തിരുവനന്തപുരം: നിയമസഭ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് യോഗം ചേരും. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ നടത്തുമെങ്കിലും മന്ത്രിമാരെ ഇന്ന് നിശ്ചയിക്കില്ല. സംസ്ഥാന കമ്മിറ്റിക്കാണ് അതിനുള്ള അധികാരം. ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രി സ്ഥാനങ്ങള്‍ നല്‍കണമെന്നത് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാന കമ്മിറ്റി യോഗം എന്ന് ചേരണമെന്നതും ഇന്നത്തെ സെക്രട്ടേറിയറ്റ് തീരുമാനിക്കും. ബുധനാഴ്ച പൊളിറ്റ് ബ്യൂറോ യോഗവുമുണ്ട്.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പി.ബി ആണ്. പിണറായിയുടെ കാര്യത്തില്‍ അത്തരമൊരു തീരുമാനമെന്നത് സാങ്കേതികമായ നടപടി മാത്രമാണ്. പാര്‍ട്ടി സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി, നിയമസഭ കക്ഷി യോഗം എന്നിവ ചേര്‍ന്ന ശേഷമേ സിപിഎം ഔദ്യോഗിക തീരുമാനം പുറത്ത് പറയുകയുള്ളു. അതേസമയം മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഉണ്ടാകുമെന്ന് പിണറായി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ.ശൈലജ, എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, ടി.പി.രാമകൃഷ്ണന്‍, പി.രാജീവ്, എം.എം.മണി എന്നിവര്‍ ആദ്യ സാധ്യതാ പട്ടികയിലുണ്ട്. അതേസമയം ഒരു അംഗം മാത്രമുള്ള പാര്‍ട്ടികളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കില്ല. എല്‍ജെഡി, കോണ്‍ഗ്രസ് (എസ്), കേരള കോണ്‍ഗ്രസ് (ബി), ആര്‍എസ്പി (എല്‍), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിങ്ങനെ ആറ് പാര്‍ട്ടികള്‍ക്കാണ് ഒരു എംഎല്‍എ മാത്രമുള്ളത്.