കണ്ണൂർ:പയ്യന്നൂരിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു.മാടക്കാല്‍ സ്വദേശി പി സുകുമാരനും കുടുംബവുമാണ് ഭക്ഷവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഡ്രീം ഡെസേര്‍ട്ടില്‍ നിന്ന് സുകുമാരന്‍ രണ്ടു പ്ലെയിറ്റ് ഷവര്‍മയും അഞ്ച് കുബ്ബൂസും പാഴ്‌സലായി വാങ്ങിയിരുന്നു.ശേഷം വീട്ടിലെത്തുകയും അത് കഴിച്ച് വീട്ടിലെ അഞ്ച് പേര്‍ക്കും തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുകയുമായിരുന്നു. തുടര്‍ന്ന് അവശനിലയിലായ കുടുംബം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍മാര്‍ ഭക്ഷ്യ വിഷബാധയാണ് കാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതായി സുകുമാരന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.സംഭവത്തെ തുടര്‍ന്ന് നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ ഹോട്ടല്‍ പൂട്ടിക്കുകയും 10,000 രൂപ പിഴയീടാക്കുകയും ചെയ്തു. ഭക്ഷണശാലയുടെ ലൈസന്‍സ് നിര്‍ത്തലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
കണ്‍സ്യൂമര്‍ ഫെഡിന് അരി നല്കില്ലെന്ന് അറിയിച്ച രണ്ട് കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ്
തിരുവനന്തപുരം:കണ്‍സ്യൂമര്‍ ഫെഡിന് അരി നല്കില്ലെന്ന് അറിയിച്ച രണ്ട് കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്. ഈ കമ്പനികൾ പിൻമാറിയതിനാൽ 518 ടൺ അരി ഓണ ചന്തകളിലേക്കായി മറ്റിടങ്ങളിൽ നിന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്കണ്‍സ്യൂമര്‍ ഫെഡ്.ഇത്തവണ 3500 ഓണചന്തകളാണ് സംസ്ഥാനത്തുണ്ടാവുക. കഴിഞ്ഞ വര്‍ഷത്തേതിലും 150 ചന്തകള്‍ കൂടുതലായുണ്ടാകും. നേരത്തെ നാല് കമ്പനികള്‍ ആന്ധ്രയില്‍ നിന്നുള്ള ജയ അരി നല്കില്ലെന്ന് അറിയിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രി ഇടപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് കമ്പനികള്‍ അരി നല്കാമെന്ന് അറിയിച്ചെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു.അരി നല്കില്ല എന്നറിയിച്ച രണ്ട് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മെഹബൂബ് പറഞ്ഞു.ഓണചന്തയിലേക്കുള്ള 70 ശതമാനം സാധനങ്ങൾ എത്തിച്ച് കഴിഞ്ഞു.പ്രളയം കണക്കിലെടുത്ത്. കടലോര മേഖലകളിലും മലയോര മേഖലകളിലും പ്രത്യേക ചന്തകൾ തുടങ്ങാനും കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചു.
പ്രളയബാധിതര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍
തിരുവനന്തപുരം:പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമമില്ല. ദുരിതബാധിതര്‍ക്ക് ആവശ്യമായ ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ വേണ്ടി അധിക ധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കത്തയച്ചിട്ടുണ്ട്. ഇത് ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വെള്ളം കയറി ഇ പോസ് സംവിധാനം തകരാറില്‍ ആയ റേഷന്‍ കടകള്‍ക്ക് മാന്വല്‍ ആയി റേഷന്‍ നല്‍കാമെന്നും മന്ത്രി പറഞ്ഞു.
മാക്‌ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു
തിരുവനന്തപുരം: അനുവദനീയമായതിൽ കൂടുതല്‍ സില്‍വറിന്‍റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മാക്‌ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ്. ഇത് സംബന്ധിച്ച അറിയിപ്പ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഫുഡ് സെഫ്റ്റി കേരള വഴി പുറത്തുവിട്ടു. അനുവദിച്ചതിലും കൂടുതൽ സിൽവറിന്റെ സാന്നിദ്ധ്യം പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് S&S ഫുഡ് ഇൻഡസ്ട്രീസ് തൃശൂർ ഉദ്പാദിപ്പിക്കുന്ന മാക്ഡോവൽഡ്രിങ്കിങ് വാട്ടർ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. കുപ്പിവെള്ളം സൂക്ഷിക്കാനോ വിൽപ്പന നടത്താനോ വിതരണം ചെയ്യാനോ പാടുള്ളതല്ല. ഉൽപ്പാദകരോട് വിപണിയിലുള്ള മുഴുവൻ കുപ്പിവെള്ളവും തിരിച്ചെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്. കമ്പനികള്‍ വെള്ളം ശേഖരിക്കുന്നത് വൃത്തിയില്ലാത്ത ഇടങ്ങളില്‍ നിന്നാണെന്നും അശാസ്ത്രീയമായി ഇവര്‍ വെള്ളം പാക്കേജ് ചെയ്ത് നല്‍കുകയാണെന്നുമാണ് പരിശോധനയില്‍ കണ്ടെത്തിയത്.ഇത്തരത്തില്‍ ഗുണ നിലവാരമില്ലാത്ത കുപ്പിവെള്ളങ്ങള്‍ മാര്‍ക്കറ്റില്‍ ഉള്ളവ പോലും തിരിച്ച് എടുക്കാനും ഇതിന്‍റെ വില്‍പ്പന തടയാനും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.
സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന
തിരുവനന്തപുരം:സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന.വിലക്കൂട്ടുന്ന കാര്യം ആവശ്യപ്പെട്ട് മില്‍മ ഫെഡറേഷന്‍ സര്‍ക്കാരിനെ സമീപിച്ചു. കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ളവയുടെ വില കൂടിയ സാഹചര്യത്തില്‍ വില വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ല. ക്ഷീര കര്‍ഷകര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നുമാണ് മില്‍മയുടെ വിശദീകരണം.വില വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഇന്‍സെന്റീവ് അനുവദിക്കുക മാത്രമാണ് പോംവഴിയെന്നുമാണ് മില്‍മ വ്യക്തമാക്കുന്നത്.നിരക്ക് വര്‍ദ്ധന സംബന്ധിച്ച് പഠിക്കാന്‍ മില്‍മ ഒരു സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ ലിറ്ററിന് എത്ര രൂപ കൂട്ടണമെന്ന് മില്‍മ നിശ്ചയിക്കും. അതിനുശേഷം സര്‍ക്കാരുമായി ചര്‍ച്ച നടത്താനാണ് തീരുമാനം.
സംസ്ഥാനത്തെ റേഷൻകടയുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം:വേതന പരിഷ്കരണമുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ റേഷൻകടയുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ഇ പോസ് മെഷ്യനുകള്‍ പ്രവര്‍ത്തിക്കാത്തത്തിനെത്തുടര്‍ന്ന് റേഷന്‍ വിതരണം മുടങ്ങുന്നതിന് പരിഹാരം കാണണമെന്ന ആവശ്യവും വ്യാപാരികള്‍ മുന്നോട്ട് വെക്കുന്നുണ്ട്.ഇതിനു മുന്നോടിയായി അടുത്ത മാസം ഏഴിന് റേഷന്‍ കടയുടമകള്‍ സൂചനാ സമരം നടത്തും. നിലവില്‍ ലഭിക്കുന്ന വേതനം കൊണ്ട് റേഷന്‍കട നടത്തി മുന്നോട്ട് പോകാനാവില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. സെയില്‍സ്മാന് വേതനം നല്‍കാന്‍ അധികൃതര്‍ തയ്യാറാകണം. മാസങ്ങളുടെ കുടിശികയാണ് പലപ്പോഴും വേതനത്തിന്‍റെ കാര്യത്തില്‍ ഉണ്ടാകുന്നത്. ഇതിനു പകരം റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്‍റെ തൊട്ടടുത്ത മാസം തന്നെ വേതനം നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.സെര്‍വര്‍ തകരാറ്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് ഇ പോസ് മെഷ്യനുകളുടെ പ്രവര്‍ത്തനം പലപ്പോഴും തടസ്സപ്പെടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം.വിതരണത്തിനാവശ്യമായ സാധനങ്ങള്‍ ഓരോ മാസവും പതിനഞ്ചാം തിയ്യതിക്കുള്ളില്‍ റേഷന്‍ കടകളില്‍ എത്തിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് റേഷൻ വ്യാപാരിയേക്കാൾ മുന്നോട്ട് വെച്ചിരിക്കുന്നത്.
കൊല്ലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധയിൽ നൂറു കിലോയിലധികം പഴകിയ മൽസ്യം പിടികൂടി
കൊല്ലം:ജില്ലയിലെ മത്സ്യമാര്‍ക്കറ്റുകളിലും മൊത്ത വിതരണ കേന്ദ്രത്തിലും ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭാ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധയിൽ നൂറു കിലോയിലധികം പഴകിയ മൽസ്യം പിടികൂടി.വലിയകട, രാമന്‍കുളങ്ങര, ഇരവിപുരം മാര്‍ക്കറ്റുകളിലും ആണ്ടാമുക്കം കഐസ് ഫിഷറീസ് എന്ന മൊത്ത വ്യാപാര കേന്ദ്രത്തിലുമായിരുന്നു പരിശോധന. ദിവസങ്ങളോളം പഴക്കമുള്ള നെയ്മീന്‍, ചാള എന്നിവ ഉള്‍പ്പെടെയുള്ള പഴകിയ മീനുകളാണു പരിശോധനയില്‍ പിടിച്ചെടുത്തത്.അതേസമയം രാസവസ്തുക്കളുടെ സാന്നിധ്യം മീനുകളില്‍ കണ്ടെത്തിയിട്ടില്ല.
ഷാംപൂവും പെയിന്റും ഉപയോഗിച്ച് കൃത്രിമ പാൽ;ഉല്പാദന കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിൽ 57 പേർ അറസ്റ്റിൽ
ഭോപ്പാൽ:ഷാംപുവും പെയിന്റും ഉപയോഗിച്ച് കൃത്രിമ പാൽ നിർമിക്കുന്നതായി കണ്ടെത്തൽ. മധ്യപ്രദേശിലാണ് സംഭവം.വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ഉത്പാദന കേന്ദ്രങ്ങളില്‍ നടത്തിയ റെയ്‌ഡിൽ 57 പേരെ പോലീസ് അറസ്റ്റ് ചെയ്തു.മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായിരുന്നു പാല്‍ വിതരണം ചെയ്‌തിരുന്നത്. 10,000 ലിറ്റര്‍ കൃത്രിമ പാലും 500 കിലോ കൃത്രിമവെണ്ണയും 200 കിലോ കൃത്രിമ പനീറും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്.ഷാംപുവിന്റെയും ശുദ്ധീകരിച്ച എണ്ണയുടെയും ഗ്ലൂക്കോസ് പൊടിയുടെയും വലിയ ശേഖരവും ഇവിടെ നിന്ന് പിടികൂടിയതായി റെയ്ഡിന് നേതൃത്വം നല്‍കിയ എസ്.പി രാജേഷ് ബഡോറിയ വ്യക്തമാക്കി. 30 ശതമാനം യഥാര്‍ഥ പാലും ബാക്കി മറ്റ് രാസ വസ്തുക്കളും ചേര്‍ത്താണ് പാല്‍ നിര്‍മ്മാണം നടത്തിയത്. പാലിനോടൊപ്പം ഷാംപു, വെള്ള പെയ്ന്റ്, ഗ്ലൂക്കോസ് പൗഡര്‍ എന്നിവ യോജിപ്പിച്ചാണ് കൃത്രിമ പാല്‍ ഉത്പാദിപ്പിച്ചിരുന്നത്. ഇതേ ചേരുവ ഉപയോഗിച്ചാണ് വെണ്ണയും പനീറും ഉത്പാദിപ്പിക്കുന്നത്.ഉത്തരേന്ത്യയിലെ പ്രധാന മാര്‍ക്കറ്റുകളിലെല്ലാം എത്തുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങളാണ് ഇവയെല്ലാം.ഇത്തരത്തില്‍ ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 5 രൂപ മാത്രമാണ് ചിലവ് വരുന്നത്. ഈ പാല്‍ മാര്‍ക്കറ്റില്‍ ലിറ്ററിന് 45 മുതല്‍ 50 രൂപ നിരക്കിലാണ് വിറ്റിരുന്നത്. ചീസിന് കിലോയ്ക്ക് 100 മുതല്‍ 150 രൂപ നിരക്കിലും ആണ് മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്.ഏകദേശം രണ്ട് ലക്ഷം ലിറ്റര്‍ പാലാണ് ഈ ഉത്പാദന കേന്ദ്രത്തില്‍ നിന്ന് ദിവസേന നിര്‍മിച്ചിരുന്നത്. റെയ്ഡിനെ തുടര്‍ന്ന് ഫാക്ടറികള്‍ പോലീസ് അടച്ചുപൂട്ടി.
സംസ്ഥാനത്ത് ഇഞ്ചി വില കുതിക്കുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇഞ്ചി വില കുതിക്കുന്നു.200 മുതല്‍ 220 രൂപ വരെയാണ് ഇഞ്ചിയുടെ വില.വിവിധ തരം ഇഞ്ചി വിപണിയില്‍ ലഭിക്കുന്നുണ്ട്. ഇതില്‍ ഉണങ്ങിയ ഇഞ്ചിക്കാണ് വിലയേറെ. മൊത്ത വിപണിയില്‍ 70 രൂപയക്ക് ലഭിക്കുന്ന പച്ച ഇഞ്ചി, ചില്ലറ വിപണിയിലേക്കെത്തുമ്പോള്‍ 130 മുതല്‍ 150 രൂപ വരെ നല്‍കണം. ഗുണമേന്‍മയുള്ള ഉണങ്ങിയ ഇഞ്ചിക്ക് 220 രൂപ വരെയാണ് വില.അതിനാല്‍ ചില്ലറവിപണിയിലെ കച്ചവടക്കാര്‍ ഇഞ്ചി വാങ്ങുന്നത് തന്നെ നിര്‍ത്തി.ഇഞ്ചിക്ക് പിന്നാലെ കാരറ്റിനും മുരിങ്ങാക്കായയ്ക്കും വില കൂടിയിട്ടുണ്ട്.മുരിങ്ങക്കായയ്ക്ക് മൊത്തവിപണിയില്‍ 60 രൂപയും, ചില്ലറവിപണിയില്‍ 20 രൂപ കൂടി 80 രൂപയുമായി. കിലോയ്ക്ക് 80 രൂപയാണ് കാരറ്റ് വില. കാബേജിന് 45ഉം പയറിന് 45 മുതല്‍ 60 രൂപ വരെയും വിലയുണ്ട്.
ഓണ്‍ലൈന്‍ വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു;തിരുവനന്തപുരത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒരു ഹോട്ടല്‍ കൂടി പൂട്ടിച്ചു
തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ വാങ്ങിയ ബിരിയാണിയില്‍ പുഴു.ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് ഒരു ഹോട്ടല്‍ കൂടി ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചു.കവടിയാറിയിലെ ലാമിയ ഹോട്ടലാണ് അധികൃതര്‍ പൂട്ടിച്ചത്. യൂബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ ആണ് പുഴുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയായിരുന്നു.അധികൃതര്‍ ഹോട്ടലില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഹോട്ടല്‍ പൂട്ടാന്‍ ഉത്തരവിട്ടത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവും പിടിച്ചെടുത്തു. ഇതിനു പുറമെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പാചകം ചെയ്തതും അല്ലാത്തതുമായ മാംസം ഒരേ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നതായും പാചകം ചെയ്ത ഇറച്ചി പാത്രങ്ങള്‍ കഴുകുന്ന വാഷ് ബേസിന് അടിയില്‍ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തിരുവനന്തപുരം നഗരത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നടത്തിയ പരിശോധനയില്‍ നിരവധി ഹോട്ടലുകള്‍ക്കെതിരെ കോര്‍പറേഷന്‍ നടപടിയെടുത്തിരുന്നു.