കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എംഎല്‍എ കെ.എം.ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ മൊഴി നല്‍കാനെത്തി. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ ഇഡി ഓഫീസിലേക്ക് എത്തിയത്.അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ഇഡി ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ ഭാര്യയുടെ പേരില്‍ കോഴിക്കോട് മാലൂര്‍ കുന്നില്‍ നിര്‍മിച്ച ആഡംബര വീടിനെ കുറിച്ച് അറിയുന്നതിനായി ഭാര്യയെ വിളിപ്പിച്ചത്. ഭാര്യയുടെ പേരിലാണ് വീടുള്ളത്. പ്ലസ്ടു കോഴ വാങ്ങിയെന്ന് പറയുന്ന കാലഘട്ടത്തിലായിരുന്നു ഈ വീട് നിര്‍മിച്ചത്. വീട് സ്ഥിതി ചെയ്യുന്ന സ്ഥലം സംബന്ധിച്ചും ഇത് വാങ്ങാനും വീട് നിര്‍മിക്കാനും ഉപയോഗിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും ഇ ഡി ചോദിച്ചറിയും. ഭാര്യയുടെ പേരിലുള്ള മറ്റു സ്വത്തുക്കളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.കോഴിക്കോട് വേങ്ങേരി വില്ലേജിലെ ഷാജിയുടെ വീടിന്റെ വിശദാംശങ്ങള്‍ നേരത്തെ കോഴിക്കോട് നഗരസഭയില്‍ നിന്നും ഇഡി ശേഖരിച്ചിരുന്നു. ഇഡിയുടെ നിര്‍ദേശപ്രകാരം വീട്ടില്‍ പരിശോധന നടത്തിയ നഗരസഭ അധികൃതര്‍ അനുവദനീയമായതിലും അധികം വലിപ്പം വീടിനുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് വീട് പൊളിച്ചു കളയാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴ പരാതിയില്‍ പി.എസ്.സി മുന്‍ അംഗവും ലീഗ് നേതാവുമായ ടി.ടി ഇസ്മയിലിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു. കെ.എം ഷാജിയുമായി ചേര്‍ന്ന് വേങ്ങേരിയില്‍ വാങ്ങിയ ഭൂമിയുടെ വിവരങ്ങള്‍ ഇഡിക്ക് കൈമാറിയെന്ന് ഇസ്മയില്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് പേര്‍ ചേര്‍ന്നാണ് ഭൂമി വാങ്ങിയതെങ്കിലും ഷാജിയാണ് വീട് നിര്‍മ്മിച്ചത്.സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച മുഴുവന് രേഖകളും കൈമാറിയെന്നും ഇസ്മയില്‍ വ്യക്തമാക്കിയിരുന്നു.