കൊച്ചി:നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് നോട്ടീസ് നല്‍കിയതിനെതിരേ ട്രാവല്‍ വ്‌ളോഗര്‍മാരായ ഇ-ബുള്‍ജെറ്റ് സഹോദരന്മാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.ണ്ണൂര്‍ കിളിയന്തറ സ്വദേശി എബിന്‍ വര്‍ഗീസും സഹോദരന്‍ ലിബിന്‍ വര്‍ഗീസുമാണ് ഹർജി സമർപ്പിച്ചത്.ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മോട്ടോര്‍വാഹന നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. സര്‍ക്കാരിന്റെ നടപടിയില്‍ ഇടപെടാന്‍ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. വാഹനത്തില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയത് കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തിരുന്നു.രജിസ്‌ട്രേഷൻ റദ്ദാക്കിയ വാഹനം വിട്ടുനൽകണമെന്ന ഇ-ബുൾജെറ്റ് സഹോദരന്മാരുടെ ആവശ്യവും ഹൈക്കോടതി സിംഗിൾ ബഞ്ച് നിരാകരിച്ചു.മോടി പിടിപ്പിക്കലിൽ വിവാദമായ ‘നെപ്പോളിയൻ’ കാരവാന്റെ രജിസ്ട്രേഷൻ താത്കാലികമായി മോട്ടോർവാഹന വകുപ്പ് റദ്ദാക്കിയിരുന്നു. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്ളോഗർ സഹോദരന്മാരായ എബിനും ലിബിനും മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇവർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചായിരുന്നു നടപടി.