തൃശൂർ: യൂ ട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ.പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്പിൽ സനൂപ് (32) ആണ് പിടിയിലായത്. ഒന്നര കിലോ കഞ്ചാവാണ് ഇയാളിൽ നിന്നും തൃശൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരിനന്ദനനും സംഘവും പിടിച്ചെടുത്തത്. മീന്‍പിടുത്തം പഠിപ്പിക്കുന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന സനൂപ് സുബ്സ്ക്രൈബേർസ് ആയി വരുന്ന വിദ്യാര്‍ത്ഥികൾക്കും ചെറുപ്പക്കാർക്കുമാണ് കഞ്ചാവ് നല്‍കിയിരുന്നത്.മീന്‍ പിടുത്തം പരിശീലിപ്പിക്കാന്‍ എന്ന പേരില്‍ മണലി പുഴയിലെ കൈനൂര്‍ ചിറ പ്രദേശങ്ങളിലേക്ക് വിളിച്ച് വരുത്തുകയും ആദ്യം സൗജന്യമായി കഞ്ചാവ് കൊടുക്കുകയുമാണ് ചെയ്തിരുന്നത്. പിന്നീട് ഇവരെ സ്ഥിരം ഉപഭോക്താക്കളാക്കി മാറ്റും. 500 രൂപയുടെ ചെറിയ പൊതികളാക്കിയാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ‘ഫിഷിങ് ഗഡീസ്’ എന്ന പേരില്‍ ഒരുമാസം മുന്‍പ് തുടങ്ങിയ യൂട്യൂബ് ചാനലിന്റെ മറവിലാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന വിപുലീകരിച്ചതെന്നാണ് എക്സൈസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. പോലൂക്കര ,മൂര്‍ക്കനിക്കര പ്രദേശങ്ങളിലെ നിരവധി ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും ഇയാളുടെ വലയത്തിലായതായി എക്സൈസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കുന്നതിനും കൗണ്‍സിലിംങ്ങ് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹായത്തോടെ ആവശ്യമായ ചികിത്സ നല്‍കുന്നതിനും നടപടികള്‍ എടുക്കുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരിനന്ദനന്‍ ടി.ആര്‍ അറിയിച്ചു.