Kerala, News

ഉപ്പള സ്കൂളിൽ റാഗിങിന്റെ പേരിൽ വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവം; വിദ്യാർത്ഥിയുടെ പരാതിയിൽ എട്ടുപേർക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു

keralanews case against eight senior students in the incident of cut the hair of plus one student in the name of ragging in uppala school

കാസർകോഡ്:ഉപ്പള ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ റാഗിങിന്റെ പേരിൽ പ്ലസ്‌വൺ  വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവത്തിൽ സീനിയർ വിദ്യാർത്ഥികളായ എട്ടുപേർക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ റാഗിങ്ങിനിരയായ വിദ്യാർത്ഥി പോലീസിൽ പരാതി നൽകിയതോടെയാണ് കേസെടുത്തത്.സംഭവത്തിൽ നേരത്തെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മുടിമുറിച്ചും ഫാഷൻ പരേഡ് മാതൃകയിൽ നടത്തിച്ചും നവാഗതരായ പ്ലസ്‌വൺ വിദ്യാർത്ഥികളെ റാഗിങ്ങിനിരയാക്കിയെന്നാണ് പരാതി. റാഗിങ്ങിന് ഇരയായ കുട്ടികളിൽ മഞ്ചേശ്വരം സത്യടുക്ക സ്വദേശിയായ പ്ലസ്‌വൺ വിദ്യാർഥിയാണ് പരാതി നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാർഥിയുടെ മുടി കത്രിക കൊണ്ട് മുറിച്ചു മാറ്റുന്ന വീഡിയോ വ്യാഴാഴ്ച വൈകീട്ടോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റു വിദ്യാർഥികളെയും റാഗ് ചെയ്യുന്ന വീഡിയോകൾ പ്രചരിച്ചു തുടങ്ങി. എന്നാൽ റാഗിങ്ങിനിരയായ വിദ്യാർത്ഥികൾ ആരും തന്നെ ആദ്യഘട്ടത്തിൽ പരാതി ഉന്നയിച്ചിരുന്നില്ല. എന്നാൽ ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ കേസെടുത്തിന് പിന്നാലെ വിദ്യാർത്ഥി പരാതിപ്പെടുകയായിരുന്നു.

Previous ArticleNext Article