കണ്ണൂര്‍:ഹര്‍ത്താല്‍ ദിവസം ആക്രമണത്തിന് ആഹ്വാനം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫല്‍ സി പി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു.കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫല്‍ സി പി, കക്കാട് ഡിവിഷന്‍ സെക്രട്ടറി അഫ്‌സല്‍ അഴീക്കോട് ഡിവിഷന്‍ ഭാരവാഹി സുനീര്‍ എന്നിവരാണ് അറസ്റ്റിലായത്.നിരവധി പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം നടക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിവസം ഏറ്റവും കൂടുതല്‍ പെട്രോള്‍ ബോംബ് ആക്രമണമടക്കം നടന്നത് കണ്ണൂരിലായിരുന്നു. അതേസമയം പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് നടന്ന ആക്രമണത്തിൽ കണ്ണൂർ ജില്ലയിൽ 23 കേസുകളാണ് ഇതു വരെ രജിസ്റ്റർ ചെയ്തത്.കണ്ണൂർ ടൗൺ, ധർമ്മടം, മട്ടന്നൂർ,കൂത്തുപറമ്പ്, കതിരൂർ, കൊളവല്ലൂർ എന്നി പോലീസ് സ്റ്റേഷനുകളിലായി രണ്ട് വീതം കേസുകളും കണ്ണപുരം, പാനൂർ, ചക്കരക്കൽ, കണ്ണവം, കണ്ണൂർ സിറ്റി, ചൊക്ലി, വളപട്ടണം, ന്യൂ മാഹി, പിണറായി,മയ്യിൽ, എടക്കാട് എന്നീ സ്റ്റേഷനുകളിലായി ഓരോ കേസുകളും രജിസ്റ്റർ ചെയ്തു.ഹർത്താൽ ദിനത്തിൽ ജില്ലയിൽ ആസൂത്രിതമായി അക്രമം അഴിച്ചു വിട്ടതിനും കലാപത്തിന് ആഹ്വാനം ചെയ്തതിനും നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിലായിരുന്നു. ഇതിന് പിന്നാലെ മൂന്ന് തവണയാണ് പോലീസ് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുന്നത്.