കണ്ണൂർ:സഞ്ചാരികളുടെ മനം കവർന്ന് കാനായി കാനം വെള്ളച്ചാട്ടം.കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നും ഏകദേശം പത്തുകിലോമീറ്റർ ദൂരത്തിലാണ് പ്രകൃതിരമണീയമായ കാനായി കാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനസിനെ ആനന്ദഭരിതമാക്കുന്ന ഉല്ലാസകേന്ദ്രമാണിത്.ഒരു ചെറിയ വനപ്രദേശമാണ് കാനായി കാനം. പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശത്തെ വെള്ളച്ചാട്ടമാണ് സഞ്ചാരികളെ പ്രധാനമായും ഇങ്ങോട്ടേക്ക് ആകർഷിക്കുന്നത്.നിരവധി ഔഷധ സസ്യങ്ങളിൽ തഴുകിയെത്തുന്ന ജലത്തിൽ സ്നാനം ചെയ്യുമ്പോൾ ആരോഗ്യവും ഊർജവും കൂടാതെ മനസ്സിന് ഏറെ കുളിർമയും സന്തോഷവും ലഭിക്കുന്നു.വൃക്ഷങ്ങളും വള്ളികളും ഇഴചേർന്ന് ശുദ്ധവായു ലഭിക്കുന്ന ഈ സുന്ദരമായ പ്രദേശത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്.അവധി ദിവസങ്ങൾ ആനന്ദകരമാക്കുവാൻ കണ്ണൂർ,കാസർകോഡ്,കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ നിന്നും നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.അപൂർവങ്ങളായ മൽസ്യസമ്പത്തും ഇവിടെ ഉണ്ട്.വേനൽക്കാലത്തും ഇവിടെ ജലം ലഭ്യമാണ്.എന്നാൽ മഴശക്തി പ്രാപിക്കുന്നതോടെ വെള്ളച്ചാട്ടം അതിന്റെ രൗദ്ര ഭാവത്തിലെത്തും.അതിനാൽ മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഈ പ്രകൃതി സൗന്ദര്യം സംരക്ഷിക്കുന്നതിനായി ഇവിടുത്തെ നാട്ടുകാർ ചേർന്ന രണ്ട് ഏക്കർ ഭൂമി ഏറ്റെടുക്കുകയും പ്രത്യേക പരിഗണന നൽകി സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.
1.മദ്യം,ലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗം കർശനമായി നിരോധിച്ചിരിക്കുന്നു.
2.വന,ജൈവ,ജീവ,ജല സമ്പത്ത് നശിപ്പിക്കാതിരിക്കുക.
3.നിശബ്ദത പാലിക്കുക.
4.ഭക്ഷണ പദാർത്ഥങ്ങൾ അശ്രദ്ധമായി വലിച്ചെറിയരുത്.
5.രണ്ടുമണിക്ക് ശേഷമുള്ള സന്ദർശനം നിരോധിച്ചിരിക്കുന്നു.
6.കാനത്തിലും പരിസര പ്രദേശങ്ങളിലും മല-മൂത്ര വിസർജനം പാടില്ല.
7.സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് മീൻ പിടിക്കാൻ പാടില്ല.
