Kerala, News

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റി വെയ്ക്കുന്നത് ആറുമാസം കൂടി തുടരാന്‍ മന്ത്രിസഭ തീരുമാനം

keralanews cabinet decided to continue salary cut for government employees for another six months

തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റി വെയ്ക്കുന്നത് ആറുമാസം കൂടി തുടരാന്‍ മന്ത്രിസഭ തീരുമാനം.നേരത്തേയുള്ള അഞ്ചുമാസത്തെ ശമ്പള പിടിത്തം അവസാനിച്ച സാഹചര്യത്തിലാണ് ആറുമാസം കൂടി സാലറി കട്ട് തുടരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നേരത്തെ മാറ്റി വെച്ച അ‍ഞ്ച് മാസത്തെ ശമ്പളം ഏപ്രിലില്‍ പിഎഫില്‍ ലയിപ്പിക്കും.20 വര്‍ഷം ശൂന്യവേതന അവധി എന്നുള്ളത് 5 വര്‍ഷമായി ചുരുക്കാനും തീരുമാനിച്ചു. 5 വര്‍ഷത്തിനുശേഷം ജോലിക്ക് ഹാജരാകാതിരുന്നാല്‍ കല്‍പ്പിത രാജി ആയി പരിഗണിക്കും.നിലവില്‍ അവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് ലഭിച്ചവരുടെ കാര്യത്തില്‍ ഇത് ബാധകമല്ല.കഴിഞ്ഞ അഞ്ച് മാസം പിടിച്ച തുക പണമായി തിരിച്ചു നല്‍കിയാല്‍ 2500 കോടി രൂപയുടെ അധിക ബാധ്യത വരും. ഇതിനാലാണ് പിടിച്ച തുക ഏപ്രില്‍ ഒന്നിന് പിഎഫില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചത്.പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും.പി.എഫില്‍ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കില്‍ പലിശ നല്‍കും. മാറ്റിവയ്ക്കുന്ന ശമ്പളത്തിന് ‘കോവിഡ്-19 ഇന്‍കം സപ്പോര്‍ട്ട് സ്കീം’ എന്ന് പേര് നല്‍കാനാണ് തീരുമാനം. സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.പി.എഫ് ഇല്ലാത്ത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 2021 ജൂണ്‍ 1-നു ശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി തിരിച്ചു നല്‍കും.ഇപ്പോള്‍ മാറ്റി വെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫില്‍ ലയിപ്പിക്കും എന്ന വ്യവസ്ഥയില്‍ സെപ്തംബര്‍ മാസം മുതല്‍ അനുവദിക്കാനും തീരുമാനിച്ചു.

Previous ArticleNext Article