മൽസ്യത്തിലെ മായം കണ്ടെത്തുന്നതിനുള്ള പരിശോധന കിറ്റ് ജില്ലയ്ക്ക് സ്വന്തമായി ലഭിച്ചു

keralanews district get the kit to detect the chemical content in fish

കണ്ണൂർ:മൽസ്യത്തിലെ മായം കണ്ടെത്തുന്നതിനുള്ള പരിശോധന കിറ്റ് ജില്ലയ്ക്ക് സ്വന്തമായി ലഭിച്ചു.ഇതോടെ മായം കണ്ടെത്തുന്നതിനുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കൂടുതൽ കർശനമാക്കി.പരിശോധന കിറ്റ് നേരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കോഴിക്കോട് വിജിലൻസ് വിഭാഗത്തിന്റെ കൈവശം മാത്രമായിരുന്നു ഉണ്ടായിരുന്നത്.കിറ്റ് സ്വന്തമായി ലഭിച്ചതോടെ ഇതുപയോഗിച്ച് കഴിഞ്ഞ ദിവസം ജില്ലയിലെ മീൻ മാർക്കറ്റുകളിൽ പരിശോധന നടത്തി.എന്നാൽ പ്രാഥമിക പരിശോധനയിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല. ഇവിടെ നിന്നുള്ള സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി എറണാകുളത്തെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ ഓഫീസിലേക്ക് അയച്ചു.ആന്ധ്രായിൽ നിന്നെത്തുന്ന മീനുകളുടെ സാമ്പിളുകൾ ഉൾപ്പെടെയാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.പരിശോധനാഫലം അടുത്ത ദിവസം ലഭ്യമാകുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസി.കമ്മീഷണർ ടി.അജിത് കുമാർ പറഞ്ഞു.

മീനിലെ രാസവസ്തു;റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം മിന്നൽ പരിശോധന നടത്തി

keralanews formalin content in fish food safety department conducted inspection in railway stations

തിരുവനന്തപുരം: ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം കണ്ടെത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് റെയിൽവേ സ്റ്റേഷനുകളിൽ മിന്നൽ പരിശോധന നടത്തി.തിരുവനന്തപുരം  തമ്പാനൂർ റെയില്‍വേ സ്റ്റേഷനില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്‍ഫോഴ്സ് മെന്റ് വിഭാഗം ജോയിന്റ് കമ്മിഷണര്‍ മിനിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇന്ന് രാവിലെ 8 നാണ് പരിശോധന തുടങ്ങിയത്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമെത്തിയ മത്സ്യങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്ന് പുലര്‍ച്ചെയെത്തിയ മംഗലപുരം തിരുവനന്തപുരം,മധുര പുനലൂര്‍ എക്സ് പ്രസ്, മാവേലി എക്സ്പ്രസ് എന്നീ ട്രെയിനുകളില്‍ കൂറ്റന്‍ തെര്‍മോകോള്‍ ബോക്സലുകളിലാക്കി കൊണ്ടുവന്ന മത്സ്യങ്ങളാണ് പരിശോധിച്ചത്. ശേഖരിച്ച സാമ്പിളുകളിൽ  രാസവസ്തുക്കളൊന്നും പ്രയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.റെയില്‍വേ സ്റ്റേഷനിലെത്തിയ മുഴുവന്‍ മത്സ്യവും സാമ്പിൾ ശേഖരിച്ച്‌ പരിശോധിച്ചശേഷം സുരക്ഷിതമാണെന്ന് കണ്ടെത്തിയാലേ വിട്ടുകൊടുക്കൂവെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കൊല്ലം, കൊച്ചി, റെയില്‍വേ സ്റ്റേഷനുകളിലും ഭക്ഷ്യസുരക്ഷാ വിഭാഗം മിന്നല്‍ പരിശോധന നടത്തി.കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണര്‍ കെ.അജിത്ത് കുമാര്‍ നേതൃത്വം നല്‍കി. തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച കരിമീനില്‍ പ്രത്യേക കിറ്റ് ഉപയോഗിച്ച്‌ പരിശോധിച്ചെങ്കിലും രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് സാമ്പിൾ തിരുവനന്തപുരത്തെ റിജിയണല്‍ അനലറ്റിക് ലാബിലേക്ക് അയച്ചു. ട്രോളിംഗ് നിരോധനം ലാക്കാക്കി കേരളത്തിലേക്ക് രാസവസ്തുക്കളും ഫോര്‍മാലിനും പ്രയോഗിച്ച മത്സ്യം വന്‍തോതില്‍ കടത്തിക്കൊണ്ടുവരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടത്തിയത്.

കിൻഡർ ചോക്കലേറ്റുകളിൽ മാരകമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതായി റിപ്പോർട്ട്

keralanews report that dangerous chemicals contained in kinder chokolates

കൊച്ചി:കുട്ടികളുടെ പ്രിയപ്പെട്ട ചോക്കലേറ്റ് ബ്രാൻഡായ കിൻഡർ ചോക്കലേറ്റുകളിൽ മാരകമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതായി റിപ്പോർട്ട്.യൂറോപ്യൻ ഭക്ഷ്യ സുരക്ഷാ ഏജൻസിയാണ് പ്രമുഖ ഇറ്റാലിയൻ കമ്പനിയായ ഫെറേറയുടെ കിൻഡർ ചോക്കലേറ്റുകളിൽ കാൻസറിന്‌ കാരണമായേക്കാവുന്ന രാസവസ്തുക്കൾ ഉള്ളതായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഇവർ നടത്തിയിരിക്കുന്ന പരിശോധനയിൽ കിൻഡർ ബ്രാൻഡിൽ അടങ്ങിയിരിക്കുന്ന മിനറൽ ഓയിലിലെ ആരോമാറ്റിക് ഹൈഡ്രോ കാർബൺ ക്യാൻസറിന് കാരണമായേക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചോക്കലേറ്റ് നിർമാണത്തിൽ പ്രമുഖ സ്ഥാനമുള്ള ഫെറേറ കമ്പനി ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ്.മുൻപ് ജർമൻ കൺസ്യൂമർ ഗ്രൂപ്പും ഇത്തരത്തിൽ കണ്ടെത്തൽ നടത്തിയിരുന്നു.ഇതിനെ തുടർന്ന് ഇവരുടെ യൂറോപ്യൻ മാർക്കറ്റിൽ വൻ ഇടിവാണ് ഉണ്ടായത്.യൂറോപ്യൻ രാജ്യങ്ങൾ പലതും ഇതിനോടകം തന്നെ ഉൽപ്പന്നങ്ങൾ പരിശോധനയ്ക്കായി അയച്ചു കഴിഞ്ഞു. പുതിയ സർവ്വേ നടത്തിയിരിക്കുന്നത് യൂറോപ്യൻ യൂണിയനിൽ നിന്നാണെന്നുള്ളതും അടുത്ത സാമ്പത്തിക പാദത്തിൽ വൻ നേട്ടം പ്രതീക്ഷിക്കുന്ന കമ്പനിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. യുഎഇയും ഇവരുടെ ഉൽപ്പന്നങ്ങൾ പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിർദേശം നൽകി കഴിഞ്ഞു.ഫലം എതിരായാൽ വിപണിയിൽ നിന്നും ഉൽപ്പനങ്ങൾ പിൻവലിക്കുമെന്നും ജനങ്ങൾക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുമെന്നും യു എ ഇ ഭരണകൂടം വ്യക്തമാക്കി. 12 വർഷം മുൻപ് ഇന്ത്യയിലെത്തിയ ഫെറാറ 2008 മുതൽ കിൻഡർ ജോയ് എന്ന പേരിൽ ചോക്കലേറ്റ് വിപണിയിലെത്തിച്ചു.കുട്ടികളുടെ പ്രിയപ്പെട്ട ചോക്ക്ളേറ്റുകളിൽ ഒന്നാണിത്.എന്നാൽ ഈ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷവും ഇത് സംബന്ധിച്ചുള്ള ഒരു പരിശോധനയ്ക്കും ഇന്ത്യ ഗവണ്മെന്റ് നിർദേശം നൽകിയിട്ടില്ല.

ജില്ലാടിസ്ഥാനത്തിൽ ഐസ് പ്ലാന്റുകളിൽ കർശന പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർദേശം

keralanews food safety department recomended strict checking in ice plants in district level

കണ്ണൂർ:മീനിൽ ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ഐസ് പ്ലാന്റുകളിൽ കർശന പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർദേശം.ഇതിനായി പ്രത്യേക സംഘം രൂപീകരിച്ച് ജില്ലാടിസ്ഥാനത്തിൽ പരിശോധന നടത്താനാണ് തീരുമാനം.ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലുമാണ് പരിശോധന നടത്തുന്നത്. ഇവിടെ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയക്കും.ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസ് എടുക്കാത്ത പ്ലാന്റുകൾക്കെതിരെ കർശന നടപടിയെടുക്കും.ഐസിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി മുൻ വർഷങ്ങളിലും പ്ലാന്റുകളിൽ പരിശോധന നടത്തിയിരുന്നെങ്കിലും രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് കണ്ണൂരിലെ ഫുഡ് ആൻഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ടി.അജിത് കുമാർ പറഞ്ഞു. 2011 മുതൽ ഐസ് പ്ലാന്റുകൾക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് ലൈസൻസ് നിർബന്ധമാക്കിയിരുന്നെങ്കിലും ഭൂരിഭാഗം പ്ലാന്റുകളും ലൈസൻസ് ഇല്ലാതെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്.ഭക്ഷണാവശ്യങ്ങൾക്കായി ഐസ് നല്കുന്നില്ലെന്ന വാദമാണ് ഇവർ ഇതിനായി ഉന്നയിക്കുന്നത്.ഓപ്പറേഷൻ സാഗർറാണിയുടെ ഭാഗമായി മീൻ മാർക്കറ്റുകൾക്ക് പുറമെ അതിർത്തികൾ കേന്ദ്രീകരിച്ചുള്ള  ചെറിയ മീൻ ചന്തകളിലും പരിശോധന തുടങ്ങി.രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള പേപ്പർ സ്ട്രിപ്പുകൾ എല്ലാ ജില്ലകളിലും ഉടൻ ലഭ്യമാക്കും.

കൊല്ലം ആര്യങ്കാവ് ചെക്ക്‌പോസ്റ്റിൽ നിന്നും രാസവസ്തു കലർന്ന 9000 കിലോ മീൻ പിടികൂടി

keralanews 9000 kg of fish mixed with chemicals was seized from aryankavu checkpost in kollam

കൊല്ലം:കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഇന്ന് പുലര്‍ച്ചെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ  ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ്‌ ഇവ പിടിച്ചത്‌.തൂത്തുകുടി, മണ്ഡപം എന്നിവടങ്ങളില്‍ നിന്ന് കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ മീനാണ് പിടികൂടിയത്.തമിഴ് നാട് തൂത്തുകുടി,രാമേശ്വരം മണ്ഡപം എന്നിവിടങ്ങളിൽ നിന്ന് രണ്ടു ലോറികളിലായി കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ 7000 കിലോ ചെമ്മീനും,2000 കിലോ മറ്റ് മത്സ്യവും പരിശോധിച്ചതില്‍ ഫോര്‍മാലിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. ബേബി മറൈന്‍സിന്റേതാണ് ചെമ്മീന്‍. മറ്റുള്ളവ പലര്‍ക്കായി എത്തിച്ചതാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.വിദഗ്ദ്ധ പരിശോധനയ്ക്കായി മത്സ്യം മൈസൂരിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇറക്കുമതി തീരുവ വർധിപ്പിക്കുന്നു;ആപ്പിളിനും വാള്‍നട്ടിനും വില കൂടും

keralanews import duties will increase the price of apple and walnut will increase

ന്യൂഡല്‍ഹി: യുഎസില്‍ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കാനുള്ള തീരുമാനം എത്തിയതോടെ വാള്‍നട്ടിന്റെയും ആപ്പിളിന്റെയും വില കൂടും.വാള്‍നട്ടിന്റെ വിലയില്‍ 15 ശതമാനവും ആപ്പിളിന്റെ വിലയില്‍ ഒൻപതു ശതമാനവുമാണ് വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നത്.ആപ്പിള്‍, ബദാം, വെള്ളക്കടല, പരിപ്പ് തുടങ്ങി 30ല്‍പ്പരം ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.എന്നാല്‍ തീരുവ ഉയര്‍ത്തുന്നത് പയറുവര്‍ഗങ്ങളുടെ വിലയെ കാര്യമായി ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ആവശ്യമുള്ള പയറുവര്‍ഗങ്ങള്‍ ആഭ്യന്തരമായി തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. വാള്‍നട്ടിന്റെ വില അടുത്തയാഴ്ചതന്നെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലായില്‍ വിളവെടുപ്പ് നടക്കുന്നതിനാല്‍ ആപ്പിളിന്റെ വില ഉടനെ ഉയരാനിടയില്ലെന്നും വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ആഭ്യന്തര ഉത്പാദനത്തില്‍ കുറവുവന്നാല്‍ ആപ്പിളിന്റെ വിലയിലും വര്‍ധന ഉണ്ടാകും.

ഓപ്പറേഷൻ ‘സാഗർറാണി’;വാളയാറിൽ നിന്നും ഫോർമാലിൻ കലർത്തിയ നാല് ടൺ ചെമ്മീൻ പിടികൂടി

keralanews operation sagarrani four ton of prawn mixed with formalin were seized from valayar

പാലക്കാട്:ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷൻ ‘സാഗർറാണി’ എന്ന പേരിലുള്ള പരിശോധനയിലൂടെ വാളയാറിൽ നിന്നും ഫോർമാലിൻ കലർന്ന നാല് ടൺ ചെമ്മീൻ പിടികൂടി.ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന മീനാണ് ചെക്പോസ്റ്റിലെ പരിശോധനയില്‍ പിടികൂടിയത്. മീനുകളെ പരിശോധനയ്ക്കായി കൊച്ചി കാക്കനാട്ടെ ലാബിലേക്ക് അയച്ചു.വ്യാഴാഴ്ചയും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗ ശൂന്യവുമായ 12,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.രണ്ടാഴ്ച്ചയ്ക്കിടെ സംസ്ഥാനത്തു നിന്നും  20000 ടണ്‍ വിഷം കലര്‍ത്തിയ മീനാണ് പിടികൂടിയത്.

ഓപ്പറേഷൻ സാഗർറാണി;12000 കിലോഗ്രാം മൽസ്യം പിടികൂടി

keralanews operation sagarrani 12000kg of fish seized

തിരുവനന്തപുരം:സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷന്‍ സാഗര്‍ റാണി വഴി രാസവസ്തുക്കളടങ്ങിയ 12000 കിലോഗ്രാം മൽസ്യം പിടികൂടി.അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറായിരം കിലോ മല്‍സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്. വാളയാറില്‍ നിന്ന് പിടിച്ചെടുത്ത ആറായിരം കിലോ മത്സ്യം ഉപയോഗശൂന്യവുമാണെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉയോഗിച്ചാണ് പ്രാഥമിക പരിശോധന നടത്തിയത്. തുടര്‍ന്ന് ലാബില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഒരു കിലോ മത്സ്യത്തില്‍ 63 മില്ലിഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. അമരവിളയില്‍ നിന്നും പിടിച്ചെടുത്ത മത്സ്യം കൂടുതല്‍ പരിശോധനയ്ക്ക് ശേഷം നശിപ്പിച്ച്‌ കളയും. പാലക്കാട് വാളയാറില്‍ നിന്നും പിടിച്ചെടുത്ത 6,000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയച്ചു. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം ഇവ എത്തിച്ചവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കും.

‘ഫ്രഷ് ഫിഷ്’ സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കാനൊരുങ്ങി മത്സ്യഫെഡ്

keralanews malsyafed ready to start fresh fish super markets in the state

കോട്ടയം:സംസ്ഥാനത്ത് മൽസ്യവിപണി കൂടുതൽ സജീവമാക്കുന്നതിനായി ‘ഫ്രഷ് ഫിഷ്’ സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കാനൊരുങ്ങി മത്സ്യഫെഡ്.പദ്ധതിയുടെ ആദ്യഘട്ടം കോട്ടയത്താണ് ആരംഭിക്കുക.പിന്നീട് മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പത്തു സൂപ്പർമാർക്കറ്റുകൾ കൂടി ആരംഭിക്കാനാണ് പദ്ധതി. അത്യാധുനിക സൗകര്യങ്ങളോടെ 2000 മുതൽ 3000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കുന്ന സൂപ്പർമാർക്കറ്റുകളിൽ എല്ലാത്തരത്തിലുമുള്ള പച്ചമൽസ്യങ്ങൾ, ഫ്രോസൺ ഫിഷ്,ഉണക്കമീൻ,മീൻ അച്ചാർ,ചമ്മന്തിപ്പൊടി പോലുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളും ലഭ്യമാക്കും.ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന മൽസ്യങ്ങൾ മസാല പുരട്ടി കറിവെയ്ക്കാൻ പാകത്തിന് തയ്യാറാക്കി നൽകും.കൂടാതെ ‘ചട്ടിയിലെ മീൻകറി’ പോലെ ജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള വിഭവങ്ങളും ഇവിടെ ഒരുക്കും.പരമ്പരാഗത മൽസ്യത്തൊഴിലാളികളിൽ നിന്നും മത്സ്യത്തൊഴിലാളി സഹകരണ സംഘം വഴി മത്സ്യഫെഡ് ശേഖരിക്കുന്ന മൽസ്യങ്ങളാകും ഫ്രഷ് ഫിഷ് സൂപ്പർ മാർക്കറ്റുകളിലൂടെ വിപണിയിലെത്തിക്കുക.മൽസ്യഫെഡിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആരംഭിച്ച ‘ഫിഷർട്ടേറിയൻ മൊബൈൽ മാർട്ട്’ വിജയമായതോടെ കൊല്ലം,കോട്ടയം,കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ കൂടി പുതിയ മൊബൈൽ മാർട്ടുകൾ ആരംഭിക്കാനും തീരുമാനിച്ചു. പരമ്ബരാഗത മൽസ്യത്തൊഴിലാളികളിൽ നിന്നും ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ശേഖരിക്കുന്ന മൽസ്യം നാല് മണിക്കൂറിനുള്ളതിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.കോഫി ഹൌസ് മാതൃകയിൽ പാതയോരങ്ങളിൽ ‘സീ ഫുഡ് കിച്ചൻ’ ആരംഭിക്കാനുള്ള പദ്ധതിയും മൽസ്യഫെഡിന്റെ പരിഗണനയിലാണ്.

ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ കേരളത്തിലേക്ക് എത്തുന്നത് ‘രാസമൽസ്യങ്ങൾ’ എന്ന് റിപ്പോർട്ട്

keralanews chemicals present in the fish that arriving in kerala from other states

കണ്ണൂർ:സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ കേരളത്തിലേക്ക് എത്തുന്നത് ‘രാസമൽസ്യങ്ങൾ’ എന്ന് റിപ്പോർട്ട്. സംസ്ഥാനത്തിന് പുറത്തുനിന്നാണ് ഇത്തരത്തില്‍ മത്സ്യം എത്തിക്കുന്നത്. ഇത്തരം മത്സ്യം കണ്ടെത്താനായി ഭക്ഷ്യസുരക്ഷാവകുപ്പ് മഞ്ചേശ്വരം, തിരുവനന്തപുരം അമരവിള, പാലക്കാട് തുടങ്ങിയ ചെക്ക്പോസ്റ്റുകളില്‍ പരിശോധന നടത്തുന്നുണ്ട്.ഗുജറാത്ത്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് മത്സ്യമെത്തുന്നത്. ഇത്തരം മത്സ്യങ്ങളില്‍ അമോണിയയും,ഫോര്‍മാലിനും ധാരാളം ചേര്‍ന്നിരിക്കുന്നു. കരള്‍, കുടല്‍ എന്നിവയില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇവ കഴിക്കുന്നത് കൊണ്ട് ഉണ്ടാകാമെന്ന് ആരോഗ്യ ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.