തലശ്ശേരി:തീവണ്ടിയാത്രയ്ക്കിടെ ചായയിൽ മയക്കുമരുന്ന് ചേർത്ത് നൽകി യാത്രക്കാരന്റെ പണം കവർന്നു.ഇരിട്ടി ആറളം സ്വദേശി മൊയ്തീനാ(52)ണ് കവര്‍ച്ചയ്ക്കിരയായത്.തൃശൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വെച്ച് പരിചയപ്പെട്ട ഒരു യുവാവാണ് ചായയില്‍ മയക്കു മരുന്നു നല്‍കി മയക്കിയ ശേഷം പണം കവര്‍ന്നത്.മൊയ്തീന്‍ ഏറനാട് എക്സ്‌പ്രസ്സില്‍ കയറാനായി രാവിലെ 10.30ന് തൃശ്ശൂര്‍ പ്ലാറ്റ് ഫോമില്‍ നില്‍ക്കുമ്ബോള്‍ ഒരു യുവാവ് പരിചയപ്പെട്ടു. അയാള്‍ നല്‍കിയ ചായ കുടിച്ചശേഷം ബോധം മറയുന്നതായി തോന്നി. അപ്പോള്‍ യുവാവ് തന്നെ വണ്ടിയിലേക്ക് കയറ്റിയിരുത്തിയതായി മൊയ്തീന് ഓര്‍മയുണ്ട്. എന്നാല്‍ പിന്നീട് ബോധം പോയി.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെയും കൊണ്ട് മടങ്ങിയ പൊലീസുകാരായ കെ.ശര്‍മനും പി.ഷിജിലുമാണ് പയ്യോളിയെത്തിയപ്പോള്‍ ട്രെയിനില്‍ മയങ്ങിക്കിടക്കുന്ന മൊയ്തീനെ കണ്ടത്.ഇവര്‍ കുലുക്കി വിളിച്ചിട്ടും ഉണര്‍ന്നില്ല. അതോടെ പൊലീസുകാര്‍ സീറ്റില്‍ താങ്ങിയിരുത്തി. അപ്പോള്‍ പാതി കണ്ണുതുറന്ന മൊയ്തീന്‍, ഒരു യുവാവ് ചായയില്‍ മയക്കുമരുന്ന് നല്‍കി തന്റെ കൈയിലെ പണം കവര്‍ന്നതായി പറഞ്ഞു.വീണ്ടും മൊയ്തീന്‍ അബോധാവസ്ഥയിലായി. പൊലീസുകാര്‍ ഉടന്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു. തലശ്ശേരിയില്‍ ഇറക്കിയ മൊയ്തീനെ ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.പൂര്‍ണമായി ബോധം വീണ്ടെടുത്തശേഷമേ എത്ര പണമാണ് നഷ്ടപ്പെട്ടതെന്ന് അറിയാനാവുകയുള്ളൂവെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.