കൊല്ലം:വിദേശത്ത് നിന്ന് മടങ്ങിയെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കൊല്ലം സബ് കലക്ടർ ക്വാറന്റൈൻ ലംഘിച്ച് മുങ്ങി.ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലിരിക്കെ സബ് കളക്ടർ അനുപം മിശ്ര ഐഎഎസാണ് സംസ്ഥാനം വിട്ടത്. മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് സബ് കലക്ടർ കാൺപൂരിലാണെന്ന് കണ്ടെത്തി.ക്വാറന്റൈന്‍ ലംഘിച്ചതിന് കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ കലക്ടറുടെ നിർദേശത്തെ തുടർന്നാണ് നടപടി. അറിയിക്കാതെ യാത്ര ചെയ്തത് നിയമ വിരുദ്ധമാണെന്ന് ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ പറഞ്ഞു. കേസെടുക്കുന്നതിനു പുറമേ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ കൂടുതൽ സുരക്ഷിതം എന്ന നിലയ്ക്കാണ് നാട്ടിലേക്ക് മാറിയതെന്ന് അനുപം മിശ്ര പറഞ്ഞു. ഔദ്യോഗിക വസതിയിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടുവെന്നും ബന്ധുക്കൾ ഒപ്പമില്ലാതിരുന്നതും നാട്ടിലേക്ക് പോകാൻ പ്രേരിപ്പിച്ചുവെന്നും സബ് കലക്ടര്‍ പറയുന്നു.
ഈ മാസം 19 തിനാണ് കൊല്ലം സബ് കളക്ടറായ അനുപം മിശ്ര ഐഎഎസ് സിംഗപ്പൂരിൽ നിന്നും നാട്ടിൽ മടങ്ങിയെത്തിയത്. ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോൾ നിരീക്ഷണത്തിൽ പോകാൻ ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ നിർദ്ദേശിച്ചു. പത്തൊൻപതാം തീയതി മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു യുവ ഐഎഎസ് ഉദ്യോഗസ്ഥൻ.കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വസതിയിൽ എത്തിയപ്പോൾ അനുപം മിശ്ര അവിടെയുണ്ടായിരുന്നില്ല. ഫോണിൽ ബന്ധപെട്ടപ്പോൾ ബാംഗ്ലൂരിലാണെന്നായിരുന്നു മറുപടി. എന്നാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ അനുപം മിശ്ര കാൺപൂരിലാണെന്ന് കണ്ടെത്തി.ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയാണ് ഇദ്ദേഹം.കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ ഉയർന്ന ഉദ്യോഗസ്ഥൻ തന്നെ ക്വാറന്റൈൻ ലംഘിച്ചത് കടുത്ത തെറ്റായാണ് കണക്കാക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ സംസ്ഥാനം വിട്ടത് ചട്ടലംഘനവുമാണ്. അനുപം മിശ്രക്കെതിരെ വകുപ്പുതല നടപടി ശുപാർശ ചെയ്ത് റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ അറിയിച്ചു.