത്തെ കാക്കനാട്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാ ഫലം എത്രയും വേഗം ലഭ്യമാക്കി തുടര്‍നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഉടുമ്പൻചോല ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മുണ്ടിയെരുമ, തൂക്കുപാലം, കൂട്ടാർ, കൊച്ചറ, പുറ്റടി എന്നിവിടങ്ങളിലെ 6 വിൽപന കേന്ദ്രങ്ങളിൽ നിന്നാണ് മത്സ്യ സാമ്പിളുകൾ ശേഖരിച്ചത് എന്ന് മന്ത്രി വ്യക്തമാക്കി.തൂക്കുപാലത്ത് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ നിന്ന് മീൻ വാങ്ങിയവർക്കാണ് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. മീനിന്റെ തലയും ചില ഭാഗങ്ങളും കഴിച്ച വീട്ടിലെ രണ്ട് പൂച്ചകൾക്കും പൂച്ചക്കുട്ടികൾക്കും ചില പ്രശ്നങ്ങൾ ഉണ്ടായി. തുടർന്ന് അവർ സ്ഥലത്തെ വെറ്റിറിനറി സർജനെ ഇക്കാര്യം അറിയിച്ചു. അടുത്ത ദിവസം ഒരു പൂച്ച ചത്തു. ഇതേ കാലയളവിൽ തന്നെ മത്തി മീൻ കഴിച്ച് പൂച്ച ചത്തതായി അയൽവാസികളിൽ ഒരാൾ പരാതിപ്പെട്ടു. ഭക്ഷ്യവിഷബാധയോ സീസണൽ വൈറസോ ആകാം പൂച്ചകളുടെ മരണത്തിന് കാരണമെന്ന് നെടുങ്കണ്ടം വെറ്റിറിനറി സർജൻ അറിയിച്ചു. അടുത്ത കാലത്തായി മത്സ്യം കഴിച്ച ചിലർക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതായി മെഡിക്കൽ ഓഫീസറും റിപ്പോർട്ട് ചെയ്തു. തുടർന്നാണ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടിയന്തരമായി അന്വേഷിച്ച് സാമ്പിളുകൾ ശേഖരിച്ച് തുടർ നടപടികൾ സ്വീകരിച്ചത്.
സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു
കൊച്ചി : സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു.നിലവിൽ 170 രൂപ കടന്നിരിക്കുകയാണ് കോഴിവില. വേനൽക്കാലത്ത് സാധാരണയായി കോഴിയിറച്ചിക്ക് വില കുറയുകയാണ് പതിവ്. എന്നാൽ ഇപ്പോൾ വില ദിവസേന കുതിച്ചുയരുകയാണ്. കോഴിക്കുഞ്ഞുങ്ങളുടെയും അവയ്‌ക്കുള്ള തീറ്റയുടെയും വില കൂടിയതാണ് ചിക്കന് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയ്‌ക്ക് കൂടിയത്. 1500 രൂപയ്‌ക്കുള്ളിൽ കിട്ടിയിരുന്ന കോഴിത്തീറ്റയ്‌ക്ക് ഇപ്പോൾ ഒരു ചാക്കിന് 2500 രൂപ കൊടുക്കണം. കോഴിക്കുഞ്ഞുങ്ങളുടെ വിലയും മൂന്നിരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. 12-15 രൂപയ്‌ക്ക് കിട്ടിയിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോൾ 40 രൂപയായി വില.കോഴിയിറിച്ചിക്ക് വില കൂടിയത് ഇറച്ചി വ്യാപാരികളെ സാരമായി ബാധിച്ചിട്ടുണ്ട്. വില കൂടിയതോടെ കച്ചവടം കുത്തനെ കുറഞ്ഞെന്നാണ് വ്യാപാരികൾ പറയുന്നത്.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ തട്ടുകടകളിൽ ഉപ്പിലിട്ട വസ്തുക്കളുടെ വിൽപ്പന നിരോധിച്ചു
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ തട്ടുകടകളിൽ ഉപ്പിലിട്ട പഴം, പച്ചക്കറി വിൽപ്പന നിരോധിച്ചു. തട്ടുകടയിൽ നിന്ന് വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച കുട്ടികൾക്ക് പൊള്ളലേറ്റിരുന്നു. ഇതിന്റെ തുടർച്ചയായി നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നടപടി. 53 കച്ചവട സ്ഥാപനങ്ങളിലാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വകുപ്പും പരിശോധന നടത്തിയത്.ശുചിത്വ മാനദണ്ഡങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിച്ച 12 കടകൾ അധികൃതർ താത്കാലികമായി അടപ്പിച്ചിരുന്നു. നഗരസഭയുടെ ലൈസൻസ് വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് ഇവർ പ്രവർത്തിച്ചതെന്നും കണ്ടെത്തിയിരുന്നു. 17ഓളം കടകളിൽ നിന്ന് 35 ലിറ്റർ ഗ്ലേഷ്യൽ അസറ്റിക് ആസിഡ് പിടിച്ചെടുത്തിട്ടുണ്ട്.ഉപ്പിലിട്ട വസ്തുക്കളിൽ പെട്ടന്ന് സത്തു പിടിക്കാൻ ബാറ്ററി വാട്ടറും ഏറെ നാൾ കേടാകാതെ ഇരിക്കാൻ അസറ്റിക് ആസിഡും ഉപയോഗിക്കുന്നുവെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. വളരെ പെട്ടന്ന് ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
ഇ-പോസ് സംവിധാനത്തിലെ തകരാര്‍; പ്രത്യേക ക്രമീകരണവുമായി സർക്കാർ; റേഷൻ വിതരണം ഇനി ഏഴ് ജില്ലകളില്‍ ഉച്ചവരെയും ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവും
തിരുവനന്തപുരം:ഇ-പോസ് സംവിധാനത്തിലെ തകരാര്‍ മൂലം റേഷന്‍ വിതരണത്തിന് തടസം നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷന്‍ വിതരണത്തിന് പ്രത്യേക ക്രമീകരണമൊരുക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍.റേഷന്‍ വിതരണം ഏഴു ജില്ലകളില്‍ വീതമായി ക്രമീകരിക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവുമായിട്ടാകും വിതരണം. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍ രാവിലെ റേഷന്‍ വിതരണം നടക്കും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളിലുള്ളവര്‍ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് റേഷന്‍ വാങ്ങാം.സര്‍വര്‍ തകരാര്‍ പരിഹരിക്കുന്നത് വരെയാകും ഈ സംവിധാനം. അഞ്ചുദിവസത്തിനുള്ളില്‍ സര്‍വര്‍ തകരാര്‍ പൂര്‍ണമായി പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. സര്‍വര്‍ കപ്പാസിറ്റിയുമായി ബന്ധപ്പെട്ടാണ് സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നത്. സ്റ്റേറ്റ് ഡേറ്റാ സെന്ററുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ 92 ലക്ഷം കാർഡ് ഉടമകളിൽ 13 ലക്ഷം പേർക്ക് മാത്രമാണ് ഈ മാസം ഇതുവരെ റേഷൻ വിതരണം ചെയ്തത്. സ്റ്റേറ്റ് ഡാറ്റാ സെന്‍ററിലെ തകരാറാണ് വിതരണത്തിന് തടസ്സമാകുന്നത്.
പപ്പടവും ഇനി പൊള്ളും;നിരക്ക് വര്‍ദ്ധനവ് ഇന്ന് മുതല്‍
തിരുവനന്തപുരം: ഉല്പാദന ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ പപ്പടത്തിന്റെ വില ഇന്നുമുതല്‍ കൂടുമെന്ന് കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ അറിയിച്ചു.ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വില ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ പപ്പടം വ്യവസായത്തെ സംരക്ഷിക്കാന്‍ വില വര്‍ദ്ധനവല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.കേരളത്തില്‍ പപ്പടം നിര്‍മിക്കുന്നത് ഉഴുന്ന് കൊണ്ടാണ്. എന്നാല്‍ മൈദ കൊണ്ട് പപ്പടം നിര്‍മിച്ച് കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിക്കുന്നവരുണ്ട്. ഇത്തരത്തിലുള്ള മായം ചേര്‍ത്ത പപ്പടങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ പാക്കിംഗ് കമ്മോഡിറ്റി ആക്‌ട് പ്രകാരം പപ്പടത്തിന്റെ പേരും നിര്‍മാതാക്കളുടെ വിലാസവുമുള്ള പപ്പടം പാക്കറ്റുകള്‍ വാങ്ങണമെന്ന് ഭാരവാഹികള്‍ ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു. വില വര്‍ദ്ധനവ് ഇന്നുമുതല്‍ നടപ്പിലാക്കുമെന്നും അവര്‍ അറിയിച്ചു.
സംസ്ഥാനത്ത് പച്ചക്കറി വില നിയന്ത്രിക്കാന്‍ ഇടപെടലുമായി കൃഷിവകുപ്പ്;10 ടണ്‍ തക്കാളി എത്തിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാന്‍ ഇടപെടലുമായി കൃഷിവകുപ്പ്.ഹോര്‍ട്ടികോര്‍പ്പ് മുഖാന്തരം സംഭരിച്ച 10 ടണ്‍ തക്കാളി തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ എത്തിച്ചു. ആന്ധ്രയിലെ മുളകാച്ചെരുവില്‍ നിന്നാണ് തക്കാളി എത്തിച്ചത്. ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റുകള്‍ വഴി 48 രൂപാ നിരക്കിലാകും വിപണനം നടത്തുക. വരും ദിവസങ്ങളില്‍ കൂടുതല്‍ പച്ചക്കറി സംസ്ഥാനത്ത് എത്തിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് വ്യക്തമാക്കി.
സംസ്ഥാനത്ത് പച്ചക്കറിവില വീണ്ടും ഉയര്‍ന്നു; തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും സെഞ്ച്വറിയടിച്ച് തക്കാളി വില
തിരുവനന്തപുരം:വില കുറയ്‌ക്കാനുള്ള ചർച്ചകൾ ഉദ്യോഗസ്ഥർക്കിടയിൽ പുരോഗമിക്കുമ്പോഴും സംസ്ഥാനത്ത് വീണ്ടും കുതിച്ച് ഉയർന്ന് പച്ചക്കറി വില. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില നൂറുരൂപയ്ക്ക് മുകളിലെത്തിയിരിക്കുകയാണ്.മറ്റ് പച്ചക്കറികൾക്കും ആഴ്ചകളായി ഉയർന്ന വില തുടരുകയാണ്. മുരിങ്ങക്കായ ആണ് നിലവിൽ തീ വിലയുള്ള പച്ചക്കറി ഇനം. 300 രൂപയാണ് ഇന്നത്തെ വില. വെണ്ടയ്‌ക്ക് കിലോയ്‌ക്ക് എഴുപത് രൂപയും, ചേന, ബീൻസ്, ക്യാരറ്റ് എന്നിവയ്‌ക്ക് അറുപത് രൂപയുമാണ് വില. ഇതര സംസ്ഥാനങ്ങളിലെ മഴക്കെടുതി കാരണം ഉൽപ്പാദനം കുറഞ്ഞതാണ് പച്ചക്കറിയ്‌ക്ക് വിലകൂടാൻ കാരണം. അതേസമയം, ഹോർട്ടികോർപ്പ് കുറഞ്ഞ വിലയ്‌ക്ക് വിൽപ്പന തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ 80 ടൺ പച്ചക്കറി തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഹോർട്ടികോർപ്പ് കേരളത്തിലെത്തിക്കുന്നുണ്ട്. തെങ്കാശിയിൽ നിന്നും നേരിട്ട് പച്ചക്കറി എത്തിക്കുന്നതിനായി ബുധനാഴ്ച കരാറൊപ്പിടുമെന്നാണ് ഹോർട്ടികോർപ്പ് അറിയിച്ചത്.
സംസ്ഥാനത്ത് പച്ചക്കറി വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടൽ;അയൽസംസ്ഥാനങ്ങളിൽ നിന്ന് നേരിട്ട് പച്ചക്കറികള്‍ വിപണിയിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി
തിരുവനന്തപുരം:സംസ്ഥാനത്ത് പച്ചക്കറി വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടൽ ആരംഭിച്ചു. തമിഴ്‌നാട്ടിലേയും കര്‍ണാടകത്തിലേയും കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി വാങ്ങാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണിയിലിറക്കാനാണ് സർക്കാർ ശ്രമം. ഇന്ന് മുതൽ സംസ്ഥാനത്തേക്ക് കൂടുതൽ പച്ചക്കറികൾ എത്തിത്തുടങ്ങുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ വില സാധാരണ നിലയിലാക്കാനാണ് ശ്രമം.കാര്‍ഷിക വിപണന മേഖലയില്‍ ഇടപെടല്‍ നടത്തുന്ന ഹോര്‍ട്ടികോര്‍പ്പ് വി.എഫ്.പി.സി.കെ തുടങ്ങിയ സ്ഥാപനങ്ങളുടെ നിലവിലുള്ള വിപണന സംവിധാനം അഴിച്ചുപണിയുമെന്നും കാലോചിതമായ ഇടപെടല്‍ വിപണയില്‍ വരുത്തുന്ന തരത്തിലുള്ള സംവിധാനം രൂപകല്പന ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സമഗ്രമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഡബ്യൂ.ടി.ഒ. സെല്‍ സ്പെഷല്‍ ഓഫീസര്‍ ആരതി ഐ ഇ എസ് ന്റെ നേതൃത്വത്തിലുള്ള നാലംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
നൂറ് കടന്ന് തക്കാളി വില; സംസ്ഥാനത്ത് പച്ചക്കറിവില കുതിക്കുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് പച്ചക്കറിവില കുതിക്കുന്നു.മൂന്നാഴ്ചയ്ക്കിടെ മാത്രം 50 ശതമാനത്തോളമാണ് വിവിധ പച്ചക്കറികള്‍ക്ക് വില ഉയര്‍ന്നത്.തക്കാളി വില നൂറ് രൂപ പിന്നിട്ടപ്പോള്‍ ഇരുന്നൂറ് രൂപ പിന്നിട്ടിരിക്കുകയാണ് മുരിങ്ങക്കായ വില. ഇവക്ക് പുറമെ വെണ്ട, പയര്‍ തുടങ്ങിയവയാണ് വിലക്കയറ്റത്തില്‍ മുന്നിലുള്ളത്.രണ്ടാഴ്ചമുമ്പ് വരെ കിലോയ്ക്ക് 60 രുപയായിരുന്ന മുരിങ്ങക്കായുടെ വിലയാണ് 200 രൂപയിലേക്ക് എത്തിയത്.മുളക്, വഴുതന, പടവലം, ഉരുളക്കിഴങ്ങ്, കാബേജ്, കോളിഫ്‌ളവർ, വെള്ളരി, ബീന്‍സ് എന്നിവയ്ക്ക് രണ്ടാഴ്ച മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ 20 രൂപയിലധികമാണ് വര്‍ധിച്ചത്. തക്കാളിക്കു കിലോഗ്രാമിന് മൊത്ത വിപണിയില്‍ 80 മുതല്‍ 86 രൂപ വരെ വിലയുണ്ട്. ചില്ലറ വിപണിയിലെത്തുമ്പോൾ ഇത് 100 മുതല്‍ 120 രൂപ വരെയാണ്. കനത്ത മഴയെ തുടര്‍ന്ന് കൃഷിയില്‍ ഉണ്ടായ നാശമാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങി കേരളത്തിലേക്ക് പച്ചക്കറികള്‍ എത്തുന്ന അയല്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നതാണ് സാഹചര്യം രൂക്ഷമാക്കിയത്.