കണ്ണൂർ:കേരളത്തിലെ ആദ്യത്തെ റോബോട്ടിക് ഹോട്ടൽ കണ്ണൂരിൽ നാളെ പ്രവർത്തനമാരംഭിക്കുന്നു.നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു കൂടി പങ്കാളിയായ ഹോട്ടലിന്റെ ഹോട്ടലിന്റെ പേര് ‘ബി അറ്റ് കിവിസോ’ എന്നാണ്.അഞ്ച് അടി ഉയരമുള്ള മൂന്ന് പെണ്‍ റോബോട്ടുകളാണ് ഭക്ഷണം വിളമ്പാനായി എത്തുന്നത്. അലീന, ഹെലന്‍, ജെയിന്‍ എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. ഇത് കൂടാതെ നാല് അടിയുള്ള ഒരു റോബോട്ടു കൂടിയുണ്ട്. എന്നാല്‍ അതിന് പേര് നല്‍കിയിട്ടില്ല. ഈ ചെറിയ റോബോട്ട് കുട്ടികളെ കെട്ടിപ്പിടിക്കുകയും അവരോടൊപ്പം നടക്കുകയും ചെയ്യും.ഡാന്‍സും കളിക്കും.ഭക്ഷണം കഴിക്കാന്‍ എത്തുന്ന കുട്ടികള്‍ക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും കുട്ടി റോബോട്ട് നല്‍കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഹോട്ടല്‍ തുടങ്ങുന്നതെന്നാണ് ബി അറ്റ് കിവിസോയുടെ മാനേജിങ് പാര്‍ട്ണര്‍ നിസാമുദ്ദീന്‍ പറഞ്ഞു.റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്നത് ഒഴിച്ചാല്‍ മറ്റ് ഹോട്ടലുകളിലേതു പോലെയാണ് എല്ലാകാര്യങ്ങളെന്നും നിസാമുദ്ദീന്‍ വ്യക്തമാക്കി.ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞാല്‍ ട്രേയില്‍ ഭക്ഷണവുമായി റോബോട്ട് എത്തും. അടുക്കളയുടെ അടുത്തു നിന്നാണ് റോബോട്ട് എത്തുക. മുന്‍ കൂട്ടി പ്രോഗ്രാം ചെയ്തേക്കുന്നത് അനുസരിച്ച് പ്രത്യേക ടേബിളിലേക്ക് റോബോട്ട് എത്തിയശേഷം ‘സാര്‍ യുവര്‍ ഫുഡ് ഈസ് റെഡി’ എന്നു പറഞ്ഞതിന് ശേഷമാകും വിളമ്ബുക. ഭക്ഷണം വിളമ്പിയതിനു ശേഷം കസ്റ്റമേഴ്സ് റോബോട്ടിന്റെ പിറകിലുള്ള സെന്‍സറില്‍ തൊടണം. അപ്പോഴാണ് തിരിച്ചു പോരുക.
127 രൂപയുടെ വിയ്യൂർ ജയിൽ ‘ഫ്രീഡം കോംബോ ഓഫർ’ സൂപ്പർ ഹിറ്റ്;ഇരുപതു മിനിറ്റിനുള്ളിൽ തയ്യാറാക്കിയത് മുഴുവൻ വിറ്റുതീർന്നു
വിയ്യൂർ:’ചിക്കൻ ബിരിയാണി, ചിക്കന്‍ കറി, ചപ്പാത്തി, കേക്ക്, വെള്ളം’ ഇവയെല്ലാം ഒരു കവറില്‍ അതും 127 രൂപയ്ക്ക്. ഇത് ഒരു ഹോട്ടലിന്റെയും ഓഫര്‍ അല്ല, മറിച്ച് വിയ്യൂര്‍ ജയിലിലെ സ്‌പെഷ്യല്‍ കോംബോ ഓഫറാണ്.കശുവണ്ടിയും ഉണക്കമുന്തിരിയും യഥേഷ്ടം കോരിയിട്ട 300 ഗ്രാം ബിരിയാണി. ഒപ്പം പൊരിച്ച കോഴിക്കാല്‍, കോഴിക്കറി, സലാഡ്, അച്ചാര്‍, ഒരു ലിറ്റര്‍ കുപ്പി വെള്ളം.ബിരിയാണി കഴിച്ച് വയറു നിറയുമ്പോൾ മധുരത്തിനായി ഒരു കപ്പ് കേക്കും ‘ഫ്രീഡം കോംബോ’ ലഞ്ച് ഓഫറിലുണ്ട്. വെള്ളം വേണ്ടെങ്കില്‍ 117 രൂപ നല്‍കിയാല്‍ മതി. ജയില്‍ കവാടത്തിലെ കൗണ്ടറിലും മറ്റിടങ്ങളിലോ ഫ്രീഡം കോംബോ കിട്ടില്ല. ഓണ്‍ലൈന്‍ സൈറ്റിലൂടെ മാത്രമെ ഇലയിലെ ഈ ചൂടുളള ബിരിയാണി ലഭ്യമാകൂ.ഇന്നലെ മുതലാണ് ഭക്ഷണം ഓൺലൈനായി ലഭിച്ചു തുടങ്ങിയത്. ആദ്യഘട്ടത്തില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.ഉച്ചയ്ക്കു പന്ത്രണ്ടു മണിക്ക് ആപ്പില്‍ ഓണ്‍ലൈനായി വില്‍പന ആരംഭിച്ചു.തുടക്കം തന്നെ തിക്കും തിരക്കുമായി.വില്പന തുടങ്ങി 20 മിനിറ്റിനുള്ളിൽ മുഴുവനും വിറ്റു തീര്‍ന്നു. ആദ്യ ഘട്ടത്തില്‍ 55 എണ്ണമാണ് തയ്യാറാക്കിയത്. ഒരെണ്ണം പോലും ബാക്കി ഇല്ലാതെ എല്ലാം നിമിഷ നേരം കൊണ്ട് വിറ്റു പോയി. അടുത്ത ദിവസം മുതല്‍ നൂറെണ്ണം വരെ തയ്യാറാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡിമാന്‍ഡ് കൂടിയാല്‍ ബിരിയാണിയുടെ എണ്ണം കൂട്ടാനും തീരുമാനമുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കി, പകരം പേപ്പര്‍ ബാഗിലാണ് ഭക്ഷണം നല്‍കുക. ഒറ്റ ദിവസത്തെ കച്ചവടത്തില്‍ 5500 രൂപയാണ് ജയിലിന്റെ പോക്കറ്റില്‍ വീണത്. ആദ്യ വില്‍പന ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ ജി ജയശ്രീയാണ് നിര്‍വഹിച്ചത്. ‘ഫ്രീഡം കോംബോ ഓഫര്‍’ എന്ന പേരില്‍ വരുംദിവസങ്ങളില്‍ ഓണ്‍ലൈന്‍ ആപ്പില്‍ ഓഫര്‍ സജീവമാകും.
തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന മീനുകളിൽ മാരക രാസവസ്തുക്കൾ കലർത്തുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് മൽസ്യ ലഭ്യത കുറഞ്ഞതോടെ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മൽസ്യം ധാരാളമായി എത്തുന്നുണ്ട്.എന്നാൽ ഇവിടെ നിന്നും കൊണ്ടുവരുന്ന മത്സ്യങ്ങളില്‍ മാരകമായ രാസവസ്തുക്കള്‍ കലർത്തുന്നതായി റിപ്പോർട്ട്.കാഴ്ചയില്‍ ഉപ്പാണെന്ന് തോന്നിപ്പിക്കുമെങ്കിലും സോഡിയം ബെന്‍സോയേറ്റ്,അമോണിയ,ഫോര്‍മാള്‍ഡിഹൈഡ് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചെന്നൈയിലെ കാശിമേട് എണ്ണൂര്‍ ഹാര്‍ബറുകളില്‍ നിന്നാണ് കൂടുതല്‍ മത്സ്യങ്ങള്‍ സംസ്ഥാനത്ത് എത്തുന്നത്.കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങള്‍ പെട്ടികളാക്കി ഐസ് ഇട്ട് ശേഷം അതിന്റെ മുകളില്‍ സോഡിയം ബെന്‍സോയേറ്റ് കലര്‍ത്തും.പ്രമുഖ മാധ്യമമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. കേരളത്തിലേക്ക് മൊത്ത കച്ചവടക്കാര്‍ കൂടുതലായി മത്സ്യം വാങ്ങുന്ന തുറമുഖമാണ് കാശിമേട്. പുലര്‍ച്ചെ രണ്ട് മണി മുതല്‍ കാശിമേട് തുറമുഖം സജീവമാണ്. കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള മത്സ്യം ബോട്ടില്‍ നിന്ന് മീന്‍ പ്ലാസ്റ്റിക്ക്പെട്ടികളിലേക്ക് നിറച്ചതിനുശേഷം അതിന് മുകളില്‍ ഐസ് ഇട്ട് അടുക്കി വയ്ക്കും.ഇതിന് പിന്നാലെ കൊടിയ വിഷമായ സോഡിയം ബെന്‍സോയേറ്റ് കലര്‍ത്തും.എണ്ണൂര്‍ തുറമുഖത്ത് ഒരു മറയുമില്ലാതെയാണ് വന്‍ തോതില്‍ രാസ വിഷം കലര്‍ത്തുന്നത്.ഇവിടങ്ങളില്‍ നിന്ന് ശേഖരിച്ച മീന്‍ ചെന്നൈ എഫ്‌എഫ്‌എസ്‌എസ്‌ഐയുടെ ലാബില്‍ പരിശോധിച്ചപ്പോൾ ലഭിച്ച ഫലം ഞെട്ടിക്കുന്നതായിരുന്നു.കാന്‍സറിന് കാരണമാകുന്ന, ദഹന സംവിധാനത്തെ തകര്‍ക്കുന്ന സോഡിയം ബെന്‍സോയേറ്റ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം മത്സ്യങ്ങളിൽ കണ്ടെത്തി.കരള്‍ രോഗം മുതല്‍ കാഴ്ച ശക്തിയെ വരെ ബാധിക്കുന്ന ഫോര്‍മാള്‍ഡിഹൈഡും ശ്വാസനാളത്തെ ബാധിക്കുന്ന അമോണിയയും മീനുകളില്‍ കണ്ടെത്തി.അതേസമയം ചെക്ക്‌പോസ്റ്റുകളില്‍ കൃത്യമായ പരിശോധന നടത്താത്തതുമൂലമാണ് ഇത്തരം മത്സ്യങ്ങള്‍ കേരളത്തിലേക്ക് എത്തുന്നത്.
ധർമടം നിയോജകമണ്ഡലത്തിൽ ഗ്ലോബൽ ഡയറി വില്ലേജ് വരുന്നു
കണ്ണൂർ:ധർമടം നിയോജകമണ്ഡലത്തിലെ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ ഗ്ലോബൽ ഡയറി വില്ലേജ് വരുന്നു.പദ്ധതിക്കായുള്ള പ്രാരംഭ ചർച്ചകൾ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്നു.മൃഗസംരക്ഷണ-ക്ഷീര വകുപ്പ് മന്ത്രി കെ.രാജു,ക്ഷീരവികസന വകുപ്പ് ഡയറക്റ്റർ എസ്.ശ്രീകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഏറ്റവും മികച്ച ഇന്ത്യൻ ജനുസ്സുകളിലുള്ള പശുക്കളെ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നതിനുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഡയറി ഫാമാണ് നിർമിക്കുക. പ്രതിദിനം പതിനായിരം ലിറ്റർ പാൽ ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പത്ത് സാറ്റലൈറ്റ് ഡയറി ഫാമുകൾ,ജൈവ പാൽ,ജൈവ പച്ചക്കറി,ചാണകം,ഗോമൂത്രം എന്നിവയിൽ നിന്നും മൂല്യവർധിത ഉൽപ്പനങ്ങൾ എന്നിവ നിർമ്മിക്കും. ഫാം ടൂറിസം സെന്റർ, ഐസ്ക്രീം, വെണ്ണ, നെയ്യ്,ചീസ്,ഫങ്ഷണൽ മിൽക്ക് തുടങ്ങിയ വിതരണം ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ സംയോജിത ക്ഷീര വികസന പദ്ധതിയാണിത്. പദ്ധതി നിലവിൽ വരുന്നതോടെ ആയിരത്തോളംപേർക്ക് തൊഴിൽ ലഭിക്കും.ധർമടം മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിലവിൽ 12 ക്ഷീരകർഷക സംഘങ്ങളാണ് ഉള്ളത്.1700 ക്ഷീരകർഷകരിൽ നിന്നും പ്രതിദിനം 13500 ലിറ്റർ പാൽ ഇപ്പോൾ സംഭരിക്കുന്നുണ്ട്.
സംസ്ഥാനത്തെ അങ്കണവാടികള്‍ വഴി മില്‍മയുടെ യു.എച്ച്.ടി. പാല്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്തെ അങ്കണവാടികള്‍ വഴി മില്‍മയുടെ യു.എച്ച്.ടി. പാല്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ.മില്‍മ വഴിയാണ് അങ്കണവാടികളില്‍ യു.എച്ച്.ടി. മില്‍ക്ക് വിതരണം ചെയ്യുക. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ സമ്ബുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടികള്‍ വഴി പാല്‍ വിതരണം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ പ്രോഗ്രാമിന്റെ കീഴിലായിരിക്കും ഇത് നടപ്പിലാക്കുക. ഈ പരിപാടിയുടെ ഭാഗമായി പഞ്ചായത്തുകള്‍ക്ക് തുക അനുവദിക്കുന്നതാണ്.180 മില്ലിലിറ്റര്‍ ഉള്‍ക്കൊള്ളുന്ന പാക്കറ്റുകളിലാണ് യു.എച്ച്.ടി. മില്‍ക്ക് എത്തുന്നത്. അള്‍ട്രാ പാസ്ചറൈസേഷന്‍ ഫുഡ് പ്രോസസ് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന യു.എച്ച്.ടി. മില്‍ക്ക് 135 ഡിഗ്രി ഊഷ്മാവിലാണ് സംസ്‌കരിക്കുന്നത്. റെഫ്രിജറേറ്ററിന്റെ ആവശ്യമില്ലാതെ സാധാരണ ഊഷ്മാവില്‍ മൂന്ന് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
ക്രീം ബിസ്‌ക്കറ്റിനുള്ളിൽ ബ്ലേഡ്;അന്വേഷിക്കുമെന്ന് കമ്പനി
കാസര്‍കോട്:ചായയ്‌ക്കൊപ്പം കഴിക്കാന്‍ വാങ്ങിയ ക്രീം ബിസ്‌കറ്റില്‍ ബ്ലേഡ് കഷ്ണങ്ങൾ കണ്ടെത്തി.മഞ്ചേശ്വരത്തെ പെട്രോള്‍ പമ്പിന് സമീപമുള്ള തട്ടുകടയില്‍ നിന്നും വാങ്ങിയ ബിസ്‌കറ്റിനുള്ളില്‍ നിന്നാണ് ബ്ലേഡ് കിട്ടിയത്.വാണിജ്യ നികുതി ചെക്‌പോസ്റ്റിന് സമീപമുള്ള പമ്പിലെ സൂപ്പര്‍വൈസറായ പി.ജെ ഡെല്‍സിനാണ് രാവിലെ ചായയ്‌ക്കൊപ്പം കഴിക്കാന്‍ വാങ്ങിയ ക്രീം ബിസ്‌കറ്റില്‍ നിന്നും ബ്ലേഡ് കിട്ടിയത്.തുടര്‍ന്ന് ബിസ്‌കറ്റ് പാക്കറ്റില്‍ ഉണ്ടായിരുന്ന കമ്പനിയുടെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതി നല്‍കി.അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതായി പരാതിക്കാരന്‍ പറഞ്ഞു.
വിപണിയില്‍ അയഡിന്‍ ചേര്‍ത്ത് പാക്കറ്റിലെത്തുന്ന ഉപ്പില്‍ കാന്‍സറിന് കാരണമാകുന്ന പൊട്ടാസ്യം ഫെറോസയനൈഡ് കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ട്
മുംബൈ:വിപണിയില്‍ അയഡിന്‍ ചേര്‍ത്ത് പാക്കറ്റിലെത്തുന്ന ഉപ്പില്‍ കാന്‍സറിന് കാരണമാകുന്ന പൊട്ടാസ്യം ഫെറോസയനൈഡ് കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ട്.യു.എസിലെ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ഉപ്പില്‍ കൂടുതലും ആരോഗ്യത്തിന് ഹാനികരമാകുന്ന അളവില്‍ പൊട്ടാസ്യം ഫെറോസയനൈഡ് ഉണ്ടെന്ന് കണ്ടെത്തിയത്.പൊട്ടാസ്യം ഫെറോസയനൈഡ് അമിതമായി ശരീരത്തില്‍ എത്തുന്നത് അര്‍ബുദം, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം, വൃക്കരോഗം തുടങ്ങിയവയ്ക്ക് കാരണമാകും.അന്തരീക്ഷത്തില്‍നിന്ന് ഈര്‍പ്പം വലിച്ചെടുത്ത് ഉപ്പ് കട്ടപിടിക്കാതിരിക്കാനാണ് പൊട്ടാസ്യം ഫെറോസയനൈഡ് ചേര്‍ക്കുന്നത്. ഈ രീതിയില്‍ ഉപ്പിനെ ദീര്‍ഘകാലം നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാകാം ആവശ്യത്തിലധികം രാസവസ്തു ഇതില്‍ ചേര്‍ക്കുന്നതെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ മുംബൈയിലെ ഗോധം ഗ്രെയിന്‍സ് ആന്‍ഡ് ഫാം പ്രൊഡക്‌ട്‌സ് ചെയര്‍മാന്‍ ശിവശങ്കര്‍ ഗുപ്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.ഉപ്പില്‍ എന്തെല്ലാം രാസവസ്തുക്കള്‍ എത്രയളവില്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്താനുള്ള പരിശോധനാസംവിധാനം ഇന്ത്യയില്‍ ഇല്ലെന്നും അതിനാല്‍ താന്‍ ഇന്ത്യയില്‍നിന്നുള്ള ഉപ്പിന്റെ പ്രമുഖ ബ്രാന്‍ഡുകള്‍ യു.എസിലെ ലാബില്‍ പരിശോധിപ്പിക്കുകയായിരുന്നെന്നും ഗുപ്ത പറഞ്ഞു.
കായംകുളത്ത് രാസവസ്തുക്കള്‍ കലര്‍ത്തിയ 1500 കിലോ പഴകിയ മത്സ്യം പിടികൂടി
ആലപ്പുഴ:കായംകുളത്ത് രാസവസ്തുക്കള്‍ കലര്‍ത്തിയ 1500 കിലോ പഴകിയ മത്സ്യം പിടികൂടി. ആന്ധ്രാപ്രദേശില്‍ നിന്നും മൊത്ത വ്യാപാരികള്‍ക്കായി കൊണ്ടു വന്ന മത്സ്യമാണ് പിടികൂടിയത്.സംശയം തോന്നിയ നാട്ടുകാര്‍ മല്‍സ്യം തടഞ്ഞുവെക്കുകയും ഭക്ഷ്യസുരക്ഷവകുപ്പിനെ വിവരമറിയിക്കുകയുമായിരുന്നു. പിടിച്ചെടുത്ത മത്സ്യങ്ങളില്‍ ഫോര്‍മാലിന്റെ സാന്നിധ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം.വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്താന്‍ കഴിയുകയുള്ളു എന്ന് അധികൃതര്‍ അറിയിച്ചു. മാവേലിക്കര കൊള്ളുകടവില്‍ നിന്ന് 150 കിലോ പഴകിയ മത്തിയും പിടികൂടിയിട്ടുണ്ട്.
90 ദിവസം വരെ കേടുകൂടാതെ ഇരിക്കുന്ന’ലോങ് ലൈഫ് മില്‍ക്ക്’ വിപണിയിലിറക്കാനൊരുങ്ങി മിൽമ
തിരുവനന്തപുരം:90 ദിവസം വരെ കേടുകൂടാതെ ഇരിക്കുന്ന’ലോങ് ലൈഫ് മില്‍ക്ക്’ വിപണിയിലിറക്കാനൊരുങ്ങി മിൽമ.ഇറ്റാലിയൻ സാങ്കേതികവിദ്യയായ അള്‍ട്ര ഹൈ ടെമ്പറേച്ചർ (യുഎച്ച്‌ടി) പ്രക്രിയയിലൂടെയാണ് പാല്‍ തയ്യാറാക്കുന്നത്.ഇതുമൂലം കൂടുതല്‍കാലം പാല്‍ കേടുകൂടാതെയിരിക്കും.സാധാരണയില്‍ നിന്നും വ്യത്യസ്തമായി അഞ്ച് പാളികളുളള പാക്കറ്റിലാണ് പുതിയ ഉല്‍പ്പന്നം വിപണിയില്‍ ഇറക്കുന്നത്.അരലിറ്ററിന്റെ പായ്ക്കറ്റിന് 25 രൂപയാണ് വില.സാധാരണയായി പാസ്ചറൈസ് ചെയ്ത് ഉപഭോക്താക്കളിലേക്ക് എത്തുന്ന പാല്‍ തണുപ്പിച്ച് സൂക്ഷിക്കാത്ത പക്ഷം എട്ട് മണിക്കൂര്‍ കഴിയുമ്പോൾ കേടുവന്നുപോകും. എന്നാല്‍ മില്‍മ ലോങ് ലൈഫ് മില്‍ക്ക് സാധാരണ അന്തരീക്ഷ ഊഷ്മാവിലും മൂന്ന് മാസത്തോളം കേടുകൂടാതെ ഇരിക്കുമെന്നതാണ് സവിശേഷത.മില്‍മയുടെ മലബാര്‍ മേഖലാ യൂണിയന്‍റെ കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്തെ ഡയറിയില്‍ നിന്നാണ് ഉല്‍പ്പന്നം വിപണിയിലെത്തുന്നത്.
കുപ്പി വെള്ളത്തെ അവശ്യ വസ്തുവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: കുപ്പി വെള്ളത്തെ അവശ്യ വസ്തുവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. കുപ്പി വെള്ളം 11 രൂപയ്ക്ക് വില്‍ക്കാനാവശ്യമായ നടപടികള്‍ ആരംഭിക്കും. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം പരാമർശിച്ചത്.ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ കുപ്പിവെള്ള വിപണിയിലെ ചൂഷണമില്ലാതാക്കാന്‍ സപ്ലൈകോ ഇടപെടല്‍ നടത്തിയിരുന്നു. സപ്ലൈകോയുടെ 1560 ഔട്ട്ലെറ്റുകള്‍ വഴി ലിറ്ററിന് 11 രൂപയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുപ്പിവെള്ള നിര്‍മാണ കമ്ബനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ കുറഞ്ഞ വിലയില്‍ കുപ്പിവെള്ളമെത്തിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നാണ് സപ്ലൈകോ നടപടി സ്വീകരിച്ചത്.