Kerala, News

മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ടി.പി സെന്‍‌കുമാറിനെതിരെ പോലീസ് കേസെടുത്തു

keralanews case filed against t p senkumar for threatening journalist

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിന്മേല്‍ മുന്‍ പോലീസ് മേധാവി ടി.പി സെന്‍‌കുമാറിനെതിരെ പോലീസ് കേസെടുത്തു.കന്റോണ്‍‌മെന്റ് പോലീസാണ് കേസെടുത്തത്.സെന്‍കുമാറിനൊപ്പം സുഭാഷ് വാസുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദാണ് പരാതി നല്‍കിയത്. വെള്ളാപ്പള്ളി നടേശനെതിരായി സുഭാഷ് വാസുവുമൊത്ത് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമര്‍ശം സൂചിപ്പിച്ചു കൊണ്ടുള്ള ചോദ്യത്തില്‍ ക്ഷുഭിതനായ ടി പി സെന്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകനോട് തട്ടിക്കയറുകയായിരുന്നു.താങ്കള്‍ ഡിജിപിയായിരുന്നപ്പോള്‍ ഈ വിഷയത്തില്‍ എന്ത് ചെയ്തുവെന്ന് കൂടി ചോദിച്ചപ്പോള്‍ സെന്‍കുമാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.കടവില്‍ റഷീദിനെ ഡയസിന് സമീപത്തേക്ക് വിളിച്ച്‌ വരുത്തിയ ടി പി സെന്‍കുമാര്‍ ചോദ്യം ചോദിച്ചതിന്റെ പേരില്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു.ഒപ്പമുണ്ടായിരുന്ന ആളുകള്‍ കടവില്‍ റഷീദിനെ പിടിച്ച്‌ തള്ളാന്‍ ശ്രമിക്കുകയും ചെയ്തു.മാധ്യമപ്രവര്‍ത്തകരുടെ സമയോചിതവും സംയമനത്തോടെയും ഉള്ള ഇടപെടല്‍ കൊണ്ടാണ് പ്രശ്‌നം വഷളാകാതിരുന്നതെന്ന് പറഞ്ഞ പത്രപ്രവര്‍ത്തക യൂണിയന്‍ സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സെന്‍കുമാറിനും സുഭാഷ് വാസുവിനും പുറമെ കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെയും കണ്‍ഡോണ്‍മെന്റ് പോലിസ് കേസ് എടുത്തിട്ടുണ്ട്.

Previous ArticleNext Article