തിരുവനന്തപുരം:കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാന്‍ വിപണിയിൽ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ.നാസിക്കില്‍ നിന്ന് സപ്ലൈക്കോ വഴി ഉള്ളിയെത്തിക്കും.കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഫെഡ് മുഖേന നാസിക്കില്‍ നിന്ന് സവാള എത്തിക്കാനാണ് നീക്കം. വ്യാഴാഴ്ച നാഫെഡ് വഴി സവാള എത്തിക്കും. സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ ഇതിനായി നാസിക്കില്‍ എത്തി. 50 ടണ്‍ സവാളയാണ് എത്തിക്കുന്നത്. ഇത് സപ്ലൈകോ മുഖേന കിലോയ്ക്ക് 35 രൂപ വിലയില്‍ വില്‍ക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ സവാള എത്തിക്കാനും ഭക്ഷ്യവകുപ്പ് ശ്രമിക്കുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് 50 രൂപയ്ക്കും മുകളിലാണ് സവാള വില. ഉള്ളിവില രാജ്യത്തെമ്പാടും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ സവാള വില നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ആലോചിച്ച് തുടങ്ങിയത്. ഇതിന്‍റെ ഭാഗമായാണ് കേന്ദ്ര ഏജന്‍സിയായ നാഫെഡ് വഴി സവാള സംഭരിക്കാനും അത് കുറഞ്ഞ വിലയില്‍ കേരളത്തിലെത്തിച്ച് വിതരണം ചെയ്യാനുമുള്ള പദ്ധതി തയ്യാറാക്കിയത്.മഹാരാഷ്ട്രയും മദ്ധ്യപ്രദേശും കഴിഞ്ഞാല്‍ കര്‍ണാടകയാണ് സവാള ഉത്പാദനത്തില്‍ രാജ്യത്ത് മൂന്നാംസ്ഥാനത്ത്. കാലാവസ്ഥാവ്യതിയാനം മൂലം അവിടെ ഈ വര്‍ഷം ഉത്പാദനം കുറഞ്ഞിരുന്നു. കനത്ത മഴ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ വിളവെടുപ്പിനെയും സാരമായി ബാധിച്ചു.ഇതാണ് വിലവർധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാനത്ത് ചെറുനാരങ്ങാ വില കുതിക്കുന്നു;കിലോയ്ക്ക് 200 രൂപ
പാലക്കാട്:സംസ്ഥാനത്ത് ചെറുനാരങ്ങാ വില കുതിക്കുന്നു.150മുതല്‍ 200 രൂപവരെയാണ് ചെറുനാരങ്ങയുടെ ഇപ്പോഴത്തെ ചില്ലറവില്പന വില.ഒരാഴ്ച മുൻപ് കിലോയ്ക്ക് 80 രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്.തമിഴ്‌നാട്ടിലെ പുളിയന്‍കുടി, മധുര, രാജമുടി എന്നിവിടങ്ങളില്‍ നിന്നാണ് ദിനംപ്രതി ടണ്‍ കണക്കിനു ചെറുനാരങ്ങ കേരളത്തിലേക്ക് എത്തുന്നത്. എന്നാല്‍ ഇവിടെയും ഉല്‍പാദനം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കുറഞ്ഞതോടെ വില കുതിച്ചുയരുകയായിരുന്നു. നിലവിലെ സ്ഥിതിയില്‍ വില ഇനിയും കൂടാനാണ് സാധ്യത.കേരളത്തില്‍ ചെറുനാരങ്ങയുടെ ഉത്പാദനം കുറവായതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് നാരങ്ങ കേരളത്തിലേക്കെത്തുന്നത്.വരും ദിവസങ്ങളിലും നാരങ്ങയുടെ വരവ് കുറഞ്ഞാല്‍ നാരങ്ങ വെളളത്തിന്റെയും അച്ചാറിന്റെയും വില കൂട്ടേണ്ടി വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
മിൽമ പാലിന് വർദ്ധിപ്പിച്ച വില പത്തൊൻപതാം തീയതി മുതൽ നിലവിൽ വരും
തിരുവനന്തപുരം:മിൽമ പാലിന് വർദ്ധിപ്പിച്ച വില ഈമാസം പത്തൊൻപതാം തീയതി മുതൽ നിലവിൽ വരും.ലിറ്ററിന് 4 രൂപയാണ് വർദ്ധിക്കുന്നത്. വർദ്ധിപ്പിച്ച തുകയിൽ 84 ശതമാനവും ക്ഷീര കർഷകർക്ക് നൽകുമെന്ന് മിൽമ അറിയിച്ചു.കാലിതീറ്റയുടെയും മറ്റ് ഉൽപാദനോപാധികളുടെയും വില ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിലാണ് പാലിന്റെ വിലയും വർദ്ധിപ്പിക്കേണ്ടി വന്നതെന്നാണ് മിൽമയുടെ വിശദീകരണം. ലിറ്ററിന് 40 രൂപയുണ്ടായിരുന്ന പാലിന് 4 രൂപ വർദ്ധിപ്പിച്ച് 44 രൂപയാക്കി. മഞ്ഞ കളർ പാക്കറ്റ് പാലിന് ലിറ്ററിന് 5 രൂപയും വർദ്ധിപ്പിച്ചിട്ടുണ്ട്. മിൽമ ഭരണ സമിതി യോഗം ചേർന്നാണ് വില വർദ്ധന ഔദ്യോഗികമായി പ്രഖ്യാപിച്ചത്.വർദ്ധിപ്പിച്ച 4 രൂപയിൽ 3 രൂപ 35 പൈസ ക്ഷീര കർഷകർക്ക് നൽകും. 16 പൈസ ക്ഷീര സംഘങ്ങൾക്കും 32 പൈസ വിൽപ്പന നടത്തുന്ന ഏജൻറുമാർക്കും ലഭിക്കും. പുതുക്കിയ വിൽപ്പന വില രേഖപ്പെടുത്തിയ പാക്കറ്റുകൾ ലഭ്യമാകുന്നതു വരെ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകളിൽ തന്നെ പാൽ വിതരണം ചെയ്യേണ്ടിവരുമെന്നും മിൽമ അറിയിച്ചു.
ഓണനാളുകളില്‍ മില്‍മ ഉല്‍പന്നങ്ങള്‍ക്ക് റെക്കോര്‍ഡ് വില്‍പന;ഉത്രാടം നാളില്‍ മാത്രം നേടിയത് ഒരുകോടിയിലധികം രൂപ
തിരുവനന്തപുരം:ഓണനാളുകളില്‍ മില്‍മ ഉല്‍പന്നങ്ങള്‍ക്ക് റെക്കോര്‍ഡ് വില്‍പന. ഉത്രാടം നാളില്‍ മാത്രം ഒരു കോടി പതിനേഴ് ലക്ഷത്തി അറുപതിനായിരം രൂപയുടെ വിറ്റുവരവാണ് ഉണ്ടായിരിക്കുന്നത്. നാല്‍പത്തിയാറ് ലക്ഷത്തി അറുപതിനായിരം ലിറ്റര്‍ പാലും, അഞ്ച് ലക്ഷത്തി എണ്‍പത്തിയൊന്‍പതിനായിരം ലിറ്റര്‍ തൈരുമാണ് ഓണക്കാലത്ത് മില്‍മ കേരളത്തില്‍ വിറ്റത്. ഇത് മില്‍മയുടെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വില്‍പനയാണ്. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ കേരളത്തിന് പുറമെ കര്‍ണ്ണാടക മില്‍ക് ഫെഡറേഷനില്‍ നിന്ന് കൂടി പാല്‍ വാങ്ങിയാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയത്. കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച മൊബൈല്‍ ആപ്പ് വഴിയുള്ള വില്‍പനയ്ക്കും മികച്ച പ്രതികരണമായിരുന്നു.കൊച്ചിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണൂറ് പാക്കറ്റിലധികം പാലാണ് മൊബൈല്‍ ആപ്പ് വഴി മാത്രം വിറ്റത്.മില്‍മ ഉല്‍പന്നങ്ങള്‍ക്ക് നേരത്തെ വില കൂട്ടിയിരുന്നു. ഓണക്കാലം പരിഗണിച്ച് പ്രാബല്യത്തില്‍ വരുത്താതിരുന്ന വില വര്‍ദ്ധനവ് ഈ മാസം തന്നെ നടപ്പാക്കാനാണ് മില്‍മ ഫെഡറേഷന്റെ തീരുമാനം. പാല്‍ വില ലിറ്ററിന് 5 മുതല്‍ 7 രൂപ വരെ വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.21 ഓടെ വര്‍ധിപ്പിച്ച വില പ്രാബല്യത്തില്‍ വരുമെന്നാണ് മില്‍മ ഫെഡറേഷന്‍ അറിയിച്ചത്.
സംസ്ഥാനത്ത് മിൽമ പാലിന്റെ വില 4 രൂപ വർധിപ്പിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് മിൽമ പാലിന്റെ വില 4 രൂപ വർധിപ്പിച്ചു.സെപ്റ്റംബർ 21 മുതൽ പുതിയ വില നിലവിൽ വരും.മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മിൽമ പാലിന് വില കൂട്ടാൻ ധാരണയായത്.എല്ലാ ഇനം പാലിനും ലിറ്ററിന് 4 രൂപ കൂട്ടാനാണ് തീരുമാനം.പാല്‍ വില വര്‍ധിച്ചതോടെ നെയ്യ്, വെണ്ണ അടക്കമുള്ള പാല്‍ ഉത്പന്നങ്ങള്‍ക്കും വില കൂടും.പാലിന് 5 മുതൽ 7രൂപ വരെ വർദ്ധിപ്പിക്കാനായിരുന്നു മിൽമ ഫെഡറേഷൻ സർക്കാറിനോട് ശിപാർശ ചെയ്തിരുന്നത്. എന്നാൽ ഇതിന് സർക്കാർ അനുമതി നൽകിയില്ല.കാലിത്തീറ്റ അടക്കമുളളവയുടെ വില ഗണ്യമായി ഉയര്‍ന്നതാണ് പാലിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയതെന്നാണ് മില്‍മ ബോര്‍ഡിന്റെ നിലപാട്.2017ലാണ് പാൽ വില അവസാനമായി വർദ്ധിപ്പിച്ചത്.അന്ന് കൂടിയ 4 രൂപയിൽ 3 രൂപ 35 പൈസയും കർഷകർക്കാണ് ലഭിച്ചത്.ഇപ്പോഴത്തെ വര്‍ധനയുടെ 85 ശതമാനവും കര്‍ഷകര്‍ക്ക് ലഭിക്കുമെന്നാണ് മില്‍മയുടെ അവകാശവാദം. ലിറ്ററിന് ഒരു പൈസ എന്ന നിലയിൽ സർക്കാർ പദ്ധതിയായ ഗ്രീൻ കേരള ഇനീഷ്യയേറ്റീവിനും നൽകും.അതേസമയം, പുതിയ തീരുമാനത്തോടെ രാജ്യത്ത് പാലിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്ന സംസ്ഥാനമെന്ന ഖ്യാതിയും കേരളം നിലനിറുത്തി. ഇപ്പോള്‍ ലിറ്ററിന് 46 മുതല്‍ 48 രൂപ വരെയാണ് കേരളത്തിലെ പാല്‍വില. തമിഴ്നാട്ടില്‍ ലിറ്ററിന് 21 രൂപയേ ഉള്ളൂ.
സംസ്ഥാനത്ത് മില്‍മ പാലിന് വില കൂട്ടാൻ ശുപാര്‍ശ
തിരുവനന്തപുരം:സംസ്ഥാനത്ത് മില്‍മ പാലിന് വില കൂട്ടാൻ ശുപാര്‍ശ.ലിറ്ററിന് അഞ്ചു മുതല്‍ ഏഴ് രൂപ വരെ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. 2017ലാണ് അവസാനമായി പാലിന്റെ വില വര്‍ധിപ്പിച്ചത്.അതിനാല്‍ വില വര്‍ധനവ് അനിവാര്യമാണെന്നാണ് മില്‍മ ഫെഡറേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. മില്‍മയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമേ വില വര്‍ധിപ്പിക്കാറുള്ളൂ. ഇതുമായി ബന്ധപ്പെട്ട് നാളെ വകുപ്പ് മന്ത്രിയുമായി മില്‍മ ചര്‍ച്ച നടത്തും.നിരക്ക് വര്‍ധന പഠിക്കുന്നതിനായി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാത്രമായിരിക്കും എത്രരൂപവരെ വര്‍ധിപ്പിക്കാമെന്ന കാര്യത്തില്‍ തീരുമാനത്തിലെത്തൂ. വില വര്‍ധന കര്‍ഷകര്‍ക്കാണ് ഗുണം ചെയ്യുകയെന്നും മില്‍മ ബോര്‍ഡ് പറഞ്ഞു.
പയ്യന്നൂരിലെ ജനതാ പാല്‍ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന മായം കലര്‍ത്തിയ 12000 ലിറ്റര്‍ പാല്‍ പിടികൂടി
പാലക്കാട്: പാലക്കാടില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ പിടികൂടി. മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ നിന്നാണ് 12000 ലിറ്റര്‍ മായം കലര്‍ത്തിയ പാല്‍ പിടികൂടിയത്. രണ്ടുഘട്ടങ്ങളിലായി നടത്തിയ ഗുണനിലവാര പരിശോധനയിലും പാലിൽ മായം കലര്‍ത്തിയതായി കണ്ടെത്തി. പൊള്ളാച്ചിയില്‍ നിന്നും കണ്ണൂര്‍ പയ്യന്നൂരിലെ ജനത പാല്‍ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന പാലാണ് പിടികൂടിയത്. കൊഴുപ്പ് വര്‍ധിപ്പിക്കുന്നതിനായി മാല്‍ട്ടോഡെകസ്ട്രിന്‍ പാലില്‍ കലര്‍ത്തിയതായി കണ്ടെത്തി. പാലിന്‍റെ ആഭ്യന്തര ഉദ്പാദനം കുറഞ്ഞതിന് പിന്നാലെ മായം കലര്‍ന്ന പാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്താന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ ക്ഷീരവകുപ്പ് നടത്തിയ പരിശോധനയിലാണ് സംഘം പിടിക്കപ്പെട്ടത്.മാല്‍ട്ടോഡെകസ്ട്രിന്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്ലഡ് പ്രഷര്‍ കുത്തനെ വര്‍ധിക്കുവാനും ശരീരത്തിന് ആവശ്യമായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുകയും പാന്‍ക്രിയാസ് അടക്കമുള്ള അവയവങ്ങള്‍ക്ക് ഹാനികരവുമാണ്.
സംസ്ഥാനത്ത് പാൽ ഉത്പാദനം കുറഞ്ഞു; കർണാടകയിൽ നിന്നും പാലെത്തിക്കൽ മിൽമ
തിരുവനന്തപുരം:സംസ്ഥാനത്ത് പാൽ ഉത്പാദനം കുറഞ്ഞു.പ്രതിസന്ധി നേരിടാൻ ഇത്തവണ ഓണക്കാലത്ത്, മില്‍മ എട്ട് ലക്ഷം ലിറ്റര്‍ പാൽ കര്‍ണാടകത്തിൽ നിന്നെത്തിക്കും.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പാലിന്‍റെ ആഭ്യന്തര ഉല്‍പാദനം പന്ത്രണ്ടര ലക്ഷം ലീറ്ററിനു മുകളിലായിരുന്നു. ഈ വര്‍ഷം അത് 11ലക്ഷമായി കുറഞ്ഞു. ഓണാഘോഷങ്ങള്‍ കൂടി ആയതോടെ ആവശ്യത്തിന് പാല്‍ നല്‍കാൻ കഴിയാത്ത അവസ്ഥയിലാണ് മില്‍മ. ഇതോടെ കര്‍ണാകട ഫെഡറേഷന്‍റെ സഹായം തേടുകയായിരുന്നു.നിലവില്‍ ഒരു ലീറ്റര്‍ പാലിന് മില്‍മ കര്‍ഷകന് നല്‍കുന്നത് 32 രൂപയാണ്. മില്‍മ അവസാനമായി പാല്‍വില വര്‍ധിപ്പിച്ചത് 2017ലായിരുന്നു.അന്ന് 50 കിലോ കാലിത്തീറ്റയുടെ വില 975 രൂപയും ഒരു കിലോ വൈക്കോലിന് എട്ട് രൂപയുമായിരുന്നു. ഇപ്പോഴത് യഥാക്രമം 1300ഉം 15 രൂപയുമായി. ദിവസവും 45 മുതല്‍ 50 രൂപ വരെ നഷ്ടത്തിലാണ് കൃഷിയെന്നും കര്‍ഷകര്‍ പറയുന്നു. അതേസമയം പാല്‍വില കൂട്ടാനുള്ള നടപടികളുമായി മില്‍മ മുന്നോട്ടുപോകുകയാണ്.
പൊന്നും വിലയ്ക് വിറ്റഴിച്ച മത്തി 25 വര്‍ഷത്തിന് ശേഷം ഏറ്റവും കുറഞ്ഞ വിലയില്‍
പയ്യന്നൂർ:കേരളത്തിൽ പൊന്നും വിലയ്ക് വിറ്റഴിച്ച മത്തി 25 വര്‍ഷത്തിന് ശേഷം ഏറ്റവും കുറഞ്ഞ വിലയില്‍.കണ്ണൂര്‍ പയ്യന്നൂര്‍ മേഖലയില്‍ മത്തിയുടെ വിലയില്‍ വന്‍കുറവ് രേഖപ്പെടുത്തി.25 രൂപയ്ക്കാണ് ഇന്നലെ മത്തി വിറ്റഴിച്ചതെന്നാണ് റിപ്പോർട്ടുകൾ.10 രൂപയ്ക്കും ചില മത്സ്യ മാര്‍ക്കറ്റില്‍ മത്തി വിറ്റഴിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്.25 വര്‍ഷത്തിനു ശേഷമാണ് മത്സ്യത്തിനു ഇത്രയും വില കുറയുന്നത് എന്ന് തൊഴിലാളികള്‍ പറയുന്നു.അയല 70 രൂപയ്ക്കും കേതല്‍ 120 രൂപയ്ക്കുമാണ് ഇന്നലെ വിറ്റത്. ഫിഷ് മില്‍ വ്യവസായികളുടെ സമരമാണ് മത്സ്യത്തിനു വില ഇടിവുണ്ടാക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മത്തിക്ക് 300 രൂപയിലധികം വിലയുണ്ടയിരുന്നു.
കറിവെക്കാന്‍ വാങ്ങിയ മീനില്‍ നൂല്‍പ്പുഴുവിനെ കണ്ടെത്തി
കൊച്ചി:കറിവെക്കാന്‍ വാങ്ങിയ മീനില്‍ നൂല്‍പ്പുഴുവിനെ കണ്ടെത്തി.വൈറ്റില തൈക്കുടം കൊച്ചുവീട്ടില്‍ അഗസ്റ്റിന്റെ വീട്ടില്‍ വാങ്ങിയ മീനിലാണ് പുഴുവിനെ കണ്ടെത്തിയത്. രണ്ടിഞ്ച് നീളത്തിലുള്ള ജീവനുള്ള നൂറോളം പുഴുക്കളെ മീനിന്റെ തൊലിക്കടിയില്‍ നിന്നാണ് കണ്ടെത്തുകയായിരുന്നു.വീടിന് സമീപം ഇരുചക്രവാഹനത്തില്‍ മീന്‍ കച്ചവടം നടത്തുന്ന ആളില്‍ നിന്നാണ് അഗസ്റ്റിന്‍ മീന്‍ വാങ്ങിയത്. ഇയാള്‍ തോപ്പുംപടി ഹാര്‍ബറില്‍ നിന്നെടുത്ത മീനാണ് ഇത്.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഡിവിഷന്‍ കൗണ്‍സിലര്‍ ബൈജു തോട്ടാളി കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറെ വിവരം അറിയിച്ചു.എന്നാല്‍ അവധി ദിവസമായതിനാല്‍ അധികൃതര്‍ പരിശോധനയ്ക്ക് എത്തിയില്ല. അധികതരെ കാണിക്കാനായി മീന്‍ കളയാതെ സൂക്ഷിച്ചുവെച്ചതായി അഗസ്റ്റില്‍ പറഞ്ഞു.