മലപ്പുറം: കൊണ്ടോട്ടിയില്‍ ഇരുപത്തിയൊന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ കുറ്റാരോപിതനായ പതിനഞ്ചുക്കാരനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. പ്രതിയെ ഇന്നലെ രാത്രിയോടെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കിയിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് കോഴിക്കോടുള്ള ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയത്. പ്രതിയുടെ വിശദമായ വൈദ്യപരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നാണ് വിവരം. പെണ്‍കുട്ടിയുടെ നാട്ടുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് പിടിയിലായതെന്നു പൊലീസ് ഇന്നലെ അറിയിച്ചിരുന്നു.തിങ്കളാഴ്ചയാണ് യുവതിക്ക് നേര്‍ക്ക് ആക്രമണമുണ്ടായത്. പഠന ആവശ്യത്തിനായി പോകുമ്പോൾ പ്രതി യുവതിയെ കടന്നുപിടിക്കുകയും ഒഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പീഡനശ്രമം ചെറുത്തപ്പോള്‍ അയാള്‍ യുവതിയെ കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പതിനഞ്ചുകാരന്‍ പിടിയിലായത്. മീശയും താടിയും ഇല്ലാത്ത വെളുത്ത് തടിച്ച ആളാണ് തന്നെ അക്രമിച്ചതെന്ന് യുവതി മൊഴി നല്‍കിയിരുന്നു. അന്വേഷണത്തിനൊടുവില്‍ പ്രതിയെ പൊലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പതിനഞ്ചുകാരന്‍ കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Kerala, News
കൊണ്ടോട്ടിയില്‍ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; കുറ്റാരോപിതനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി
Previous Articleമുല്ലപ്പെരിയാര്‍;ജലനിരപ്പ് 137 അടി മതിയെന്ന് മേൽനോട്ട സമിതി