കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് അടക്കം 5 പ്രതികൾ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ബാലചന്ദ്രകുമാറിന്റെ മൊഴി വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ഈ സാഹചര്യത്തിൽ ചൊവ്വാഴ്‌ച്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. കോടതിയുടെ നിർദ്ദേശം പോലീസ് അംഗീകരിക്കുകയും ചെയ്തു.ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപിന്‍റെ വാദം. ഭീഷണിക്കേസ് പൊലീസിന്‍റെ കള്ളകഥ ആണെന്നും ഹരജിയിൽ പറയുന്നു.ദിലീപിന് പുറമെ സഹോദരൻ അനൂപ്. സഹോദരി ഭർത്താവ് ടി.എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹരജി നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്‍റെ ഹരജിയിലെ പ്രധാന ആരോപണം. ജസ്റ്റിസ് പി.ഗോപിനാഥാണ് ഹരജി പരിഗണിക്കുന്നത്.നടിയെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്തതിലുള്ള വിരോധത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരായ കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 116, 118സ 120 ബി, 506, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ വധഭീഷണി കള്ളക്കഥയാണെന്നും വിചാരണയിൽ നിന്നും രക്ഷപ്പെടാനുള്ള സാക്ഷിയും അന്വേഷണ ഉദ്യോഗസ്ഥനുമായ ബൈജു പൗലോസിന്റെ നീക്കമാണിതെന്നും ദിലീപ് കോടതിയിൽ അറിയിച്ചു.