കണ്ണൂര്‍: മീന്‍ വണ്ടിയില്‍ കഞ്ചാവ് എത്തിച്ച് ഇടപാടുകാര്‍ക്ക് കൈമാറുന്ന സംഘത്തിലെ മുഖ്യകണ്ണി എക്സൈസ് പിടിയില്‍.തലശ്ശേരിയിൽ നാട്ടുകാരാണ് ഇയാളെ പിടികൂടി എക്സൈസിന് കൈമാറിയത്. ഒരാള്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടു.രാവിലെ ഒൻപതേകാലോടെ കൊടുവള്ളി പുതിയ പാലത്തിന് സമീപത്താണ് കഞ്ചാവുമായി എത്തിയ രണ്ട് പേരെ നാട്ടുകാര്‍ പിടികൂടിയത്. കാസര്‍കോഡ് ഉപ്പള സ്വദേശി കിരണ്‍, സുഹൃത്തും സഹായിയുമായ ബിപിന്‍ എന്നിവരാണ് കുടുങ്ങിയത്. എക്സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുന്നതിനിടെ ബിപിന്‍ കുതറി ഓടി തൊട്ടടുത്ത കൊടുവള്ളി പുഴയിലേക്ക് ചാടി. പോലീസിന്റെയും അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും സഹായത്തോടെ എക്സൈസ് തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല. നാലര കിലോ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ഹൈഡ്രോളിക് സംവിധാനത്തില്‍ പ്രസ് ചെയ്ത് കേക്ക് രൂപത്തിലായിരുന്നു ഉണക്കിയ കഞ്ചാവ്.കാസര്‍കോഡ് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തുന്ന വന്‍ റാക്കററിലെ കണ്ണികളാണ് തലശ്ശേരിയിലെത്തിയതെന്ന് എക്സൈസ് വ്യക്തമാക്കി. തലശ്ശേരിയിലെ ചില വില്പനക്കാര്‍ക്ക് വേണ്ടിയാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്. തലശേരിയിലുള്ള സംഘത്തെ പറ്റി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.