ന്യൂഡൽഹി:രാജ്യത്ത് വാഹന രജിസ്ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനം.ഇതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ രജിസ്ട്രര്‍ ചെയ്യാനുള്ള ചാര്‍ജ് 5,000 രൂപയാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. രജിസ്ട്രേഷന്‍ പുതുക്കാന്‍ 10,000 രൂപയും നല്‍കണം. നിലവില്‍ ഇത് രണ്ടിനും 600 രൂപ മാത്രമാണ് ചാര്‍ജ് ഈടാക്കിയിരുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് നേരത്തെ 50 രൂപയുണ്ടായിരുന്ന രജിസ്‌ട്രേഷന്‍ ചാര്‍ജ് പുതിയ വാഹനങ്ങള്‍ക്ക് 1000 രൂപയാക്കിയും പഴയത് പുതുക്കാന്‍ 2000 രൂപയാക്കിയും ഉയര്‍ത്താനാണ് കരട് വിജ്ഞാപനത്തില്‍ നിര്‍ദ്ദേശമുള്ളത്. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഗതാഗത മന്ത്രാലയത്തിന്റെ പുതിയ നീക്കം. കാലപ്പഴക്കമുള്ള ഇന്ധനവാഹനങ്ങള്‍ നിരത്തില്‍നിന്ന് ഒഴിവാക്കാനും പെട്രോള്‍-ഡീസല്‍ വാഹന വില്‍പന കുറയ്ക്കാനുമാണ് ഇതുവഴി മന്ത്രാലയം ലക്ഷ്യമിടുന്നത്.കാര്‍, ഇരുചക്ര വാഹനങ്ങള്‍ക്ക് പുറമേ മറ്റു വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ചാര്‍ജുംഉയര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്. പുതിയ കാബുകള്‍ക്ക് 10000 രൂപയും പുതുക്കാന്‍ 20000 രൂപയും ഈടാക്കും. നേരത്തെ ഇത് 1000 രൂപയായിരുന്നു. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ രജിസ്‌ട്രേഷന്‍ ചാര്‍ജ് 5000 രൂപയില്‍ നിന്ന് 40,000 ആക്കി ഉയര്‍ത്താനാണ് തീരുമാനം. ഇറക്കുമതി ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് 20000 രൂപയും അടയ്‌ക്കേണ്ടി വരും, നിലവില്‍ ഇത് 2500 രൂപയാണ്.കരട് വിജ്ഞാപനത്തിലെ പ്രതികരണം അറിഞ്ഞ ശേഷം അടുത്ത 40-45 ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമ ഫീസ് ഘടന രൂപപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
വാഹന നിര്‍മ്മാതാക്കളോട് വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നതിനുള്ള പ്ലാന്‍ രണ്ടാഴ്ചയ്ക്കുള്ളിൽ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നീതി ആയോഗ്
ന്യൂഡൽഹി:ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളോട് വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നതിനുള്ള പ്ലാന്‍ രണ്ടാഴ്ചയ്ക്കുള്ളിൽ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നീതി ആയോഗ്.രാഷ്ട്രം നേരിടുന്ന മാലിന്യ പ്രശ്‌നത്തിന്റെ പരിഹാരത്തിനായി വാഹന വ്യവസായ രംഗം പരിശ്രമിച്ചില്ലായെങ്കില്‍ കോടതി ഇടപെടൽ ഉണ്ടാകുമെന്നും ജൂൺ 21 ന് നീതി ആയോഗ് വിളിച്ച് ചേര്‍ത്ത പരമ്പരാഗത വാഹന നിര്‍മ്മാതാക്കളുടെയും പുതു വാഹന സംരംഭകരുടേയും യോഗത്തില്‍ നീതി ആയോഗ് മുന്നറിയിപ്പ് നൽകുകയും ചെയ്തു.യോഗത്തില്‍ ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ്, ടിവിഎസ് മോട്ടോര്‍ കൊ. ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റ് മിണോരു കാതോ, സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മതുര്‍, ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ചറേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസിഎംഎ) ഡയറക്ടര്‍ ജനറല്‍ വിന്നി മെഹ്ത, നീതി ആയോഗ് ചെയര്‍മാന്‍ രാജീവ് കുമാര്‍, സിഇഒ അമിതാബ് കാന്ത് എന്നീ പ്രമുഖ വാഹന നിര്‍മ്മാതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
വ്യക്തമായ പ്ലാനുകളും ധാരണയുമില്ലാതെ വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം സാധ്യമല്ല.ഏറ്റവും മലിനമായ 15 നഗരങ്ങളില്‍ 14 എണ്ണവും ഇന്ത്യയിലാണ്, അതിനാല്‍ തന്നെ സര്‍ക്കാരും വാഹന രംഗവും ചേര്‍ന്ന് എത്രയും പെട്ടന്ന് ഒരു പോംവഴി നല്‍കിയില്ലെങ്കില്‍ വിഷയത്തിൽ കോടതി ഇടപെടൽ ഉണ്ടാകുമെന്ന് യോഗത്തിൽ ഒരു മുതിന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.2023 ഓടെ ത്രീ വീലറുകളും 2025 ഓടെ 150 സിസിയിൽ താഴെ എഞ്ചിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങളും പൂർണ്ണ ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റാൻ നിതി അയോഗ് പദ്ധതിയിട്ടിട്ടുണ്ട്.ഇലക്ട്രോണിക്ക് വിപ്ലവവും, സെമി-കണ്ടക്ടര്‍ വിപ്ലവവും ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ വൈദ്യുത മൊബിലിറ്റി വിപ്ലവം നഷ്ടപ്പെടുത്താന്‍ രാഷ്ട്രം ഉദ്ദേശിക്കുന്നില്ല. നിലവില്‍ വിപണിയിലെ വമ്പന്മാരും പരിചയ സമ്പന്നരും മുന്നിട്ട് വരുന്നില്ല എങ്കില്‍ ചൈനയില്‍ സംഭവിച്ചത് പോലെ പ്രാരംഭ സംരംഭകര്‍ രംഗം കയ്യടക്കുമെന്നും ഒഫീഷ്യൽസ് മുന്നറിയിപ്പ് നൽകി.പരമ്പരാഗത വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ, ഹീറോ മോട്ടോ കോപ്പ്, ഹോണ്ട, ടിവിഎസ് എന്നിവയും പ്രാരംഭ സംരംഭകരായ റിവോള്‍ട്ട്, ഏഥര്‍ എനര്‍ജി, കൈനറ്റിക്ക് ഗ്രീന്‍ എനര്‍ജി ആന്റ് പവര്‍ സൊലൂഷന്‍സ്, ടോര്‍ക്ക് മോട്ടോര്‍സ്എന്നിവയും തമ്മിൽ വിപണിയിൽ വ്യക്തമായ ഒരു ചേരിതിരിവ് നിലനിൽക്കുന്നുണ്ട്.
മാലിന്യ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി 2023 ഓടെ വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം തങ്ങള്‍ക്ക് എത്രയും പെട്ടെന്ന് വേണമെന്ന് റിവോള്‍ട്ട് ഇന്റെലികോര്‍പ്പ് സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മ ആവശ്യപ്പെട്ടു.എന്നാല്‍ ബജാജ് ഈ ആവശ്യത്തെ എതിര്‍ത്തു.ഇരുചക്ര മുച്ചക്ര വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്റേണല്‍ കംബസ്റ്റണ്‍ എഞ്ചിന്‍ നിരോധിച്ച് പകരം വൈദ്യുതി എഞ്ചിന്‍ ഘടിപ്പിക്കാനുള്ള പദ്ധതി 2025 -ഓടെ സാധ്യമാവില്ലെന്നും രാജ്യത്തെ വാഹനോല്‍പ്പാദനത്തെ തന്നെ ഇവ ബാധിക്കുമെന്നും ടിവിഎസും ബജാജും വ്യക്തമാക്കി.നിര്‍മ്മാതാക്കള്‍ എല്ലാം ബിഎസ് VI നിലവാരത്തിലേക്ക് നിലവിലുള്ള തങ്ങളുടെ എഞ്ചിനുകളെ ഉയര്‍ത്തി വിപണിയില്‍ വലിയൊരു മാറ്റത്തിനായി പരിശ്രമിക്കുമ്പോള്‍ ഇത്തരമൊരു മാറ്റം പെട്ടെന്ന് സാധ്യമല്ലെന്ന് ഹീറോയും ചൂണ്ടിക്കാട്ടുന്നു.പൂർണ്ണമായും ഇലക്ട്രോണിക് വാഹനത്തിലേക്ക് മാറുന്നതിന് മുൻപായി സർക്കാർ കൃത്യമായ പ്ലാനുകൾ തയ്യാറാക്കണമെന്ന് വാഹന വ്യവസായ സംഘടനകളായ SIAM,ACMA എന്നിവർ ഗവണ്മെന്റിന് നിർദേശം നൽകി.
രാജ്യത്ത് 2025 മുതൽ ഇലക്ട്രിക്ക് ടു വീലേഴ്സ് മാത്രം
ന്യൂഡൽഹി:മലിനീകരണ രഹിത റോഡുകൾക്കായി 2025 മുതൽ ഇലക്ട്രിക്ക് ടു വീലേഴ്സ് മാത്രം വിൽക്കാനൊരുങ്ങി സർക്കാർ.ഇതിനായി 2025 ഏപ്രിൽ 1 മുതൽ 150cc ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങൾ നിരോധിക്കാനൊരുങ്ങുകയാണ് സർക്കാർ എന്നാണ് റിപ്പോർട്ടുകൾ.പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് നിരോധനം. കൂടാതെ 2023 ഏപ്രിലോടെ പെട്രോൾ/ഡീസൽ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരോധിക്കാനും നിർദേശമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വാഹനങ്ങൾക്ക് പകരം ഇലക്‌ട്രിക് ബൈക്കുകളും സ്കൂട്ടറുകളും ഓട്ടോകളും നിരത്തിലിറക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.ഇതുമൂലം പരിസ്ഥിതി മലിനീകരണം ഒരു പരിധിവരെ കുറയ്ക്കാമെന്നാണ് കരുതുന്നത്.മലിനീകരണ നിയന്ത്രണത്തിനുള്ള ബിഎസ് 6 നിയമം നടപ്പിലാക്കുന്നതിന് പിന്നാലെയാണ് പുതിയ നീക്കം.ഭാരത് സ്റ്റേജ് 6 നിലവാരം പാലിക്കുന്നതിനായി കോടിക്കണക്കിനു രൂപയാണ് വിവിധ ഇരുചക്ര വാഹന നിർമാതാക്കൾ നിക്ഷേപിക്കുന്നത്.ഇക്കാരണത്താലാണ് നിരോധനം പെട്ടെന്ന് നടപ്പിലാക്കാതെ അഞ്ചുവർഷത്തെ സാവകാശം സർക്കാർ ഇവർക്ക് നൽകുന്നത്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി അത്യന്തം ആശങ്കയോടെയാണ് ഈ പുതിയ നീക്കത്തെ കാണുന്നത്.രാജ്യത്തെ പ്രമുഖ ഇരുചക്ര ബ്രാൻഡുകളുടെ വിൽപ്പനയിൽ മുഖ്യപങ്കും വഹിക്കുന്നത് 150cc ഇൽ താഴെയുള്ള വാഹനങ്ങളാണ്.നീക്കം നടപ്പിലായാൽ രാജ്യത്തെ വാഹന ചരിത്രത്തിൽ നിർണായകമായ മാറ്റമാകും ഇത്.
മാർച്ച് 31 ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കും
മുംബൈ:സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കുന്ന എല്ലാ ബാങ്ക് ശാഖകളും സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമായ മാർച്ച് 31 ഞായറാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ തുറന്നു പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം.സാമ്പത്തിക വര്‍ഷ ക്ലോസിങിനോട് അനുബന്ധിച്ച് സര്‍ക്കാറിന്റെ രസീത്, പേയ്‌മെന്റ് ഇടപാടുകള്‍ സുഗമമാക്കുന്നതിന് വേണ്ടിയാണ് ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.അതോടൊപ്പം സര്‍ക്കാരിന് അയച്ച പ്രത്യേക നിര്‍ദ്ദേശത്തില്‍ 2018 -19 സാമ്പത്തിക വര്‍ഷത്തെ എല്ലാ സാമ്പത്തിക ഇടപാടുകളും ക്ലോസിങ് ദിനമായ മാര്‍ച്ച് 31ന് തന്നെ അവസാനിപ്പിക്കണമെന്നും ആര്‍ ബി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി അക്കൗണ്ട് ഓഫീസുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും ആര്‍ ബി ഐയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഞായറാഴ്ച്ചയായതിനാല്‍ പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആര്‍ ബി ഐ സര്‍ക്കാരിനെ അറിയിച്ചു.
ഇലക്ട്രിക് കാറുകൾക്ക് 1.5 ലക്ഷം രൂപ വരെ ഇളവ് – ഫെയിം രണ്ടാംഘട്ടത്തിൽ
ന്യൂഡല്‍ഹി:വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച ഫെയിം പദ്ധതിയുടെ(ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഇലക്‌ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ) രണ്ടാം ഘട്ടത്തില്‍ 15 ലക്ഷം രൂപയുടെ ഇലക്ട്രിക് കാറുകൾക്ക് 1.5 ലക്ഷം രൂപയുടെ ഇൻസെന്റീവ് നൽകുന്നു.ഫെയിം രണ്ടാം ഘട്ടത്തിൽ ഇലക്ട്രിക് കാറുകൾ, ഹൈബ്രിഡ് കാറുകൾ, ഇലക്ട്രിക് ബസ്സുകൾ, ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ, ഇ-റിക്ഷകൾ തുടങ്ങിയ വാഹനങ്ങള്‍ക്കു സബ്സിഡി അനുവദിക്കുന്നതിനു മാത്രം 8596 കോടിയാണു മാറ്റിവച്ചിരിക്കുന്നത്. 15 ലക്ഷത്തിലേറെ വാഹനങ്ങള്‍ക്കു 3 വര്‍ഷം നീളുന്ന രണ്ടാം ഘട്ടത്തില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. വാഹനങ്ങള്‍ വാങ്ങാന്‍ സബ്സിഡി നല്‍കുന്നതിനൊപ്പം റജിസ്ട്രേഷന്‍ നിരക്ക്, പാര്‍ക്കിങ് ഫീസ് എന്നിവയില്‍ ഇളവ്, കുറഞ്ഞ ടോള്‍ നിരക്ക് എന്നിവയും ഇ- വാഹനങ്ങള്‍ക്കായി പരിഗണിക്കുന്നുണ്ട്.മോട്ടര്‍വാഹന ആക്‌ട് അനുസരിച്ചു റജിസ്റ്റര്‍ ചെയ്ത ഇലക്‌ട്രോണിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കും ബസുകള്‍ക്കും മാത്രമാണു സബ് സിഡി അനുവദിക്കുക.
സബ്‌സിഡി ആനുകൂല്യങ്ങൾ ഇങ്ങനെ:
*ഇരുചക്ര വാഹനങ്ങള്‍:
സബ്സിഡി ആനുകൂല്യം ലഭിക്കുക 10 ലക്ഷം വാഹനങ്ങള്‍ക്ക്
ബാറ്ററി വലുപ്പം- 2 കിലോവാട്ട്
സബ്സിഡി -20,000 രൂപ
വാഹനത്തിന്റെ പരമാവധി വില-1.5 ലക്ഷം
*ഇ-റിക്ഷകള്‍(മുച്ചക്ര വാഹനങ്ങള്‍):
സബ്സിഡി ആനുകൂല്യം ലഭിക്കുക 5 ലക്ഷം വാഹനങ്ങള്‍ക്ക്
ബാറ്ററി വലുപ്പം- 5 കിലോവാട്ട്
സബ്സിഡി -50,000 രൂപ
വാഹനത്തിന്റെ പരമാവധി വില-5 ലക്ഷം
*ഫോര്‍ വീല്‍ വാഹനങ്ങള്‍:
സബ്സിഡി ആനുകൂല്യം ലഭിക്കുക 35,000 വാഹനങ്ങള്‍ക്ക്
ബാറ്ററി വലുപ്പം- 15 കിലോവാട്ട്
സബ്സിഡി – 1.5 ലക്ഷം രൂപ
വാഹനത്തിന്റെ പരമാവധി വില-15 ലക്ഷം
*ഫോര്‍ വീല്‍ ഹൈബ്രിഡ് വാഹനങ്ങള്‍:
സബ്സിഡി ആനുകൂല്യം ലഭിക്കുക 20,000 വാഹനങ്ങള്‍ക്ക്
ബാറ്ററി വലുപ്പം- 1.3 കിലോവാട്ട്
സബ്സിഡി -13,000 രൂപ
വാഹനത്തിന്റെ പരമാവധി വില -15 ലക്ഷം
*ഇ-ബസ്
സബ്സിഡി ആനുകൂല്യം ലഭിക്കുക 7090 എണ്ണത്തിന്
ബാറ്ററി വലുപ്പം- 250 കിലോവാട്ട്
സബ്സിഡി -50 ലക്ഷം രൂപ
വാഹനത്തിന്റെ പരമാവധി വില- 2 കോടി രൂപ
ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകളെ പിൻവലിക്കാനൊരുങ്ങി ടാറ്റ
മുംബൈ:ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകളെ ടാറ്റ പിന്‍വലിക്കുന്നു.മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമാവുന്നതിനെ തുടര്‍ന്ന് 1.1 ലിറ്റര്‍ ഡീസല്‍ മോഡലുകളെ പൂര്‍ണ്ണമായും കമ്പനി പിന്‍വലിക്കും. 2020 ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാവണം വാഹനങ്ങള്‍ പുറത്തിറങ്ങേണ്ടത്. പുതിയ ചട്ടങ്ങള്‍ പ്രകാരം ഇപ്പോഴുള്ള 1.1 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ പരിഷ്‌കരിച്ചാല്‍ ഉത്പാദന ചിലവ് ഉയരും.അതോടെ സ്വാഭാവികമായും മോഡലുകളുടെ വിലയും വര്‍ധിക്കും.ഡിമാന്‍ഡ് കുറഞ്ഞ ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകള്‍ക്ക് വില ഉയരുക കൂടി ചെയ്താല്‍ വിറ്റുപോകില്ലെന്ന് ആശങ്ക കമ്പനിക്കുണ്ട്. 2018 ഏപ്രില്‍ – 2019 ജനുവരി കാലയളവില്‍ വിറ്റുപോയ ആകെ ടിയാഗൊ യൂണിറ്റുകളില്‍ 14 ശതമാനം മാത്രമാണ് ഡീസല്‍ മോഡലുകളുടെ വിഹിതം. ഇതേകാലയളവില്‍ 15 ശതമാനം മാത്രമെ ടിഗോര്‍ ഡീസല്‍ മോഡലുകളും വിറ്റുപോയുള്ളൂ. ഈ സ്ഥിതിവിശേഷം മുന്‍നിര്‍ത്തി പുതിയ ഡീസല്‍ എഞ്ചിനെ വികസിപ്പിക്കാനുള്ള നീക്കം കൂടുതല്‍ ബാധ്യത വരുത്തിവെയ്ക്കുമെന്ന് ടാറ്റ വിലയിരുത്തുന്നു.ഡീസൽ മോഡൽ പിൻവലിക്കുന്നതോടെ 1.2 ലിറ്റർ പെട്രോൾ എൻജിനിൽ മാത്രമായിരിക്കും ഈ വാഹങ്ങൾ നിരത്തിലെത്തുക. ഇത് 85 പിഎസ് പവറും 114 എൻ. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
പഴയ സ്കൂട്ടർ നൽകി പുത്തന്‍ ഇലക്‌ട്രിക്ക് ഹീറോ സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ അവസരം
മുംബൈ:വാഹനപ്രേമികൾക്ക് കിടിലന്‍ എക്സ്ചേഞ്ച് ഓഫറുമായ് ഹീറോ.പഴയ സ്‌കൂട്ടര്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുത്തന്‍ ഹീറോ ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ അവസരം.കമ്പനിയുടെ നിര്‍ദേശ പ്രകാരം ഉപഭോക്താക്കളുടെ പക്കലുള്ള പഴയ സ്‌കൂട്ടര്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുത്തന്‍ ഹീറോ ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങാവുന്നതാണ്.
ഇതിന് പുറമെ എക്‌സ്‌ചേഞ്ച് ചെയ്യുന്ന സ്‌കൂട്ടറിന് നിലവിലുള്ള വിപണി വിലയേക്കാള്‍ 6,000 രൂപ കമ്ബനി കൂടുതല്‍ നല്‍കുകയും ചെയ്യും. പഴയ സ്‌കൂട്ടറുകള്‍ പൊതുനിരത്തില്‍ നിന്ന് നീക്കം ചെയ്ത് അന്തരീക്ഷ മലിനീകരണം പരമാവധി കുറക്കാനായാണ് കമ്ബനിയുടെ പുതിയ നീക്കം.അഞ്ച് കോടിയോളം വരുന്ന പഴയ പെട്രോള്‍ സ്‌കൂട്ടറുകളാണ് നിരത്തുകളിലുള്ളത്. ഇവയെല്ലാം കാര്യമായ മലിനീകരണം പ്രദാനം ചെയ്യുന്നവയാണെന്ന് മാത്രമല്ല തുരുമ്ബിന് സമം ആയവയാണ്. കൂടാതെ BS IV മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇരുചക്ര വാഹനങ്ങള്‍ നിരത്തില്‍ കുറവാണ്. നിലവിലുള്ള സ്‌കൂട്ടറുകള്‍ എത്രയും പെട്ടെന്ന് തിരിച്ച് വിളിച്ച് BS IV മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന സ്‌കൂട്ടറുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും കമ്പനിക്കുണ്ട്.ഹീറോയുടെ പുത്തന്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ ചെലവ് കുറഞ്ഞവയാണ്. ഇതിലെ ബാറ്ററിയ്ക്ക് മൂന്ന് വര്‍ഷം വാറന്റി കമ്പനി നല്‍കുന്നുണ്ട്.നിലവില്‍ ഹീറോയുടെ നാല് ഇലക്ട്രിക്ക് സ്‌കൂട്ടറുകളാണ് വിപണിയിലുള്ളത്. ഇലക്ട്രിക്ക് ഫ്‌ളാഷ്, ഇലക്ട്രിക്ക് നിക്‌സ്, ഇലക്ട്രിക്ക് ഒപ്റ്റിമ, ഇലക്ട്രിക്ക് ഫോട്ടോണ്‍ എന്നിവയാണീ മോഡലുകള്‍.കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി കിഴിച്ച് 45,000 രൂപ മുതല്‍ 87,00 രൂപ വരെയുള്ള പ്രൈസ് ടാഗില്‍ ഇവ വിപണിയില്‍ ലഭ്യമാവും. ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ പ്രചരാണാര്‍ഥം രാജ്യവ്യാപകമായി 20 നഗരങ്ങളില്‍ ക്യാംപയിന്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഹീറോ.ഇന്ത്യന്‍ വാഹന വിപണി ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ചേക്കേറുന്നു എന്നതിന്റെ മുന്നൊരുക്കമായി വേണം ഹീറോയുടെ ഈ മുന്നേറ്റത്തെ കാണാന്‍.
നാനോ കാറിന്റെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ
മുംബൈ:സാധാരണക്കാരന്റെ വാഹനമായി 2009 ല്‍ നിരത്തിലിറങ്ങിയ നാനോ കാറിന്റെ നിര്‍മ്മാണം അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ കമ്പനി.2020ന് അപ്പുറത്തേക്ക് നാനോയുടെ ഉല്‍പ്പാദനം തുടരാനാവില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നാനോ ഉല്‍പ്പാദനം നിര്‍ത്തുകയാണെന്ന കൃത്യമായ പ്രഖ്യാപനം ഔദ്യോഗികമായുണ്ടാവുന്നത് ഇതാദ്യമായാണ്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബിഎസ്-6 (ഭാരത് സ്റ്റേജ് 6) മാനദണ്ഡങ്ങള്‍ താങ്ങാന്‍ നാനോയ്ക്ക് ശേഷിയില്ലെന്നാണ് ഇതിനു കാരണമായി കമ്പനിയുടെ പാസഞ്ചര്‍ വെഹിക്കിൾ ബിസിനസ് യൂനിറ്റ് തലവനായ മായങ്ക് പരീഖ് അറിയിച്ചിരിക്കുന്നത്.പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ഫീച്ചറുകള്‍ ഏര്‍പ്പെടുത്താനും നവീകരണങ്ങള്‍ വരുത്താനും നാനോയില്‍ സാധ്യമല്ലെന്നും അതിനാൽ 2020 ഏപ്രില്‍ മാസത്തോടെ നാനോ ഉല്‍പ്പാദനം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ഐ-പ്രെയിസ് ഇലക്ട്രിക് സ്‌കൂട്ടറുമായി ഒഖീനാവ
മുംബൈ:പുതിയ ഐ-പ്രെയിസ് ഇലക്ട്രിക് സ്‌കൂട്ടറുമായി ഒഖീനാവ.1.15 ലക്ഷം രൂപയാണ് ഇന്റലിജന്റ് സ്കൂട്ടർ എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഐ പ്രെയ്‌സിന്റെ വില.കഴിഞ്ഞ പതിനഞ്ചു ദിവസംകൊണ്ട് നാനൂറ്റിയമ്പതില്‍പ്പരം ബുക്കിംഗ് പുതിയ സ്‌കൂട്ടര്‍ നേടിക്കഴിഞ്ഞതായി ഒഖീനാവ വെളിപ്പെടുത്തി.ബുക്ക് ചെയ്തവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ നാവിക സേനയാണ് ആദ്യമുള്ളത്.തിളക്കമേറിയ റെഡ്, ഗോള്‍ഡന്‍ ബ്ലാക്ക്, ഗ്ലോസി സില്‍വര്‍ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഐ-പ്രെയ്‌സ് ലഭ്യമാവുക.ഊരിമാറ്റാവുന്ന ലിഥിയം അയോണ്‍ ബാറ്ററി പാക്കാണ് ഒഖീനാവ ഐ-പ്രെയിസില്‍.സാധാരണ 5A പവര്‍ സോക്കറ്റ് മതി ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍. അതായത് ചാര്‍ജ്ജിംഗ് സ്റ്റേഷനില്ലെങ്കിലും കുഴപ്പമില്ല. സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന മാതൃകയില്‍ വീട്ടിലെ പ്ലഗില്‍ കുത്തിയിട്ട് സ്‌കൂട്ടറിന്റെ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുമെന്ന് ഒഖീനാവ പറയുന്നു.