കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംഭവത്തിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ രണ്ടാം ദിവസവും തുടരും.ചോദ്യം ചെയ്യലിനായി ദിലീപും മറ്റ് പ്രതികളും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. രാവിലെ 9 മണിക്കാണ് ദിലീപ് എത്തിയത്. ദിലീപിനൊപ്പമാണ് സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജുമെത്തിയത്. ദിലീപിന്‍റെ സഹായി അപ്പുവും സുഹൃത്ത് ബൈജുവും ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്.. ഇന്നലെ 11 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് ഇന്നും അത് തുടരുന്നത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനെ സംബന്ധിച്ച് രൂപരേഖ ഇന്നലെ വൈകീട്ട് തന്നെ തയ്യാറാക്കിയിട്ടുണ്ട്.എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ അഞ്ച് പേരെയും മാറ്റി ഇരുത്തി അഞ്ച് പോലീസ് സംഘങ്ങളാണ് ചോദ്യം ചെയ്യുന്നത്. പൂർണമായും സഹകരിച്ചെങ്കിലും ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് ആദ്യദിവസത്തെ ചോദ്യം ചെയ്യലിൽ ദിലീപിന്റേത് എന്നാണ് ക്രെെംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്.ഇന്ന് ദിലീപിനെയും അനൂപിനെയും സുരാജിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ തീരുമാനം.മൂന്നുപേരുടെയും ഇന്നലത്തെ മൊഴിയില്‍ നിരവധി പൊരുത്തുക്കേടുകളുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാകും ഇന്നത്തെ ചോദ്യം ചെയ്യല്‍.അതേസമയം നടിയെ ആക്രമിച്ച കേസിലെ വിചാരണ നീട്ടണമെന്ന സർക്കാരിന്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിൽ കേസിൽ തുടരന്വേഷണം വേണമെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ സർക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവി കുമാർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.