മുംബൈ: 500, 2000 നോട്ടുകൾക്ക് പുറമെ 200രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്ക് 200 രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ തീരുമാനിച്ചത്. 2016 നവംബർ 8 നാണ് പഴയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ കേന്ദ്ര സർക്കാർ പിൻവലിച്ച് പുതിയ നോട്ടുകൾ ഇറക്കിയത്.ഇവയ്ക്ക് പുറമേയാണ് 200 രൂപയും എത്തുന്നത്.2000 രൂപ നോട്ട് ഉപയോഗിച്ചുള്ള ചെറിയ ഇടപാടുകള്‍ എളുപ്പമല്ലെന്ന് പരാതി ഉയര്‍ന്നതോടെയാണ് 200 രൂപ നോട്ടുകളിറക്കാൻ ആർ ബി ഐ തീരുമാനിച്ചത്.
GST പഠന ക്ലാസ്സ് സംഘടിപ്പിച്ചു.
ഫോണുകളുടെ വില കൂടും
ന്യൂഡൽഹി:ജി.എസ്.ടി നിലവിൽ വരുന്നതോടെ സ്മാർട്ട് ഫോണുകളുടെ വിലയിൽ വലിയ മാറ്റം വരുമെന്ന് റിപ്പോർട്ടുകൾ.ഐഫോൺ,പിക്സിൽ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഒട്ടുമിക്ക ബ്രാൻഡ് ഫോണുകളുടെയും വില കുത്തനെ ഉയരും.മെയ്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിൽ നിർമിക്കുന്ന സ്മാർട്ടഫോണുകൾക്ക് നാലു മുതൽ അഞ്ചു ശതമാനം വരെ വില കൂടും.എല്ലാ സ്മാർട്ട് ഫോൺ കമ്പനികളെയും.ഇന്ത്യയിൽ പ്ലാന്റ് തുടങ്ങാൻ പ്രേരിപ്പിക്കുന്നതാണ് ജി.എസ്.ടി.ഇതിന്റെ തുടക്കമെന്നോണം ആപ്പിളും ചില ചൈനീസ് കമ്പനികളും ഇന്ത്യയിൽ പ്ലാന്റ് തുടങ്ങിക്കഴിഞ്ഞു.സ്മാർട്ടഫോണുകൾക്കു പുറമെ ലാപ്‌ടോപ്പുകൾ,കംപ്യൂട്ടറുകൾ,യു.എസ്.ബി,പ്രിൻറർ,മോണിറ്റർ തുടങ്ങിയവയ്ക്കും വില കൂടും.ജി.എസ്.ടി നടപ്പാക്കുന്നതോടെ ടെലികോം കമ്പനികളുടെ സേവനങ്ങൾക്കും കൂടുതൽ തുക നൽകേണ്ടി വരും.കോൾ നിരക്കുകൾ മൂന്നു ശതമാനം വർധിക്കുമെന്നാണ് അറിയുന്നത്.
ഇന്ധന വില പരിഷ്കരണം – പമ്പുടമകൾ ഭീമമായ നഷ്ടത്തിൽ
ദില്ലി / തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയലിന്റെ വിലക്കനുസരിച്ച് രാജ്യത്തിലെ മുഴുവൻ പെട്രോൾ പമ്പുകളിലെയും വില ദിവസേന ക്രമീകരിക്കുന്ന സംവിധാനം ജൂൺ 15 അർദ്ധരാത്രി മുതൽ നിലവിൽ വന്നു.
ഇന്ത്യയിലെ മൂന്ന് പൊതു മേഖല ഓയിൽ മാർക്കറ്റിങ്ങ് കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവരാണ് ഇന്ധന വില പ്രധാനമായും നിയന്തിക്കുന്നത്.
ജൂൺ 15ന് അർദ്ധരാത്രിയിൽ പെട്രോൾ ലിറ്ററിന് ഒരു രൂപ അറുപത്തിമൂന്ന് പൈസയും ഡീസൽ ലിറ്ററിന് ഒരു രൂപ അറുപത്തിരണ്ട് പൈസയും കുറച്ചിരുന്നു. ജൂൺ 16ന് രാത്രിയിൽ 23 പൈസയും 17 പൈസയും വീണ്ടും കുറക്കുവാനുള്ള തീരുമാനം വന്നതോടെ രാജ്യത്തിലെ മുഴുവൻ പമ്പുടമകളും ആശങ്കയിൽ ആയി. ജൂൺ 17ന് രാത്രി 33 പൈസ പെട്രോളിനും 20 പൈസ ഡീസലിനും കുറവ് വന്നു. ഞായറാഴ്ച ഇന്ധന ഡിപ്പോയിൽ അവധി ദിവസമായതിനാൽ ശനിയാഴ്ച എല്ലാ പമ്പുടമകളും ഇന്ധനം പതിവിലും കൂടുതലായി സംഭരിച്ച സാഹചര്യത്തിൽ പമ്പുടമകളുടെ നഷ്ടം പ്രതീക്ഷിച്ചതിലും വളരെ കൂടുതലായി.
കേരളത്തിലെ ഭൂരിഭാഗം പമ്പുകൾ കളിലും പ്രതിമാസം 100 കിലോ ലിറ്റർ മുതൽ 200 കിലോ ലിറ്റർ വരെയാണ് ശരാശരി വിൽപ്പന നടക്കുന്നത്. ഇത്തരം പമ്പുകളിൽ 12000 ലിറ്റർ ഇന്ധനം കമ്പനികളിൽ നിന്നും വാങ്ങിയാൽ 3 മുതൽ 5 ദിവസം വരെ വിൽപ്പന നടത്തിയാൽ മാത്രമേ സ്റ്റോക്ക് ഗണ്യമായി കുറയുകയുള്ളൂ എന്നതും നഷ്ടത്തിന്റെ വ്യാപതി കൂട്ടുകയാണ്.
ജൂൺ 15ന് സംസ്ഥാനത്തെ പല പമ്പുകളിലും ഉണ്ടായ നഷ്ടം ഇരുപതിനായിരം മുതൽ അമ്പതിനായിരം രൂപവരെയാണ്.തുടർന്ന് 3 ദിവസത്തിൽ ദിവസേന 2000 മുതൽ 6000 രൂപ വരെ നഷ്ടപ്പെടുന്ന സാഹചര്യം വന്നതോടെ പമ്പുകളിലെ ജീവനക്കാരുടെ വേതനവും മറ്റ് ചിലവുകൾക്കും വേണ്ടിയുള്ള തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഈ വ്യാപാരം തുടർന്ന് എത്ര നാൾ നടത്താനാവും എന്ന് ആശങ്കപ്പെടുകയാണ് പെട്രോൾ പമ്പ് തൊഴിലാളികളും ഉടമകളും.
അപൂർവ്വ ചന്ദ്ര കമ്മീഷൻ വർഷങ്ങൾക്ക് മുൻപ് നിർഷ്കർഷിച്ച ഡീലർ കമ്മീഷൻ ലഭിക്കാത്തതിനെ തുടർന്ന് പമ്പുടമകൾ പല തവണ സമരം ചെയ്തിട്ടും ഓയൽ കമ്പനികൾ വർഷങ്ങളുടെ കുടിശിഖ ഡീലർമാർക്ക് നൽക്കാൻ തയ്യാറാവാത്തതും വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇന്ധന ലഭ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ എത്തിച്ചിരിക്കുന്നു.
2017 ലെ ആദ്യ പാദത്തിൽ ക്രൂഡിന്റെ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില കുറക്കാതിരുന്നതും ,ഇതേ കമ്പനികളുടെ കീഴിൽ തന്നെയുള്ള പാചക വാതകത്തിന്റെ വില ദിവസേന ക്രമീകരിക്കാത്തതും മാർക്കറ്റിങ്ങ് കമ്പനികളുടെ ഇരട്ടതാപ്പാണെന്ന് വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച ഡീലർമാർ അഭിപ്രായപ്പെട്ടു.
വില ക്രമീകരണം തുടരുകയാണെങ്കിൽ പമ്പുകൾ അടച്ചിട്ട് കൊണ്ട് അനുകൂല തീരുമാനം വരുന്നത് വരെ സമരം ചെയ്യാൻ പമ്പുടമകൾ തയ്യാറെടുക്കുകയാണ്. ഇങ്ങനെ ഒരു സാഹചര്യം വരികയാണെങ്കിൽ രാജ്യം തന്നെ നിശ്ചലമാകുന്ന ദിനങ്ങൾ ആയിരിക്കുമെന്ന് പൊതുജനങ്ങളും ആശങ്കപ്പെടുകയാണ്.
സ്വർണവില ഇടിയുന്നു;പണയ സ്വർണം തിരിച്ചെടുക്കണമെന്ന് സ്വകാര്യ സ്ഥാപനങ്ങൾ
തൃശൂർ:സ്വർണവില ദിനംപ്രതി ഇടിയുന്നത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ ആശങ്കയിലാക്കുന്നു.പണയസ്വർണം എത്രയും വേഗം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്ഥാപനങ്ങൾ ഇടപാടുകാർക്ക് കത്തയച്ചു തുടങ്ങി.ഇനിയും വില കുറഞ്ഞാൽ നഷ്ടം വരുമെന്ന ആശങ്കയാണ് കാരണം. ഏപ്രിൽ 25 മുതലാണ് വിലയിടിയാണ് തുടങ്ങിയത്.രാജ്യാന്തര വിപണിയിൽ വിലയിടിയുന്നതാണ് ഇന്ത്യയിലും വിലകുറയാൻ കാരണം.
ഇടപാടുകാരെ പിഴിഞ്ഞ് എസ് ബി ഐ
കൊച്ചി: സ്വന്തം ബ്രാഞ്ചിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്കു പണം ഇടുന്നതിനു സർവീസ് ചാർജുമായി എസ് ബി ഐ യും ഫെഡറൽ ബാങ്കും. ഒരു മാസത്തിൽ മൂന്നു തവണ ബാങ്ക് വഴി പണം നിക്ഷേപിക്കുന്നതിന് ചാർജ് ഈടാക്കില്ല. പക്ഷെ നാലാമതും ഇടപാടുകാരന് അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കണമെങ്കിൽ 57 രൂപ സർവീസ് ചാർജ് നൽകേണ്ടിവരും.സി ഡി എം മെഷീൻ വഴി മറ്റു ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്കു പണം ഇട്ടു കൊടുത്താൽ ഓരോ ഇടപാടിനും 25 രൂപ എസ് ബി ഐ ഈടാക്കുന്നുണ്ട്.അതെ സമയം അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കണമെന്ന നിർദേശവുമായി എസ് ബി ഐ ഇടപാടുകാർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
വിവാദ സര്‍ക്കുലര്‍ തിരുത്തി എസ്ബിഐ
മുംബൈ: എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള സര്‍ക്കുലര്‍ എസ്ബിഐ ഭാഗികമായി തിരുത്തി. നേരത്തേ എല്ലാ എടിഎം ഇടപാടുകള്‍ക്കും പണം ഈടാക്കുമെന്നാണ് ബാങ്ക് സര്‍ക്കുലര്‍ ഇറക്കിയിരുന്നത്. ഇപ്പോൾ മാസത്തില്‍ ആദ്യത്തെ നാല് എടിഎം ഇടപാടുകള്‍ സൗജന്യമാക്കി. നേരത്തേ വന്ന ഉത്തരവ് തെറ്റായി പുറത്തിറക്കിയതാണെന്നാണ് എസ്ബിഐ വൃത്തങ്ങള്‍ പറയുന്നത്. ജൂണ്‍ ഒന്നു മുതല്‍ സൗജന്യ എടിഎം സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു എന്നാണ് നേരത്തേ പുറത്തുവന്ന സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. ഓരോ ഇടപാടിനും 25 രൂപ വീതം ചാര്‍ജ് ചാര്‍ജ് ഈടാക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
എസ് ബി എയുടെ സർവീസ് ചാർജ് കൊള്ള; ഒരു എ ടി എം ഇടപാടിന് 25 രൂപ ഈടാക്കും
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ എസ് ബി എയിൽ അടുത്തമാസം മുതൽ സൗജന്യ എ ടി എം സേവങ്ങളില്ല. ഒരു എ ടി എം ഇടപാടിന് 25 രൂപ ഈടാക്കുമെന്നാണ് എസ് ബി ഐ അധികൃതർ അറിയിച്ചിട്ടുള്ളത്. നിലവിൽ മാസം അഞ്ചു തവണ എ ടി എം ഇടപാടുകൾ സൗജന്യമായിരുന്നു. ഇതിന് ശേഷമാണ് നിരക്ക് ഈടാക്കിയിരുന്നത്.
മുഷിഞ്ഞ നോട്ടുകൾ മാറുന്നതിനും സർവീസ് ചാർജ് നിശ്ചയിച്ചിട്ടുണ്ട്. ഇരുപത് മുഷിഞ്ഞ നോട്ടുകൾ അല്ലെങ്കിൽ അയ്യായിരം രൂപ വരയെ ഇനി സൗജന്യമായി മാറാനാവു. ഇതിനു മുകളിൽ നോട്ടുകൾ മാറുകയാണെങ്കിൽ ഒരു നോട്ടിന് രണ്ടു രൂപ വെച്ച് അല്ലെങ്കിൽ അയ്യായിരം രൂപയ്ക്ക് അഞ്ചു രൂപ വെച്ച് ഈടാക്കാനാണ് നിർദേശം .
എ ടി എമ്മിൽ ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകൾ
മധ്യപ്രദേശ്: എ ടി എമ്മിൽ മഹാത്മാ ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകൾ. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ എസ് ബി ഐ എ ടി എമ്മിൽ നിന്നാണ് ഗാന്ധിജിയുടെ ചിത്രമില്ലാത്ത 500രൂപ നോട്ടുകൾ ലഭിച്ചത്. എസ് ബി ഐ ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ അച്ചടി പിശകാണെന്നായിരുന്നു വിശദീകരണം. നോട്ട് അധികൃതർ മാറ്റി നൽകുകയും ചെയ്തു. ഏപ്രിൽ 25നും സംസ്ഥാനത്തു ഇതുപോലൊരു സംഭവം ഉണ്ടായിരുന്നു. അന്ന് പക്ഷെ 2000രൂപ നോട്ടിലായിരുന്നു പ്രശ്‍നം.
കേരള ബാങ്ക് ഉടൻ: ലക്‌ഷ്യം ഒരുലക്ഷം കോടിയുടെ മൂലധനം
തിരുവനന്തപുരം : നിർദിഷ്ട കേരള ബാങ്ക് ലക്ഷ്യമിടുന്നത് ഒരു ലക്ഷം കോടിയുടെ മൂലധനം. ബാങ്ക് രൂപവൽക്കരണം സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് വെള്ളിയാഴ്ച കൈമാറിയിരുന്നു. ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിക്കുന്നതിനുള്ള പദ്ധതി, നബാർഡ്, റിസർവ് ബാങ്ക്, എന്നിവയുടെ അനുമതി തേടുന്നതിനുള്ള നിർദേശങ്ങൾ, നിലവിലുള്ള ജീവനക്കാരുടെ വിവരം, ലയനം നടക്കുമ്പോൾ അവരുടെ പുനർവിന്യാസം, സഹകരണ ചട്ടത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, കേരള ബാങ്കിന്റെ നിയമാവലി തുടങ്ങിയ വിഷയങ്ങളാണ് വിദഗ്‌ധസമിതി പരിശോധിക്കുന്നത്. ബാങ്കിന്റെ പേര് അടക്കമുള്ള നിർദേശങ്ങളും സമിതി സമർപ്പിച്ചേക്കുമെന്ന് കരുതുന്നു. എസ് ബി ടി – എസ് ബി ഐ ലയനം പൂര്ണമായതോടെ കേരളത്തിൽ ബാങ്കിങ് മേഖലയിലുണ്ടായ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബാങ്ക് എന്ന ആശയം സർക്കാർ മുന്നോട്ട് വെച്ചത്.