കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കേന്ദ്രീകരിച്ചുള്ള വാദം ഹൈക്കോടതിയിൽ തുടങ്ങി. കേസുമായി ബന്ധപ്പെട്ട മൊബൈൽ ഫോൺ സ്വന്തം നിലയിൽ പരിശോധനയ്‌ക്ക് അയച്ചത് ശരിയായില്ലെന്ന് ഹൈക്കോടതി അറിയിച്ചു. തിങ്കളാഴ്‌ച്ച പത്ത് മണിയ്‌ക്ക് മുൻപ് എല്ലാ മൊബൈൽ ഫോണുകളും ഹൈക്കോടതിയുടെ രജിസ്ട്രാർക്ക് കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചു. ചൊവ്വാഴ്‌ച്ച വരെ സമയം നൽകണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി. ദിലീപടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയില്‍ ഹൈക്കോടതിയിലെ പ്രത്യേക സിറ്റിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്.ജസ്റ്റിസ് പി. ഗോപിനാഥന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.ദിലീപിന്റെ ഫോണ്‍ കേസിലെ ഡിജിറ്റല്‍ തെളിവുകളില്‍ ഒന്നാണ്. സ്വന്തം നിലയിലുള്ള ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാനാവില്ല. കേസിലെ നിര്‍ണ്ണായക തെളിവായ ഏഴ് ഫോണുകളും തിങ്കളാഴ്ച ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കേസിലെ പ്രതികളെല്ലാം ഒറ്റയടിക്ക് ഫോണ്‍ മാറിയത് ഗൂഢാലോചനയ്ക്കുള്ള തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. അതേസമയം കേസില്‍ മറ്റൊരു ഫോറന്‍സിക് പരിശോധനയ്ക്കായി ഫോൺ മുംബൈയില്‍ അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം ലഭിച്ചശേഷം കോടതിക്ക് കൈമാറാമെന്നും നടന്‍ കോടതിയില്‍ അറിയിച്ചു. ഫോണുകള്‍ ചൊവ്വാഴ്ച വരെ ഹാജരാക്കാന്‍ സമയം തരണം എന്നും ദിലീപ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി. തിങ്കളാഴ്ച 10.15ന് ഫോണുകള്‍ രജിസ്ട്രാര്‍ മുൻപാകെ ഹാജരാക്കാനും കോടതി കര്‍ശ്ശന നിര്‍ദ്ദേശം നല്‍കി.കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള ഫോറന്‍സിക് ഏജന്‍സിയുടെ പരിശോധനാഫലം മാത്രമേ പരിഗണിക്കൂ. അല്ലാത്ത ഫലം നിലനില്‍ക്കില്ലെന്നും കോടതി അറിയിച്ചിട്ടുണ്ട്.മാദ്ധ്യമങ്ങളും പോലീസും നിരന്തരം വേട്ടയാടുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ അഡ്വ. രാമൻപിള്ള കോടതിയിൽ വാദിച്ചു. ദയകാട്ടണമെന്ന് ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ ദയയുടെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും മൊബൈൽ ഫോൺ ഇന്ന് തന്നെ കൈമാറുന്നതാണ് നല്ലതെന്നും ഹൈക്കോടതി വ്യക്തമാക്കി. ദിലീപ് അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.